കിംഗ് ഖാൻ ആരാധകർ ഒന്നടങ്കം കാത്തിരിക്കുന്ന ചിത്രം ജവാന്റെ ട്രെയിലർ പുറത്തിറങ്ങി. പ്രേക്ഷകർ പ്രതീക്ഷിച്ച പോലെ ചിത്രം ഒരു മാസ്സ് ആക്ഷൻ അനുഭവമായിരിക്കും എന്നാണ് പുറത്തുവന്ന ട്രെയിലർ നൽകുന്ന സൂചന. അറ്റ്ലീയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. നയൻതാര നായികയാകുന്ന ചിത്രത്തിൽ വിജയ് സേതുപതിയാണ് സൂപ്പർ താരത്തിന്റെ സൂപ്പർ വില്ലനായി എത്തുന്നത്. റെഡ് ചില്ലീസ് എന്റർടെയ്ൻമെന്റിന്റെ ബാനറിൽ ഗൗരി ഖാൻ ആണ് ജവാൻ നിർമിക്കുന്നത്. ചിത്രം സെപ്റ്റംബർ ഏഴിന് തിയറ്ററുകളിൽ എത്തും. ഹിന്ദിക്കൊപ്പം തമിഴ്, തെലുങ്ക് ഭാഷകളിലാണ് ജവാൻ റിലീസിനെത്തുന്നത്.
ഷാരൂഖിന്റെ കരിയറിലെ തന്നെ ഏറ്റവും ചിലവേറിയ ചിത്രം കൂടിയാണ് ജവാൻ എന്നാണ് പുറത്തുവന്ന വിവരം. ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലനാണ് ചിത്രം കേരളത്തിലും തമിഴ്‌നാട്ടിലും വിതരണത്തിന് എത്തിക്കുന്നത്. അനിരുദ്ധിന്റെ സംഗീത സംവിധാനത്തിൽ പുറത്തിറങ്ങിയ ചിത്രത്തിലെ പാട്ടുകളെല്ലാം തന്നെ ഇതിനോടകം ഹിറ്റ് ലിസ്റ്റിൽ ഇടംപിടിച്ചുകഴിഞ്ഞു. ദീപിക, നയൻതാര എന്നിവരുടെ ആക്ഷൻ രംഗങ്ങളും ചിത്രത്തിൽ കാണാൻ സാധിക്കും. പ്രിയാമണി, സന്യ മൽഹോത്ര, സഞ്‍ജീത ഭട്ടാചാര്യ, സുനില്‍ ഗ്രോവര്‍, റിദ്ധി ദോഗ്ര, അമൃത അയ്യര്‍ എന്നിവരാണ് ജവാനിലെ മറ്റ് പ്രധാന അഭിനേതാക്കൾ.

