Entertainment (Page 81)

നിവിന്‍ പോളി നായകനായ പടവെട്ടിന് പതിമൂന്നാമത് ദാദാ സാഹിബ് ഫാല്‍കെ ഫിലിം ഫെസ്റ്റിവലില്‍ ജൂറി പരാമര്‍ശം. സരിഗമ ഇന്ത്യ ലിമിറ്റഡിന്റെ ഫിലിം സ്റ്റുഡിയോയായ യൂഡ്ലീ ഫിലിംസ് നിര്‍മ്മിച്ച ആദ്യ മലയാള ചിത്രമാണ്. ചിത്രത്തിന്റെ സഹനിര്‍മ്മാതാവ് സണ്ണി വയ്നാണ്.

ഷൈന്‍ ടോം ചാക്കോ, അദിതി ബാലന്‍, സണ്ണിവയ്ന്‍, ഷമ്മി തിലകന്‍, ഇന്ദ്രന്‍സ്, രമ്യ സുരേഷ് എന്നിവരാണ് താരങ്ങള്‍. ഒരു അപകടത്തെത്തുടര്‍ന്ന് സ്വപ്നങ്ങള്‍ തകര്‍ന്ന കേരളത്തിലെ ഗ്രാമീണ കായിക താരത്തിന്റെ കഥ പറയുന്നതാണ് ചിത്രം. കഠിനാധ്വാനത്തിന്റെയും അര്‍പ്പണബോധത്തിന്റെയും സാക്ഷ്യമാണ് ഈ ബഹുമതിയെന്ന് ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചു.

സ്‌ക്രിപ്റ്റ് ടു സ്‌ക്രീന്‍ കാറ്റഗറിയില്‍ വെറും 16 മണിക്കൂര്‍ കൊണ്ട് പൂര്‍ത്തീകരിച്ച ‘ എന്ന് സാക്ഷാല്‍ ദൈവം’ എന്ന സിനിമക്ക് ലോകറെക്കോര്‍ഡ്. പ്രീപ്രൊഡക്ഷന്‍, പ്രൊഡക്ഷന്‍, പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികള്‍ പൂര്‍ത്തിയാക്കി ഒടിടി പ്‌ളാറ്റ്‌ഫോമുകളില്‍ റിലീസ് ചെയ്തതിലൂടെയാണ് സിനിമ ശ്രദ്ധ നേടിയത്.

യു ആര്‍ എഫ് (യൂണിവേഴ്‌സല്‍ റെക്കോര്‍ഡ്സ് ഫോറം) വേള്‍ഡ് റെക്കോര്‍ഡ്, ഇന്റര്‍നാഷണല്‍ ബുക്ക് ഓഫ് റെക്കോര്‍ഡ്‌സ് ബഹുമതികളാണ് ചിത്രം കരസ്ഥമാക്കിയത്. ഡബ്ല്യു എഫ് സി എന്‍ (WFCN), സി ഓ ഡി ( COD), മൂവിവുഡ് എന്നീ ഒടിടി പ്‌ളാറ്റ്‌ഫോമുകളിലാണ് ചിത്രം റിലീസ് ചെയ്തത്. സ്ത്രീധനപീഡനം കാരണം ആത്മഹത്യ ചെയ്ത പെണ്‍കുട്ടിയുടെ മരണത്തിനു പിന്നിലെ ദുരൂഹത തേടി മരണവീട്ടില്‍ എത്തുന്ന യുട്യൂബ് വ്‌ളോഗറും തുടര്‍ന്നുണ്ടാകുന്ന സംഭവവികാസങ്ങളുമാണ് ചിത്രത്തിന്റെ പ്രമേയം.

എസ് എസ് ജിഷ്ണുദേവന്റെ സംവിധാനത്തില്‍ അനസ് ജെ റഹിം, മാനസപ്രഭു, കെ പി എ സി സുജിത്ത്, സുദര്‍ശനന്‍ റസല്‍പുരം, ശരന്‍ ഇന്‍ഡോകേര, അഭിഷേക് ശ്രീകുമാര്‍, ജലതാ ഭാസ്‌കര്‍, റ്റി സുനില്‍ പുന്നക്കാട്, സജിലാല്‍, അഭിജിത്, സുരേഷ്‌കുമാര്‍, ജയചന്ദ്രന്‍ തലയല്‍, വിപിന്‍ ഹരി എന്നിവര്‍ അഭിനയിക്കുന്നു.

‘ദി കേരളാ സ്റ്റോറി’ക്കെതിരെ നിരവധി പേരാണ് രംഗത്തെത്തിയിരിക്കുന്നത്. ഇപ്പോഴിതാ കേരളത്തില്‍ നടന്ന ഒരു വിവാഹ വീഡിയോ പങ്കുവച്ച് പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് സംഗീത സംവിധായകന്‍ എ ആര്‍ റഹ്മാന്‍.

ആലപ്പുഴ ജില്ലയിലെ കായംകുളം ചേരാവള്ളി മുസ്ലീം ജമാഅത്ത് പള്ളിക്കമ്മിറ്റി 2020 ജനുവരി19ന് നടത്തിയ വിവാഹത്തിന്റെ ദൃശ്യങ്ങളാണ് റഹ്മാന്‍ ട്വിറ്ററില്‍ പങ്കുവച്ചത്. ‘ഇതാ മറ്റൊരു കേരളാ സ്റ്റോറി’ എന്ന തലക്കെട്ടില്‍ പങ്കുവച്ച വീഡിയോ അദ്ദേഹം റീപോസ്റ്റ് ചെയ്യുകയായിരുന്നു. ‘മനുഷ്യത്വത്തോടുള്ള സ്‌നേഹം നിരുപാധികവും ശാന്തിയുള്ളതുമായിരിക്കണം’ എന്നാണ് റഹ്മാന്‍ വീഡിയോക്ക് തലക്കെട്ടായി നല്‍കിയത്.

മുസ്ലീം പള്ളിയില്‍ മണ്ഡപമൊരുക്കി ഹൈന്ദവ വിവാഹം നടത്തുകയായിരുന്നു. പിതാവ് മരിച്ചതോടെ ഹിന്ദുമതത്തില്‍പെട്ട വധുവിന്റെ കുടുംബം വിവാഹത്തിന് ജമാഅത്ത് കമ്മിറ്റിയുടെ സഹായം തേടുകയായിരുന്നു. പള്ളിക്കല്‍ സ്വദേശി നസീറാണ് വിവാഹ ചടങ്ങിനുള്ള ചിലവ് വഹിച്ചത്. പ്രാര്‍ത്ഥനയോടെയും പൂജാ കര്‍മങ്ങളോടുമാണ് പള്ളിയില്‍ വിവാഹം നടന്നത്. ജമാഅത്ത് കമ്മിറ്റി വിഭവസമൃദ്ധമായ സദ്യമായും ഒരുക്കിയിരുന്നു. 2020ലായിരുന്നു സംഭവം.

മണിരത്‌നം സംവിധാനം ചെയ്ത ബ്രഹ്മാണ്ഡ ചിത്രം പൊന്നിയിന്‍ സെല്‍വന്‍-2 എന്ന ചിത്രത്തിലെ ഗാനത്തിനെതിരെ കോപ്പിയടി ആരോപണം. ‘വീര രാജ വീര’ എന്ന ഗാനത്തിന് എതിരെയാണ് ആരോപണം. ധ്രുപദ് ഗായകന്‍ ഉസ്താദ് വാസിഫുദ്ദീന്‍ ദാഗറാണ് ആരോപണവുമായി രംഗത്തെത്തിയത്.

വാസിഫുദ്ദീനിന്റെ അച്ഛനും അമ്മാവനും (ദാഗര്‍ ബ്രദേഴ്സ്) ചേര്‍ന്ന് പാടിയ ശിവസ്തുതി അതേ താണ്ഡവ ശൈലിയില്‍ ഉപയോഗിച്ചാണ് ചിത്രത്തിലെ ഗാനം ഒരുക്കിയിരിക്കുന്നതെന്നാണ് ആരോപണം. ഓരോ ഭാഗത്തിന്റെയും ക്രമീകരണത്തില്‍ മാത്രമാണ് വ്യത്യാസമുള്ളതെന്നും അദ്ദേഹം പറഞ്ഞു. അഠാണ രാഗത്തിലുള്ള കോംമ്‌ബോസിഷന്‍ ചെയ്തത് തന്റെ അമ്മാവനായ ഉസ്താദ് സഹീറുദ്ദീന്‍ ദാഗറാണെന്നും ഇത് തന്റെ പിതാവായ ഫയാസുദ്ദീന്‍ ദാഗറുമൊത്ത് വര്‍ഷങ്ങളോളം പാടിയതാണെന്നും വാസിഫുദ്ദീന്‍ പറഞ്ഞു.

ഇതിനെക്കുറിച്ച് പറഞ്ഞുകൊണ്ട് പി എസ് ടുവിന്റെ നിര്‍മ്മാണ കമ്ബനികളിലൊന്നായ മദ്രാസ് ടാക്കീസിന് വാസിഫുദ്ദീന്‍ വക്കീല്‍ നോട്ടീസ് അയച്ചിരുന്നു. അതേസമയം, വാസിഫുദ്ദീന്റെ ആരോപണം മദ്രാസ് ടാക്കീസ് നിഷേധിച്ചു. ആരോപണം തെറ്റാണെന്നും പബ്ലിസിറ്റിയ്ക്ക് വേണ്ടിയാണ് ഇത്തരം ആരോപണങ്ങള്‍ ഉന്നയിക്കുന്നതെന്നും അവര്‍ പറഞ്ഞു. 13ാം നൂറ്റാണ്ടില്‍ നാരായണ പണ്ഡിതാചാര്യന്‍ ചെയ്ത കോംമ്‌ബോസിഷനാണ് ഇതൊന്നും അവര്‍ വ്യക്തമാക്കി. ആലാപന ശൈലിയില്‍ ആര്‍ക്കും കുത്തക അവകാശപ്പെടാന്‍ സാധിക്കില്ലെന്നും മദ്രാസ് ടാക്കീസ് പറഞ്ഞു.

കൊച്ചി: ‘ദി കേരളാ സ്റ്റോറി’യുടെ റിലീസിന് മുന്നോടിയായി ക്ഷണിക്കപ്പെട്ട അതിഥികള്‍ക്കുള്ള ആദ്യപ്രദര്‍ശനം എറണാകുളം ഷേണായിസ് തിയേറ്ററില്‍ നടന്നു.

ബി.ജെ.പി സംസ്ഥാന വൈസ് പ്രസിഡന്റ് ഡോ. കെ.എസ്. രാധാകൃഷ്ണന്‍, ജില്ലാ നേതാക്കള്‍, ഹിന്ദു ഐക്യവേദി – ആര്‍.എസ്.എസ് ജില്ലാ ഭാരവാഹികള്‍, സംവിധായകന്‍ മേജര്‍ രവി തുടങ്ങിയ അമ്ബതോളം പേര്‍ സിനിമ കണ്ടു. എന്നാല്‍, ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ ആരും എത്തിയില്ല.

റിലീസ് ദിനമായ നാളെ എറണാകുളത്ത് രണ്ട് തിയേറ്ററുകളില്‍ ദി കേരളാ സ്റ്റോറി പ്രദര്‍ശനത്തിനെത്തും. ഷേണായീസ് തീയേറ്റര്‍, സെന്‍ട്രല്‍ മാളിലെ സിനിപോളിസ് എന്നിവിടങ്ങളിലാണ് റിലീസ്. ദിവസം രണ്ടു പ്രദര്‍ശനം വീതമുണ്ടാകും.

മെയ് മാസം 11 മലയാള ചിത്രങ്ങളാണ് റിലീസിനൊരുങ്ങുന്നത്. കേരളം നേരിട്ട മഹാപ്രളയത്തിന്റെ പശ്ചാത്തലത്തില്‍ ജൂഡ് ആന്റണി ജോസഫ് സംവിധാനം ചെയ്യുന്ന 2018 മേയ് 5ന് തിയേറ്ററില്‍ എത്തും. ടൊവിനോ തോമസ്, കുഞ്ചാക്കോ ബോബന്‍, ആസിഫ് അലി, വിനീത് ശ്രീനിവാസന്‍, ഇന്ദ്രന്‍സ്, ലാല്‍, നരേന്‍, അപര്‍ണ ബാലമുരളി, തന്‍വി റാം, സുധീഷ്, സിദ്ദിഖ്, രഞ്ജി പണിക്കര്‍, ജാഫര്‍ ഇടുക്കി എന്നിവരാണ് താരങ്ങള്‍.

ഗൗതം മേനോന്‍, ജോണി ആന്റണി, ക്വീനിലൂടെ എത്തിയ അശ്വിന്‍ ജോസ്, ഗൗരി ജി. കിഷന്‍,ഷീല, ദേവയാനി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഷഹദ് സംവിധാനം ചെയ്യുന്ന അനുരാഗം മേയ് 5ന് റിലീസ് ചെയ്യും. മൂസി, ദുര്‍ഗ കൃഷ്ണ, സുധീഷ് , മണികണ്ഠന്‍ പട്ടാമ്ബി തുടങ്ങിയവരാണ് മറ്റു താരങ്ങള്‍. 12ന് അഞ്ചു ചിത്രങ്ങള്‍ റിലീസ് ചെയ്യും. മംമ്ത മോഹന്‍ദാസ്, സൗബിന്‍ ഷാഹിര്‍, ഷൈന്‍ ടോം ചാക്കോ, പ്രിയ വാര്യര്‍ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി വി.കെ.പ്രകാശ് സംവിധാനം ചെയ്യുന്ന ലൈവ്, സൈജു കുറുപ്പ്, നവ്യ നായര്‍ എന്നിവര്‍ പ്രധാനവേഷങ്ങളിലെത്തുന്ന അനീഷ് ഉപാസന രചനയും സംവിധാനവും നിര്‍വഹിക്കുന്ന ജാനകീ ജാനേ,നവാഗതനായ സുധി മാഡിസന്‍ സംവിധാനം ചെയ്യുന്ന മാത്യു തോമസ്, നസ്ലന്‍ എന്നിവരുടെ ആദ്യ പാന്‍ ഇന്ത്യ ചിത്രം നെയ്മര്‍, ഇന്ദ്രന്‍സിനെ നായകനാക്കി വിജേഷ് പി. വിജയന്‍ സംവിധാനം ചെയ്യുന്ന വിത്തിന്‍ സെക്കന്റ്‌സ് , ശരത് ചന്ദ്രന്‍ വയനാട് സംവിധാനം ചെയ്യുന്ന അഖില്‍ പ്രഭാകര്‍, ജാഫര്‍ ഇടുക്കി, അബു സലിം എന്നിവര്‍ പ്രധാന വേഷത്തില്‍ എത്തുന്ന ചതി എന്നിവയാണ് ചിത്രങ്ങള്‍. മുകുന്ദന്‍, കൃഷ്ണപ്രഭ, കോഴിക്കോട് ജയരാജ്, അഷിത എന്നിവരാണ് ലൈവിലെ മറ്റ് താരങ്ങള്‍. ജോണി ആന്റണി, ഷറഫുദ്ദീന്‍, കോട്ടയം നസീര്‍, പ്രമോദ് വെളിയനാട്, സ്മിനു സിജോ വിഷ്ണു പ്രസാദ്, ജോര്‍ഡി പൂഞ്ഞാര്‍, ജയിംസ് ഏല്യ, അഞ്ജലി സത്യനാഥ് തുടങ്ങിയവരാണ് ജാനകീ ജാനേയിലെ മറ്റ് താരങ്ങള്‍.

19നും അഞ്ച് ചിത്രങ്ങള്‍ റിലീസ് ചെയ്യും. രണ്ട് ചിത്രങ്ങളില്‍ ലുക്മാന്‍ ആണ് നായകന്‍. ഉര്‍വശി, ബാലു വര്‍ഗീസ്, ഗുരു സോമസുന്ദരം എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ സുഭാഷ് ലളിത സുബ്രഹ്മണ്യന്‍ രചനയും സംവിധാനവും നിര്‍വഹിക്കുന്ന ചാള്‍സ് എന്റര്‍പ്രൈസസ്, ലുക് മാന്‍, ജാഫര്‍ ഇടുക്കി, ഇന്ദ്രന്‍സ്, ചിന്നു ചാന്ദിനി, , അഭിറാം രാധാകൃഷ്ണന്‍, ഫറിം സഫര്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഷമല്‍ സുലൈമാന്‍ സംവിധാനം ചെയ്യുന്ന ജാക്‌സണ്‍ ബസാര്‍ യൂത്ത്, ഗുരു സോമസുന്ദരം, ജിനു ജോസഫ്, ഗോവിന്ദ് പദ്മസൂര്യ, ശ്രുതി രാമചന്ദ്രന്‍,സ്രിന്ധ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി രാജേഷ് കെ. രാമന്‍ സംവിധാനം ചെയ്യുന്ന നീരജ, ലുക്മാന്‍, ശ്രീനാഥ് ഭാസി എന്നിവര്‍ മുഖ്യവേഷത്തില്‍ എത്തുന്ന നവാഗതനായ സി.സി സംവിധാനം ചെയ്യുന്ന കൊറോണ ജവാന്‍ , സിദ്ധര്‍ത്ഥ് രാജന്‍, അമൃത സാജു എന്നിവര്‍ പ്രധാന വേഷത്തില്‍ എത്തുന്ന സുനില്‍ കാര്യാട്ടുകര സംവിധാനം ചെയ്യുന്ന പിക്കാസോ എന്നിവയാണ് ചിത്രങ്ങള്‍.

എച്ച്ബിഒ മാക്‌സ് ഒറിജിനല്‍, വാര്‍ണര്‍ ബ്രോസ് ഉള്ളടക്കം മെയ് മുതല്‍ റിലയന്‍സിന്റെ ജിയോസിനിമ വഴി ഇന്ത്യയില്‍ ലഭ്യമാകുമെന്ന് റിപ്പോര്‍ട്ട്.

വാര്‍ണര്‍ ബ്രദേഴ്സ് ഡിസ്‌കവറിയും റിലയന്‍സിന്റെ വൈക്കോം 18-ഉം ഒന്നിലധികം വര്‍ഷത്തെ കരാര്‍ വെളിപ്പെടുത്തി, വയാകോം 18-ന് കീഴിലുള്ള സ്ട്രീമറിനെ ഇന്ത്യയിലെ വാര്‍ണര്‍ ബ്രോസ് ഉള്ളടക്കത്തിനുള്ള പുതിയ പ്ലാറ്റ്ഫോമാക്കി മാറ്റുന്നു. പുതിയ ഇടപാടിന് മുമ്ബ്, ഡബ്‌ള്യുബിഡി യുടെ ഉള്ളടക്കം ഡിസ്‌നി ഹോട്ട്സ്റ്റാറില്‍ സ്ട്രീം ചെയ്തു. എന്നാല്‍, കരാര്‍ കാലഹരണപ്പെട്ടതിനാല്‍ മാര്‍ച്ച് അവസാനത്തോടെ, മൂന്നാം കക്ഷികള്‍ക്ക് ലൈസന്‍സുള്ള ഷോകള്‍ ഒഴികെ, ഡബ്‌ള്യുബി അവരുടെ ഉള്ളടക്കം ഡിസ്‌നി ഹോട്ട്സ്റ്റാറില്‍ നിന്ന് നീക്കം ചെയ്തു.

ഹൗസ് ഓഫ് ദി ഡ്രാഗണ്‍, ദി ലാസ്റ്റ് ഓഫ് അസ്, സക്സെഷന്‍, ദി വൈറ്റ് ലോട്ടസ്, ട്രൂ ഡിറ്റക്റ്റീവ്: നൈറ്റ് കണ്‍ട്രി, യൂഫോറിയ, വിന്നിംഗ് ടൈം: ദി റൈസ് ഓഫ് ദ ലേക്കേഴ്സ് ഡൈനാസ്റ്റി, പെറി മേസണ്‍ തുടങ്ങിയ ജനപ്രിയ എച്ച്ബിഒ ടൈറ്റിലുകള്‍ ഈ ഡീലില്‍ ഉള്‍പ്പെടുന്നു.

ഓസ്‌കാര്‍ ജേതാവായ സംഗീത സംവിധായകന്‍ എആര്‍ റഹ്മാന്റെ മെഗാ ഷോ കര്‍ക്കശമായ സമീപനം സ്വീകരിച്ച് പൂനെ പോലീസ് പാതിവഴിയില്‍ നിര്‍ത്തി. ഇതോടെ അദ്ദേഹത്തിന്റെ ആയിരക്കണക്കിന് പ്രേക്ഷകരെയും ആരാധകരെയും നിരാശരാക്കി.

ഞായറാഴ്ച രാത്രി വൈകിയാണ് സംഭവം. രാജ്ബഹാദൂര്‍ മില്ലിന് സമീപമുള്ള വിശാലമായ ഓപ്പണ്‍ എയര്‍ വേദിയില്‍ ആയിരക്കണക്കിന് ആരാധകരുമായി 30 വര്‍ഷത്തിലേറെ നീണ്ട സംഗീത യാത്രയില്‍ റഹ്മാന്റെ ചില മുന്‍നിര രാഗങ്ങള്‍ക്കൊപ്പം പാടുകയും ആടിക്കൊണ്ടും നൃത്തം ചെയ്യുകയും ചെയ്തു.

എന്നാല്‍, രാത്രി 10 മണിയോടെ, ഒരു മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥന്‍, ഇരുണ്ട സ്റ്റേജില്‍ ടോര്‍ച്ച് വീശുകയും സിഗ്‌നല്‍ നല്‍കുകയും ചെയ്തു. അനുവദനീയമായ സമയപരിധി കവിഞ്ഞതിനാല്‍ ഷോ ഉടന്‍ നിര്‍ത്തിവയ്ക്കാന്‍ സംഘാടകരോട് ആവശ്യപ്പെട്ടു.

ഡല്‍ഹി: ‘ദ കേരള സ്റ്റോറി’ക്ക് പ്രദര്‍ശനാനുമതി. ‘എ’ സര്‍ട്ടിഫിക്കറ്റോടെയാണ് സിനിമക്ക് കേന്ദ്ര സെന്‍സര്‍ ബോര്‍ഡ് അനുമതി നല്‍കിയത്. സിനിമയില്‍ 10 മാറ്റങ്ങള്‍ വരുത്തണമെന്ന് സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഫിലിം സര്‍ട്ടിഫിക്കേഷന്‍ (സി.ബി.എഫ്.സി) നിര്‍ദേശിച്ചു.

അതേസമയം, സിനിമയില്‍ പരാമര്‍ശിക്കുന്ന കണക്കുകളെ സംബന്ധിച്ച രേഖാമൂലമുള്ള തെളിവ് സമര്‍പ്പിക്കാന്‍ എക്‌സാമിനിങ് കമ്മിറ്റി (ഇ.സി) നിര്‍മാതാക്കളോട് ആവശ്യപ്പെട്ടു. ചില സംഭാഷണങ്ങള്‍ ഒഴിവാക്കണമെന്നും എക്‌സാമിനിങ് കമ്മിറ്റി നിര്‍ദേശിച്ചിട്ടുണ്ട്. ‘പാകിസ്ഥാന്‍ വഴി’, ‘അങ്കോ പൈസണ്‍ കി മദാത് അമേരിക്ക ഭി കര്‍ത്താ ഹേ’, ‘കമ്യൂണിസ്റ്റ് പാര്‍ട്ടി ഹൈന്ദവ ആചാരങ്ങള്‍ അനുവദിക്കുന്നില്ല’ എന്നിവയാണ് നീക്കം ചെയ്യേണ്ട സംഭാഷണങ്ങള്‍. ‘ഇന്ത്യന്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി’ എന്നതില്‍ നിന്ന് ‘ഇന്ത്യന്‍’ എന്ന വാക്ക് ഒഴിവാക്കാനും സെന്‍സര്‍ കമ്മിറ്റി നിര്‍ദേശിച്ചിട്ടുണ്ട്. കേരള മുന്‍ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്റെ അഭിമുഖ ഭാഗം ഒഴിവാക്കാനും നിര്‍ദേശമുണ്ട്. ഈ അഭിമുഖ ഭാഗമാണ് സിനിമയില്‍ നിന്ന് ഒഴിവാക്കുന്ന ഏറ്റവും ധൈര്‍ഘ്യമുള്ള ഭാഗം.

കേരളത്തിനെതിരെ വ്യാജ ആരോപണങ്ങള്‍ ഉന്നയിച്ചത് വഴി വിവാദത്തിലായ സുദീപ്തോ സെന്‍ സംവിധാനം ചെയ്ത ‘ദ കേരള സ്റ്റോറി’ സിനിമ വിപുല്‍ അമൃത് ലാല്‍ ഷായാണ് നിര്‍മിക്കുന്നത്.

ഡല്‍ഹി: ‘ദി കേരള സ്റ്റോറി’യെ വിമര്‍ശിച്ച് കോണ്‍ഗ്രസ് എം.പി ശശി തരൂര്‍. ‘അത് നിങ്ങളുടെ കേരളത്തിന്റെ കഥയായിരിക്കാം, ഞങ്ങളുടെ കേരളത്തിന്റെ കഥയല്ല’, അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു.

ചിത്രത്തിനെതിരെ വ്യാപക പ്രതിഷേധമാണുയരുന്നത്. സിനിമ ബഹിഷ്‌കരിക്കണമെന്നും പ്രദര്‍ശനാനുമതി നല്‍കരുതെന്നും ആവശ്യപ്പെട്ട് നിരവധി സംഘടനകള്‍ രംഗത്തെത്തി.

സംസ്ഥാനത്ത് നിന്ന് 32,000 പെണ്‍കുട്ടികള്‍ കാണാതാകുകയും പിന്നീട് ഭീകര സംഘടനയായ ഐ.എസില്‍ ചേരുകയും ചെയ്തുവെന്നാണ് ചിത്രം പറയുന്നത്. സുദീപ്തോ സെന്‍ സംവിധാനം ചെയ്ത ചിത്രം 2023 മെയ് 5 ന് തിയേറ്ററുകളില്‍ എത്തും.