ഒരു മതത്തിനും എതിരല്ല; സിനിമ കണ്ടാല്‍ സിനിമയെ എതിര്‍ക്കുന്നവരുടെ മനസ് മാറിയേക്കാമെന്ന് ‘കേരള സ്‌റ്റോറി’ നായിക അദാ ശര്‍മ

‘ദ കേരള സ്റ്റോറി’ ഒരു മതത്തിനും എതിരല്ലെന്ന് നായിക അദാ ശര്‍മ. സ്ത്രീകളെ ബലാത്സംഗം ചെയ്യുകയും വില്‍ക്കുകയും മയക്കുമരുന്ന് നല്‍കുകയും ബലമായി ഗര്‍ഭം ധരിപ്പിക്കുകയും ചെയ്യുന്ന ഭീകരവാദ സംഘടനകള്‍ക്കെതിരെയാണ് സിനിമ സംസാരിക്കുന്നതെന്ന് നടി വ്യക്തമാക്കി. ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തുവന്നതിന് പിന്നാലെ സമൂഹമാദ്ധ്യമങ്ങളില്‍ കോടിക്കണക്കിന് ആളുകളാണ് കണ്ടത്. ഇതിന് പിന്നാലെയാണ് പ്രതികരണവുമായി അദാ ശര്‍മ എത്തുന്നത്.

ജനങ്ങളില്‍ നിന്ന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ഇതുവരെ ഇത്രയും വലിയ പിന്തുണ ലഭിച്ചിട്ടില്ല. സന്ദേശം അയച്ച എല്ലാവര്‍ക്കും നന്ദി. റിയലിസ്റ്റിക് സിനിമയാണെന്ന് പലരും അഭിപ്രായപ്പെടുന്നതില്‍ സന്തോഷമുണ്ടെന്നും അദാ ശര്‍മ പറഞ്ഞു. എന്നാല്‍ സിനിമയ്ക്കെതിരെ ചിലര്‍ രംഗത്തെത്തിയിട്ടുണ്ട്. സിനിമ കണ്ടാല്‍ ഇവരുടെ മനസ് മാറിയേക്കാമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദാ ശര്‍മ കുറിച്ചു. പെണ്‍കുട്ടികളെ മയക്കുമരുന്ന് നല്‍കിയും മനസ് മാറ്റിയും ബലാത്സംഗം ചെയ്തും ബര്‍ഭിണിയാക്കിയും മനുഷ്യക്കടത്ത് നടത്തുകയാണ്. അവരെ ചാവേറുകളാക്കിയും മാറ്റുന്നു. ഈ ഭീകരവാദത്തിനെയാണ് സിനിമയില്‍ എതിര്‍ക്കുന്നത്.

ലൗ ജിഹാദിന്റെ കുരുക്കില്‍ പെട്ട് ഐഎസ്ഐഎസ്സിലേക്ക് റിക്രൂട്ട് ചെയ്യപ്പെട്ട പെണ്‍കുട്ടികളുടെ കുടുംബാംഗങ്ങളുടെയും നിര്‍ബന്ധിത മതപരിവര്‍ത്തനത്തിന് വിധേയമായി പിന്നീട് സ്വധര്‍മ്മത്തിലേക്ക് തിരിച്ചെത്തിയ പെണ്‍കുട്ടികളുടെയും ജീവിതാനുഭവത്തിലൂടെയാണ് കേരള സ്റ്റോറി സിനിമയാക്കുന്നത്.