മോഹൻലാലിനൊപ്പമുള്ള നേരിന് ശേഷം ജിത്തുജോസഫ് സംവിധാനം ചെയ്യുന്ന അടുത്ത ചിത്രത്തിൽ നായകൻ ബേസിൽ ജോസഫ്. കഴിഞ്ഞ ദിവസമാണ് ജിത്തു ജോസഫ് തന്റെ ത്രില്ലർ വിഭാഗത്തിൽപെടുന്ന ഹിന്ദി ചിത്രം പ്രഖ്യാപിച്ചത്. ഹിന്ദി സിനിമയുടെ ചിത്രീകരണം ആരംഭിക്കുന്നതിന് മുൻപായി ബേസിൽ നായകനാവുന്ന ചിത്രം പൂർത്തിയാക്കും. മോഹൻലാൽ ചിത്രം നേര് പൂര്‍ത്തിയാക്കിയതിന് ശേഷം നവംബറിലാവും ബേസില്‍ ജോസഫ് നായകനാവുന്ന സിനിമയുടെ ചിത്രീകരണം.
സംവിധായകൻ എന്ന നിലയിലും നടൻ എന്ന നിലയിയും കഴിവുതെളിയിച്ച വ്യക്തിയാണ് ബേസിൽ ജോസഫ്. ബേസിലും ത്രില്ലർ ചിത്രങ്ങളുടെ സൂപ്പർ സംവിധായകനും ഒരുമിക്കുമ്പോൾ പ്രേക്ഷകർക്ക് പ്രതീക്ഷ വാനോളമാണ്.
ബോളിവുഡിലെ പ്രശസ്ത നിര്‍മ്മാതാക്കളായ ജംഗ്ലീ പിക്ചേഴ്സും കോളിവുഡിലെ പ്രശസ്തരായ ക്ലൗഡ് 9 പിക്ചേഴ്സും സംയുക്തമായി നിർമ്മിക്കുന്ന സിനിമയിലേക്ക് കടക്കുന്നതിന് മുന്‍പ് ജീത്തു ബേസില്‍ ജോസഫ് നായകനാവുന്ന ചിത്രം പൂര്‍ത്തിയാക്കും. മോഹൻലാൽ നായകനാവുന്ന റാം എന്ന ചിത്രത്തിലെ കുറച്ച് ഭാഗങ്ങളുടെ ചിത്രീകരണവും ജിത്തു ജോസഫിന് പൂർത്തിയാക്കാനുണ്ട്.

