ചെന്നൈ: മണിരത്‌നം ചിത്രം പൊന്നിയിന്‍ സെല്‍വന്‍ 2 ഒറ്റ ദിവസം കൊണ്ടു 38 കോടി രൂപയാണ് വാരിക്കൂട്ടിയത്. തമിഴ്‌നാട്ടില്‍ നിന്നും 25 കോടിയാണ് ചിത്രം നേടിയത്. ചിത്രത്തിന്റെ ആദ്യഭാഗം പുറത്തിറങ്ങിയപ്പോള്‍ ആദ്യത്തെ ദിവസം 40 കോടിയായിരുന്നു കലക്ഷന്‍.
ആന്ധ്രാപ്രദേശിലും തെലങ്കാനയിലും ചിത്രം 3-4 കോടി രൂപ കലക്ഷന്‍ നേടി. കര്‍ണാടകയിലെ കലക്ഷന്‍ 4-5 കോടിയാണ്. പിഎസ്-1 ഇന്ത്യയില്‍ ആകെ 327 കോടി രൂപ നേടിയിരുന്നു. വിദേശത്ത് 169 കോടിയും. ആദ്യഭാഗത്തെക്കാള്‍ മികച്ചുനില്‍ക്കുന്നു രണ്ടാംഭാഗമെന്നാണ് പ്രേക്ഷകരുടെ അഭിപ്രായം. പിഎസ്-1ല്‍ തൃഷയും കാര്‍ത്തിയുമാണ് സ്‌കോര്‍ ചെയ്തതെങ്കില്‍ രണ്ടാം ഭാഗത്ത് ഐശ്വര്യ റായിയും ജയറാമുമാണ് ഞെട്ടിച്ചതെന്നും പറയുന്നു. കൂടുതല്‍ ഇമോഷണല്‍ രീതിയിലാണ് രണ്ടാം ഭാഗമൊരുക്കിയിരിക്കുന്നത്.
കല്‍ക്കി കൃഷ്ണമൂര്‍ത്തിയുടെ ചരിത്രപ്രസിദ്ധ നോവലായ പൊന്നിയിന്‍ സെല്‍വന്‍ എന്ന കൃതിയെ ആധാരമാക്കിയാണ് മണിരത്‌നം ചിത്രം ഒരുക്കിയിരിക്കുന്നത്. 1000 വര്‍ഷങ്ങള്‍ക്ക് മുന്‍പ് തമിഴ്നാടിന് വേണ്ടി ചോളന്മാര്‍ നല്‍കിയ സംഭാവനകളും മണ്ണിന് വേണ്ടി അവര്‍ നടത്തിയ പോരാട്ടങ്ങളുമാണ് പ്രമേയം. ചോള സാമ്രാജ്യത്തിന്റെ ചരിത്രത്തിലൂടെ സഞ്ചരിക്കുന്ന ഈ ചിത്രം ഓരോ സിനിമാ പ്രേമികളേയും ത്രസിപ്പിക്കുന്ന ഒരു ബ്രഹ്മാണ്ഡ ചരിത സിനിമയായാണ് മണിരത്നം ഒരുക്കിയിരിക്കുന്നത്

