കേന്ദ്ര സര്‍ക്കാര്‍ നിരോധിക്കാത്തിടത്തോളം ‘ദി കേരള സ്റ്റോറി’ എന്ന സിനിമ എല്ലാവരും കാണുമെന്നും വിവാദങ്ങള്‍ അതിന് കൂടുതല്‍ പ്രേക്ഷകരെ സൃഷ്ടിക്കുമെന്നും നടന്‍ ഹരീഷ് പേരടി.
‘കേന്ദ്ര സര്‍ക്കാര്‍ നിരോധിക്കാത്തിടത്തോളം ഈ സിനിമ നാളെ OTTയില്‍ എത്തും. എല്ലാവരും കാണും. ഈ വിവാദങ്ങള്‍ അതിന് കൂടുതല്‍ പ്രേക്ഷകരെ സൃഷ്ടിക്കും. ഈ സിനിമയോട് യോജിക്കാനും വിയോജിക്കാനും നിങ്ങള്‍ക്ക് അവകാശമുണ്ട്. സംവിധായകന്‍ ആഷിക്ക് അബുവിന്റെ വാക്കുകള്‍ ഇവിടെ പ്രസ്‌ക്തമാണ്. ‘ബോംബുകള്‍ ഉണ്ടാക്കുന്നതിനു പകരം അവര്‍ സിനിമകള്‍ ഉണ്ടാക്കട്ടെ’ ഒരു ജനാധിപത്യ രാഷ്ട്രത്തിലെ അവകാശങ്ങളെ ബഹുമാനിച്ചുകൊണ്ട്..ആവിഷക്കാര സ്വാതന്ത്ര്യം വിജയിക്കട്ടെ’- ഹരീഷ് പേരടി പറഞ്ഞു.
അതേസമയം, സിനിമക്കെതിരെ മുഖ്യമന്ത്രി പിണറായി വിജയനും രംഗത്തെത്തി. ‘സിനിമ കേരളത്തിനെതിരെ വിദ്വേഷപ്രചാരണം ലക്ഷ്യമിട്ട് നിര്‍മ്മിച്ചതാണ്. സംഘപരിവാര്‍ നുണ ഫാക്ടറിയുടെ ഉല്‍പ്പന്നമാണ് സിനിമ. വിദ്വേഷ പ്രചാരണത്തിലൂടെ കേരളത്തിലെ തെരഞ്ഞെടുപ്പാണ് സംഘപരിവാര്‍ ലക്ഷ്യമിടുന്നത്. അന്വേഷണ ഏജന്‍സികളും കോടതിയും കേന്ദ്ര ആഭ്യന്തര മന്ത്രാലയവും വരെ തള്ളിക്കളഞ്ഞ ‘ലവ് ജിഹാദ്’ ആരോപണങ്ങളെ പ്രമേയമാക്കിയത് ആസൂത്രിത നീക്കത്തിന്റെ ഭാഗമാണ്’- മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.

