ബോളിവുഡ് ചിത്രം പ്രഖ്യാപിച്ച് ജിത്തു ജോസഫ്. ത്രില്ലര്‍ ഡ്രാമ വിഭാഗത്തില്‍പെടുന്ന ചിത്രമായിരിക്കും ഇത്. സത്യം വെളിച്ചത്ത് കൊണ്ടുവരാന്‍ ശ്രമിക്കുന്ന ഒരു പൊലീസ് ഓഫീസറുടെ യഥാര്‍ഥ കഥയെ ആസ്പദമാക്കിയുള്ളതാണ് ചിത്രമെന്നാണ് വിവരം. ഹിന്ദിയിലെ അടുത്ത ചിത്രത്തിനായി ഒരു മികച്ച തിരക്കഥയ്ക്കായുള്ള കാത്തിരിപ്പിലായിരുന്നു താനെന്നും ഇത് അത്തരത്തില്‍ ഒന്നാണെന്നും ജീത്തു ജോസഫ് പറയുന്നു. ബധായ് ഹോ അടക്കമുള്ള ചിത്രങ്ങളുടെ നിര്‍മ്മാതാക്കളായ ജംഗ്ലീ പിക്ചേഴ്സും ക്ലൌഡ് 9 പിക്ചേഴ്സും ചേര്‍ന്നാണ് ചിത്രം പ്രഖ്യാപിച്ചിരിക്കുന്നത്. മലയാളത്തില്‍ മോഹന്‍ലാലിനൊപ്പമുള്ള സിനിമ ചിത്രീകരണ ഘട്ടത്തിലുള്ളപ്പോഴാണ് ബോളിവുഡില്‍ ജീത്തുവിന്‍റെ പുതിയ പ്രഖ്യാപനം.
ത്രില്ലർ സിനിമകളിൽ തന്റെ കഴിവ് തെളിയിച്ചിട്ടുള്ള ജിത്തു ജോസഫിന്റെ അടുത്ത ത്രില്ലർ എന്നത് ഏറെ പ്രതീക്ഷ ഉയർത്തുന്ന ഒന്നാണ്. മെമ്മറീസും 12 ത്ത് മാനും വൻ ഹിറ്റുകളായിരുന്നു. ദൃശ്യം ഫ്രാഞ്ചൈസി അദ്ദേഹത്തിന്റെ ത്രില്ലറിലുള്ള പാടവം എടുത്തുകാണിക്കുന്ന ചിത്രമാണ്. ബഹുഭാഷകളിലേക്ക് റീമേക്ക് ചെയ്യപ്പെട്ട ഫ്രാഞ്ചൈസി ആയതിനാല്‍ അവിടങ്ങളിലെ സിനിമാപ്രേമികള്‍ക്കും പരിചിതനാണ് ജീത്തു. ദൃശ്യം മലയാളത്തിൽ നിന്നും തെലുങ്ക്, കന്നട, തമിഴ്, ഹിന്ദി, ചൈനീസ് ഏറ്റവും അടുത്ത് കൊറിയൻ ഭാഷയിൽ വരെ റീമേക്ക് ചെയ്യപ്പെട്ടു.
ഏറ്റവും പുതിയതായി മോഹൻലാൽ ചിത്രം റാം ആണ് അണിയറയിൽ ജിത്തുവിന്റെതായി ഒരുങ്ങുന്നത്.

