വരുന്നത് മാറ്റങ്ങളുമായി; വി.എസിന്റെ അഭിമുഖമടക്കമുള്ള ഭാഗങ്ങള്‍ കേരള സ്റ്റോറിയില്‍ നിന്ന് ഒഴിവാക്കി

വിവദങ്ങള്‍ സൃഷ്ടിച്ച ‘ദി കേരള സ്റ്റോറി’യില്‍ പത്ത് മാറ്റങ്ങള്‍ നിര്‍ദ്ദേശിച്ച് സെന്‍സര്‍ ബോര്‍ഡ്. സിനിമയുടെ അവസാനത്തിലെ വി.എസിന്റെ അഭിമുഖമടക്കമുള്ള ഭാഗങ്ങളാണ് ഒഴിവാക്കിയത്. ‘ഏറ്റവും വലിയ കാപട്യക്കാരാണ് ഇന്ത്യന്‍ കമ്മ്യൂണിസ്റ്റുകള്‍’ എന്ന സംഭാഷണത്തില്‍ നിന്നും ‘ഇന്ത്യന്‍’ എന്ന വാക്ക് നീക്കി. ഹിന്ദു ദൈവങ്ങളെ മോശക്കാരാക്കി ഉപയോഗിക്കുന്ന സംഭാഷണങ്ങള്‍ സഭ്യമായ രീതിയില്‍ പുനക്രമീകരിക്കാനും സെന്‍സര്‍ ബോര്‍ഡ് ആവശ്യപ്പെട്ടു. കമ്മ്യൂണിസ്റ്റ് പാര്‍ട്ടി നേതാക്കള്‍ പൂജ ചടങ്ങുകളില്‍ ഭാഗമാകില്ലെന്ന ഡയലോഗും ചിത്രത്തില്‍ നിന്നും നീക്കം ചെയ്തു.

ചിത്രത്തിനെതിരെ സംസ്ഥാനത്ത് കനത്ത വിമര്‍ശനം ഉയരുന്നതിനിടെയാണ് സെന്‍സര്‍ ബോര്‍ഡ് മാറ്റങ്ങള്‍ നിര്‍ദേശിച്ചത്. ന്യൂനപക്ഷങ്ങളെ സംശയ നിഴലിലാക്കി സമൂഹത്തില്‍ വിഭാഗീയതയും ഭിന്നിപ്പും സൃഷ്ടിക്കാനുള്ള സംഘപരിവാര്‍ അജണ്ടയാണ് സിനിമയെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍ ആരോപിച്ചു. മുസ്ലിം യൂത്ത് ലീഗും യൂത്ത് കോണ്‍ഗ്രസും ഡിവൈഎഫ്ഐയും അടക്കം സിനിമയ്‌ക്കെതിരെ പ്രതിഷേധം ഉയര്‍ത്തിയിട്ടുണ്ട്.

സുദിപ്‌തോ സെന്‍ രചനയും സംവിധാനവും നിര്‍വ്വഹിച്ച സിനിമ കേരളത്തില്‍നിന്നും കാണാതായ 32,000 സ്ത്രീകളുടെ തിരോധാനവുമായി ബന്ധപ്പെട്ട സംഭവങ്ങളെ ചുറ്റിപ്പറ്റിയാണെന്നാണ് അണിയറക്കാര്‍ പറയുന്നത്. കേരളമെന്ന കൊച്ചു സംസ്ഥാനത്തെ പിടിച്ചുകുലുക്കിയ ഒരുപറ്റം സംഭവങ്ങളുടെ വസ്തുനിഷ്ഠവും യഥാര്‍ത്ഥവുമായ ആഖ്യാനം ആണ് തങ്ങള്‍ ലക്ഷ്യമിടുന്നതെന്നും ഇവര്‍ അവകാശപ്പെടുന്നു. മെയ് അഞ്ചിന് കേരളത്തില്‍ റിലീസ് ചെയ്യുന്ന ചിത്രം ഇ ഫോര്‍ എന്റര്‍ടെയിന്‍മെന്റ്‌സ് ആണ് തിയേറ്ററുകളിലെത്തിക്കുന്നത്.