തെന്നിന്ത്യയിലെ ലേഡി സൂപ്പർ സ്റ്റാർ നയൻതാര ഇൻസ്റ്റാഗ്രാമിൽ അക്കൗണ്ട് തുടങ്ങി. ഇതുവരെ സോഷ്യൽ മീഡിയയിൽ സജീവമല്ലാതിരുന്ന താരം ഇപ്പോൾ ഇൻസ്റ്റാഗ്രാമിൽ എത്തിയിരിക്കുന്നത് ആരാധകരെ ഒന്നടങ്കം അമ്പരപ്പിച്ചിരിക്കുകയാണ്. ‘ജവാൻ’ ചിത്രത്തിന്റെ ട്രെയിലർ പുറത്തുവിടുന്ന നിമിഷങ്ങൾക്ക് മുമ്പായിരുന്നു താരം ഇൻസ്റ്റാഗ്രാമിൽ രംഗപ്രവേശം ചെയ്തത്. ഓഗസ്റ്റ് 31 ന് ഇൻസ്റ്റാഗ്രാമിൽ അരങ്ങേറ്റം കുറിച്ച നയൻതാര ആദ്യം പോസ്റ്റ് ചെയ്തത് ഒരു റീലായിരുന്നു. മക്കളായ ഉയിർ, ഉലഗ് എന്നിവരെ പ്രേക്ഷകർക്ക് മുന്നിൽ അവതരിപ്പിച്ചു കൊണ്ടായിരുന്നു അത്.
മണിക്കൂറുകൾക്കകം തന്നെ ലക്ഷക്കണക്കിനാളുകൾ താരത്തെ പിന്തുടരുകയും ചെയ്തു. വരും ദിവസങ്ങളിലും ഫോളോവേഴ്‌സിന്റെ എണ്ണത്തിൽ വൻ വർധനവുണ്ടാവുമെന്നാണ് കരുതുന്നത്. ഇതാദ്യമായാണ് മക്കളുടെ മുഖം വെളിപ്പെടുത്തിയത്. ഇതിനുമുമ്പ്, തന്റെ കുട്ടികളെ കാണിച്ചിരുന്നെങ്കിലും മുഖം വ്യക്തമാക്കിയിരുന്നില്ല. ഭർത്താവ് സംവിധായകൻ വിഘ്നേഷ് ശിവനൊപ്പം ഓണം ആഘോഷിക്കുന്ന കുട്ടികളുടെ പിന്നിൽ നിന്നുള്ള ചിത്രം മാത്രമാണ് ഇതുവരെ താരം പങ്കിട്ടിരുന്നത്. എന്തായാലും താരത്തിന്റെ പ്രവൃത്തി ആരാധകരെ ആവേശത്തിലാക്കിയിരിക്കുകയാണ്.

