Entertainment (Page 70)

ആസിഫ് അലിയും അപര്‍ണാ ബാലമുരളിയും പ്രധാനവേഷങ്ങളില്‍ എത്തുന്ന ‘കിഷ്കിന്ധാകാണ്ഡ’ത്തിന്റെ പൂജ ഒറ്റപ്പാലത്തെ ഒളപ്പമണ്ണ മനയില്‍വെച്ച് നടന്നു. ‘കക്ഷി അമ്മിണിപ്പിള്ള’ എന്ന ചിത്രത്തിനുശേഷം ദിന്‍ജിത്ത് അയ്യത്താന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് കിഷ്കിന്ധാകാണ്ഡം.

അതിശയനിലൂടെയും ആനന്ദഭൈരവിയിലൂടെയും മലയാളികള്‍ക്ക് പ്രിയങ്കരനായ ദേവ് രാമുവാണ് ആദ്യ ക്ലാപ്പ് അടിച്ചത്. ചിത്രം നിര്‍മ്മിക്കുന്നത് ഗുഡ് വില്‍ എന്റര്‍ടെയ്ന്‍മെന്റ്സിന്റെയും കാക്ക സ്റ്റോറീസിന്റെയും ബാനറില്‍ ജോബി ജോര്‍ജ്ജ് തടത്തില്‍ ആണ്.

ബാഹുല്‍ രമേശാണ് ചിത്രത്തിന്റെ കഥ, തിരക്കഥ, സംഭാഷണം, ഛായാഗ്രഹണം എന്നിവ നിര്‍വഹിക്കുന്നത്. വിജയരാഘവന്‍, ജഗദീഷ്, അശോകന്‍, നിഴല്‍കള്‍ രവി, മേജര്‍ രവി, നിഷാന്‍, വൈഷ്ണവി രാജ്, മാസ്റ്റര്‍ ആരവ്, കോട്ടയം രമേശ്‌, അമല്‍ രാജ്, ജിബിന്‍ ഗോപാല്‍ തുടങ്ങിയവര്‍ ചിത്രത്തില്‍ മറ്റു പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.

ബിഗ്ബോസ് മലയാളം സീസണ്‍ 5 ല്‍ വിജയിയായ അഖില്‍ മാരാരെ അഭിനന്ദിച്ച് കോണ്‍ഗ്രസ് നേതാവും മുന്‍ പ്രതിപക്ഷ നേതാവുമായ രമേശ് ചെന്നിത്തല രംഗത്ത്. ‘ദേശീയ കാഴ്ചപ്പാടുള്ള ചിന്തകളും സംഭാഷണങ്ങളും വേണ്ടുവോളം നിറഞ്ഞ വ്യക്തിത്വം, കലാ സാംസ്കാരിക മേഖലയിലും തന്‍റെതാ വ്യക്തിമുദ്രയോടെ സിനിമാ സംവിധാന രംഗത്തും ശോഭിച്ച പ്രതിഭ.

ഏഷ്യാനെറ്റ് ബിഗ് ബോസ് ജേതാവ് അഖിൽ മാരാർക്ക് അഭിനന്ദനങ്ങൾ.’ എന്നാണ് അഖിലിനെ കുറിച്ച് രമേശ് ചെന്നിത്തല പറഞ്ഞത്. ഫേസ്ബുക്കിലൂടെയാണ് അഖിലിന് അഭിനന്ദനവുമായി ചെന്നിത്തല എത്തിയത്. അഖിലിനൊപ്പമുള്ള ഒരു ചിത്രവും രമേശ് ചെന്നിത്തല പോസ്റ്റ് ചെയ്തിട്ടുണ്ട്.

നടി ഹന്‍സികയെ അപമാനിക്കുന്ന തരത്തില്‍ വേദിയിലെത്തി റോബോ ശങ്കർ നടത്തിയ പരാമർശം വിവാദമാകുന്നു. ആദി പിനിഷെട്ടിയും ഹന്‍സികയും കേന്ദ്രകഥാപാത്രങ്ങളാകുന്ന പാര്‍ട്ണര്‍ സിനിമയുടെ ട്രെയിലർ ലോഞ്ചിനിടെയാണ് സംഭവം.

‘‘സിനിമയില്‍ ഒരു രംഗമുണ്ട്. ഹന്‍സികയുടെ കാല്‍ ഞാന്‍ തടവണം. ആ സീന്‍ ചെയ്യാന്‍ ഹന്‍സിക അനുവദിച്ചില്ല. ഞാനും ഡയറക്ടറും കെഞ്ചി ചോദിച്ചു. കാല്‍വിരല്‍ മാത്രമേ തടവൂ എന്ന് പറഞ്ഞു. പക്ഷേ പറ്റില്ലെന്ന് ഹന്‍സിക തീര്‍ത്ത് പറഞ്ഞു. ഹീറോ ആദി മാത്രമേ എന്നെ തൊടാവൂ. മറ്റാര്‍ക്കും പറ്റില്ലെന്ന് പറഞ്ഞു. ഹീറോ ഹീറോയാണെന്ന് അപ്പോഴാണ് മനസ്സിലായത്.’’– റോബോ ശങ്കറിന്റെ ഈ പരാമര്‍ശമാണ് ഇപ്പോള്‍ വിവാദമായിരിക്കുന്നത്.

റോബോ ശങ്കറിന്റെ വാക്കുകള്‍ കേട്ട് വേദിയിലിരുന്ന ഹന്‍സിക അസ്വസ്ഥയായി. ചിരിക്കാൻ ശ്രമിക്കുന്ന നടി ഇടയ്ക്ക് ഒപ്പമിരിക്കുന്ന നടൻ ആദി പിനിഷെട്ടിയോട് കാര്യമായി സംസാരിക്കുന്നതും വിഡിയോയിൽ കാണാൻ സാധിക്കുന്നുണ്ട്.

തമിഴ് സൂപ്പർതാരം ദളപതി വിജയ് സിനിമയിൽ നിന്നും ഇടവേള എടുക്കുന്നു. വെങ്കട്ട് പ്രഭു ചിത്രത്തിന് ശേഷം സിനിമയിൽ നിന്നും ഇടവേള എടുത്തേക്കുമെന്നാണ് റിപ്പോർട്ട്. 2026 ലെ നിയമസഭ തെര‍ഞ്ഞെടുപ്പ് ലക്ഷ്യമിട്ടാണ് വിജയ് സിനിമയിൽ നിന്നും ഇടവേളയെടുക്കുന്നതെന്ന് തമിഴ് മാധ്യമങ്ങളുടെ റിപ്പോർട്ടിൽ പറയുന്നു.

2026ലെ നിയമസഭ തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് വിജയ് രാഷ്ട്രീയ പാർട്ടി രൂപീകരിക്കുമെന്ന അഭ്യൂഹം ശക്തമാണ്. വിജയുടെ ആരാധകകൂട്ടായ്മ ഇപ്പോൾ ജീവകാരുണ്യ പ്രവർത്തനങ്ങളിൽ സജീവമാണ്. പ്രമുഖ രാഷ്ട്രീയ പാര്‍ട്ടി നേതാക്കള്‍ അടക്കം വിജയിയുടെ രാഷ്ട്രീയ പ്രവേശനം സംബന്ധിച്ച് അഭിപ്രായ പ്രകടനങ്ങള്‍ നടത്തിയിട്ടുണ്ട്.

വിസികെ നേതാവ് തിരുമാവളവൻ പരസ്യമായി വിജയിയുടെ രാഷ്ട്രീയ പ്രവേശനത്തെ എതിര്‍ത്ത് രംഗത്ത് എത്തിയിരുന്നു. അതേസമയം വിജയ് രാഷ്ട്രീയത്തില്‍ ഇറങ്ങുന്നതുമായി ബന്ധപ്പെട്ട ചോദ്യത്തില്‍ നിന്നും ഒഴിഞ്ഞു മാറുകയാണ് നടനായ ശരത് കുമാര്‍.

ഹിറ്റ് പരമ്പരകളിലൂടെ മലയാളി പ്രേക്ഷകരുടെ മനം കവർന്ന താരമാണ് ജിസ്മി. സമൂഹമാധ്യമങ്ങളിലും സജീവമായ താരം പങ്കുവയ്ക്കുന്ന വിശേഷങ്ങൾക്കെല്ലാം വലിയ സ്വീകാര്യതയാണ് ലഭിക്കാറുള്ളത്. അത്തരത്തിൽ താരത്തിന്റെ പുത്തൻ വിശേഷമാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. ജിസ്മിയുടെ രണ്ടാം വിവാഹം നടന്നിരിക്കുകയാണ്. താരം തന്നെയാണ് ഇക്കാര്യം ആരാധകരെ അറിയിച്ചത്. മിഥുനാണ് താരത്തിന്റെ ഭർത്താവ്.

അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് വിവാഹത്തിൽ പങ്കെടുത്തത്. ഇത് എപ്പോൾ സംഭവിച്ചു എന്ന ചോദ്യമാണ് ജിസ്മിയുടെ വിവാഹചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ എത്തിയതോടെ ഏവരും ചോദിച്ചിരിക്കുന്നത്. ഒപ്പം തന്നെ താരത്തിന് ആശംസകൾ അറിയിക്കാനും ആരാധകർ മറന്നില്ല.

ജിസ്മിയുടെ ആദ്യവിവാഹം നടക്കുന്നത് ക്യാമറാമാനായിരുന്ന ഷിൻജിത്തിനൊപ്പം 2020 ൽ ആയിരുന്നു. കഴിഞ്ഞിടയ്ക്ക് താരം ഷിഞ്ജിത്തിനൊപ്പമുള്ള ചിത്രങ്ങളെല്ലാം തന്റെ ഇൻസ്റ്റാഗ്രാമിൽ നിന്നും റിമോവ് ചെയ്തിരുന്നു. അതിനു പിന്നിലെ കാരണം ഇതാണെന്നു ഇപ്പോഴാണ് ഏവരും അറിഞ്ഞത്.

നവാഗതനായ നഹാസ് ഹിദായത്ത് സംവിധാനം ചെയ്യുന്ന ആക്‌ഷൻ എന്റർടെയ്നർ ‘ആർഡിഎക്സ്’ സിനിമയുടെ ടീസർ എത്തി. ചിത്രത്തിൽ ഷെയ്ൻ നിഗം, ആന്റണി വർഗീസ്, നീരജ് മാധവ് തുടങ്ങിയ താരങ്ങളാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

ചിത്രം ഓണം റിലീസായി തീയറ്ററുകളിൽ എത്തും. വീക്കെൻഡ് ബ്ലോക്ക്ബസ്റ്റേഴ്‌സ് നിർമിക്കുന്ന സിനിമയുടെ ടീസർ അത്യുഗ്രൻ ആക്‌ഷൻ രംഗങ്ങളാൽ സമ്പന്നമാണ്. കെജിഎഫ്, വിക്രം, ബീസ്റ്റ് തുടങ്ങിയ ചിത്രങ്ങൾക്ക് സംഘട്ടനം ഒരുക്കിയ അൻബ് അറിവാണ് ഈ ചിത്രത്തിന്റെ ആക്ഷൻ രംഗങ്ങൾ കൈകാര്യം ചെയ്യുന്നത്. ബാബു ആന്റണി, ലാൽ, ഐമ റോസ്മി സെബാസ്റ്റ്യൻ, മഹിമ നമ്പ്യാർ, മാല പാർവതി, ബൈജു തുടങ്ങിയവരും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്.

തമിഴ് സിനിമയിലെ മുൻനിര താരങ്ങൾക്കെതിരെ നിർമ്മാതാക്കൾ രംഗത്ത്. അഡ്വാൻസ് വാങ്ങിയതിനുശേഷം കോൾഷീറ്റ് നൽകുന്നില്ലെന്ന പരാതിയുൾപ്പടെ ഉയർന്നതിന് പിന്നാലെ നടപടി സ്വീകരിക്കാൻ ജൂൺ 18ന് ചേർന്ന തമിഴ് ഫിലിം പ്രൊഡ്യൂസേഴ്‌സ് കൗൺസിൽ ജനറൽ യോഗത്തിൽ തീരുമാനമാകുകയായിരുന്നു.

ചിമ്പു, വിശാൽ, വിജയ് സേതുപതി, എസ് ജെ സൂര്യ, അഥർവ, യോഗിബാബു എന്നിവർ പരാതി ഉയർന്നവരിൽ ഉൾപ്പെടുന്നു. കൂടാതെ, നടിമാരായ അമല പോൾ, ലക്ഷ്‌മി റായ് എന്നിവർ പത്ത് ബോഡി ഗാർഡുമാരെ ചുമതലപ്പെടുത്തിയെന്നും ഇതിന്റെ ചെലവിനായി നിർമാതാക്കളിൽ നിന്ന് കൂടുതൽ പ്രതിഫലം വാങ്ങിയെന്നും പരാതി ഉയരുന്നു.

താൻ സംവിധാനം ചെയ്യുന്ന സിനിമയിൽ നിന്ന് നടൻ ധനുഷ് ഇറങ്ങിപ്പോയതായി ശ്രീ തെനണ്ടൽ സ്റ്റുഡിയോ മേധാവിയായ മുരളി രാമസ്വാമി ആരോപിച്ചു. തന്റെ സിനിമ പൂർത്തിയാക്കിയതിനുശേഷം മാത്രം മറ്റ് സിനിമകളിൽ പ്രവർത്തിക്കാൻ ധനുഷിനെ നിർബന്ധിക്കണമെന്ന് രാമസ്വാമി കൗൺസിലിനോട് അഭ്യർത്ഥിക്കുകയും ചെയ്തു.

റാം ചരണിന്റെ മകൾക്ക് സ്വർണത്തൊട്ടിൽ സമ്മാനമായി നൽകി മുകേഷ് അംബാനി. ക്ലിൻ കാര കോനിഡേലയ്ക്ക് ഒരു കോടി രൂപ വില മതിക്കുന്ന തൊട്ടിലാണ് അംബാനി കുടുംബം നല്കിയിരിക്കുന്നതെന്നാണ് റിപ്പോർട്ട്.

കുഞ്ഞിന്റെ പേരിടൽ ചടങ്ങും മറ്റും താരത്തിന്റെ ആരാധകർ ഒന്നടങ്കം ഏറ്റെടുക്കുകയും ചെയ്തിരുന്നു. ക്ലിൻ കാര കോനിഡേല എന്നാണ് കുഞ്ഞിന് പേരിട്ടിരിക്കുന്നത്. നീണ്ട 10 വർഷത്തെ കാത്തിരിപ്പിനൊടുവിലാണ് റാം ചരണിനും ഭാര്യ ഉപാസനയ്ക്കും ഒരു പെൺകുഞ്ഞ് ജനിച്ചത്.

സമൂഹമാധ്യമങ്ങളിൽ സജീവമായ ജയറാമിന്റെയും പർവതിയുടെയും മകൾ ചക്കി എന്ന് വിളിക്കുന്ന മാളവിക തന്റെ വിശേഷങ്ങൾ എല്ലാം ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. അവയ്‌ക്കെല്ലാം വലിയ സ്വീകാര്യതയാണ് ആരാധകരുടെ ഇടയിൽ നിന്നും ലഭിക്കാറുള്ളത്. അത്തരത്തിൽ താരത്തിന്റെ പുതിയ ഒരു ടാറ്റൂ ആണ് സമൂഹമാധ്യമങ്ങളുടെ മനം കവർന്നിരിക്കുന്നത്.

തന്റെ വളർത്തുമൃഗത്തിന്റെ ചിത്രമാണ് മാളവിക തന്റെ കയ്യിൽ ടാറ്റൂ ചെയ്തിരിക്കുന്നത്. വീട്ടിലെ ഒരംഗം പോലെ വർഷങ്ങളായി കൂടെയുണ്ടായിരുന്ന വളർത്തുനായ മെസ്സിയുടെ വിയോഗത്തിന്റെ വേദനയിലാണ് കുറച്ച് ദിവസങ്ങളായി മാളവിക. മെസ്സിയുടെ ഓർമ്മകൾ എന്നും തനിക്കൊപ്പം നിലനിൽക്കാൻ വേണ്ടിയാണു താരപുത്രി ഇത്തരത്തിൽ ടാറ്റൂ ചെയ്തിരിക്കുന്നത്.

മെസ്സിയുടെ ചിത്രത്തിനൊപ്പം ജനന ദിവസവും മരണ ദിവസത്തിന്റെ സ്ഥാനത്ത് ഇൻഫിറ്റി ചിഹ്നവുമാണ് നൽകിയിരിക്കുന്നത്. ഇൻസ്റ്റഗ്രാം സ്റ്റോറിയിലൂടെയാണ് മാളവിക ടാറ്റൂ ചിത്രങ്ങൾ പങ്കുവച്ചത്. സിനിമ അഭിനയത്തിലേക്ക് മാളവിക ഇതുവരെയും കടന്നിട്ടില്ല. താരപുത്രിയുടെ സിനിമാപ്രവേശനത്തിനായി കാത്തിരിക്കുകയാണ് ആരാധകർ.

തങ്ങളുടെ ആദ്യ കൺമണിയുടെ പേര് വെളിപ്പെടുത്തി തെലുങ്ക് താരം രാം ചരണും ഭാര്യ ഉപാസനയും. കുടുംബത്തോടൊപ്പമുള്ള ചിത്രങ്ങൾ പങ്കുവച്ചാണ് രാം ചരൺ കുഞ്ഞിന്റെ പേര് ആരാധകരെ അറിയിച്ചത്. ക്ലിൻ കാര കോനിഡേല എന്നാണ് മകൾക്കു നൽകിയ പേര്.

ലളിത സഹസ്ര നാമത്തിൽ നിന്നാണ് പേര് തിരഞ്ഞെടുത്തത്. ദൈവീമായ അനുഭവം സമ്മാനിക്കുന്ന വളരെ പരിശുദ്ധമായ ഊർജം എന്നതാണ് ഈ പേര് കൊണ്ട് അർത്ഥമാക്കുന്നത്. ജൂൺ 20-ാം തീയതി രാവിലെയാണ് കുഞ്ഞ് ജനിച്ചത്. ആശുപത്രിയിൽ നിന്ന് പുറത്തിറങ്ങുന്ന സമയം രാം ചരണും ഭാര്യയും മാധ്യമങ്ങളോട് സംസാരിച്ചിരുന്നു.

സംഗീത സംവിധായകനും ഗായകനുമായ കാല ഭൈരവ രാമചരണിന്റെ കുഞ്ഞിനായി ഒരു ഗാനം ഒരുക്കിയിരുന്നു. പത്ത് വർഷത്തെ കാത്തിരിപ്പിന് ശേഷമാണ് ഇവർക്ക് കുഞ്ഞുണ്ടാകുന്നത്. അടുത്തിടെ, ഹ്യൂമൻസ് ഓഫ് ബോംബെയ്ക്ക് നൽകിയ അഭിമുഖത്തിൽ, വൈകി നടന്ന ഗർഭധാരണത്തെക്കുറിച്ച് ഉപാസന തുറന്ന് പറഞ്ഞിരുന്നു.