Entertainment (Page 5)

ഏറെ ആരാധകരുള്ള താരമാണ് ജൂഹി ചൗള. അഭിനയരംഗത്ത് ഇപ്പോൾ അത്ര സജീവമല്ലെങ്കിലും ഇന്ത്യയിലെ ഏറ്റവും ധനികയായ നടിയെന്ന പദവി സ്വന്തമാക്കിയിരിക്കുകയാണ് താരം. 2024-ലെ ഹുറൂൻ സമ്പന്നപ്പട്ടികയിൽ സുഹൃത്തും ബിസിനസ് പങ്കാളിയുമായ ഷാരൂഖ് ഖാന്റെ തൊട്ടുപിന്നിലാണ് ജൂഹി സ്ഥാനം ഉറപ്പിച്ചിരിക്കുന്നത്.

പട്ടികയിൽ ജൂഹിയുടെ പുറകിലായുള്ള ഏറ്റവും ധനികരായ അഞ്ചു നടിമാരുടെ സ്വത്തുക്കൾ ചേർത്തുവെച്ചാലും ജൂഹിയുടെ സ്വത്തിന്റെ അത്രയുമെത്തില്ല.

4600 കോടി രൂപയുടെ സമ്പത്താണ് ജൂഹിയ്ക്കുള്ളത്. ജൂഹി ചൗളയെ സംബന്ധിച്ചിടത്തോളം സിനിമയിൽ നിന്നുള്ള വരുമാനം വളരെ ചെറിയ അളവിൽ മാത്രമാണ്. ഷാരൂഖ് ഖാനുമായി ചേർന്ന് നടത്തുന്ന റെഡ് ചില്ലീസ് ഗ്രൂപ്പ് എന്ന സ്ഥാപനത്തിൽ നിന്നാണ് ജൂഹിയുടെ സ്വത്തുക്കളിൽ ഭൂരിഭാഗവും വരുന്നത്. സിനിമാ നിർമാണം, ക്രിക്കറ്റ് ടീമുകൾ എന്നിവയിൽ സഹഉടമസ്ഥതയും താരത്തിനുണ്ട്. റിയൽ എസ്റ്റേറ്റ്, മില്യണയറായ ഭർത്താവ് ജയ് മേത്തയ്ക്കൊപ്പമുള്ള നിക്ഷേപങ്ങൾ തുടങ്ങിയവയും താരത്തിന്റെ സ്വത്തുക്കളിൽ ഉൾപ്പെടുന്നു. ഖാനൊപ്പം ഡ്രീംസ് അൺലിമിറ്റഡ് എന്നപേരിൽ ഒരു പ്രൊഡക്ഷൻ കമ്പനിയും ജൂഹിയ്ക്കുണ്ട്.

അഭിനയ പ്രതിഭ കൊണ്ട് പ്രേക്ഷകരെയൊന്നാകെ വിസ്മയിപ്പിച്ച താരമാണ് നടി ഉർവ്വശി. തന്റെ മകൾ തേജാലക്ഷ്മിയെ കുറിച്ച് ഉർവശി പറഞ്ഞ വാക്കുകളാണ് ഇപ്പോൾ ശ്രദ്ധേയമാകുന്നത്. ഇത്ര മുതിർന്നിട്ടും ഒറ്റയ്ക്ക് യാത്ര ചെയ്യാനോ ഒറ്റയ്ക്ക് ഒരു മുറിയിൽ കഴിയാനോ കെൽപ്പില്ലാത്ത ആളാണ് താൻ. വളർന്ന രീതി അങ്ങനെയായതു കൊണ്ടാണ്. ഞങ്ങളുടേത് വലിയ കൂട്ടുകുടുംബമായിരുന്നു. രണ്ട് അമ്മൂമ്മമാരുടെ കാവലിൽ ഞങ്ങൾ അഞ്ച് സഹോദരങ്ങളും ഒന്നിച്ച് ഉറങ്ങി ശീലിച്ചവരാണ്. ഒരു വാതിലും പൂട്ടാത്ത വീടായിരുന്നു ഞങ്ങളുടേത്. വാതിൽ അടച്ച് കിടക്കാൻ അമ്മ സമ്മതിക്കില്ല. പക്ഷെ ഇന്ന് അങ്ങനെയല്ല, അനുവാദം ചോദിക്കാതെ താൻ മകളുടെ മുറിയിൽ കടക്കാറില്ലെന്ന് ഉർവശി വ്യക്തമാക്കി.

മകൾക്ക് ഒറ്റയ്ക്ക് യാത്ര ചെയ്യും. അവൾ ഒറ്റയ്ക്ക് ഒരു മുറിയിൽ കിടക്കുമെന്നും താരം പറയുന്നു. ആദ്യമൊക്കെ എനിക്ക് ആശങ്കയായിരുന്നു. അവൾ ബാംഗ്ലൂരിൽ പഠിക്കുമ്പോഴും ജോലി ചെയ്യുമ്പോഴും ഇടയ്ക്ക് താൻ ചെന്ന് കാര്യങ്ങളെല്ലാം ഓക്കെയാണെന്ന് ഉറപ്പിക്കും. പിന്നപ്പിന്നെ അത്തരം ചിട്ടകളൊക്കെ ഒഴിവാക്കിയെന്ന് ഉർവ്വശി വ്യക്തമാക്കുന്നു.

താൻ വളർന്ന രീതി വച്ചല്ല ഇപ്പോഴത്തെ കുട്ടികളെ വളർത്തേണ്ടതെന്ന് മനസിലാക്കി. അവർ എന്നെപ്പോലെ ആവണ്ട എന്ന് ഉറപ്പിച്ചു. കുട്ടികൾ സ്വാതന്ത്ര്യത്തോടെ വളരട്ടെ എന്നാണ് ഇപ്പോഴത്തെ കാഴ്ചപ്പാട്. മോള് പഠിച്ച് നല്ല ജോലിയൊക്കെയായി ജീവിക്കണം എന്നാണ് താൻ ആഗ്രഹിച്ചത്. അവളുടെ ജീവിതത്തിൽ സിനിമയുണ്ടാകുമെന്നൊന്നും ഞാൻ കരുതിയിരുന്നില്ല. അവൾ പഠിക്കാൻ മിടുക്കിയായിരുന്നു. ക്രൈസ്റ്റിൽ നിന്നും പഠനം പൂർത്തിയാക്കി ഒരു മൾട്ടിനാഷണൽ കമ്പനിയിൽ കുറച്ചുകാലം ജോലി ചെയ്തിരുന്നു. ഇപ്പോഴവൾ സീരിയസായി സിനിമയെ കാണുന്നുണ്ട്. നല്ല വേഷങ്ങൾ വന്നാൽ ചെയ്യുമെന്നും ഉർവ്വശി കൂട്ടിച്ചേർത്തു.

ആഡംബര വാഹനമായ മെഴ്സിഡീസ് ബെൻസിന്റെ ജി വാഗൺ സ്വന്തമാക്കി മലയാളത്തിന്റെ യുവതാരം ഫഹദ് ഫാസിൽ. ഏകദേശം 3.6 കോടി രൂപയാണ് വാഹനത്തിന്റെ എക്‌സ്‌ഷോറൂം വില. ബെൻസ് നിരയിലെ ഏറ്റവും കരുത്തൻ എസ്‌യുവി ജി വാഗണിന്റെ പെർഫോമൻസ് പതിപ്പ് ജി 63 എഎംജിയാണ് താരം സ്വന്തമാക്കിയത്.

നാലു ലിറ്റർ വി8 പെട്രോൾ എൻജിനാണ് വാഹനത്തിൽ. ട്വിൻ ടർബോ ഉപയോഗിക്കുന്ന എൻജിന് 585 ബിഎച്ച്പി കരുത്തും 850 എൻഎം ടോർക്കുമുണ്ട്. 100 കിലോമീറ്റർ വേഗത്തിലെത്താൻ വെറും 4.2 സെക്കന്റുകൾ മാത്രം മതിയാകും.220 കിലോമീറ്ററാണ് ഉയർന്ന വേഗം. ആഡംബരവും സുരക്ഷയും ഉറപ്പു വരുത്തുന്ന വാഹനങ്ങൾ സ്വന്തമാക്കുന്നതിൽ ഫഹദ് ഫാസിലിനും നസ്രിയയ്ക്കും പ്രത്യേക താത്പര്യമുണ്ട്. ലാൻഡ് റോവർ ഡിഫൻഡറും ലംബോർഗിനി ഉറുസും റേഞ്ച് റോവറും ബിഎംഡബ്ല്യു 740ഐയും നേരത്തെ ഫഹദ് – നസ്രിയ ദമ്പതികൾ സ്വന്തമാക്കിയിരുന്നു.

ഇതിന് പിന്നാലെയാണ് മെഴ്‌സിഡീസ് ബെൻസിന്റെ ജി വാഗണും ഫഹദിന്റെ ഗാരിജിനു അലങ്കാരമാകാൻ എത്തിയിരിക്കുന്നത്.

കുടുംബവുമൊത്ത് വീട്ടിൽ ദീപാവലി ആഘോഷിക്കുന്ന അമൃത സുരേഷിന്റെ ചിത്രങ്ങൾ വൈറലാകുന്നു. അനിയത്തി അഭിരാമി സുരേഷും അമ്മ ലൈലയും അമൃതയുടെ മകൾ പാപ്പുവും ഒന്നിച്ചാണ് വീട്ടിൽ ദീപാവലി ആഘോഷിച്ചത്. വീട്ടിൽ ദീപങ്ങൾ കൊളുത്തി, പൂക്കളാൽ അലങ്കരിച്ച്, പരസ്പരം മധുരം പങ്കിട്ട് ഇവർ ദീപാവലി ആഘോഷമാക്കി. ദീപാവലി ആഘോഷത്തിന്റെ വിശേഷങ്ങൾ താരം വ്‌ളോഗിലൂടെ പങ്കുവെയ്ക്കുകയും ചെയ്തിട്ടുണ്ട്.

നീണ്ട 14 വർഷത്തെ വേദനകൾ മറികടന്ന് തങ്ങൾ അൽപം സന്തോഷത്തിലേക്ക് എത്തിയെന്നും ഉപദ്രവങ്ങളൊന്നുമില്ലാത്ത, സമാധാനമുള്ള ഒരു ദീപാവലി ദിനമാണ് കടന്നു പോകുന്നതെന്നും അമൃത വിഡിയോയിൽ വ്യക്തമാക്കിയിട്ടുണ്ട്. തങ്ങളെ മനസ്സിലാക്കി കൂടെ നിന്നതിന് പ്രേക്ഷകർക്ക് അഭിരാമിയും അമ്മ ലൈലയും നന്ദി അറിയിച്ചു.

കടുത്ത മാനസികാഘാതങ്ങളിലൂടെയാണ് കഴിഞ്ഞ കുറച്ചു കാലങ്ങളായി കടന്നുപോയത്. മനസ്സിനെ തിരിച്ചുപിടിക്കാനുള്ള ശ്രമങ്ങൾ നടത്തുകയാണെന്നും എത്രയും പെട്ടെന്ന് പഴയ സന്തോഷങ്ങളിലേക്കു മടങ്ങി വരുമെന്നും അമൃത സുരേഷ് പറഞ്ഞു.

തനിക്ക് സഭാ കമ്പമുണ്ടെന്ന് തുറന്നു പറഞ്ഞ് നടി സായ് പല്ലവി. ജനക്കൂട്ടം ചുറ്റിലുമുണ്ടാവുമ്പോൾ തനിക്ക് ഉത്കണ്ഠ കൂടുമെന്ന് നടി പറഞ്ഞു. ആളുകൾ പ്രശംസിക്കുമ്പോഴും സമാനമായ മാനസികാവസ്ഥയാണ് തനിക്കുണ്ടാവാറുള്ളതെന്നും താരം വ്യക്തമാക്കി. ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലായിരുന്നു സായ് പല്ലവിയുടെ പരാമർശം.

പേടിയുള്ള ആളാണ് താൻ. മുന്നിൽ കുറേ ആളുകളെ കാണുമ്പോൾ ടെൻഷൻ കൂടും. അത് ഷൂട്ടിങ് സെറ്റിലായാലും അങ്ങനെ തന്നെ. ജനക്കൂട്ടം ചുറ്റിലുമുണ്ടാവുമ്പോൾ ഉത്കണ്ഠ കൂടും. അതിപ്പോൾ ആളുകൾ പ്രശംസിക്കുമ്പോഴും അങ്ങനെ തന്നെയാണ്. അവർ തന്നെ പ്രശംസിക്കുമ്പോൾ താൻ ഉള്ളിൽ വൺ, ടൂ, ത്രീ എന്നിങ്ങനെ എണ്ണിക്കൊണ്ടിരിക്കുകയായിരിക്കുമെന്ന് താരം പറഞ്ഞു.

പ്രേമം പുറത്തിറങ്ങി പത്ത് വർഷം കഴിഞ്ഞിട്ടും മലയാളി പ്രേക്ഷകർ തന്നെ ഇപ്പോഴും മലർ എന്നാണ് വിളിക്കുന്നത്. ആളുകളുടെ സ്നേഹം ഇപ്പോഴും അതുപോലെ തുടരുകയാണ്. പ്രേമം സിനിമ എനിക്ക് പുതിയ യാത്രയുടെ തുടക്കമാണ്.വചെയ്ത സിനിമകളിലെ ഏറ്റവും ഇഷ്ടമുള്ളത് മലരേ എന്ന പാട്ടാണ്. കാറിൽ പോകുമ്പോഴാണ് ആദ്യമായി ആ പാട്ട് കേൾക്കുന്നത്. ആദ്യത്തെ രണ്ട് ലൈൻ കേട്ടപ്പോൾ അത് ആ ക്യാരക്ടറിനുള്ള പാട്ടായിരിക്കണേ എന്ന് ആഗ്രഹിച്ചിരുന്നു. പിന്നീടാണ് മലരേ.. എന്ന ലൈൻ തുടങ്ങുന്നത്. അത് കേട്ടപ്പോൾ ആകെ സർപ്രൈസ് ആയെന്നും താരം കൂട്ടിച്ചേർത്തു.

അവതരണ രംഗത്ത് തന്റേതായൊരു ശൈലികൊണ്ട് ശ്രദ്ധേയായ വ്യക്തിയാണ് രഞ്ജിനി ഹരിദാസ്. ഐഡിയ സ്റ്റാർ സിംഗറിലൂടെയായിരുന്നു രഞ്ജിനിയുടെ കരിയർ മാറിമറിഞ്ഞത്. മലയാളവും ഇംഗ്ലീഷും കലർന്ന സംസാര രീതിയാണ് രഞ്ജിനിയെ ശ്രദ്ധേയയാക്കിയത്. ഇപ്പോഴിതാ വീണ്ടും സ്റ്റാർ സിംഗർ വേദിയിൽ എത്തിയതിനെക്കുറിച്ച് പറയുകയാണ് രഞ്ജിനി. തന്റെ ജീവിതത്തിലെ കൂടുതൽ കാലവും താനൊരു അവതാരകയായിരുന്നു. ഒരു മൈക്രോഫോണുമായി ആങ്കറിംഗും പ്രസന്റേഷനും, ഹോസ്റ്റിംഗും, മോഡറേറ്റിങും ഒക്കെയായി നിങ്ങൾക്ക് ഞാൻ സുപരിചിതയാണ്. 15ാം വയസിലായിരുന്നു ഞാൻ ഇത് തുടങ്ങിയത്. 2007ലാണ് ഇതൊരു ഫുൾ ടൈം ജോബ് ആക്കിയത്. അന്നത്തെ പോലെ തന്നെ എക്സൈറ്റഡാണ് ഞാൻ ഇപ്പോഴുമെന്ന് രഞ്ജിനി പറയുന്നു.

ആ സ്റ്റേജില്ലായിരുന്നെങ്കിൽ ഇതൊന്നും സംഭവിക്കില്ലായിരുന്നു. ആ സ്റ്റേജും ചാനലുമാണ് തന്നെ നിങ്ങളറിയുന്ന രഞ്ജിനി ഹരിദാസ് ആക്കി മാറ്റിയത്. താൻ ആഗ്രഹിച്ചതിലും കൂടുതൽ കാര്യങ്ങൾ തനിക്ക് സ്റ്റാർ സിംഗർ സമ്മാനിച്ചു. ആരോടൊക്കെ നന്ദി പറയണമെന്ന് ചോദിച്ചാൽ രണ്ടുപേരെയാണ് താൻ ഓർക്കുന്നത്. ബൈജു കൊട്ടാരക്കരയാണ് തന്നെ സാഹസികന്റെ ലോകം എന്ന ഷോയിലേക്ക് തിരഞ്ഞെടുത്തത്. സ്റ്റാർ സിംഗറിലേക്ക് തന്നെ ക്ഷണിച്ചത് ശ്രീകണ്ഠൻ നായരാണ്. അതിന് ശേഷമുള്ള കാര്യം ചരിത്രമാണ്, ഞാൻ പറയേണ്ടതില്ലല്ലോയെന്ന് രഞ്ജിനി വ്യക്തമാക്കി.

12 വർഷത്തിന് ശേഷം ആ ഷോയിലേക്ക് വീണ്ടുമെത്തിയപ്പോൾ വീട്ടിലേക്ക് തിരികെ വന്നത് പോലെയാണ് തനിക്ക് തോന്നിയത്. ആഗ്രഹിച്ച പോലെയുള്ള കാര്യങ്ങൾ യാഥാർത്ഥ്യമാക്കുന്നതിൽ പ്രപഞ്ചത്തിന് പ്രത്യേകമായൊരു കഴിവുള്ളത് പോലെയാണ് തനിക്ക് അനുഭവപ്പെട്ടത്. സ്റ്റാർ സിംഗറിലേക്ക് വീണ്ടും ക്ഷണിച്ചവരോടെല്ലാം ഹൃദയം കൊണ്ട് നന്ദി പറയുന്നു. നിങ്ങളോടൊപ്പം ജോലി ചെയ്യാനായത് വലിയ സന്തോഷമെന്നും രഞ്ജിനി കൂട്ടിച്ചേർത്തു.

തെന്നിന്ത്യൻ പ്രേക്ഷകമനസിൽ തന്റേതായ ഇടംനേടിയ താരറാണിയാണ് നയൻതാര. ഇന്ത്യൻ സിനിമയിൽ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന നായികമാരിൽ ഒരാളായ നയൻതാര ലേഡി സൂപ്പർസ്റ്റാർ എന്നാണ് അറിയപ്പെടുന്നത്.

താരത്തിന്റെ ജീവിതത്തെ ആസ്പദമാക്കിയുള്ള ഡോക്യുമെന്ററി ഫിലിം റിലീസിനൊരുങ്ങുകയാണ്. നയൻതാരയുടെ പിറന്നാൾ ദിനമായ നവംബർ 18ന് നെറ്റ്ഫ്ളിക്സിലൂടെയാണ് ഡോക്യുമെന്ററി ഫിലിം സ്ട്രീമിങ് ആരംഭിക്കുന്നത്. റെഡ് കാർപ്പറ്റിൽ കാമറയ്ക്ക് മുന്നിൽ നിൽക്കുന്ന നയൻതാരയുടെ പോസ്റ്ററിനൊപ്പമായിരുന്നു പ്രഖ്യാപനം.

രണ്ട് വർഷം മുൻപാണ് ‘നയൻതാര: ബിയോണ്ട് ദി ഫെയറി ടെയിൽ’ എന്ന സിനിമയുടെ പ്രഖ്യാപനം എത്തിയിരുന്നത്. ടീസറും പുറത്ത് വിട്ടിരുന്നു. ഒരു മണിക്കൂർ 21 മിനിറ്റാണ് സിനിമയുടെ ദൈർഘ്യം. വിഘ്നേഷ് ശിവനുമായുള്ള പ്രണയവും തുടർന്നുണ്ടായ വിവാവുമായിരുന്നു ആദ്യം ഡോക്യുമെന്ററിയാക്കാൻ ഉദ്ദേശിച്ചിരുന്നത്. എന്നാൽ പിന്നീടാണ് താരത്തിന്റെ കരിയർ കൂടി ഉൾപ്പെടുത്തി ഡോക്യു- ഫിലിം ആക്കിയത്. ‘നാനും റൗഡി താൻ’ സിനിമയുടെ ഷൂട്ടിങ്ങിനിടെയാണ് നയൻസും വിഘ്നേഷും പ്രണയത്തിലാകുന്നത്. ചിത്രത്തിന്റെ സംവിധായകനായിരുന്നു വിഘ്നേശ് ശിവൻ. പിന്നീട് ഇവർ വിവാഹിതരാകുകയായിരുന്നു. ഇപ്പോൾ ഇരുവർക്കും രണ്ട് ആൺമക്കളുണ്ട്.

തന്റെ ആദ്യ ബോളിവുഡ് ചിത്രം പരാജയപ്പെട്ടതിനെ കുറിച്ച് മനസ് തുറന്ന് നടൻ റഹ്മാൻ. 2023 ൽ പുറത്തിറങ്ങിയ ഗണപത്: എ ഹീറോ ഈസ് ബോൺ എന്ന ചിത്രമാണ് റഹ്മാന്റെ ആദ്യ ബോളിവുഡ് ചിത്രം. ബോക്‌സ് ഓഫീസിൽ ഈ ചിത്രം പരാജയമായിരുന്നു. സിനിമയുടെ പരാജയത്തിൽ താൻ അപ്‌സെറ്റായിരുന്നുവെന്ന് തുറന്നു പറയുകയാണ് ഇപ്പോൾ റഹ്മാൻ.

ആ സിനിമ തന്റെ ഹിന്ദിയിലെ ആദ്യചിത്രം എന്ന നിലയിൽ കണ്ടിട്ടില്ല. അതിന്റെ പരാജയവും അങ്ങനെ തന്നെയാണ്. ആ സിനിമയുടെ പരാജയത്തോടെ തന്റെ ഹിന്ദി സിനിമയിലെ ഫ്യൂച്ചർ എന്താകുമെന്നൊന്നും ചിന്തിച്ചിട്ടില്ല. പക്ഷേ ആ സിനിമയുടെ പരാജയത്തിൽ താൻ അപ്പ്സെറ്റ് ആയിരുന്നു. ആ സിനിമ അങ്ങനെ ആയതിൽ താൻ അപ്‌സെറ്റ് ആണ്. തനിക്ക് ബോളിവുഡ് ഇൻഡസ്ട്രിയിൽ നിന്ന് നിരവധി സിനിമകളുടെ ഓഫറുകൾ ഇതിനു മുമ്പ് വന്നിട്ടുണ്ട്. പക്ഷേ താൻ ആ ഓഫറുകൾ ഒന്നും സ്വീകരിച്ചിരുന്നില്ല. കാരണം തനിക്ക് വന്ന ഓഫറുകൾ ഹാപ്പി ആയിരുന്നില്ല എന്നതാണ് സത്യം. എന്നാൽ ഗണപതിന്റെ ഓഫർ വന്നപ്പോൾ തനിക്ക് ഒരുപാട് സന്തോഷം തോന്നിയിരുന്നു. വികാസ് ബഹൽ ഈ സിനിമയുടെ സ്‌ക്രിപ്റ്റ് നരേറ്റ് ചെയ്തപ്പോൾ തന്റെ കഥാപാത്രത്തിന്റെ പ്രാധാന്യം തനിക്ക് മനസ്സിലായി. എന്നാൽ ആ സമയത്ത് ടീമിന് പിന്നിലെ പൊളിറ്റിക്കൽ ഇഷ്യൂസിനെ കുറിച്ച് ഒന്നും തനിക്ക് അറിയില്ലായിരുന്നു. എന്തായാലും ആ സിനിമ മികച്ച രീതിയിൽ വർക്ക് ആയില്ലെന്ന് റഹ്മാൻ ചൂണ്ടിക്കാട്ടി.

ടൈഗർ ഷ്രോഫ് ആയിരുന്നു ചിത്രത്തിൽ നായക വേഷത്തിൽ എത്തിയത്. അമിതാഭ് ബച്ചൻ, കൃതി സനോൺ, എല്ലി അവ്രാം തുടങ്ങിയവരും ചിത്രത്തിൽ വേഷമിട്ടിരുന്നു.

മലയാളത്തിന്റെ സ്‌റ്റൈലിഷ് താരമാണ് മെഗാസ്റ്റാർ മമ്മൂട്ടി. താരത്തിന്റെ ഫോട്ടോഷൂട്ട് ചിത്രങ്ങൾ എപ്പോഴും സോഷ്യൽ മീഡിയയിൽ എപ്പോഴും വൈറലാകാറുണ്ട്. ഇപ്പോഴിതാ തെലുങ്ക് സൂപ്പർതാരം നാഗാർജുനയും മമ്മൂട്ടിയുടെ സ്‌റ്റൈലിനെ പുകഴ്ത്തി രംഗത്തെത്തിയിരിക്കുകയാണ്.

മമ്മൂട്ടിയുടെ മകനും നടനുമായ ദുൽഖർ സൽമാൻ അതിഥിയായെത്തിയ ടെലിവിഷൻ പരിപാടിയിലായിരുന്നു നാഗാർജുനയുടെ പരാമർശം. ഈ പരിപാടിയുടെ അവതാരകൻ നാഗാർജുനയായിരുന്നു. കുട്ടിക്കാലം മുതൽ താൻ നാഗാർജുനയുടെ ആരാധകനാണെന്നും അതിന് കാരണം അദ്ദേഹത്തിന്റെ സ്‌റ്റൈലാണെന്നും ദുൽഖർ പറഞ്ഞു.

തന്നെ സംബന്ധിച്ചിടത്തോളം സ്റ്റൈലിഷ് ഐക്കണുകളിൽ ഒരാളാണ് നാഗാർജുന. ഇത്ര കാലമായിട്ടും അതിൽ മാറ്റം വന്നിട്ടില്ലെന്നും താരം ചൂണ്ടിക്കാട്ടി. ഇതിന് നാഗാർജുന നന്ദിയും സ്നേഹവും അറിയിച്ചു. സ്റ്റൈലിന്റെ കാര്യത്തിൽ നിങ്ങളുടെ അച്ഛനെ വെല്ലാൻ ആരുണ്ടെന്ന് നാഗാർജുന ദുൽഖറിനോട് ചോദിച്ചു. അക്കാര്യത്തിൽ മമ്മൂട്ടിക്കും നാഗാർജുനയ്ക്കും ഒരുപാട് സാദൃശ്യങ്ങളുണ്ടെന്ന് ദുൽഖർ മറുപടി നൽകി.

പ്രേക്ഷകരുടെ പ്രിയ താരജോഡികളായിരുന്നു അഭിഷേക് ബച്ചനും ഐശ്വര്യ റായിയും. ഇരുവരും വിവാഹമോചിതരാകുന്നുവെന്ന തരത്തിൽ നിരവധി വാർത്തകൾ അടുത്തിടെ പുറത്തു വന്നിരുന്നു. എന്നാൽ താരങ്ങൾ ഇക്കാര്യത്തിൽ ഔദ്യോഗികമായി പ്രതികരണമൊന്നും നടത്തിയിട്ടില്ല.

നടിയും മോഡലുമായ നിമ്രത് കൗറും അഭിഷേക് ബച്ചനും പ്രണയത്തിലാണെന്ന തരത്തിൽ നിരവധി ഗോസിപ്പുകൾ വന്നിരുന്നു. ഇതാണ് ഐശ്വര്യയുടെയും അഭിഷേകിന്റെയും ബന്ധത്തിൽ വിള്ളൽ വീണതിന് കാരണമെന്നും വാർത്തകൾ പ്രചരിക്കുന്നുണ്ട്. ഇപ്പോഴിതാ സംഭവത്തിൽ പ്രതികരിച്ച് നിമ്രത് കൗർ രംഗത്തെയിരിക്കുകയാണ്.

താൻ എന്ത് ചെയ്താലും ആളുകൾ അവർക്ക് തോന്നുന്നത് മാത്രമേ പറയൂ. ഇത്തരം ഗോസിപ്പുകൾ തടയാൻ പ്രയാസമാണ്. അതിനാൽ അത് ശ്രദ്ധിക്കുന്നതിന് പകരം എന്റെ ജോലിയിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ താൻ ശ്രമിക്കുന്നുവെന്ന് നടി വ്യക്തമാക്കി. ‘ദസ്വി’ എന്ന സിനിമയുടെ സെറ്റിലാണ് അഭിഷേക് ബച്ചനും നിമ്രത് കൗറും പരിചയപ്പെടുന്നത്. അഭിമുഖങ്ങളിൽ പരസ്പരം അഭിനന്ദിച്ചതോടെയാണ് ഇരുവരെയും ചേർത്ത് വച്ച് ഗോസിപ്പുകൾ വരാൻ തുടങ്ങിയത്.

ബച്ചൻ കുടുംബം ഐശ്വര്യയിൽ നിന്ന് അകന്നുവെന്നും ഐശ്വര്യയും മകളും സ്വന്തം വീട്ടിലാണെന്നുമായിരുന്നു പുറത്തുവരുന്ന വാർത്തകൾ. അനന്ത് അംബാനിയുടെയും രാധിക മർച്ചന്റിന്റെയും വിവാഹത്തിന് ബച്ചൻ കുടുംബത്തിനൊപ്പം ഐശ്വര്യയും മകളും വരാത്തതാണ് അഭ്യൂഹങ്ങൾക്ക് തുടക്കം കുറിച്ചത്.