ഏറ്റവും കടപ്പെട്ടിരിക്കുന്നത് പ്രേക്ഷരോട്; അവരുടെ പിന്തുണയാണ് തന്നെ നിലനിർത്തിയതെന്ന് ദിലീപ്

താൻ എന്നും ഏറ്റവും അധികം കടപ്പെട്ടിരിക്കുന്നത് തന്റെ പ്രേക്ഷരോടാണെന്ന് നടൻ ദിലീപ്. താൻ അഭിനയിച്ച സിനിമകളിലെ കഥാപാത്രങ്ങളിലൂടെ തന്നെ സ്‌നേഹിച്ച ജനങ്ങളും അവരുടെ പ്രാർത്ഥനയുമാണ് തന്നെ നിലനിർത്തിയതെന്ന് ദിലീപ് പറഞ്ഞു. തനിക്ക് അത്രയം കടപ്പാട് മലയാളി പ്രേക്ഷരോടുണ്ട്. തന്നെ വളർത്തിയത് പ്രേക്ഷകരാണ്. മിമിക്രിയിലൂടെ വളർന്നു വന്ന ഒരു സാധാരണ കലാകാരനാണ് താനെന്നും ദിലീപ് വ്യക്തമാക്കി. ഒരു സ്വകാര്യ മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിലായിരുന്നു ദിലീപിന്റെ പരാമർശം.

തനിക്ക് തന്റെ പ്രേക്ഷകർ തന്ന രണ്ടാം ജന്മമാണ് രാമലീല എന്ന സിനിമയുടെ വിജയം. തീർന്നു എന്ന് വിചാരിച്ചിരുന്ന സമയത്താണ് രാമലീല തിയേറ്ററിലെത്തിയത്. ആ സിനിമയ്ക്ക് ആരും വന്നില്ലായിരുന്നുവെങ്കിൽ ഇന്ന് താൻ ഈ നിലയിൽ ഉണ്ടാകുമായിരുന്നില്ല. തന്റെ കരിയറിലെ ഏറ്റവും മികച്ച വിജയങ്ങളിലൊന്നാണ് രാമലീല. എല്ലാം തീർന്നു കഴിഞ്ഞുവെന്ന് തോന്നിയ സമയത്ത് പ്രേക്ഷകർ തന്ന പിന്തുണ വളരെ വലുതാണ്. തന്നെ ആശ്രയിച്ച് കഴിയുന്ന ഒരുപാട് കുടുംബങ്ങളുണ്ട്. ആ കുടുംബങ്ങളുടെയും ജനങ്ങളുടെയും പ്രാർത്ഥന തനിക്ക് ലഭിച്ചു. ആ പ്രാർത്ഥനയും പിന്തുണയുമാണ് ദിലീപ് എന്ന കലാകാരനെ വളർത്തിയത്. ജനങ്ങളോട് തീർത്താൽ തീരാത്ത കടപ്പാടാണുള്ളതെന്നും ദിലീപ് അഭിപ്രായപ്പെട്ടു.

നമ്മൾ വളരെ സന്തോഷത്തിൽ നിൽക്കുമ്പോഴായിരിക്കും അപ്രതീക്ഷിതമായി പല കാര്യങ്ങളും ജീവിതത്തിലേക്ക് കടന്നു വരുന്നത്. ഏതൊരു മനുഷ്യന്റെ ജീവിതത്തിലും ഏത് നിമിഷവും എന്തും സംഭവിക്കാം എന്ന നിലയിലാണ് കാലം കടന്നു പോകുന്നത്. ഒത്തിരി സന്തോഷത്തിലിരിക്കുമ്പോഴായിരിക്കും നമുക്ക് താങ്ങാവുന്നതിലും അപ്പുറമുള്ള കാര്യങ്ങൾ സംഭവിക്കുക. എങ്ങനെ അതിനെ നേരിടുമെന്ന് പോലും നമുക്ക് അപ്പോൾ അറിയാൻ പറ്റില്ല. എന്തു ചെയ്യണമെന്ന് അറിയാതെ അന്തംവിട്ട് നിന്നു പോകുന്ന അവസ്ഥ ഏതൊരു മനുഷ്യനും ഉണ്ടാകാമെന്നും താരം കൂട്ടിച്ചേർത്തു.