Entertainment (Page 83)

ചെന്നൈ: ഹിന്ദിയിലല്ല തമിഴില്‍ സംസാരിക്കണമെന്ന് പുരസ്‌കാര വേദിയില്‍ വെച്ച് സംഗീതമാന്ത്രികന്‍ എ.ആര്‍ റഹ്മാന്‍ ഭാര്യയോട് പറയുന്ന വീഡിയോ സമൂഹമാദ്ധ്യമങ്ങളില്‍ വൈറലായി. ചെന്നൈയില്‍ നടന്ന ആനന്ദ വികടന്‍ സിനിമാ അവാര്‍ഡ് ചടങ്ങിലാണ് എ ആര്‍ റഹ്മാന്‍ ഭാര്യ സൈറ ബാനുവിനോട് തമിഴില്‍ സംസാരിക്കാന്‍ ആവശ്യപ്പെട്ടത്.

ചടങ്ങില്‍ എ ആര്‍ റഹ്മാനാണ് മികച്ച പിന്നണി ഗായകന്‍, മികച്ച സംഗീത സംവിധായകന്‍ എന്നീ പുരസ്‌കാരങ്ങള്‍ സ്വന്തമാക്കിയത്. മികച്ച ഗായകനുള്ള അവാര്‍ഡ് റഹ്മാന്‍ തന്റെ ഭാര്യയ്ക്ക് സമര്‍പ്പിക്കുകയും വേദിയിലേയ്ക്ക് വരാന്‍ ആവശ്യപ്പെടുകയും ചെയ്തു. തന്റെ ശബ്ദത്തിന്റെ ഏറ്റവും ആദ്യത്തെ ഫാന്‍ തന്റെ ഭാര്യയാണെന്നും വേദിയില്‍ റഹ്മാന്‍ പങ്കുവച്ചു. ‘എന്റെ ശബ്ദം നല്ലതാണെന്ന് ആദ്യമായി പറഞ്ഞത് ഭാര്യയാണ്. ഈ ധൈര്യത്തിലാണ് ഞാന്‍ പാട്ടുപാടാന്‍ തുടങ്ങിയത്. ഇപ്പോഴും എന്റെ പാട്ടുകള്‍ മാത്രമല്ല, ഞാന്‍ അഭിമുഖങ്ങളില്‍ സംസാരിക്കുന്നതും ഭാര്യ കേട്ടിരിക്കാറുണ്ട്’- അദ്ദേഹം വേദിയില്‍ വ്യക്തമാക്കി.

തുടര്‍ന്ന് മൈക്ക് കൈമാറുന്നതിന് മുന്‍പ് ദയവായി ഹിന്ദിയില്‍ സംസാരിക്കാതെ തമിഴില്‍ സംസാരിക്കൂവെന്ന് റഹ്മാന്‍ ആവശ്യപ്പെടുകയായിരുന്നു. ഇതുകേട്ട് സൈറ ഞെട്ടിക്കൊണ്ട് ദൈവമേയെന്ന് പറഞ്ഞത് കാണികള്‍ ഏറ്റെടുത്തു. എന്നാല്‍, തനിക്ക് നന്നായി തമിഴ് സംസാരിക്കാന്‍ അറിയില്ലെന്നും തന്നോട് ക്ഷമിക്കണമെന്നും സൈറ ബാനു ഇംഗ്‌ളീഷില്‍ പറഞ്ഞു. എ ആര്‍ റഹ്മാന്റെ ശബ്ദം തനിക്ക് പ്രിയപ്പെട്ടതാണെന്നും അദ്ദേഹത്തിന്റെ ശബ്ദത്തോട് താന്‍ പ്രണയത്തിലായെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. അതേസമയം, എ ആര്‍ റഹ്മാന്‍ പുരസ്‌കാര വേദിയില്‍ ഭാര്യയോട് ഹിന്ദിയിലല്ല തമിഴില്‍ സംസാരിക്കാന്‍ ആവശ്യപ്പെട്ടതില്‍ ഏറെ വിമര്‍ശനങ്ങളും ഉയരുന്നുണ്ട്.

കൊച്ചി: സിനിമാ മേഖലയില്‍ ലഹരി വസ്തുക്കളുടെ ഉപയോഗം ഉണ്ടെന്നും വിലക്കിയ യുവതാരങ്ങളിലൊരാള്‍ ലഹരിക്കടിമയാണെന്നും ഫിലിം ചേംബര്‍. കഴിഞ്ഞ ദിവസം ചേര്‍ന്ന സിനിമാസംഘടനകളുടെ യോഗത്തിലാണ് ശ്രീനാഥ് ഭാസിയെയും ഷെയ്ന്‍ നിഗമിനെയും വിലക്കിയതായി അധികൃതര്‍ അറിയിച്ചത്.

അതേസമയം, ലഹരി ഉപയോഗിക്കുന്ന താരങ്ങളുടെ പട്ടിക സര്‍ക്കാരിന് നല്‍കുമെന്ന നിര്‍മ്മാതാക്കളുടെ പ്രസ്താവനയില്‍ ഫെഫ്ക അതൃപ്തി രേഖപ്പെടുത്തി.

നിര്‍മാതാക്കളുടെ സംഘടനയായ കേരള ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍, സാങ്കേതിക പ്രവര്‍ത്തകരുടെ സംഘടനയായ ഫെഫ്ക, താരസംഘടനയായ അമ്മ എന്നിവരുടെ സംയുക്ത യോഗത്തിലായിരുന്നു ശ്രീനാഥ് ഭാസിക്കും ഷെയിന്‍ നിഗത്തിനും വിലക്ക് ഏര്‍പ്പെടുത്താന്‍ തീരുമാനമുണ്ടായത്. പ്രസ്തുത സംഘടനകളുടെ മാതൃസംഘടനയാണ് ഫിലിം ചേംബര്‍.

ലഹരി ഉപയോഗിക്കുന്ന താരങ്ങളുടെ പട്ടിക സംബന്ധിച്ച് നിര്‍മ്മാതാക്കളുടെ പരാമര്‍ശത്തില്‍ ഫെഫ്കയ്ക്ക് അതൃപ്തി. സംയുക്ത യോഗത്തില്‍ ചര്‍ച്ച ചെയ്യാത്ത കാര്യമാണ് നിര്‍മ്മാതാക്കളുടെ സംഘടന വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞതെന്ന് ഫെഫ്ക അറിയിച്ചു.

സിനിമാ മേഖലയിലെ ചില താരങ്ങളുടെ ലഹരി മരുന്ന് ഉപയോഗം സംബന്ധിച്ച് വിളിച്ചു ചേര്‍ത്ത വാര്‍ത്താ സമ്മേളനത്തില്‍ നിര്‍മ്മാതാക്കളുടെ സംഘടന ആഞ്ഞടിച്ചിരുന്നു. ഇത്തരക്കാരുടെ പേരുവിവരങ്ങള്‍ അടങ്ങിയ പട്ടിക സര്‍ക്കാരിന് കൈമാറുമെന്നും പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍ പ്രസിഡന്റ് എം രഞ്ജിത് അറിയിക്കുകയും ചെയ്തു. എന്നാല്‍ ഈ പട്ടിക സംബന്ധിച്ച് തങ്ങള്‍ക്ക് അറിവില്ലെന്ന് ഫെഫ്ക അറിയിച്ചു. സംയുക്ത യോഗത്തില്‍ ഈ വിഷയം അജണ്ടയില്‍ ഉണ്ടായിരുന്നില്ല. പരാതികളും അച്ചടക്ക നടപടിയും മാത്രമാണ് ചര്‍ച്ച ചെയ്തതെന്നും ഫെഫ്ക ജനറല്‍ സെക്രട്ടറി ബി ഉണ്ണിക്കൃഷ്ണന്‍ പറഞ്ഞു. സര്‍ക്കാരിന് പേരു നല്‍കിയാല്‍ തെളിവ് നല്‍കേണ്ടിവരും.

അതേസമയം പ്രൊഡ്യൂസേഴ്സ് അസോസിയേഷനെ പൂര്‍ണമായും പിന്തുണച്ച് താരസംഘടന അമ്മ രംഗത്തെത്തി. തങ്ങളുടെ അറിവോടെയല്ല വാര്‍ത്താ സമ്മേളനത്തില്‍ നിര്‍മ്മാതാക്കളുടെ സംഘടന ഇക്കാര്യം അറിയിച്ചതെന്നും ഫെഫ്ക പറഞ്ഞു. അതേസമയം താരങ്ങളില്‍ രാസലഹരി ഉപയോഗം ഉണ്ടെന്ന് താരസംഘടന അമ്മ ആവര്‍ത്തിച്ചു. ഇക്കാര്യത്തില്‍ ശക്തമായ നിലപാട് വേണമെന്നും അമ്മ ആവശ്യപ്പെട്ടു.

ആര്യന്‍ ഖാന്‍ ആദ്യമായി സംവിധാനം ചെയ്യുന്ന പരസ്യചിത്രത്തില്‍ ഷാരൂഖ് ഖാന്‍ നായകന്‍. ലക്ഷ്വറി ബ്രാന്‍ഡ് പരസ്യത്തിന്റെ ഔദ്യോഗിക ടീസര്‍ ഷാരൂഖ് കഴിഞ്ഞ ദിവസം സമൂഹമാദ്ധ്യമത്തിലൂടെ പുറത്തിറക്കിയിരുന്നു.

അതേസമയം, മികച്ച പ്രതികരണമാണ് ആരാധകരില്‍ നിന്ന് ലഭിക്കുന്നത്. പരസ്യചിത്രത്തിന്റെ മുഴുവന്‍ വീഡിയോയും റിലീസ് ചെയ്തു. അഭിനയത്തേക്കാള്‍ ആര്യന് ചെയ്യാനാഗ്രഹം സംവിധാനമാണെന്ന് ഷാരൂഖ് നേരത്തെ അഭിമുഖങ്ങളില്‍ പറഞ്ഞിരുന്നു. പരസ്യചിത്രത്തിന്റെ ഭാഗമായെടുത്ത ഷാരൂഖിന്റെ ഒരു ചിത്രവും വൈറലാണ്.

ബാഹുബലി ഇല്ലായിരുന്നെങ്കില്‍ പൊന്നിയിന്‍ സെല്‍വന്‍ സാധ്യമാകില്ലായിരുന്നുവെന്നും രണ്ട് ഭാഗങ്ങളായി പൊന്നിയിന്‍ സെല്‍വന്‍ ഒരുക്കാനുള്ള പാത തെളിച്ചത് ബാഹുബലിയാണെന്നും സംവിധായകന്‍ മണിരത്‌നം. പി. എസ് -2 വിന്റെ പ്രമോഷന്‍ പരിപാടിക്കിടെയാണ് ചിത്രത്തിന്റെ അദ്ദേഹം ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്. രാജമൗലിക്ക് നന്ദിയും അറിയിച്ചു.

രണ്ട് ഭാഗങ്ങളായി പൊന്നിയിന്‍ സെല്‍വന്‍ ഒരുക്കാനുള്ള പാത തെളിച്ചത് ബാഹുബലിയാണെന്ന് മണിരത്‌നം പറഞ്ഞു. ഇക്കാര്യം രാജമൗലിയോട് നേരിട്ട് പറഞ്ഞിട്ടുണ്ടെന്നും സംവിധായകന്‍ വെളിപ്പെടുത്തി. ചരിത്ര സിനിമയെടുക്കാന്‍ ഇന്‍ഡസ്ട്രിക്ക് ബാഹുബലി ധൈര്യം തന്നുവെന്നും ഇന്ത്യന്‍ ചരിത്രം സിനിമയാക്കി മാറ്റാനുള്ള പാത അദ്ദേഹം തെളിയിച്ചുവെന്നും മണിരത്‌നം കൂട്ടിച്ചേര്‍ത്തു. കരഘോഷങ്ങളോടെയാണ് മണിരത്‌നത്തിന്റെ വാക്കുകള്‍ ആളുകള്‍ ഏറ്റെടുത്തത്.

ഏപ്രില്‍ 28-നാണ് ലോകമെമ്ബാടുമുള്ള തിയേറ്ററുകളില്‍ പി. എസ് -2 എത്തുന്നത്. ജയം രവി, ജയറാം, കാര്‍ത്തി, റഹ്മാന്‍, പ്രഭു, ശരത് കുമാര്‍, പ്രകാശ് രാജ്, ലാല്‍, വിക്രം പ്രഭു, പാര്‍ത്ഥിപന്‍, ബാബു ആന്റണി, അശ്വിന്‍ കാകുമാനു, റിയാസ് ഖാന്‍, ഐശ്വര്യാ റായ് ബച്ചന്‍, ശോഭിതാ ദുലിപാല, ജയചിത്ര,ഐശ്വര്യ ലക്ഷ്മി തുടങ്ങിയ ഒട്ടേറേ അഭിനേതാക്കളും ‘പൊന്നിയിന്‍ സെല്‍വനി’ലുണ്ട്. 125 കോടിക്കാണ് ചിത്രത്തിന്റെ സ്ട്രീമിങ്ങ് അവകാശം വിറ്റുപോയതെന്നായിരുന്നു റിപ്പോര്‍ട്ട്. ആമസോണ്‍ പ്രൈം വീഡിയോയാണ് ചിത്രത്തിന്റെ സ്ട്രീമിംഗ് സ്വന്തമാക്കിയത്.

ജി പ്രജേഷ് സെന്‍ ഒരുക്കുന്ന ചിത്രം ‘ദ സീക്രട്ട് ഓഫ് വിമണ്‍’ പതിമൂന്നാമത് ന്യൂഡല്‍ഹി ദാദാ സാഹിബ് ഫാല്‍ക്കെ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിലേയ്ക്ക്. ചിത്രത്തിന്റെ തിരക്കഥയും ഒരുക്കിയിരിക്കുന്നത് പ്രജേഷ് സെന്‍ തന്നെയാണ്.

ഇമോഷണല്‍ ത്രില്ലര്‍ വിഭാഗത്തില്‍പ്പെട്ട ചിത്രത്തില്‍ നിരഞ്ജന അനൂപ്, അജു വര്‍ഗീസ്, ശ്രീകാന്ത് മുരളി, സുമാ ദേവി, അങ്കിത് ഡിസൂസ, സാക്കിര്‍ മണോലി, പൂജ, ‘വെള്ള’ത്തിലൂടെ ശ്രദ്ധേയരായ മിഥുന്‍ വേണുഗോപാല്‍, അധീഷ് ദാമോദര്‍, തുടങ്ങിയവര്‍ പ്രധാന താരങ്ങളാണ്. പ്രദീപ് കുമാര്‍ വി വിയുടേതാണ് കഥ.

കേരളം നേരിട്ട പ്രളയത്തിന്റെ പശ്ചാത്തലത്തില്‍ ജൂഡ് ആന്റണി ജോസഫ് സംവിധാനം ചെയ്യുന്ന ‘ 2018 എവരിവണ്‍ ഈസ് ഹീറോ’ എന്ന ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങി. ചിത്രം മേയ് അഞ്ചിന് തിയേറ്ററുകളില്‍ എത്തും.

ടൊവിനോ തോമസ്, കുഞ്ചാക്കോ ബോബന്‍, ആസിഫ് അലി, ഇന്ദ്രന്‍സ്, വിനീത് ശ്രീനിവാസന്‍, ലാല്‍, നരേന്‍, സുധീഷ്. സിദ്ദിഖ്, രഞ്ജി പണിക്കര്‍, ജാഫര്‍ ഇടുക്കി, ജൂഡ് ആന്റണി ജോസഫ്, അജു വര്‍ഗീസ്, ജിബിന്‍ ഗോപിനാഥ്, ഡോ. റോണി, അപര്‍ണ ബാലമുരളി, ശിവദ, വിനീത കോശി. തന്‍വി റാം, ഗൗതമി നായര്‍ തുടങ്ങി വന്‍താരനിര ചിത്രത്തില്‍ അണിനിരക്കുന്നു,

ജൂഡ് ആന്റണി ജോസഫും അഖില്‍ പി. ധര്‍മ്മജനും ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത്.

അമ്മയേക്കുറിച്ച് മോശം കാര്യങ്ങള്‍ പ്രചരിപ്പിക്കരുതെന്ന് അഭ്യര്‍ത്ഥിച്ച് നടി മീനയുടെ മകള്‍ നൈനിക. അമ്മയും ഒരു മനുഷ്യസ്ത്രീയാണെന്നും അവര്‍ക്കും ഒരു ജീവിതമുണ്ടെന്നും നൈനിക പറയുന്നു. സിനിമാരംഗത്ത് നാല്പത് വര്‍ഷം പൂര്‍ത്തിയാക്കിയ വേളയില്‍ ഈയിടെ മീന തന്റെ സഹപ്രവര്‍ത്തകര്‍ക്കും സുഹൃത്തുക്കള്‍ക്കുമായി ഒരു ഗെറ്റ് റ്റുഗെദര്‍ സംഘടിപ്പിച്ചിരുന്നു. ഈ ചടങ്ങില്‍ വെച്ച് മീനയുടെ മകളും ബാലതാരവുമായ നൈനിക പറഞ്ഞ കാര്യം ചര്‍ച്ചയാവുകയാണ്.

‘അമ്മ എന്ന നിലയിലും അഭിനേത്രി എന്ന നിലയിലും അമ്മയെ ഓര്‍ത്ത് ഞാന്‍ വളരെയേറെ അഭിമാനിക്കുന്നുണ്ട്. അച്ഛന്റെ മരണശേഷം അമ്മ എത്രത്തോളം സങ്കടപ്പെടുന്നുണ്ടെന്ന് എനിക്കറിയാം. അച്ഛന്റെ മരണശേഷം അമ്മ ഏറെ വിഷാദത്തിലായിരുന്നു. കരയുന്നത് കണ്ടിട്ടുണ്ട്. അതിനിടയിലാണ് വ്യാജ വാര്‍ത്തകള്‍ എത്തുന്നത്. എനിക്കു വേണ്ടിയെങ്കിലും ഇത്തരം വാര്‍ത്തകള്‍ എഴുതുന്നത് നിര്‍ത്തണമെന്ന് അപേക്ഷിക്കുകയാണ്. അഭിനേത്രി എന്നതിലുപരി അമ്മയും ഒരു മനുഷ്യസ്ത്രീയാണ്, അവര്‍ക്കും വികാരങ്ങളുണ്ട്’-നൈനിക പറയുന്നു.

വിജയ് നായകനായ തെറി എന്ന ചിത്രത്തിലൂടെയാണ് നൈനിക സിനിമയിലെത്തിയത്. മലയാളത്തില്‍ ബ്രോ ഡാഡി എന്ന ചിത്രത്തിലാണ് മീന ഒടുവില്‍ അഭിനയിച്ചത്.

മണിരത്‌നത്തിന്റെ സംവിധാനത്തിലൊരുങ്ങിയ ‘പൊന്നിയിന്‍ സെല്‍വന്‍’ രണ്ടാം ഭാഗത്തിന്റ ബുക്കിംഗ് ആരംഭിച്ചു. ചിത്രം ഏപ്രില്‍ 28ന് റിലീസ് ചെയ്യുമെന്ന് നേരത്തെ പ്രഖ്യാപിച്ചിരുന്നു.

‘പൊന്നിയിന്‍ സെല്‍വനി’ലെ കഥാപാത്രങ്ങളായ ‘ആദിത്യ കരികാലന്റെ’യും ‘നന്ദിനി’യുടെയും കുട്ടിക്കാലം ദൃശ്യവത്കരിക്കുന്ന ഒരു ഗാനത്തിന്റെ ലിറിക്കല്‍ വീഡിയോ അടുത്തിടെ പുറത്തുവിട്ടിരുന്നു. ഇളങ്കോ കൃഷ്ണന്റെ വരികള്‍ ഹരിചരണാണ് ചിത്രത്തിനായി പാടിയിരിക്കുന്നത്. ശക്തിശ്രീ ഗോപാലന്‍ ചിത്രത്തിനായി ആലപിച്ച ഒരു ഗാനം നേരത്തെ പുറത്തു വിട്ടിരുന്നത് ഹിറ്റായിരുന്നു. ‘വീര രാജ വീര’ എന്ന ഒരു ഗാനം കെ എസ് ചിത്രയും ശങ്കര്‍ മഹാദേവനും ഹരിണിയും ആലപിച്ചതും സത്യപ്രകാശ്, ഡോ. നാരായണന്‍, ശ്രീകാന്ത് ഹരിഹരന്‍, നിവാസ്, അരവിന്ദ് ശ്രീനിവാസ്, ശെന്‍ബഗരാജ്, ടി എസ് അയ്യപ്പന്‍ എന്നിവര്‍ ആലപിച്ച ‘ശിവോഹം’ എന്ന ഗാനവും ശ്രദ്ധയാകര്‍ഷിച്ചിരുന്നു.

ജയം രവി, ജയറാം, കാര്‍ത്തി, റഹ്മാന്‍, പ്രഭു, ശരത് കുമാര്‍, പ്രകാശ് രാജ്, ലാല്‍, വിക്രം പ്രഭു, പാര്‍ത്ഥിപന്‍, ബാബു ആന്റണി, ഐശ്വര്യ ലക്ഷ്മി, അശ്വിന്‍ കാകുമാനു, റിയാസ് ഖാന്‍, ഐശ്വര്യാ റായ് ബച്ചന്‍, ശോഭിതാ ദുലിപാല, ജയചിത്ര തുടങ്ങിയ ഒട്ടേറേ അഭിനേതാക്കളും ‘പൊന്നിയിന്‍ സെല്‍വനി’ലുണ്ട്. 125 കോടിക്കാണ് ചിത്രത്തിന്റെ സ്ട്രീമിങ്ങ് അവകാശം വിറ്റുപോയതെന്നായിരുന്നു റിപ്പോര്‍ട്ട്. ആമസോണ്‍ പ്രൈം വീഡിയോയാണ് ചിത്രത്തിന്റെ സ്ട്രീമിംഗ് സ്വന്തമാക്കിയത്. തമിഴിനു പുറമേ മലയാളം, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലും ചിത്രം പ്രദര്‍ശനത്തിന് എത്തിയിരുന്നു.

സിനിമയുടെ എഡിറ്റിങ് നിര്‍മാതാവിനെ മാത്രം കാണിച്ചാല്‍ മതി എന്ന ഫെഫ്കയുടെ നിലപാട് സ്വാഗതാര്‍ഹമെന്ന് സംവിധായകന്‍ ആഷിഖ് അബു.

നടന്‍മാര്‍ സിനിമയുടെ എഡിറ്റില്‍ ഇടപെടുന്നത് പുതിയ സംഭവമല്ല. എന്നാല്‍, ഇപ്പോഴാണ് അക്കാര്യം പുറത്തുപറയാന്‍ അണിയറപ്രവര്‍ത്തകര്‍ തയാറായത്. ഇക്കാര്യത്തില്‍ താന്‍ ഫെഫ്കയുടെ ഒപ്പമാണ്’- ആഷിഖ് അബു പറഞ്ഞു.

അതേസമയം, എഡിറ്റിങ് കാണിക്കണമെന്ന് വാശിപിടിക്കുന്ന ചില നടന്‍മാര്‍ ആരാണെന്ന് ആരോപണം ഉന്നയിച്ചവര്‍ വെളിപ്പെടുത്തണമെന്ന് നടന്‍ ടോവിനോ തോമസും ആവശ്യപ്പെട്ടു. നീലവെളിച്ചം സിനിമയുടെ ഗള്‍ഫ് റിലീസിന്റെ ഭാഗമായി ദുബൈയില്‍ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു ഇവര്‍.