Entertainment (Page 69)

ഒട്ടനവധി ആരാധകരുള്ള ബോളിവുഡ് താരസുന്ദരിയാണ് കജോൾ. ഇപ്പോൾ താരം ഒരു അഭിമുഖത്തിൽ പറഞ്ഞ കാര്യങ്ങളാണ് ചർച്ചയാകുന്നത്. നമ്മെ ഭരിക്കുന്നത് വിദ്യാഭ്യാസമില്ലാത്ത രാഷ്ട്രീയ നേതാക്കളാണെന്നാണ് അഭിമുഖത്തിനിടയിൽ താരം പറഞ്ഞിരിക്കുന്നത്. “ഇന്ത്യയെ പോലൊരു രാജ്യത്തെ മാറ്റം വളരെ പതുക്കെയാണ് നടക്കുന്നത്. നാം നമ്മുടെ പാരമ്പര്യങ്ങളിൽ മുഴുകിയിരിക്കുകയാണ്.

മാറ്റത്തില്‍ വിദ്യാഭ്യാസത്തിന് വലിയ പങ്കുണ്ട്. വിദ്യാഭ്യാസമില്ലാത്ത രാഷ്ട്രീയ നേതാക്കളാണ് നമുക്കുള്ളത്. എനിക്ക് ഇത് പറയുന്നതില്‍ ബുദ്ധിമുട്ടുണ്ട്. പക്ഷേ അത് പറയാതെ വയ്യ, അതാണ് വസ്തുത. അത്തരത്തിലുള്ള ഒരു കാഴ്ചപ്പാടില്ലാത്ത നേതാക്കളാണ് നമ്മെ ഭരിക്കുന്നത്. വ്യത്യസ്തമായ ഒരു കാഴ്ചപ്പാട് ലഭിക്കാനെങ്കിലും വിദ്യാഭ്യാസം ഉപകരിക്കും”, ഇപ്രകാരമായിരുന്നു കാജോളിന്റെ വാക്കുകള്‍.

തെലുങ്ക് താരം നിഹാരിക കോനിഡേല വിവാഹബന്ധം വേർപിരിയുന്നു. നിഹാരിക തന്നെയാണ് തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടുകൾ വഴി ഇക്കാര്യം ഏവരെയും അറിയിച്ചത്. ‘‘ഞാനും ചൈതന്യയും വേര്‍പിരിയുന്നു. പുതിയ ജീവിതവുമായി മുന്നോട്ട് പോകുമ്പോള്‍ അനുകമ്പ കാണിക്കണമെന്ന് ആവശ്യപ്പെടുന്നു. എനിക്ക് പിന്നില്‍ നെടുംതൂണായി നിന്ന കുടുംബത്തിനും കൂട്ടുകാര്‍ക്കും നന്ദി. ദയവു ചെയ്ത് ഞങ്ങളുടെ സ്വകാര്യതയെ മാനിക്കാന്‍ അഭ്യര്‍ഥിക്കുന്നു.’’എന്നാണ് നിഹാരിക കുറിച്ചത്.

ബിസിനസ് സ്ട്രാറ്റജിസ്റ്റായ ചൈതന്യ ജൊനലഗഡയെ 2020 ഡിസംബറിലായിരുന്നു നിഹാരിക വിവാഹം കഴിച്ചത്. തെലുങ്ക് സിനിമാ നിർമാതാവും നടനുമായ നാഗേന്ദ്ര ബാബുവിന്റെ മകളാണ് നിഹാരിക. നടൻ വരുൺ തേജ് നിഹാരികയുടെ സഹോദരനാണ്. തെലുങ്ക് സിനിമയിലെ ഇതിഹാസങ്ങളായ ചിരഞ്ജീവിയുടേയും പവൻ കല്യാണിന്റെ അനന്തരവളാണ് നിഹാരിക.

പ്രഭാസ് ചിത്രം സാലറിന്റെ ടീസർ പുറത്ത് വിട്ട് അണിയറപ്രവർത്തകർ. പ്രഭാസും പൃഥ്വിരാജും നേർക്കുനേർ വരുന്ന ടീസറിന് മികച്ച സ്വീകാര്യതയാണ് ലഭിച്ചിരിക്കുന്നത്. പ്രശാന്ത് നീൽ സംവിധാനം ചെയ്യുന്ന ചിത്രം നിര്‍മ്മിക്കുന്നത് ഹൊംബാലെ ഫിലിംസാണ്.

ഹൊംബാലെ ഫിലിംസിന്റെ യൂട്യൂബ് ചാനലിലൂടെയാണ് ഇന്ന് വെളുപ്പിനെ 5 മണിക്ക് ടീസർ പുറത്തുവിട്ടത്. കെ ജി എഫിന് ശേഷം പ്രശാന്ത് നീൽ സംവിധാനം ചെയ്യുന്ന ചിത്രമാണ് സലാർ.

ഏഴ് വർഷങ്ങൾക്കു ശേഷം സനുഷ അഭിനയിക്കുന്ന മലയാള ചിത്രമായ ‘ജലധാര പമ്പ് സെറ്റ്: സിന്‍സ് 1962’ന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസായി. ആശിഷ് ചിന്നപ്പ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ സനുഷയെ കൂടാതെ ഉര്‍വശി, ഇന്ദ്രന്‍സ്, വിജയരാഘവൻ,ജോണി ആന്റണി, ടി.ജി. രവി എന്നിവരും പ്രധാന കഥാപാത്രങ്ങളായി എത്തുന്നുണ്ട്. സിനിമയിൽ ഉർവശിയുടെ മകളായാണ് സനുഷ എത്തുന്നത്.

നാനിയുടെ ജേഴ്സി എന്ന ചിത്രത്തിന് ശേഷം സനുഷ ഒരു സിനിമയിലും അഭിനയിച്ചിട്ടില്ല. വണ്ടര്‍ ഫ്രെയിംസ് ഫിലിം ലാന്റിന്റെ ബാനറില്‍ ബൈജു ചെല്ലമ്മ, സാഗര്‍, സംഗീത ശശിധരന്‍, ആര്യ പൃഥ്വിരാജ് എന്നിവര്‍ ചേര്‍ന്ന് നിര്‍മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം സജിത് പുരുഷോത്തമൻ നിര്‍വഹിക്കുന്നു. ലൊക്കേഷൻ പാലക്കാട്. പ്രജിൻ എം.പി., ആഷിഷ് ചിന്നപ്പ എന്നിവർ തിരക്കഥ ഒരുക്കിയിരിക്കുന്ന ചിത്രത്തിന്റെ കഥ സനു കെ. ചന്ദ്രന്റേതാണ്.

സംവിധായകന്‍ മാര്‍ത്താണ്ഡന്റെ ഏറ്റവും പുതിയ ചിത്രമായ ‘മഹാറാണി’യുടെ പുതിയ പോസ്റ്റര്‍ പുറത്തിറങ്ങി. ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന റോഷന്‍ മാത്യു, ഷൈന്‍ ടോം ചാക്കോ, ജോണി ആന്റണി എന്നിവരെ പോസ്റ്ററില്‍ കാണാം. രസകരമായൊരു കോമഡി എന്റര്‍ടൈനര്‍ ആയിരിക്കും മഹാറാണി എന്ന സൂചന പോസ്റ്റര്‍ നല്‍കുന്നുണ്ട്. ‘ഇഷ്ക്’, ‘അടി’ എന്നീ ചിത്രങ്ങളുടെ രചയിതാവായ രതീഷ്‌ രവി തിരക്കഥയൊരുക്കിയ ചിത്രം എസ് ബി ഫിലിംസിന്റെ ബാനറില്‍ സുജിത് ബാലനാണ് നിര്‍മ്മിച്ചിരിക്കുന്നത്. എന്‍.എം. ബാദുഷ സഹനിര്‍മ്മാണം നിര്‍വഹിച്ചിരിക്കുന്നു.

റോഷന്‍ മാത്യു, ഷൈന്‍ ടോം ചാക്കോ, ബാലു വര്‍ഗീസ്‌, ഹരിശ്രീ അശോകന്‍, ജോണി ആന്റണി, ജാഫര്‍ ഇടുക്കി, ഗോകുലന്‍, കൈലാഷ്, അശ്വത് ലാല്‍, അപ്പുണ്ണി ശശി, ഉണ്ണി ലാലു, ആദില്‍ ഇബ്രാഹിം, രഘുനാഥ് പലേരി, പ്രമോദ് വെളിയനാട്, നിഷാ സാരംഗ്, സ്മിനു സിജോ, ശ്രുതി ജയന്‍, ഗൗരി ഗോപന്‍, പ്രിയ കോട്ടയം, സന്ധ്യ മനോജ്‌ തുടങ്ങിയ മുന്‍നിര താരങ്ങള്‍ക്കൊപ്പം മറ്റനേകം അഭിനേതാക്കളും ചിത്രത്തിന്റെ ഭാഗമാവുന്നുണ്ട്.

ഛായാഗ്രഹണം – എസ്. ലോകനാഥന്‍, സംഗീതം – ഗോവിന്ദ് വസന്ത, ഗാനരചന – രാജീവ് ആലുങ്കല്‍, അന്‍വര്‍ അലി, പശ്ചാത്തലസംഗീതം – ഗോപി സുന്ദര്‍, എഡിറ്റിംഗ് – നൗഫല്‍ അബ്ദുള്ള, എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ – സില്‍ക്കി സുജിത്ത്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ – സുധര്‍മ്മന്‍ വള്ളിക്കുന്ന്, പ്രൊഡക്ഷന്‍ എക്സിക്യൂട്ടീവ് – സക്കീര്‍ ഹുസൈന്‍, പ്രൊഡക്ഷന്‍ മാനേജര്‍ – ഹിരന്‍, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ – അജയ് ചന്ദ്രിക, പ്രശാന്ത്‌ ഈഴവന്‍, മനോക് പന്തായില്‍, ക്രിയേറ്റീവ് കണ്‍ട്രോളര്‍ – ബൈജു ഭാര്‍ഗവന്‍, ഷിഫാസ് അഷറഫ്, അസോസിയേറ്റ് ഡയറക്ടര്‍ – സജു പൊറ്റയില്‍ക്കട, ആര്‍ട്ട്‌ ഡയറക്ടര്‍ – സുജിത് രാഘവ് മേക്കപ്പ് – ജിത്ത് പയ്യന്നൂര്‍, വസ്ത്രാലങ്കാരം – സമീറ സനീഷ്, സ്റ്റില്‍സ് – അജി മസ്കറ്റ്, ശബ്ദലേഖനം – എം.ആര്‍. രാജാകൃഷ്ണന്‍, സംഘട്ടനം – മാഫിയാ ശശി, പി.സി. സ്റ്റണ്ട്സ്, നൃത്തം – ദിനേശ് മാസ്റ്റര്‍, പി.ആര്‍.ഒ – ആതിരാ ദില്‍ജിത്ത്

രണ്ട് പതിറ്റാണ്ട് മുൻപ് 2003 ജൂലായ് നാലിനാണ് ദിലീപിന്റെ കരിയറിൽ ഹിറ്റ് ചിത്രങ്ങളിലൊന്നായ സി ഐ ഡി മൂസ റിലീസായത്. ദിലീപിന്റെ ഹിറ്റ് കോമഡി ചിത്രങ്ങൾ എല്ലാം പുറത്തിറങ്ങിയ ദിവസം കൂടിയാണ് ജൂലായ് നാല്. അതുകൊണ്ട് തന്നെ താരത്തിന്റെ ഭാഗ്യ ദിനമായാണ് ജൂലൈ 4 കണക്കാക്കുന്നത്.

അതേ ദിനത്തിൽ ആരാധകർക്ക് ഒരു സർപ്രൈസ് അറിയിപ്പുമായി എത്തിയിരിക്കുകയാണ് താരം. ‘മൂസ വൈകാതെ തിരികെയെത്തുന്നു. സി ഐ ഡി മൂസയുടെ ഇരുപതാം വർഷം” എന്ന കുറിപ്പോടെ സമൂഹമാധ്യമങ്ങളിൽ ദിലീപ് ഒരു ലിങ്ക് പങ്കുവച്ചിട്ടുണ്ട്. മലയാള ചിത്രങ്ങളിൽ ഏറ്റവുമധികം റിപ്പീറ്റ് വാല്യുവുള്ള ചിത്രങ്ങളിലൊന്നാണ് ജോണി ആന്റണി സംവിധാനം ചെയ്‌ത സി ഐ ഡി മൂസ.

കഴിഞ്ഞ ദിവസം അപ്രതീക്ഷിതമായി ബിഗ് ബോസ് മലയാളം സീസൺ 5 ൽ മോഹൻലാൽ എവിക്‌ഷൻ പ്രഖ്യാപിക്കുകയായിരുന്നു. ഇത്തവണ ബിഗ് ബോസ് വീട്ടിൽ നിന്നും സെറീനയാണ് പുറത്തായത്.

മോഹൻലാല്‍ വീട്ടിലേക്ക് വരുകയും എവിക്ഷൻ ഉണ്ടാകുമെന്ന് പ്രഖ്യാപിക്കുകയായിരുന്നു. വീട്ടില്‍ നിന്ന് പോകുമ്പോള്‍ ഒരാളെ കൊണ്ടുപോകുമെന്ന് മോഹൻലാല്‍ വ്യക്തമാക്കിയിരുന്നു. മോഹൻലാലിനെ കണ്ട അമ്പരപ്പിലായിരുന്നു എല്ലാവരും. ചായ നല്‍കി മോഹൻലാലിനെ സല്‍ക്കരിച്ചു. തുടർന്നാണ് വീട്ടിൽ നിന്നും പോകാൻ സമയമായപ്പോൾ മോഹൻലാൽ സെറീനയെയും ഒപ്പം കൂട്ടിയത്.

“എല്ലാവരോടും എനിക്ക് ഒരുപാട് സ്‍നേഹമുണ്ട്. അമ്മൂ ദൈവം അനുഗ്രഹിക്കട്ടെ, ഇവിടെ 100 ദിവസം നില്‍ക്കാനായി. ഒരുപാട് സ്വപ്‍നങ്ങളുമായാണ് ഇവിടേയ്‍ക്ക് വന്നത്. ഇനി ഒരുപാട് അവസരങ്ങളിലേക്കാണ് പോകുന്നത്.” എന്നായിരുന്നു ബിഗ് ബോസ് വീട്ടിൽ നിന്നും പുറത്ത് പോകുന്നതിനിടയിൽ വീട്ടിലെ മറ്റ് അംഗങ്ങളോടായി സെറീന പറഞ്ഞത്. ഗ്രാൻഡ് ഫിനാലേ നടക്കാൻ ഒരു ദിവസം മാത്രം ബാക്കി നില്‍ക്കെയാണ് ഇന്ന് അപ്രതീക്ഷിത പുറത്താകല്‍ ഉണ്ടായിരിക്കുന്നത്.

പാക്കിസ്ഥാൻ ക്രിക്കറ്റ് താരവുമായി ബോളിവുഡ് താരസുന്ദരി തമന്ന ഭാട്ടിയക്ക് പ്രണയമുണ്ടായിരുന്നു എന്ന വാർത്തയിൽ പ്രതികരിച്ച് താരം തന്നെ ഇപ്പോൾ രംഗത്തെത്തിയിരിക്കുകയാണ്. മുൻ പാകിസ്ഥാൻ ക്രിക്കറ്റ് താരം അബ്ദുൽ റസാഖുമായി പ്രണയത്തിലായിരുന്നെന്ന അഭ്യൂഹങ്ങൾ പാടെ തള്ളിയിരിക്കുകയാണ് താരം.

അബ്ദുൽ റസാഖും തമന്നയും ദുബായിലെ ഒരു ഉദ്ഘാടനച്ചടങ്ങിന് ഒരുമിച്ചെത്തിയതോടെയാണ് ഇരുവരും പ്രണയത്തിലാണെന്ന് അഭ്യൂഹങ്ങൾ പരന്നത്. ‘‘അബ്ദുൽ റസാഖ് വിവാഹിതനായി കുടുംബത്തോടൊപ്പം പാക്കിസ്ഥാനിലാണ്. ലോകത്തെ ഏറ്റവും മികച്ച ഒരു ക്രിക്കറ്റ് താരത്തെക്കുറിച്ചാണ് ആളുകൾ ഇങ്ങനെയൊക്കെ പറയുന്നത്.’എന്നായിരുന്നു ഒരു അഭിമുഖത്തിൽ തമന്ന പറഞ്ഞത്.

നിവേദ്യം എന്ന മലയാള ചിത്രത്തിലൂടെ മലയാളി മനം കീഴടക്കിയ താരമാണ് ഭാമ. വിവാഹത്തോടെ അഭിനയ ജീവിതത്തിൽ നിന്നും ഇടവേള എടുത്തിരിക്കുന്ന താരം സമൂഹമാധ്യമങ്ങളിൽ സജീവമാണ്. താരം പങ്കുവയ്ക്കുന്ന വിശേഷങ്ങൾക്കെല്ലാം വലിയ സ്വീകാര്യതയാണ് ലഭിക്കാറുള്ളത്. അത്തരത്തിൽ താരം ഇപ്പോൾ പങ്കുവെച്ചിരിക്കുന്ന ചിത്രങ്ങളാണ് ഏവരും ഏറ്റെടുത്തിരിക്കുന്നത്.

ലണ്ടനിലെ ഡബിൾ ഡെക്കർ ബസിനു മുന്നിൽ നിന്നും പോസ് ചെയ്യുന്ന താരത്തെയാണ് ചിത്രങ്ങളിൽ കാണാൻ കഴിയുന്നത്. തിളക്കമുള്ള പച്ച ലൂസ് ടോപ്പും അഴിച്ചിട്ട തലമുടിയും കൂളിങ് ഗ്ലാസും ബൂട്ട്സുമാണ് ഭാമയുടെ വേഷം. ഭാമയുടെ ഈ മേക്കോവർ ആരാധകരെയും അമ്പരപ്പിച്ചിരിക്കുകയാണ്. ഇതാദ്യമായാണ് മോഡേൺ ലുക്കിലുള്ള ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ നടി പങ്കുവയ്ക്കുന്നത്. ഒട്ടനവധിപേരാണ് താരത്തിന്റെ ചിത്രത്തിന് താഴെ കമന്റുമായി എത്തിയിരിക്കുന്നത്.

ചലച്ചിത്ര നടൻ വിജയകുമാറിനെതിരെ മകളും നടിയുമായ അർഥന ബിനു രം​ഗത്ത്. വീട്ടിൽ അതിക്രമിച്ചു കയറി വിജയകുമാർ ഭീഷണിപ്പെടുത്തിയെന്ന് അർഥന പറയുന്നു. വിജയകുമാർ ജനൽ വഴി ഭീഷണിപ്പെടുത്തിയ ശേഷം വീടിന്റെ മതിൽ ചാടി പോകുന്ന വീഡിയോ അർഥന പങ്കുവച്ചു. അമ്മയെയും സഹോദരിയെയും തന്നെയും ഭീഷണിപ്പെടുത്തുന്നതിനെതിരെ പൊലീസിൽ കേസ് നിലനിൽക്കുമ്പോഴാണ് ഈ സംഭവം നടന്നതെന്നും അർഥന വ്യക്തമാക്കി. വിഡിയോയ്‌ക്കൊപ്പം ഒരു കുറിപ്പും താരം പങ്കുവെച്ചിട്ടുണ്ട്.

കുറിപ്പിന്റെ പൂർണരൂപം

“ഏകദേശം 9:45 ന് ഞങ്ങൾ സഹായത്തിനായി പൊലീസ് സ്റ്റേഷനിൽ വിളിച്ചിട്ടും ആരും ഇതുവരെ ഒരു നടപടിയും സ്വീകരിക്കാത്തതിനാലാണ് ഞാൻ ഈ പോസ്റ്റ് ഇടുന്നത്. മലയാള ചലച്ചിത്ര നടൻ കൂടിയായ എന്റെ അച്ഛൻ‌ വിജയകുമാറാണ് വീഡിയോയിലുള്ളത്. അദ്ദേഹം ഞങ്ങളുടെ വീട്ടിൽ അതിക്രമിച്ചു കയറിയ ശേഷം മതിൽ ചാടിക്കടന്ന് പോകുന്നതാണ് ഈ വീഡിയോയിൽ കാണുന്നത്. എനിക്കും എന്റെ അമ്മയ്ക്കും സഹോദരിക്കും അനുകൂലമായി ഏകദേശം പത്തു വർഷം മുമ്പ് പുറപ്പെടുവിച്ച ഒരു സംരക്ഷണ ഉത്തരവ് നിലവിലുണ്ട്. ഇത് നിലനിൽക്കെയാണ് ഈ അതിക്രമം.

എന്റെ മാതാപിതാക്കൾ നിയമപരമായി വിവാഹമോചിതരായവരാണ്. ഞാനും എന്റെ അമ്മയും സഹോദരിയും 85 വയസ്സിനു മുകളിൽ പ്രായമുള്ളഅമ്മൂമ്മയ്‌ക്കൊപ്പം ഞങ്ങളുടെ അമ്മ വീട്ടിൽ ആണ് താമസിക്കുന്നത്. വർഷങ്ങളായി ഇത്തരത്തിൽ വീട്ടിൽ അതിക്രമിച്ചു കയറുന്നത് അദ്ദേഹത്തിന്റെ പതിവാണ്. ഇതിനെതിരെ നിരവധി തവണ ഞങ്ങൾ പൊലീസിൽ പരാതിപ്പെട്ടിട്ടുണ്ട്.

ഇന്ന്, അദ്ദേഹം ഞങ്ങളുടെ കോമ്പൗണ്ടിലേക്ക് അതിക്രമിച്ചുകയറി, വാതിൽ പൂട്ടിയിരുന്നതിനാൽ തുറന്നു കിടന്ന ജനലിലൂടെ ഞങ്ങളെ ഭീഷണിപ്പെടുത്തുകയായിരുന്നു. സഹോദരിയെയും മുത്തശ്ശിയെയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി.ഇതോടെ ഞാൻ സംസാരിച്ചു. സിനിമയിൽ അഭിനയിക്കുന്നത് നിർത്തണമെന്നും അനുസരിച്ചില്ലെങ്കിൽ എന്നെ ഇല്ലാണ്ടാക്കാൻ ഏതറ്റം വരെയും പോകുമെന്നും ഭീഷണി മുഴക്കി. അല്ലെങ്കിൽ അദ്ദേഹം പറയുന്ന സിനിമകളിൽ മാത്രം അഭിനയിക്കണമെന്നും (അഭിനയിക്കണമെങ്കിൽ) പറഞ്ഞു. ജീവിക്കാൻ വേണ്ടി എന്റെ മുത്തശ്ശി എന്നെ വിറ്റുവെന്ന് അയാൾ ആരോപിച്ചു. ഞാൻ ഇപ്പോൾ ഷൂട്ടിംഗ് പൂർത്തിയാക്കിയ മലയാളം സിനിമയുടെ ടീമിനെയും അദ്ദേഹം ചീത്ത പറഞ്ഞു.

എന്റെ ജോലിസ്ഥലത്ത് അതിക്രമിച്ച് കയറുന്നതിനും പ്രശ്‌നങ്ങൾ സൃഷ്ടിക്കുന്നതിനും അമ്മയുടെ ജോലിസ്ഥലത്തും സഹോദരി പഠിക്കുന്ന സ്ഥാപനത്തിലും അരാജകത്വം സൃഷ്ടിച്ചതിനും എതിരെ ഞാനും അമ്മയും കൂടി അദ്ദേഹത്തിനെതിരെ ഫയൽ ചെയ്ത കേസ് കോടതിയിൽ നടക്കുമ്പോഴാണ് ഇതെല്ലാം സംഭവിക്കുന്നത്. എന്റെ ഇഷ്ടത്തിന് മാത്രമാണ് ഞാൻ സിനിമയിൽ അഭിനയിക്കുന്നത്. അഭിനയം എപ്പോഴും എന്റെ ആവേശമാണ്, ആരോഗ്യം ഉള്ളിടത്തോളം കാലം ഞാൻ അഭിനയം തുടരും.

ഞാൻ ഒരു മലയാള സിനിമയിൽ അഭിനയിക്കുന്നതിനിടെ അതിൽ നിന്ന് തടയാൻ അദ്ദേഹം കേസ് കൊടുത്തു.‘ഷൈലോക്ക്’ സിനിമയിൽ അഭിനയിച്ചപ്പോഴും അദ്ദേഹം കേസ് ഫയൽ ചെയ്തു. സിനിമ മുടങ്ങാതിരിക്കാൻ ഞാൻ എന്റെ സ്വന്തം ഇഷ്ടപ്രകാരമാണ് സിനിമയിൽ അഭിനയിച്ചതെന്ന് വ്യക്തമാക്കുന്ന ഒരു ഔദ്യോഗിക നിയമ രേഖയിൽ വരെ ഒപ്പിടേണ്ടി വന്നിട്ടുണ്ട്. കൂടുതൽ എഴുതാനുണ്ട് എന്നാൽ ഇവിടെ എഴുതാൻ പരിമിതി ഉള്ളതിനാൽ നിർത്തുന്നു. എന്റെ അമ്മയ്ക്ക് നൽകാനുള്ള പണവും സ്വർണവും തിരിച്ചുപിടിക്കാൻ ഞങ്ങൾ ഫയൽ ചെയ്ത കേസും അദ്ദേഹത്തിനെതിരെ നിലവിലുണ്ട്”.