ബിറ്റ് കോയിൻ തട്ടിപ്പ് കേസ്; ശിൽപ ഷെട്ടിയുടെയും രാജ് കുന്ദ്രയുടെയും സ്വത്തുക്കൾ കണ്ടുകെട്ടി

ബോളിവുഡ് നടി ശിൽപ ഷെട്ടിയുടെയും രാജ് കുന്ദ്രയുടെയും സ്വത്തുക്കൾ എൻഫോഴ്‌സ്‌മെന്റ് കണ്ടുകെട്ടി. ബിറ്റ് കോയിൻ തട്ടിപ്പ് കേസിലാണ് നടപടി. 97.79 കോടിയുടെ സ്വത്തുക്കളാണ് ഇഡി കണ്ടുകെട്ടിയത്. ജുഹുവിലെ ശിൽപയുടെ ഫ്‌ളാറ്റും, പൂനെയിലെ രാജ് കുന്ദ്രയുടെ ബംഗ്ലാവും ഇതിൽ ഉൾപ്പെടുമെന്നാണ് ഇഡി അറിയിച്ചത്.

ഗെയിൻ ബിറ്റ്കോയിൻ’ തട്ടിപ്പുമായി ബന്ധപ്പെട്ടാണ് രാജ് കുന്ദ്രക്കെതിരെ നടപടി സ്വീകരിച്ചിരിക്കുന്നത്. ‘വാരിയബിൾ ടെക് പ്രൈവറ്റ് ലിമിറ്റഡ്’ എന്ന കമ്പനിയുടെ പേരിൽ ഏകദേശം 6600 കോടി രൂപയുടെ തട്ടിപ്പാണ് ബിറ്റ്കോയിൻ നിക്ഷേപത്തിന്റെ മറവിൽ നടന്നത്. മാസംതോറും നിശ്ചിത പ്രതിഫലം വാഗ്ദാനംചെയ്ത് ബിറ്റ്കോയിൻ നിക്ഷേപങ്ങൾ സ്വീകരിച്ച് മണിചെയിൻ മാതൃകയിലായിരുന്നു തട്ടിപ്പ് നടത്തിയിരുന്നത്.

വാരിയബിൾ ടെക് പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയുടെ പ്രൊമോട്ടർമാരായ അമിത് ഭരദ്വാജ്, അജയ് ഭരദ്വാജ്, വിവേക് ഭരദ്വാജ്, സിംപി ഭരദ്വാജ്, മഹേന്ദർ ഭരദ്വാജ് തുടങ്ങിയവരായിരുന്നു കേസിലെ പ്രതികൾ.