സാമന്തയുടെയും വിജയ് ദേവരകൊണ്ടയുടെയും ഏറ്റവും പുതിയ ചിത്രമായ ഖുഷിയെ നെഞ്ചിലേറ്റി ആരാധകർ. റിലീസ് ആയ ദിവസം തന്നെ 17 കോടിയുടെ കളക്ഷൻ ആണ് ചിത്രം നേടിയിരിക്കുന്നത്. ലൈഗർ കഴിഞ്ഞാൽ വിജയദേവരകൊണ്ടയ്ക്ക് റീലീസായ ദിവസം തന്നെ മികച്ച കളക്ഷൻ ലഭിക്കുന്ന ചിത്രമാണ് ഖുഷി. ശാകുന്തളത്തിന് പ്രേക്ഷകർക്കിടയിൽ സ്വീകാര്യത ലഭിക്കാത്ത സാഹചര്യത്തിൽ സാമന്തയ്ക്ക് മികച്ച തിരിച്ചുവരവാണ് ഈ സിനിമ നൽകുന്നത്. കഴിഞ്ഞദിവസം റിലീസ് ചെയ്ത ചിത്രത്തിന് ഹൈദരാബാദിലെ നിസാമിൽ നിന്നാണ് ഏറ്റവും കൂടുതൽ കളക്ഷൻ ലഭിച്ചത്.
വിദേശരാജ്യങ്ങളിലും ചിത്രം മികച്ച രീതിയിൽ ഓടിക്കൊണ്ടിരിക്കുകയാണ്. മഹാനടിക്ക് ശേഷം സാമന്തയും വിജയദേവരകൊണ്ടയും ഒരുമിച്ച് അഭിനയിക്കുന്ന ചിത്രം എന്ന പ്രത്യേകതയും ഖുഷിക്കുണ്ട്. ശിവ നിർവാണ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ സംഗീതസംവിധാനം നിർവഹിച്ചിരിക്കുന്നത് മലയാളിയായ ഹിഷാം അബ്ദുൽ വഹാബാണ്. രോഹിണി, അലി, ജയറാം, മുരളി ശർമ്മ തുടങ്ങിയ താരങ്ങളും ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. ചിത്രത്തിലെ സംഘട്ടനരംഗങ്ങൾ ഒരുക്കിയിരിക്കുന്നത് പീറ്റർ ഹെയ്നാണ്.

