പ്രയാസമുള്ള നൃത്തച്ചുവടുകൾ ചെയ്യാൻ തനിക്ക് കഴിയില്ലെന്ന് ഷാരൂഖ് ഖാൻ. അറ്റ്ലീ സംവിധാനം ചെയ്യുന്ന ജവാൻ എന്ന സിനിമയുടെ ഓഡിയോ ലോഞ്ചിനിടെയായിരുന്നു താരം ഇക്കാര്യം പറഞ്ഞത്. ‘ജവാൻ സിനിമയിലെ പാട്ടിന്റെ ചിത്രീകരണം ആരംഭിച്ചപ്പോൾ തന്നെ ഞാൻ കൊറിയോഗ്രാഫർ ഷോബി മാസ്റ്ററോട് പ്രയാസമുള്ള സ്റ്റെപ്പുകൾ എനിക്ക് ചെയ്യാൻ കഴിയില്ലെന്ന് പറഞ്ഞിരുന്നു. അറ്റ്ലിയുടെ അവസാന മൂന്നു ചിത്രങ്ങളിലും അഭിനയിച്ച തമിഴ് നടൻ വിജയ് യെ പോലെ ഏത് നൃത്ത ചുവടും ചടുലമായി ചെയ്യാൻ തനിക്ക് കഴിയില്ല. ‘എന്നിങ്ങനെയായിരുന്നു താരം ഓഡിയോ ലോഞ്ചിൽ പറഞ്ഞത്. എങ്കിൽപോലും തന്റെ കഴിവിന്റെ പരമാവധി ഡാൻസ് ചെയ്യാൻ ശ്രമിച്ചെന്നും താരം കൂട്ടിച്ചേർത്തു.
ജവാൻ സിനിമയുടെ ഓഡിയോ ലോഞ്ച് നടന്നത് ചെന്നൈയിൽ വച്ചായിരുന്നു. ആദ്യമായാണ് ഒരു ഹിന്ദി സിനിമയുടെ പ്രീ റിലീസിംഗ് ഇവന്റ് തമിഴ്നാട്ടിൽ നടക്കുന്നത്. ചിത്രത്തിൽ നായികയായി നയൻതാരയും വില്ലനായി വിജയ് സേതുപതിയും എത്തുന്നുണ്ട്. ദീപിക പദുക്കോൺ അതിഥി വേഷത്തിൽ എത്തുന്ന സിനിമയിൽ പ്രിയാമണി, സന്യാമൽഹോത്ര എന്നിവരും അഭിനയിക്കുന്നുണ്ട്. തമിഴ്, തെലുങ്ക്, ഹിന്ദി എന്നീ ഭാഷകളിലിറങ്ങുന്ന ജവാന്റെ സംഗീതസംവിധാനം നിർവഹിച്ചിരിക്കുന്നത് അനിരുദ്ധ് രവി ചന്ദറാണ്. ജവാൻ സെപ്റ്റംബർ 7ന് പ്രദർശനത്തിനായി തീയറ്ററുകളിലെത്തും.

