Entertainment (Page 82)

വിവദങ്ങള്‍ സൃഷ്ടിച്ച ‘ദി കേരള സ്റ്റോറി’യില്‍ പത്ത് മാറ്റങ്ങള്‍ നിര്‍ദ്ദേശിച്ച് സെന്‍സര്‍ ബോര്‍ഡ്. സിനിമയുടെ അവസാനത്തിലെ വി.എസിന്റെ അഭിമുഖമടക്കമുള്ള ഭാഗങ്ങളാണ് ഒഴിവാക്കിയത്. ‘ഏറ്റവും വലിയ കാപട്യക്കാരാണ് ഇന്ത്യന്‍ കമ്മ്യൂണിസ്റ്റുകള്‍’ എന്ന സംഭാഷണത്തില്‍ നിന്നും ‘ഇന്ത്യന്‍’ എന്ന വാക്ക് നീക്കി. ഹിന്ദു ദൈവങ്ങളെ മോശക്കാരാക്കി ഉപയോഗിക്കുന്ന സംഭാഷണങ്ങള്‍ സഭ്യമായ രീതിയില്‍ പുനക്രമീകരിക്കാനും സെന്‍സര്‍ ബോര്‍ഡ് ആവശ്യപ്പെട്ടു. കമ്മ്യൂണിസ്റ്റ് പാര്‍ട്ടി നേതാക്കള്‍ പൂജ ചടങ്ങുകളില്‍ ഭാഗമാകില്ലെന്ന ഡയലോഗും ചിത്രത്തില്‍ നിന്നും നീക്കം ചെയ്തു.

ചിത്രത്തിനെതിരെ സംസ്ഥാനത്ത് കനത്ത വിമര്‍ശനം ഉയരുന്നതിനിടെയാണ് സെന്‍സര്‍ ബോര്‍ഡ് മാറ്റങ്ങള്‍ നിര്‍ദേശിച്ചത്. ന്യൂനപക്ഷങ്ങളെ സംശയ നിഴലിലാക്കി സമൂഹത്തില്‍ വിഭാഗീയതയും ഭിന്നിപ്പും സൃഷ്ടിക്കാനുള്ള സംഘപരിവാര്‍ അജണ്ടയാണ് സിനിമയെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍ ആരോപിച്ചു. മുസ്ലിം യൂത്ത് ലീഗും യൂത്ത് കോണ്‍ഗ്രസും ഡിവൈഎഫ്ഐയും അടക്കം സിനിമയ്‌ക്കെതിരെ പ്രതിഷേധം ഉയര്‍ത്തിയിട്ടുണ്ട്.

സുദിപ്‌തോ സെന്‍ രചനയും സംവിധാനവും നിര്‍വ്വഹിച്ച സിനിമ കേരളത്തില്‍നിന്നും കാണാതായ 32,000 സ്ത്രീകളുടെ തിരോധാനവുമായി ബന്ധപ്പെട്ട സംഭവങ്ങളെ ചുറ്റിപ്പറ്റിയാണെന്നാണ് അണിയറക്കാര്‍ പറയുന്നത്. കേരളമെന്ന കൊച്ചു സംസ്ഥാനത്തെ പിടിച്ചുകുലുക്കിയ ഒരുപറ്റം സംഭവങ്ങളുടെ വസ്തുനിഷ്ഠവും യഥാര്‍ത്ഥവുമായ ആഖ്യാനം ആണ് തങ്ങള്‍ ലക്ഷ്യമിടുന്നതെന്നും ഇവര്‍ അവകാശപ്പെടുന്നു. മെയ് അഞ്ചിന് കേരളത്തില്‍ റിലീസ് ചെയ്യുന്ന ചിത്രം ഇ ഫോര്‍ എന്റര്‍ടെയിന്‍മെന്റ്‌സ് ആണ് തിയേറ്ററുകളിലെത്തിക്കുന്നത്.

കോഴിക്കോട്: നടന്‍ മാമുക്കോയയുടെ സംസ്‌കാര ചടങ്ങുകളില്‍ മുന്‍നിര ചലച്ചിത്ര താരങ്ങള്‍ പങ്കെടുക്കാത്തതില്‍ പരാതി ഇല്ലെന്നും വിവാദങ്ങളിലേയ്ക്കില്ലെന്നും കുടുംബം അറിയിച്ചു.

‘മോഹന്‍ലാലും മമ്മൂട്ടിയും ദിലീപുമടക്കമുള്ളവര്‍ വിളിച്ച് സാഹചര്യം എന്താണെന്ന് അറിയിച്ചിരുന്നു. എല്ലാവരുടെയും സാഹചര്യം മനസിലാക്കണം. പൊലീസുകാരും മാദ്ധ്യമങ്ങളും വളരെ നന്നായി സഹകരിച്ചിരുന്നു. ഒരുപാട് വലിയ ആളുകള്‍ ബാപ്പയെ കാണാന്‍ വന്നിരുന്നു. ഇത്രയും വലിയ ബാപ്പയുടെ മകന്‍ ആണെന്ന് ഇന്നലെയാണ് അറിയുന്നത്. ആരോടെങ്കിലും മോശമായി പ്രതികരിച്ചിട്ടുണ്ടെങ്കില്‍ മാപ്പു ചോദിക്കുന്നു. സംസ്‌കാര ചടങ്ങിനിടെ ഒരാളുടെ മൊബൈല്‍ പിടിച്ചുവാങ്ങിയിരുന്നു. അത് കണ്ടിട്ട് ചിലര്‍ കമന്റ് പറയുന്നത് കേട്ടു. ഞാന്‍ ഒരു നടനോ രാഷ്ട്രീയക്കാരനോ അല്ല, എനിക്ക് അഭിനയിക്കാന്‍ അറിയില്ല. സിനിമാ സീന്‍ ഒന്നും അല്ലല്ലോ എടുക്കുന്നത്, ജീവിതത്തില്‍ പെട്ടെന്ന് പ്രതീക്ഷിക്കാതെ വരുന്ന സംഭവമാണ് മരണം. ആ സമയത്ത് എങ്ങനെ പ്രതികരിക്കും എന്ന് പറയാന്‍ പറ്റില്ല. ഉപ്പയുടെ അന്ത്യകര്‍മങ്ങള്‍ നടക്കുന്ന സ്ഥലത്ത് ബുദ്ധിമുട്ടുണ്ടാക്കിയപ്പോള്‍ പ്രതികരിക്കുക മാത്രമാണ് ചെയ്തത്. അയാളോട് മാപ്പു പറയുന്നു. ആളുകള്‍ വരാതിരുന്നതില്‍ പരാതിയോ പരിഭവമോ ഇല്ല, ആരെങ്കിലും ഇതൊരു വിഷയമായി പറയുകയാണെങ്കില്‍ അത് ആ പറയുന്നവരുടെ സ്വന്തം അഭിപ്രായം മാത്രമായിരിക്കും’- വിമര്‍ശനങ്ങള്‍ ഉയര്‍ന്ന സാഹചര്യത്തിലാണ് മാമുക്കോയയുടെ മകന്‍ മുഹമ്മദ് നിസാര്‍ ഈ വിഷയത്തില്‍ പ്രതികരണം അറിയിച്ചത്.

‘ജോജുവും ഇര്‍ഷാദും സാദിഖും ഇടവേള ബാബുവും വീട്ടില്‍ വന്നിരുന്നു. മമ്മൂക്ക വിളിച്ചിരുന്നു, അദ്ദേഹത്തിന്റെ ഉമ്മ കഴിഞ്ഞ ദിവസമാണ് മരിച്ചത്. മോഹന്‍ലാല്‍ ജപ്പാനില്‍ ആണ്. ദിലീപ് വിളിച്ചിരുന്നു, ഇന്ന് രാവിലെ വിനീത് വിളിച്ചിരുന്നു. അദ്ദേഹം മദ്രാസില്‍ ഒരു പ്രോഗ്രാമിനിടയിലായിരുന്നു. മദ്രാസില്‍ നിന്ന് ഇവിടെ വരെ ബുദ്ധിമുട്ടി വരാന്‍ പറ്റുമോ, ഇങ്ങനെയുള്ള വിഷമങ്ങള്‍ എല്ലാര്‍ക്കും ഉണ്ടാകും. പെട്ടന്നായിരുന്നല്ലോ കബറടക്കത്തിന്റെ സമയം പ്രഖ്യാപിച്ചത്. ഇവരൊന്നും വരുന്നതിലല്ലല്ലോ, പ്രാര്‍ത്ഥിക്കുന്നതിലല്ലല്ലോ കാര്യം. ആരും ഒരു പരാതിയും പറയണ്ട, എനിക്കും കുടുംബത്തിനും ഒരു പരാതിയും ഇല്ല’- എന്നും അദ്ദേഹം പറഞ്ഞു.

കേന്ദ്ര സര്‍ക്കാര്‍ നിരോധിക്കാത്തിടത്തോളം ‘ദി കേരള സ്റ്റോറി’ എന്ന സിനിമ എല്ലാവരും കാണുമെന്നും വിവാദങ്ങള്‍ അതിന് കൂടുതല്‍ പ്രേക്ഷകരെ സൃഷ്ടിക്കുമെന്നും നടന്‍ ഹരീഷ് പേരടി.

‘കേന്ദ്ര സര്‍ക്കാര്‍ നിരോധിക്കാത്തിടത്തോളം ഈ സിനിമ നാളെ OTTയില്‍ എത്തും. എല്ലാവരും കാണും. ഈ വിവാദങ്ങള്‍ അതിന് കൂടുതല്‍ പ്രേക്ഷകരെ സൃഷ്ടിക്കും. ഈ സിനിമയോട് യോജിക്കാനും വിയോജിക്കാനും നിങ്ങള്‍ക്ക് അവകാശമുണ്ട്. സംവിധായകന്‍ ആഷിക്ക് അബുവിന്റെ വാക്കുകള്‍ ഇവിടെ പ്രസ്‌ക്തമാണ്. ‘ബോംബുകള്‍ ഉണ്ടാക്കുന്നതിനു പകരം അവര്‍ സിനിമകള്‍ ഉണ്ടാക്കട്ടെ’ ഒരു ജനാധിപത്യ രാഷ്ട്രത്തിലെ അവകാശങ്ങളെ ബഹുമാനിച്ചുകൊണ്ട്..ആവിഷക്കാര സ്വാതന്ത്ര്യം വിജയിക്കട്ടെ’- ഹരീഷ് പേരടി പറഞ്ഞു.

അതേസമയം, സിനിമക്കെതിരെ മുഖ്യമന്ത്രി പിണറായി വിജയനും രംഗത്തെത്തി. ‘സിനിമ കേരളത്തിനെതിരെ വിദ്വേഷപ്രചാരണം ലക്ഷ്യമിട്ട് നിര്‍മ്മിച്ചതാണ്. സംഘപരിവാര്‍ നുണ ഫാക്ടറിയുടെ ഉല്‍പ്പന്നമാണ് സിനിമ. വിദ്വേഷ പ്രചാരണത്തിലൂടെ കേരളത്തിലെ തെരഞ്ഞെടുപ്പാണ് സംഘപരിവാര്‍ ലക്ഷ്യമിടുന്നത്. അന്വേഷണ ഏജന്‍സികളും കോടതിയും കേന്ദ്ര ആഭ്യന്തര മന്ത്രാലയവും വരെ തള്ളിക്കളഞ്ഞ ‘ലവ് ജിഹാദ്’ ആരോപണങ്ങളെ പ്രമേയമാക്കിയത് ആസൂത്രിത നീക്കത്തിന്റെ ഭാഗമാണ്’- മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.

‘ദ കേരള സ്റ്റോറി’ ഒരു മതത്തിനും എതിരല്ലെന്ന് നായിക അദാ ശര്‍മ. സ്ത്രീകളെ ബലാത്സംഗം ചെയ്യുകയും വില്‍ക്കുകയും മയക്കുമരുന്ന് നല്‍കുകയും ബലമായി ഗര്‍ഭം ധരിപ്പിക്കുകയും ചെയ്യുന്ന ഭീകരവാദ സംഘടനകള്‍ക്കെതിരെയാണ് സിനിമ സംസാരിക്കുന്നതെന്ന് നടി വ്യക്തമാക്കി. ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തുവന്നതിന് പിന്നാലെ സമൂഹമാദ്ധ്യമങ്ങളില്‍ കോടിക്കണക്കിന് ആളുകളാണ് കണ്ടത്. ഇതിന് പിന്നാലെയാണ് പ്രതികരണവുമായി അദാ ശര്‍മ എത്തുന്നത്.

ജനങ്ങളില്‍ നിന്ന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ഇതുവരെ ഇത്രയും വലിയ പിന്തുണ ലഭിച്ചിട്ടില്ല. സന്ദേശം അയച്ച എല്ലാവര്‍ക്കും നന്ദി. റിയലിസ്റ്റിക് സിനിമയാണെന്ന് പലരും അഭിപ്രായപ്പെടുന്നതില്‍ സന്തോഷമുണ്ടെന്നും അദാ ശര്‍മ പറഞ്ഞു. എന്നാല്‍ സിനിമയ്ക്കെതിരെ ചിലര്‍ രംഗത്തെത്തിയിട്ടുണ്ട്. സിനിമ കണ്ടാല്‍ ഇവരുടെ മനസ് മാറിയേക്കാമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദാ ശര്‍മ കുറിച്ചു. പെണ്‍കുട്ടികളെ മയക്കുമരുന്ന് നല്‍കിയും മനസ് മാറ്റിയും ബലാത്സംഗം ചെയ്തും ബര്‍ഭിണിയാക്കിയും മനുഷ്യക്കടത്ത് നടത്തുകയാണ്. അവരെ ചാവേറുകളാക്കിയും മാറ്റുന്നു. ഈ ഭീകരവാദത്തിനെയാണ് സിനിമയില്‍ എതിര്‍ക്കുന്നത്.

ലൗ ജിഹാദിന്റെ കുരുക്കില്‍ പെട്ട് ഐഎസ്ഐഎസ്സിലേക്ക് റിക്രൂട്ട് ചെയ്യപ്പെട്ട പെണ്‍കുട്ടികളുടെ കുടുംബാംഗങ്ങളുടെയും നിര്‍ബന്ധിത മതപരിവര്‍ത്തനത്തിന് വിധേയമായി പിന്നീട് സ്വധര്‍മ്മത്തിലേക്ക് തിരിച്ചെത്തിയ പെണ്‍കുട്ടികളുടെയും ജീവിതാനുഭവത്തിലൂടെയാണ് കേരള സ്റ്റോറി സിനിമയാക്കുന്നത്.

ചെന്നൈ: മണിരത്‌നം ചിത്രം പൊന്നിയിന്‍ സെല്‍വന്‍ 2 ഒറ്റ ദിവസം കൊണ്ടു 38 കോടി രൂപയാണ് വാരിക്കൂട്ടിയത്. തമിഴ്‌നാട്ടില്‍ നിന്നും 25 കോടിയാണ് ചിത്രം നേടിയത്. ചിത്രത്തിന്റെ ആദ്യഭാഗം പുറത്തിറങ്ങിയപ്പോള്‍ ആദ്യത്തെ ദിവസം 40 കോടിയായിരുന്നു കലക്ഷന്‍.

ആന്ധ്രാപ്രദേശിലും തെലങ്കാനയിലും ചിത്രം 3-4 കോടി രൂപ കലക്ഷന്‍ നേടി. കര്‍ണാടകയിലെ കലക്ഷന്‍ 4-5 കോടിയാണ്. പിഎസ്-1 ഇന്ത്യയില്‍ ആകെ 327 കോടി രൂപ നേടിയിരുന്നു. വിദേശത്ത് 169 കോടിയും. ആദ്യഭാഗത്തെക്കാള്‍ മികച്ചുനില്‍ക്കുന്നു രണ്ടാംഭാഗമെന്നാണ് പ്രേക്ഷകരുടെ അഭിപ്രായം. പിഎസ്-1ല്‍ തൃഷയും കാര്‍ത്തിയുമാണ് സ്‌കോര്‍ ചെയ്തതെങ്കില്‍ രണ്ടാം ഭാഗത്ത് ഐശ്വര്യ റായിയും ജയറാമുമാണ് ഞെട്ടിച്ചതെന്നും പറയുന്നു. കൂടുതല്‍ ഇമോഷണല്‍ രീതിയിലാണ് രണ്ടാം ഭാഗമൊരുക്കിയിരിക്കുന്നത്.

കല്‍ക്കി കൃഷ്ണമൂര്‍ത്തിയുടെ ചരിത്രപ്രസിദ്ധ നോവലായ പൊന്നിയിന്‍ സെല്‍വന്‍ എന്ന കൃതിയെ ആധാരമാക്കിയാണ് മണിരത്‌നം ചിത്രം ഒരുക്കിയിരിക്കുന്നത്. 1000 വര്‍ഷങ്ങള്‍ക്ക് മുന്‍പ് തമിഴ്നാടിന് വേണ്ടി ചോളന്മാര്‍ നല്‍കിയ സംഭാവനകളും മണ്ണിന് വേണ്ടി അവര്‍ നടത്തിയ പോരാട്ടങ്ങളുമാണ് പ്രമേയം. ചോള സാമ്രാജ്യത്തിന്റെ ചരിത്രത്തിലൂടെ സഞ്ചരിക്കുന്ന ഈ ചിത്രം ഓരോ സിനിമാ പ്രേമികളേയും ത്രസിപ്പിക്കുന്ന ഒരു ബ്രഹ്മാണ്ഡ ചരിത സിനിമയായാണ് മണിരത്നം ഒരുക്കിയിരിക്കുന്നത്

‘ദ കേരള സ്റ്റോറി’ എന്ന സിനിമക്ക് പ്രദര്‍ശനാനുമതി നല്‍കരുതെന്ന് വെല്‍ഫെയര്‍ പാര്‍ട്ടി.

കേരളത്തെ സവിശേഷമായി ഉന്നംവെക്കുന്ന സാംസ്‌കാരിക ഫാഷിസ്റ്റ് പദ്ധതിയുടെ ഭാഗമായ ‘ദ കേരള സ്റ്റോറി’ എന്ന സിനിമക്ക് പ്രദര്‍ശനാനുമതി നല്‍കരുതെന്ന് വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന പ്രസിഡന്റ് റസാഖ് പാലേരി ആവശ്യപ്പെട്ടു. ‘സിനിമയുടെ സംവിധായകനും നിര്‍മാതാക്കള്‍ക്കുമെതിരെ നിയമനടപടി കൈക്കൊള്ളണം. ചിത്രത്തിനെതിരെ പരാതി ലഭിച്ചിട്ടും തുടര്‍നടപടി വൈകുന്നത് ശരിയല്ല. വംശീയ ഉള്ളടക്കമുള്ള പ്രൊപഗണ്ട മൂവികള്‍ക്ക് പിറകിലെ സാമ്ബത്തിക ശക്തികളെയും രാഷ്ട്രീയ ബന്ധങ്ങളെയുംകുറിച്ച് അന്വേഷിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

കേരളത്തെക്കുറിച്ച് നിരവധി കള്ളങ്ങള്‍ നിറച്ചുവെച്ചതും മുസ്ലീം സമൂഹത്തെ പൈശാചികവത്കരിക്കുന്നതുമാണ് സുദീപ്‌തോ സെന്‍ സംവിധാനം ചെയ്ത സിനിമയുടെ ഉള്ളടക്കമെന്നും റസാഖ് പറഞ്ഞു.

കൊച്ചി: മയക്കുമരുന്ന് ലഭിക്കാന്‍ എളുപ്പമുള്ളതിനാലാണ് സിനിമകള്‍ക്ക് കാസര്‍ഗോഡ് ലൊക്കേഷനായി തെരഞ്ഞെടുക്കുന്നതെന്ന വിവാദ പ്രസ്താവനയില്‍ ഖേദം പ്രകടിപ്പിച്ച് പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് എം രഞ്ജിത്ത് രംഗത്ത്.

‘കാസര്‍ഗോഡിനെയോ അവിടെയുള്ള ആളുകളെയോ കുറിച്ച് പറഞ്ഞതല്ല. മറ്റു സംസ്ഥാനങ്ങളില്‍ നിന്നും മയക്കുമരുന്ന് എത്തിക്കാന്‍ എളുപ്പമാകുന്നത് കൊണ്ട് പല ഷൂട്ടിങ്ങുകളും അവിടെയാകുന്നുണ്ട് എന്നൊരു ആരോപണം ഞങ്ങളുടെ ഒരു യോഗത്തില്‍ ഉന്നയിക്കപ്പെട്ടിരുന്നു. അത് ഉള്ളില്‍ ഉണ്ടായിരുന്നത് കൊണ്ട് അറിയാതെ പറഞ്ഞു പോയതാണ്. എന്റെ സുഹൃത്തുക്കളെയും കാസര്‍കോടുകാരെയും ആ പ്രസ്താവന വേദനിപ്പിച്ചു എന്ന് ഞാന്‍ മനസ്സിലാക്കുന്നു. അതില്‍ എനിക്ക് അതിയായ ദുഃഖമുണ്ട്. ആരെയെങ്കിലും വേദനിപ്പിച്ചിട്ടുണ്ടെങ്കില്‍ അത് തെറ്റാണ് എന്ന് ഞാന്‍ തിരിച്ചറിയുന്നു. തെറ്റ് തിരുത്തല്‍ എന്റെ കടമയാണ്. വേദനിപ്പിച്ചതില്‍ ഞാന്‍ ഖേദം പ്രകടിപ്പിക്കുന്നു’- എം.രഞ്ജിത്ത് പറഞ്ഞു.

അതേസമയം, മലയാള സിനിമയില്‍ മയക്കുമരുന്നിന് അടിമകളായ താരങ്ങളുണ്ടെന്നും അവരുടെ പട്ടിക സര്‍ക്കാരിന് കൈമാറുമെന്നും വാര്‍ത്താസമ്മേളനത്തില്‍ രഞ്ജിത്ത് പറഞ്ഞിരുന്നു. അതിനുശേഷം നല്‍കിയ അഭിമുഖത്തിലാണ് കാസര്‍കോട്ടെ കുറിച്ച് വിവാദ പരാമര്‍ശം നടത്തിയത്. മംഗലാപുരത്ത് നിന്നും ബംഗളൂരുവില്‍ നിന്നും മയക്കുമരുന്ന് കൊണ്ടുവരാന്‍ എളുപ്പമാണെന്നും അതിനാല്‍ സിനിമാ ലൊക്കേഷനുകള്‍ കാസര്‍കോട്ടേക്ക് മാറ്റുകയാണെന്നുമാണ് രഞ്ജിത് പറഞ്ഞത്.

നിവിന്‍ പോളി നായകനായെത്തിയ തുറമുഖം ഒ.ടി.ടിയില്‍ റിലീസ് ചെയ്തു. മാര്‍ച്ച് 10-ന് തിയേറ്ററിലെത്തിയ ചിത്രം ഇന്ന് മുതല്‍ സോണി ലിവിലൂടെയാണ് പ്രേക്ഷകരിലേയ്ക്ക് എത്തുന്നത്.

ഏറെ പ്രതിസന്ധികള്‍ക്ക് ശേഷം തിയേറ്ററുകളില്‍ എത്തിയ തുറമുഖം മികച്ച പ്രേക്ഷക പ്രതികരണം നേടിയിരുന്നു. രാജീവ് രവി സംവിധാനം ചെയ്ത ചിത്രം തിയേറ്ററുകളില്‍ എത്തിച്ചത് ലിസ്റ്റിന്‍ സ്റ്റീഫനാണ്.

1962 വരെ കൊച്ചിയില്‍ നിലനിന്നിരുന്ന ചാപ്പ തൊഴില്‍ വിഭജന സമ്ബ്രദായവും ഇത് അവസാനിപ്പിക്കാന്‍ തൊഴിലാളികള്‍ നടത്തിയ സമരവുമാണ് ചിത്രത്തിന്റെ പ്രധാന പ്രമേയം. ഇന്ദ്രജിത്ത് സുകുമാരന്‍, ജോജു ജോര്‍ജ്, അര്‍ജ്ജുന്‍ അശോകന്‍, സുദേവ് നായര്‍, മണികണ്ഠന്‍ ആചാരി, നിമിഷ സജയന്‍, പൂര്‍ണിമ ഇന്ദ്രജിത്ത്, ദര്‍ശന രാജേന്ദ്രന്‍ തുടങ്ങിയവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

മണിരത്‌നത്തിന്റെ ബ്രഹ്മാണ്ഡ ചിത്രം പൊന്നിയിന്‍ സെല്‍വന്‍-2 പ്രദര്‍ശനത്തിനെത്തി. കേരളത്തിലെ 300-ല്‍ അധികം തിയേറ്ററുകളിലാണ് ചിത്രം പ്രദര്‍ശനത്തിനെത്തിയത്. ശ്രീ ഗോകുലം മൂവീസ് ആണ് ചിത്രം കേരളത്തില്‍ എത്തിക്കുന്നത്

ആദ്യ ചിത്രം പോലെ തന്നെ ഐമാക്സ് ഫോര്‍മാറ്റിലാണ് പൊന്നിയിന്‍ സെല്‍വന്‍ 2 പുറത്തിറങ്ങുന്നത്. ഐശ്വര്യ ലക്ഷ്മി, ശോഭിത ധൂലിപാല, പ്രഭു, ആര്‍. ശരത്കുമാര്‍, വിക്രം പ്രഭു, അശ്വിന്‍ കാക്കുമാനു, പ്രകാശ് രാജ്, റഹ്മാന്‍, ആര്‍ പാര്‍ത്ഥിബന്‍ തുടങ്ങിയവരും ചിത്രത്തിലുണ്ട്.

കല്‍ക്കി കൃഷ്ണമൂര്‍ത്തിയുടെ നോവലിനെ അടിസ്ഥാനമാക്കിയുള്ള ചിത്രം മണിരത്നം, ഇളങ്കോ കുമാരവേലും ബി ജയമോഹന്‍ എന്നിവരും ചേര്‍ന്നാണ് ചിത്രീകരിച്ചിരിക്കുന്നത്.

കൊച്ചി: സിനിമാ സംഘടനകള്‍ തന്നോട് സഹകരിക്കില്ലെന്ന നിലപാട് സ്വീകരിച്ചതിനെതിരേ നടന്‍ ഷെയ്ന്‍ നിഗം താരസംഘടനയായ ‘അമ്മ’യെ സമീപിച്ചു. നിര്‍മാതാവിന്റെ ഭര്‍ത്താവ് തന്റെ അമ്മയോട് ബഹുമാനമില്ലാതെ പെരുമാറിയതിനെ തുടര്‍ന്നാണ് അമ്മ ക്ഷോഭിച്ചതെന്നും ഷെയ്ന്‍ പറയുന്നു. തനിക്കെതിരായ ആരോപണങ്ങളില്‍ മറുപടി നല്‍കുകയായിരുന്നു താരം. ആരോപണങ്ങള്‍ വിഷമമുണ്ടാക്കിയെന്നും എഡിറ്റ് കാണണമെന്ന് താന്‍ ആരോടും ആവശ്യപ്പെട്ടിട്ടില്ലെന്നും നടന്‍ പറഞ്ഞു.

‘മൂന്ന് അഭിനേതാക്കള്‍ ഈ സിനിമയിലുണ്ട്. മൂന്നിലൊരാളാകാന്‍ എനിക്ക് താല്‍പര്യമില്ലെന്ന് പറഞ്ഞിരുന്നു. എന്നാല്‍ സംവിധായകന്‍ പറഞ്ഞത്, എന്നെ കണ്ടുകൊണ്ടാണ് തിരക്കഥ എഴുതിയിരിക്കുന്നത് എന്നായിരുന്നു. ഞാന്‍ അവതരിപ്പിക്കുന്ന റോബര്‍ട്ട് എന്ന കഥാത്രമാണ് നായകന്‍ എന്നാണ്. പക്ഷേ സിനിമ ചിത്രീകരിച്ചതിന് ശേഷം എനിക്ക് അതില്‍ സംശയം വന്നു. തുടര്‍ന്ന് സംവിധായകനോട് ഇക്കാര്യം ചോദിച്ചപ്പോള്‍ അദ്ദേഹമാണ് എഡിറ്റ് കാണാമെന്ന് പറഞ്ഞത്. നിര്‍മാതാവിന്റെ ഭര്‍ത്താവ് എന്റെ അമ്മയോട് ബഹുമാനമില്ലാതെ പെരുമാറി. അതേ തുടര്‍ന്നാണ് അമ്മ ക്ഷോഭിച്ചത്’- ഷെയ്ന്‍ വ്യക്തമാക്കി.

അതേസമയം, ആര്‍ഡിഎക്‌സ് ചിത്രത്തിന്റെ ചിത്രീകരണ സമയത്ത് ഷെയ്ന്‍ നിര്‍മാതാവിന് അയച്ച ഇ-മെയിലും തുടര്‍ന്ന് സോഫിയ പോള്‍ സംഘടനയ്ക്ക് അയച്ച കത്തും ഇതിനിടെ പുറത്തുവന്നിരുന്നു. ഷൂട്ടിംങ് തടസ്സപ്പെട്ടുവെന്നും ഇത് മൂലം നാണക്കേടും മാനക്കേടും ധനനഷ്ടവും വന്നുവെന്നാണ് സോഫിയ ആരോപിച്ചത്. ഷെയിനും അമ്മയും ഷൂട്ടിംഗ് സെറ്റില്‍ നിരന്തരം ഓരോ കാരണങ്ങള്‍ പറഞ്ഞ് പ്രശ്‌നങ്ങള്‍ ഉണ്ടാക്കിയിരുന്നുവെന്ന പ്രചാരണങ്ങള്‍ സത്യമാണെന്ന് അടിവരയിടുന്നതായിരുന്നു നിര്‍മാതാവിന്റെ കത്ത്. പലതവണ ഷൂട്ടിംങ് സെറ്റുകളില്‍ താമസിച്ച് വരുകയും, കുടുംബാംഗങ്ങള്‍ക്ക് അടക്കം എഡിറ്റിംങ് കാണണമെന്ന് ആവശ്യപ്പെടുകയും കാരണമില്ലാതെ ഷൂട്ടിംങ് തടസ്സപ്പെടുത്തുകയും ചെയ്‌തെന്നും അതുമൂലം തനിക്കും കമ്ബനിക്കും ഒരുപാട് പണം നഷ്ടമായെന്നും സോഫിയ പോള്‍ അയച്ച കത്തില്‍ വ്യക്തമാക്കി.