Entertainment (Page 60)

കൊച്ചി : ജയസൂര്യയെ പ്രശംസിച്ച് നടൻ ജോയ് മാത്യു. ഈ വർഷത്തെ തിരുവോണ സൂര്യൻ ജയസൂര്യ ആണെന്നായിരുന്നു നടൻ ജോയ് മാത്യു പറഞ്ഞത്. ‘രാജവാഴ്ച നടക്കുന്ന കാലത്ത് രാജാവിനെ വണങ്ങിയാലേ എന്തെങ്കിലും നക്കാപ്പിച്ച കിട്ടുവെന്ന് കരുതുന്നവർക്കിടയിൽ ജനകീയ വിചാരണയോടെ ജയസൂര്യ ജയിച്ച സൂര്യനായി. അധികാരികളുടെ പുറം ചൊറിയാൻ നിൽക്കാതെ ജനങ്ങളുടെ അവസ്ഥ അവരെ ബോധിപ്പിക്കാൻ ശ്രമിക്കുന്നതാണ് ശരിയായ തീരുമാനം. ഇത് പ്രവൃത്തിയിൽ കൊണ്ടുവന്ന ജയസൂര്യ യഥാർത്ഥ സൂര്യനാണെ’ന്നായിരുന്നു ജോയ് മാത്യു ഫേസ്ബുക്കിൽ കുറിച്ചത്.

കളമശ്ശേരിയിൽ വച്ച് നടന്ന കാർഷികോത്സവത്തിൽ കൃഷിമന്ത്രി അടക്കമുള്ളവരെ മുന്നിലിരുത്തി കർഷകർക്ക് വേണ്ടി നടൻ ജയസൂര്യ സംസാരിച്ചിരുന്നു. സപ്ലൈകോയ്ക്ക് വേണ്ടി നെല്ല് നൽകിയ കർഷകർക്ക് പണം ലഭിച്ചില്ലെന്നും അവർ തിരുവോണ ദിനത്തിൽ സമരം നടത്തുകയാണെന്നുമായിരുന്നു നടൻ പറഞ്ഞത്.സർക്കാരിന്റെ കർഷകരോടുള്ള മനോഭാവത്തെ നടൻ നല്ല രീതിയിൽ സഭയിൽ വിമർശിച്ചിരുന്നു. കർഷകർക്ക് വേണ്ടി സംസാരിച്ച നടന്റെ നടപടിയെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേർ പിന്നീട് രംഗത്ത് വന്നിരുന്നു. ഈ സാഹചര്യത്തിലാണ് ജയസൂര്യയെ പ്രശംസിച്ച് ജോയ് മാത്യു രംഗത്തെത്തിയത്.

സിനിമാ സീരിയൽ നടി അപർണ നായരെ വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. തിരുവനന്തപുരം കരമനയിലെ വീട്ടിലാണ് നടിയെ മരിച്ച നിലയിൽ കണ്ടെത്തിയത്. കഴിഞ്ഞദിവസം വൈകിട്ടോടെ ആയിരുന്നു സംഭവം. ഉടൻതന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. നടി ആത്മഹത്യ ചെയ്യുന്ന സമയത്ത് അമ്മയും സഹോദരിയും വീട്ടിൽ ഉണ്ടായിരുന്നതായി ആരോപണമുണ്ട്. മരണത്തിൽ കരമന പോലീസ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

സ്വാഭാവിക മരണത്തിനാണ് കേസെടുത്തിരിക്കുന്നത്. കരമനയിലെ സ്വകാര്യ ആശുപത്രിയിലെ മോർച്ചറിയിലുള്ള മൃതദേഹം ഇന്ന് സംസ്കരിക്കും. വിവാഹിതയായ താരത്തിന് ത്രയ, കൃതിക എന്നിങ്ങനെ രണ്ട് കുട്ടികളുണ്ട്. മേഘതീർഥം, മുദ്ദുഗൗ, അച്ചായൻസ്,കോടതി സമക്ഷം ബാലൻ വക്കീൽ, കൽക്കി തുടങ്ങിയ സിനിമകളിൽ അപർണ അഭിനയിച്ചിട്ടുണ്ട്. ചന്ദനമഴ ആത്മസഖി, മൈഥിലി വീണ്ടും വരുന്നു, ദേവസ്പർശം തുടങ്ങിയ മലയാളം സീരിയലുകളിലും നടി പ്രധാന വേഷങ്ങൾ അവതരിപ്പിച്ചിട്ടുണ്ട്.

ഇപ്പോഴും മികച്ച രീതിയിൽ പ്രദർശനം തുടരുന്ന ജയിലറിന്റെ എച്ച് ഡി ക്വാളിറ്റി പ്രിന്റുകൾ ചോർന്നു. റിലീസ് ചെയ്ത് 19 ദിവസം പിന്നിടുമ്പോഴാണ് ചിത്രത്തിന്റെ പ്രിന്റുകൾ വ്യാജ ടോറന്റ് സൈറ്റുകളിലും, ടെലഗ്രാം ഉൾപ്പടെയുള്ള സാമൂഹിക മാധ്യമങ്ങളിലും പ്രചരിക്കുന്നത്. ഇപ്പോഴും തിയേറ്ററുകളിൽ നിറഞ്ഞ സദസ്സിലാണ് ചിത്രം പ്രദർശനം തുടരുന്നത്.

അപ്പോഴാണ് ചിത്രത്തിന് വെല്ലുവിളിയായി പ്രിന്റ് ചോർന്നിരിക്കുന്നത്. ഇതിനുപിന്നാലെ ചിത്രത്തിന്റെ നിർമ്മാണ കമ്പനിയായ സൺ പിക്ചേഴ്സിനെതിരെ വലിയ വിമർശനമാണ് ഉയരുന്നത്. നിർമ്മാണ കമ്പനിയുടെ പിഴവുകൊണ്ടാണ് ഇത്തരത്തിൽ ചിത്രം ചോർന്നത് എന്നാണ് പലരും ചൂണ്ടിക്കട്ടുന്നത്.

എന്നാൽ ഇതിനോടകം ചിത്രം 535 കോടി രൂപ നേടിക്കഴിഞ്ഞു. ഇനിയും കളക്ഷൻ കൂടാൻ സാധ്യത നിലനിൽക്കുമ്പോഴാണ് ചിത്രത്തിന് തിരിച്ചടിയായി പ്രിന്റ് ചോർന്നത്. തമിഴിലെ ഏറ്റവും വലിയ കളക്ഷൻ റെക്കോഡ് ആയ എന്തിരൻ 2.0 യെ ജയിലർ മറികടക്കുമോ എന്ന ആകാംക്ഷയിലായിരുന്നു സിനിമാപ്രേമികൾ. തമിഴിലും മലയാളത്തിലും കന്നഡയിലും ഉൾപ്പെടെ ലോകമെമ്പാടും ജയിലർ തരംഗമായി മാറിയിരുന്നു. രമ്യ കൃഷ്ണൻ, ജാക്കി ഷ്റോഫ്, വിനായകൻ, മോഹൻലാൽ, ശിവ രാജ്കുമാർ തുടങ്ങിയ വമ്പൻ താരനിരയും ചിത്രത്തിന്റെ ഭാഗമാണ്.

സിനിമയിൽ ആർ.സി.ബി ജേഴ്സിയണിഞ്ഞ വില്ലനെ കാണിച്ചതും ഈ വില്ലൻ സ്ത്രീവിരുദ്ധ ഡയലോഗുകൾ പറഞ്ഞതും ക്ലബിന് മാനനഷ്ടമുണ്ടാക്കിയതായി കാണിച്ച് ആർ.സി.ബി ഉടമകളായ റോയൽ ചലഞ്ചേഴ്സ് സ്പോർട്സ് പ്രൈവറ്റ് ലിമിറ്റഡിന് പരാതി നൽകിയതും വാർത്തയായിരുന്നു. ഐ.പി.എൽ ടീമായ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിന്റെ ജേഴ്സി നീക്കം ചെയ്യണമെന്ന് ഡൽഹി ഹൈക്കോടതി കഴിഞ്ഞ ദിവസം ഉത്തരവും ഇട്ടിരുന്നു.

ആരാധകർ കാത്തിരുന്ന മടങ്ങിവരവിന് ഒരുങ്ങി അമീർഖാൻ. നീണ്ട ഇടവേളയ്ക്കുശേഷം സ്വന്തം പ്രൊഡക്ഷൻ കമ്പനിയുടെ ബാനറിൽ നിർമ്മിക്കുന്ന ചിത്രത്തിലൂടെയാണ് നടൻ മടങ്ങി വരുന്നത്. ഈ സിനിമയുടെ നിർമ്മാണം അണിയറയിൽ പുരോഗമിക്കുകയാണ്. 2024 ക്രിസ്മസിൽ ചിത്രം പുറത്തിറങ്ങും എന്നാണ് പുറത്ത് വരുന്ന വിവരങ്ങളിൽ നിന്നും അറിയാൻ കഴിയുന്നത് . അമീർഖാൻ പ്രധാന വേഷത്തിൽ എത്തുന്ന പുതിയ ചിത്രത്തിന്റെ കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല .

2022ൽ ഇറങ്ങിയ ലാൽസിങ് ഛദ്ദ എന്ന ചിത്രത്തിനു ശേഷമാണ് താരം നീണ്ട ഇടവേള എടുത്തത്. ഏറെ പ്രതീക്ഷയോടെ റിലീസ് ചെയ്ത ചിത്രത്തിന് ബോക്സ് ഓഫീസിൽ തരംഗം സൃഷ്ടിക്കാനായില്ല. എന്നാൽ താൻ സിനിമയിൽ നിന്ന് ഇടവേള എടുക്കുന്നതിന്റെ കാരണം ചിത്രത്തിന്റെ പരാജയം അല്ലെന്ന് ആമിർഖാൻ വ്യക്തമാക്കിയിരുന്നു. കുടുംബത്തിനൊപ്പം സമയം ചിലവഴിക്കാൻ ആണ് താൻ ഇടവേള എടുക്കുന്നതെന്നായിരുന്നു താരം അന്ന് വിശദീകരിച്ചത്.

തിരുവനന്തപുരം : സ്കൂൾ കുട്ടികളുടെ ഇന്റർവെൽ ടൈം കൂട്ടണമെന്ന നിവിൻ പോളിയുടെ ആവശ്യം പരിഗണിക്കുമെന്ന് മന്ത്രി വി ശിവൻകുട്ടി. തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് മന്ത്രി ഈ വിവരം പങ്ക് വച്ചത്. ‘ഇന്റർവെൽ സമയം നീട്ടുമ്പോൾ പ്രാഥമിക ആവശ്യം നിർവഹിക്കാൻ കുട്ടികൾക്ക് കൂടുതൽ സമയം ലഭിക്കും. അതുകൊണ്ടുതന്നെയാണ് കുട്ടികളുടെ ഇന്റർവെൽ വർധിപ്പിക്കണമെന്ന് നിവിൻപോളി തന്നോട് ആവശ്യപ്പെട്ടത്. അതിനുള്ള നടപടി സ്വീകരിക്കുമെന്ന്നടനെ അറിയിച്ചിട്ടുണ്ട് ‘എന്നുമായിരുന്നു മന്ത്രി ഫേസ്ബുക്കിലൂടെ പറഞ്ഞത്. നെടുമങ്ങാട് വച്ച് നടന്ന ഓണാഘോഷ പരിപാടികൾക്കിടയാണ് നിവിൻ പോളി ഈ ആവശ്യം ഉന്നയിച്ചതെന്ന് മന്ത്രി കുറിച്ചു.

കൊച്ചി : കേരളത്തിന്റെ കൃഷി മന്ത്രി പി പ്രസാദടക്കമുള്ള മന്ത്രിമാരെ മുന്നിലിരുത്തി കർഷകർക്ക് വേണ്ടി സംസാരിച്ച് നടൻ ജയസൂര്യ. സപ്ലൈകോയ്ക്ക് വേണ്ടി നെല്ല് നൽകിയ കർഷകർക്ക് പണം ലഭിക്കാത്തതിനാൽ അവർ തിരുവോണദിവസം ഉപവാസ സമരം ഇരിക്കുകയാണെന്നാണ് നടൻ പറഞ്ഞത്. കർഷകരുടെ സമരത്തെപ്പറ്റി ഈ വേദിയിൽ സംസാരിക്കുന്നത് പ്രശ്നം അധികാരികളുടെ ശ്രദ്ധയിൽ കൊണ്ടുവരാൻ വേണ്ടിയാണെന്നും നടൻ അഭിപ്രായപ്പെട്ടു . കളമശ്ശേരി കാർഷികോത്സവത്തിൽ ആയിരുന്നു ജയസൂര്യ ഇക്കാര്യം ഉന്നയിച്ചത്. പുതിയ തലമുറയിൽ യുവാക്കൾ ആരും കൃഷിയിലേക്ക് തിരിയാത്ത കാര്യം മാതാപിതാക്കളുടെ അവസ്ഥ കണ്ടാണെന്നും ഇതിന് സർക്കാർ വേണ്ട നടപടി സ്വീകരിക്കണമെന്നും നടൻ അഭ്യർത്ഥിച്ചു.

‘കൃഷിക്കാർ അനുഭവിക്കുന്ന പ്രശ്നങ്ങൾ ബഹുമാനപ്പെട്ട മന്ത്രിമാർ മനസ്സിലാക്കണം. എന്റെ സുഹൃത്തും നടനുമായ കൃഷ്ണപ്രസാദ് സപ്ലൈകോയ്ക്ക് നെല്ല് കൊടുത്തിട്ട് ഇതുവരെയും പണം ലഭിച്ചിട്ടില്ല. കർഷകർ തിരുവോണദിവസം പട്ടിണികിടന്ന് സമരം ചെയ്യുമ്പോൾ അധികാരികളുടെ ശ്രദ്ധയിൽ ഈ വിഷയം എത്തിക്കാനാണ് ഞാൻ ശ്രമിക്കുന്നത്’ എന്നായിരുന്നു നടൻ പറഞ്ഞത്. താൻ പറഞ്ഞതിനെ തെറ്റിദ്ധരിക്കരുതെന്നും പ്രത്യേകം കണ്ടു പറയുന്നതിനേക്കാൾ വേദിയിൽ പറയുമ്പോൾ ഗൗരവമായി എടുക്കുമെന്ന് കരുതിയാണ് ഇവിടെ ഇക്കാര്യം ഉന്നയിച്ചതെന്നും നടൻ കൂട്ടിച്ചേർത്തു.

കൊച്ചി : ഷെയ്ൻ നിഗം ശ്രീനാഥ് ഭാസി എന്നിവരുടെ വിലക്ക് നീക്കി സിനിമ സംഘടനയായ അമ്മ . ശ്രീനാഥ് ഭാസി പ്രൊഡ്യൂസേഴ്സ് അസോസിയേഷന് മാപ്പപേക്ഷനൽകുകയും ഷെയ്ൻ നിഗം പ്രതിഫല തുകയിൽ നീക്കുപോക്കുകൾക്ക് തയ്യാറാവുകയും ചെയ്തതാണ് വിലക്ക് പിൻവലിക്കാൻ കാരണം. സിനിമ ഷൂട്ടിംങ്ങ് സെറ്റിൽ കൃത്യസമയത്ത് എത്തുന്നില്ല, ലഹരി ഉപയോഗം, അവതാരകയോട് അസഭ്യം പറയുക എന്നതാണ് ശ്രീനാഥ് ഭാസിയുടെ വിലക്കിന് കാരണം.

പ്രതിഫലമായി വൻതുക ചോദിക്കുന്നു, അംഗീകരിക്കാനാവാത്ത ഡിമാന്റുകൾ മുന്നോട്ട് വയ്ക്കുന്നു, ലഹരി ഉപയോഗം എന്നിവയാണ് ഷെയ്ൻ നിഗത്തിനെതിരെയുള്ള മറ്റ് ആരോപണങ്ങൾ. ഷെയ്ന്റ പുതിയ ചിത്രമായ ആർ.ഡി. എക്‌സിന്റെ ചിത്രീകരണ വേളയിലും ഷെയ്നെതിരെ നിരവധി ആരോപണങ്ങളും വിമർശനങ്ങളും ഉയർന്നിരുന്നു.

സണ്ണി ഡിയോൾ പ്രധാന വേഷത്തിൽ എത്തുന്ന ഗദാർ -2 ആണ് ഇപ്പോൾ ബോക്സ് ഓഫീസ് കൈയടക്കിയിരിക്കുന്നത്. 90 കളിലെ താരമായിരുന്ന സണ്ണി ഡിയോളിന്റെ മികച്ച തിരിച്ചു വരവ് തന്നെയാണ് ചിത്രത്തിൽ കാണാൻ കഴിയുന്നത്. ഇപ്പോഴിതാ ഗദാർ 2 പല സിനിമകളുടെയും റെക്കോർഡ് തകർത്ത് 500 കോടി ക്ലബ്ബിലേക്ക് കയറുകയാണ്. കെജിഎഫ് 2 സിനിമയുടെ ഹിന്ദി പതിപ്പിന്റെ ലൈഫ് ടൈം കളക്ഷൻ ഗദാർ 2 മറികടന്നു എന്നാണ് വാർത്തകൾ വരുന്നത്. 439.95 കോടിയാണ് ചിത്രം ഇപ്പോൾ വരെ നേടിയ കളക്ഷൻ. 1947ൽ പാക് വിഭജന സമയത്ത് നടന്ന പ്രണയകഥയായിരുന്നു 2001ൽ ഇറങ്ങിയ ഗദാറിൽ പറഞ്ഞത്.

താര സിംഗ്, സക്കീന എന്നിവരുടെ പ്രണയത്തിന് 22 വർഷങ്ങൾക്ക് ശേഷം 1971ലെ പാക്ക് ഇന്ത്യ യുദ്ധകാലത്ത് എന്ത് സംഭവിച്ചു എന്ന കഥയാണ് ഗദാർ 2 പറയുന്നത്. 2001 ൽ ഇറങ്ങിയ ചിത്രത്തിന്റെ തുടർച്ചയായാണ് ഗദാർ 2 അനിൽ ശർമ്മ ഇറക്കിയിരിക്കുന്നത്. അമീഷ പട്ടേൽ ആണ് സക്കീന എന്ന കഥാപാത്രത്തെ രണ്ടാം ഭാഗത്തിൽ അഭിനയിക്കുന്നത്. 80 കോടി ബജറ്റിൽ ഇറക്കിയ ഗദാർ 2 വിന് അടുത്തകാലത്തുള്ള ഹിന്ദി സിനിമകളുടെ കളക്ഷൻ വച്ച് നോക്കിയാൽ മികച്ച കളക്ഷൻ ആണ് ഇത് വരെയും ലഭിച്ചത്.

അനൂപ് മേനോൻ, ജയസൂര്യ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി വർഷങ്ങൾക്കു മുമ്പ് വി കെ പി സംവിധാനം ചെയ്ത ചിത്രമായിരുന്നു ബ്യൂട്ടിഫുൾ. സിനിമയുടെ രണ്ടാം ഭാഗം ഇറങ്ങാൻ പോകുന്നുവെന്ന വാർത്തകളാണ് ഇപ്പോൾ വരുന്നത്. രണ്ടാം ഭാഗത്തിലും അനൂപ് മേനോന്റെ തിരക്കഥയിൽ വി കെ പിയാണ് സംവിധാനം നിർവഹിക്കുന്നത്. എന്നാൽ ചിത്രത്തിൽ ജയസൂര്യ ഉണ്ടാകില്ല. ഈ വിവരം അനൂപ് മേനോൻ തന്നെയാണ് ഫേസ്ബുക്കിലൂടെ പറഞ്ഞത്.

ബാദുഷ പ്രൊഡക്ഷൻസ് ആൻഡ് യെസ് സിനിമാസ് എന്നിവ സംയുക്തമായാണ് സിനിമ നിർമ്മിക്കുന്നത്. ബ്യൂട്ടിഫുളിന്റെ ആദ്യ ഭാഗത്തിന്റെ അണിയറ പ്രവർത്തകർ എല്ലാവരും രണ്ടാം ഭാഗത്തിലും ഉണ്ട്. ചിത്രത്തിൽ സംഗീതം നിർവഹിക്കുന്നത് രതീഷ് രതീഷ് വേഗ ആണ്. ജോമോൻ ടി ജോണും മഹേഷ് നാരായണനും തന്നെയാണ് ഛായാഗ്രഹണവും എഡിറ്റിംഗ് നിർവഹിക്കുന്നത്. സിനിമയുടെ താരനിർണയം പൂർത്തിയായ ശേഷമായിരിക്കും ചിത്രീകരണം ആരംഭിക്കുന്നത്.

വ്യാഴാഴ്ച പ്രഖ്യാപിച്ച 69 മത് ദേശീയ ചലച്ചിത്ര പുരസ്കാരങ്ങൾക്ക് പിന്നാലെ വിവാദങ്ങൾ കനക്കുകയാണ്. തമിഴിൽ നിന്നുള്ള മികച്ച ചിത്രങ്ങളെ ജൂറി പരിഗണിച്ചില്ലെന്നാണ് ആക്ഷേപം. കർണ്ണൻ, ജയ് ഭീം എന്നീ ചിത്രങ്ങളെ ജൂറി പൂർണമായും തള്ളിയെന്നാണ് ഉയർന്നുവരുന്ന വിമർശനങ്ങൾ. ഇതിനെതിരെ പ്രതികരിച്ച് നടൻ പ്രകാശ് രാജ് രംഗത്ത് വന്നിരിക്കുകയാണ്.’ ഗാന്ധിയെ കൊന്ന ആളുകൾക്ക് ഭരണഘടന ഉണ്ടാക്കിയ അംബേദ്കറും അത് പോലെ തന്നെയാണ്. അംബേദ്കറിന്റെ തത്വങ്ങൾ നശിപ്പിക്കാൻ നോക്കുന്നവർ ജയ് ഭീമിന് ഒരിക്കലും അവാർഡ് നൽകില്ല’. ജയ് ഭീം എന്ന മറാത്തി കവിത എഴുതി അതിനോടൊപ്പം ആയിരുന്നു പ്രകാശ് രാജ് എക്സിൽ തന്റെ പ്രതികരണം രേഖപ്പെടുത്തിയത്.

അതേസമയം മികച്ച ദേശീയോദ്ഗ്രഥന ചിത്രത്തിനുള്ള അവാർഡ് ദ കശ്മീർ ഫയൽസിന് നൽകിയതിൽ തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ പ്രതികരിച്ചിരുന്നു. രാഷ്ട്രീയനേട്ടത്തിനായി ദേശീയ അവാർഡ്ഉപയോഗിക്കരുതെന്നായിരുന്നു അദ്ദേഹം അഭിപ്രായപ്പെട്ടത്. അതേ സമയം ദേശീയ അവാർഡിൽ നിന്ന് ജയ് ഭീം, സർപ്പട്ട പരമ്പരൈ , കര്‍ണ്ണന്‍ എന്നീ സിനിമകൾ ഒഴിവാക്കപ്പെട്ടതാണ് തമിഴ് ഇൻഡസ്ട്രിയിലെ ഏറ്റവും വലിയ ചർച്ചാ വിഷയം. ജയ് ഭീമിൽ ലിജോ മോളുടെ അഭിനയത്തിന് ദേശീയ അവാർഡ് നൽകണമെന്നും ആരാധകരുടെ വാദിക്കുന്നുണ്ട്.