Entertainment (Page 39)

തൃശൂർ: സിനിമാ നടൻ സുദേവ് നായർ വിവാഹിതനായി. ഗുരുവായൂർ ക്ഷേത്രത്തിൽ വെച്ചാണ് വിവാഹ ചടങ്ങുകൾ നടന്നത്. അമർദീപ് കൗർ ആണ് സുദേവ് നായരുടെ വധു. നിരവധി സിനിമകളിൽ ശ്രദ്ധേയമായ വേഷങ്ങളിലെത്തിയ താരമാണ് സുദേവ്. അനാർക്കലി, കരിങ്കുന്നം 6’എസ്, എസ്ര, കായംകുളം കൊച്ചുണ്ണി, അബ്രഹാമിന്റെ സന്തതികൾ, മിഖായേൽ, അതിരൻ, മാമാങ്കം, വൺ, ഭീഷ്മപർവ്വം, പത്തൊൻപതാം നൂറ്റാണ്ട്, തുറമുഖം, തൃശൂർ പൂരം തുടങ്ങി നിരവധി സിനിമകളിൽ സുദേവ് അഭിനയിച്ചിട്ടുണ്ട്.

സൗമിക് സെൻ സംവിധാനം ചെയ്ത ഗുലാബ് ഗാംഗ് എന്ന ഹിന്ദി ചിത്രത്തിലൂടെയാണ് സുദേവ് സിനിമാ ലോകത്തേക്ക് എത്തുന്നത്. 2014 ൽ ആണ് ഈ ചിത്രം റിലീസ് ചെയ്തത്. മൈ ലൈഫ് പാർട്ണർ എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച നടനുള്ള അവാർഡും നടന് ലഭിച്ചിട്ടുണ്ട്. മലയാളിയായ സുദേവ് നായർ മുംബൈയിൽ ആണ് ജനിച്ചത്. പൂനെയിലെ ഫിലിം ആൻഡ് ടെലിവിഷൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയിൽ നിന്ന് അഭിനയത്തിൽ ബിരുദാനന്തര ബിരുദവും നേടിയ വ്യക്തിയാണ് സുദേവ്. ബ്രേക്ക് ഡാൻസ്, ബോക്‌സിംഗ്, കരാട്ടെ, ജൂഡോ, കളരി പയറ്റ് തുടങ്ങിയവയിലെല്ലാം സുദേവിന് പരിശീലനവും ലഭിച്ചിട്ടുണ്ട്.

സുദേവിന്റെ വിവാഹ ചടങ്ങിന്റെ ചിത്രങ്ങൾ സാമൂഹ്യ മാദ്ധ്യമങ്ങളിൽ വൈറലായി കഴിഞ്ഞു.

മമ്മൂട്ടി നായകനായി എത്തിയ ഭ്രമയുഗം എന്ന ചിത്രത്തിന് മികച്ച പ്രേക്ഷക പ്രതികരണമാണ് ലഭിക്കുന്നത്. ഇതിനിടെ തന്റെ പുതിയ ചിത്രത്തിന്റെ വിശേഷങ്ങൾ പങ്കുവെച്ച് എത്തിയിരിക്കുകയാണ് മമ്മൂട്ടി. ടർബോ എന്ന ചിത്രത്തിന്റെ വിശേഷങ്ങളാണ് മമ്മൂട്ടി പങ്കുവെച്ചിരിക്കുന്നത്. വൈശാഖ് ആണ് ചിത്രത്തിന്റെ സംവിധാനം നിർവ്വഹിച്ചിരിക്കുന്നത്. സിനിമയുടെ ചിത്രീകരണം പൂർത്തിയായെന്ന വിവരമാണ് മമ്മൂട്ടി പങ്കുവെച്ചത്.

നൂറോളം ദിവസമായിരുന്നു ചിത്രത്തിന്റെ ഷൂട്ടിംഗ്. ടർബോയുടെ അണിയറപ്രവർത്തകർക്കൊപ്പമുള്ള ചിത്രവും മമ്മൂട്ടി ഷെയർ ചെയ്തിട്ടുണ്ട്. ചിത്രത്തിലെ മമ്മൂട്ടിയുടെ കഥാപാത്രത്തിന്റെ പേര് ടർബോ ജോസ് എന്നാണ്. മിഥുൻ മാനുവൽ തോമസാണ് ചിത്രത്തിന് തിരക്കഥ എഴുതിയിരിക്കുന്നത്. കോമഡി-മാസ്-ആക്ഷൻ ചിത്രമായി എത്തുന്ന ടർബോയിൽ തമിഴ്-തെലുങ്ക്-കന്നഡ-ഹിന്ദി ഇൻഡസ്ട്രിയിൽ നിന്നും വൻ താരനിര തന്നെ അണിനിരക്കുന്നുണ്ട്. തമിഴിൽ നിന്ന് അർജുൻ ദാസ്, തെലുങ്കിൽ നിന്ന് സുനിൽ, ഹിന്ദിയിൽ നിന്ന് കാബിർ ദുഹാൻ സിംഗ്, കന്നഡയിൽ നിന്ന് രാജ് ബി ഷെട്ടി തുടങ്ങിയവരാണ് അഭിനയിക്കുന്നത്.

ചിത്രം നിർമ്മിക്കുന്നത് മമ്മൂട്ടി കമ്പനിയാണ്. കേരളത്തിലെ ഡിസ്ട്രിബ്യൂഷൻ ദുൽഖർ സൽമാന്റെ വേഫെറർ ഫിലിംസും ഓവർസീസ് പാർട്ണർ ട്രൂത്ത് ഗ്ലോബൽ ഫിലിംസുമാണ്. ഛായാഗ്രാഹകൻ വിഷ്ണു ശർമ്മയാണ്. ജസ്റ്റിൻ വർഗീസാണ് സംഗീത സംവിധാനം.

മലയാളത്തിന്റെ മഹാനടൻ മോഹൻലാൽ നായകനായെത്തി ലിജോ ജോസ് പെല്ലിശേരി സംവിധാനം ചെയ്ത മലൈക്കോട്ടൈ വാലിബൻ ഒടിടിയിലേക്ക്. ഫെബ്രുവരി 23 ന് ചിത്രം ഒടിടിയിൽ റിലീസ് ചെയ്യുമെന്നാണ് റിപ്പോർട്ട്. ഡിസ്‌നി പ്ലസ് ഹോട്സ്റ്റാറിന് ആണ് ചിത്രത്തിന്റെ സ്ട്രീമിംഗ് അവകാശം വിറ്റു പോയിരിക്കുന്നത്.

വേൾഡ് ടെലിവിഷൻ പ്രീമിയർ അവകാശം വിറ്റു പോയിരിക്കുന്നത് ഏഷ്യാനെറ്റിനാണ്. മലൈക്കോട്ടൈ വാലിബൻ റിലീസ് ചെയ്തത് ജനുവരി 25 നാണ്. ലിജോയും മോഹൻലാലും ഒന്നിച്ച ആദ്യ ചിത്രമാണ് മലൈക്കോട്ടൈ വാലിബൻ. സൊനാലി കുൽക്കർണി,ഹരീഷ് പേരടി, ഡാനിഷ് സേഠ്, മണികണ്ഠൻ ആചാരി, മനോജ് മോസസ് തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് താരങ്ങൾ.

ചിത്രം നിർമ്മിച്ചിരിക്കുന്നത് ഷിബു ബേബി ജോൺ, അച്ചു ബേബി ജോൺ എന്നിവരുടെ നേതൃത്വത്തിലുള്ള ജോൺ ആൻഡ് മേരി ക്രിയേറ്റിവിസ്, കൊച്ചുമോന്റെ ഉടമസ്ഥതയിലുള്ള സെഞ്ച്വറി ഫിലിംസ്, അനൂപിന്റെ മാക്‌സ് ലാബ്, വിക്രം മെഹ്റ, സിദ്ധാർഥ് ആനന്ദ് കുമാർ എന്നിവരുടെ ഉടമസ്ഥയിലുള്ള സരിഗമ ഇന്ത്യാ ലിമിറ്റഡ് എന്നിവർ ചേർന്നാണ്. പി എസ് റഫീക്കിന്റേതാണ് ചിത്രത്തിന്റെ തിരക്കഥ.

മുംബൈ: റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി തനിക്ക് നൽകിയ ഉപദേശം പങ്കുവെച്ച് ബോളിവുഡ് താരം രൺബീർ കപൂർ. മുകേഷ് ഭായിയിൽ നിന്ന് താൻ ഒരുപാട് പ്രചോദനം ഉൾക്കൊണ്ടിട്ടുണ്ടെന്ന് രൺബീർ കബൂർ പറഞ്ഞു. നിങ്ങളുടെ തല താഴ്ത്തി ജോലി തുടരുക. വിജയം നിങ്ങളുടെ തലയിലേക്കും പരാജയം നിങ്ങളുടെ ഹൃദയത്തിലേക്കും കൊണ്ടുപോകരുതെന്നാണ് അദ്ദേഹം ഒരിക്കൽ നൽകിയ ഉപദേശമെന്ന് താരം വ്യക്തമാക്കി. ലോക്മത് മഹാരാഷ്ട്രിയൻ ഓഫ് ദി ഇയർ അവാർഡ് ദാന ചടങ്ങിലായിരുന്നു അദ്ദേഹത്തിന്റെ പരാമർശം.

താൻ ജീവിതത്തിൽ പിന്തുടരുന്ന മൂന്ന് നിയമങ്ങളെ കുറിച്ചും രൺബീർ പരാമർശിച്ചു. തനിക്ക് ജീവിതത്തിൽ മൂന്ന് ലളിതമായ ലക്ഷ്യങ്ങളുണ്ട്. വിനയത്തോടെ അർത്ഥവത്തായ ജോലി ചെയ്യുക എന്നതാണ് തന്റെ ആദ്യ ലക്ഷ്യം. ഒരു നല്ല വ്യക്തിയാകുക എന്നതാണ് തന്റെ രണ്ടാമത്തെ ലക്ഷ്യം. ഒരു നല്ല മകനും നല്ല പിതാവും നല്ല ഭർത്താവും സഹോദരനും സുഹൃത്തും ആകാൻ താൻ ആഗ്രഹിക്കുന്നു. ഏറ്റവും പ്രധാനമായി, ഞാൻ ഒരു നല്ല പൗരനാകാൻ ആഗ്രഹിക്കുന്നുവെന്നും അതാണ് തന്റെ മൂന്നാമത്തെ ലക്ഷ്യമെന്നും രൺബീർ കബൂർ കൂട്ടിച്ചേർത്തു.

മുകേഷ് അംബാനിയുടെ മകൻ ആകാശ് അംബാനിയുടെ അടുത്ത സുഹൃത്താണ് രൺബീർ കപൂർ. അയോധ്യ രാമക്ഷേത്ര പ്രാണപ്രതിഷ്ഠാ ചടങ്ങിൽ ആകാശ് അംബാനിക്കൊപ്പം രൺബീർ പങ്കെടുത്തിരുന്നു.

ചെന്നൈ: ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എഐ) വഴി അനുമതിയില്ലാതെ എസ് പി ബാലസുബ്രഹ്മണ്യത്തിന്റെ ശബ്ദം പുനഃസൃഷ്ടിച്ചതിനെതിരെ പരാതിയുമായി രംഗത്തെത്തി കുടുംബം. തെലുങ്ക് സിനിമ കീട കോളയുടെ നിർമ്മാതാക്കൾക്കും സംഗീത സംവിധായകനുമെതിരെയാണ് എസ് പി ബാലസുബ്രഹ്മണ്യത്തിന്റെ (എസ്പിബി) കുടുംബം രംഗത്തെത്തിയിരിക്കുന്നത്. ഇവർക്ക് കുടുംബം വക്കീൽ നോട്ടീസ് നൽകി. നോട്ടീസ് അയച്ചിരിക്കുന്നത് എസ്പിബിയുടെ മകൻ എസ് പി കല്യാൺ ചരൺ ആണ്. കീഡ കോള സിനിമയുടെ നിർമ്മാതാവും സംഗീതസംവിധായകനും ക്ഷമാപണം നടത്തണമെന്നും നഷ്ടപരിഹാരം നൽകണമെന്നും, റോയൽറ്റി തുക പങ്കുവയ്ക്കണമെന്നും നോട്ടീസിൽ ആവശ്യപ്പെട്ടുന്നു.

അന്തരിച്ച ഗായകന്റെ ശബ്ദത്തിന്റെ അനശ്വരത നിലനിർത്താൻ സാങ്കേതികവിദ്യ ഉപയോഗിക്കുന്നതിന് കുടുംബത്തിന്റെ പിന്തുണയുണ്ടാകും. എന്നാൽ വാണിജ്യ ആവശ്യങ്ങൾക്കായി കുടുംബത്തിന്റെ അറിവോ സമ്മതമോ ഇല്ലാതെ ഇത് ചെയ്യുന്നതിൽ നിരാശരാണെന്നാണ് നോട്ടീസിൽ വ്യക്തമാക്കുന്നത്.

നിയമത്തിന്റെ വഴിയിൽ തന്നെ ഇത്തരം കാര്യങ്ങൾ നേരിടാനാണ് തയ്യാറെടുക്കുന്നത്. ഏത് സാങ്കേതികവിദ്യയും മനുഷ്യരാശിക്ക് പ്രയോജനപ്പെടണം, പക്ഷെ ആരുടെയെങ്കിലും ഉപജീവന മാർഗം അത് തടയരുത്. ഈ സാഹചര്യത്തിൽ എസ്.പി.ബിയുടെ പാരമ്പര്യം തുടരാൻ നിയമപരമായ വഴി തന്നെ തേടുവാൻ കുടുംബം തീരുമാനിക്കുകയായിരുന്നുവെന്നും ചരൺ വിശദമാക്കി.

കൊച്ചി: പുതിയ മലയാള സിനിമകളുടെ തിയേറ്റർ റിലീസ് വ്യാഴാഴ്ച മുതൽ നിർത്തിവയ്ക്കുമെന്ന് തിയേറ്ററുടമകളുടെ സംഘടന ഫിയോക്. തിയേറ്ററുകളിൽ റീലിസ് ചെയ്യുന്ന മലയാള ചിത്രങ്ങൾ ധാരണ ലംഘിച്ച് നിർമ്മാതാക്കൾ ഒടിടിക്ക് നൽകുകയാണെന്നും ഇതിൽ പ്രതിഷേധിച്ചാണ് റിലീസ് നിർത്തിവെയ്ക്കുന്നതെന്നുമാണ് ഫിയോക് അറിയിച്ചിരിക്കുന്നത്. 42 ദിവസത്തിന് ശേഷമേ ചിത്രങ്ങൾ ഒടിടിയിൽ നൽകുകയുള്ളു എന്ന ധാരണ പലരും തെറ്റിച്ചുവെന്നാണ് അസോസിയേഷൻ ഭാരവാഹികൾ ആരോപിക്കുന്നത്.

റിലീസ് സമയത്തെ നിർമാതാക്കളുടെ തിയേറ്റർ വിഹിതം 60 ശതമാനത്തിൽ നിന്ന് 55 ശതമാനമായി കുറയ്ക്കണമെന്ന ആവശ്യവും ഫിയോക് മുന്നോട്ടുവെച്ചിട്ടുണ്ട്. ഇക്കാര്യത്തിൽ ബുധനാഴ്ചയ്ക്കം പരിഹാരം കണ്ടില്ലെങ്കിൽ പുതിയ മലയാള ചിത്രങ്ങൾ റിലീസ് ചെയ്യില്ലെന്ന് ഫിയോക് അറിയിച്ചു.

സിംഗിൾ സ്‌ക്രീൻ തിയേറ്ററുകളെ ഒതുക്കി മൾട്ടിപ്ലക്‌സുകളെ നിർമാതാക്കൾ സഹായിക്കുന്നുവെന്നും ഫിയോക് ഭാരവാഹികൾ ആരോപിച്ചു. ഫിയോകിന്റെ തീരുമാനം പുതിയ ചിത്രങ്ങളുടെ റീലിസ് പ്രതിസന്ധിയിലാക്കും. നിലവിൽ തിയേറ്ററുകളിലുള്ള സിനിമകളുടെ പ്രദർശനം തുടരും. എന്നാൽ, റിലീസ് നിർത്തിവെയ്ക്കും എന്ന് അറിയിച്ചിട്ടില്ലെന്നാണ് ഫിലിം ചേമ്പർ അറിയിച്ചിരിക്കുന്നത്.

തിരുവനന്തപുരം: ജനുവരി മാസം ജനപ്രീതിയിൽ ഏറ്റവും മുന്നിലുള്ള അഞ്ച് മലയാളി നായക താരങ്ങളുടെ ലിസ്റ്റ് പുറത്തുവിട്ട് ഓർമാക്സ് മീഡിയ. മലയാളത്തിന്റെ മഹാനടൻ മോഹൻലാലാണ് ലിസ്റ്റിൽ ഒന്നാം സ്ഥാനത്തുള്ളത്. രണ്ടാം സ്ഥാനത്ത് സൂപ്പർ താരം മമ്മൂട്ടിയാണ്. മൂന്നാം സ്ഥാനത്ത് ഫഹദ് ഫാസിലാണുള്ളത്.

നാലാം സ്ഥാനം നേടിയിരിക്കുന്നത് യുവതാരം ടൊവിനോ തോമസാണ്. പൃഥ്വിരാജ് സുകുമാരൻ ആണ് അഞ്ചാം സ്ഥാനം നേടിയിരിക്കുന്നത്. കഴിഞ്ഞ ദിവസം, ജനുവരി മാസം തമിഴ് സിനിമാ ലോകത്ത് മുൻനിരയിലുള്ള നായികാ താരങ്ങളുടെ പട്ടികയും് ഓർമാക്സ് മീഡിയ പുറത്തുവിട്ടിരുന്നു. നയൻതാരയാണ് ഈ പട്ടികയിൽ ഒന്നാം സ്ഥാനം നേടിയിരിക്കുന്നത്. തൃഷ രണ്ടാംസ്ഥാനത്തും സാമന്ത മൂന്നാം സ്ഥാനത്തുമുണ്ട്. മലയാളിയായ കീർത്തി സുരേഷാണ് പട്ടികയിൽ നാലാം സ്ഥാനത്തുള്ളത്.

പട്ടികയിൽ അഞ്ചാം സ്ഥാനത്ത് തമന്നയും ആറാം സ്ഥാനത്ത് ക്യാപ്റ്റൻ മില്ലർ എന്ന ഹിറ്റ് ചിത്രത്തിലെ നായികയായി ശ്രദ്ധയാകർഷിച്ച പ്രിയങ്ക മോഹനും ഏഴാം സ്ഥാനത്ത് ജ്യോതികയുമാണ്. സായ് പല്ലവി എട്ടാം സ്ഥാനവും രശ്മിക മന്ദാന ഒൻപതാം സ്ഥാനവും കാജൽ അഗർവാൾ പത്താം സ്ഥാനവും നേടി.

നാദിർഷ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമായ വൺസ് അപ്പോൺ എ ടൈം ഇൻ കൊച്ചിയുടെ റിലീസ് തീയതി പ്രഖ്യാപിച്ചു. നവാഗതരെ പ്രധാന കഥാപാത്രങ്ങളാക്കി ഒരുക്കുന്ന കോമഡി ത്രില്ലറാണ് ചിത്രം. റാഫിയാണ് ചിത്രത്തിന്റെ തിരക്കഥ എഴുതിയിരിക്കുന്നത്. റാഫിയുടെ മകൻ മുബിൻ റാഫിയാണ് ചിത്രത്തിൽ നായകനായി എത്തുന്നത്.

ഫെബ്രുവരി 23 നാണ് ചിത്രത്തിന്റെ റിലീസ്. ചിത്രത്തിൽ നായികയായി എത്തുന്നത് ദേവിക സഞ്ജയ് ആണ്. അർജുൻ അശോകനും ഷൈൻ ടോം ചാക്കോയുമാണ് ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നത്. ഹിഷാം അബ്ദുൽ വഹാബ് ചിത്രത്തിൽ സംഗീതം നൽകിയിരിക്കുന്നത്. ഷാജി കുമാറാണ് ഛായാഗ്രാഹകൻ. എഡിറ്റിംഗ് ഷമീർ മുഹമ്മദും മേക്കപ്പ് റോണെക്സ് സേവ്യറുമാണ് നിർവ്വഹിക്കുന്നത്. ദീപക് നാരായൺ ആണ് അസോസിയേറ്റ് ഡയറക്ടർ. മഞ്ജു ഗോപിനാഥ് ആണ് പിആർഒ.

കലന്തൂർ എന്റർടൈൻമെന്റ്‌സിന്റെ ബാനറിൽ കലന്തൂർ തന്നെയാണ് സിനിമ നിർമ്മിച്ചിരിക്കുന്നത്.

കൊച്ചി: ദിലീപിനെ നായകനാക്കി രതീഷ് രഘുനന്ദൻ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ‘തങ്കമണി’ എന്ന ചിത്രത്തിന്റെ പേര് മാറ്റണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച ഹർജിയിൽ അന്തിമ തീരുമാനം കൈക്കൊള്ളാൻ സെൻസർ ബോർഡിനെ ചുമതലപ്പെടുത്തി ഹൈക്കോടതി. ചിത്രം കണ്ട ശേഷം സെൻസർ ബോർഡിന് ഉചിതമായ തീരുമാനം സ്വീകരിക്കാമെന്നാണ് ഹൈക്കോടതി വ്യക്തമാക്കിയിരിക്കുന്നത്. ചിത്രത്തിന്റെ സെൻസർ നടപടികൾക്ക് സ്റ്റേയില്ലെന്നും കോടതി അറിയിച്ചു.

സെൻസർ നടപടികൾ പൂർത്തീകരിച്ച ശേഷം ചിത്രത്തിന്റെ റിലീസ് ഡേറ്റ് പ്രഖ്യാപിക്കും. സൂപ്പർ ഗുഡ് ഫിലിംസിന്റെ ബാനറിൽ ആർ ബി ചൗധരിയും ഇഫാർ മീഡിയയുടെ ബാനറിൽ റാഫി മതിരയും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. അഡ്വക്കേറ്റ് മുഹമ്മദ് സിയാദാണ് ഹൈക്കോടതിയിൽ നിർമ്മാതാക്കൾക്ക് വേണ്ടി ഹാജരായത്.

നീത പിള്ളയും പ്രണിത സുഭാഷുമാണ് ചിത്രത്തിലെ നായികമാർ. ദിലീപിന്റെ 148-ാമത് സിനിമയാണ് തങ്കമണി. അജ്മൽ അമീർ, സിദ്ദിഖ്, മനോജ് കെ. ജയൻ, മേജർ രവി, സന്തോഷ് കീഴാറ്റൂർ, അസീസ് നെടുമങ്ങാട്, മാളവിക മേനോൻ, രമ്യ പണിക്കർ, മുക്ത, ശിവകാമി, അംബിക മോഹൻ, തുടങ്ങിയവരും ചിത്രത്തിലുണ്ട്. തമിഴ് താരങ്ങളായ ജോൺ വിജയ്, സമ്പത്ത് റാം എന്നിവരു ചിത്രത്തിൽ വേഷമിടുന്നു.

ന്യൂഡൽഹി: രാജ്യസഭയിലേക്ക് അഞ്ചാം തവണയും നടി ജയാ ബച്ചനെ നാമനിർദേശം ചെയ്തു. സമാജ് വാദി പാർട്ടിയാണ് ജയാ ബച്ചനെ രാജ്യസഭയിലേക്ക് നാമനിർദ്ദേശം ചെയ്തത്. ജയ ബച്ചൻ 2004 മുതൽ രാജ്യസഭയിൽ അംഗമാണ്. രാജ്യസഭാ തിരഞ്ഞെടുപ്പ് ഫെബ്രുവരി 27-നാണ്. ഉത്തർപ്രദേശിൽ സമാജ് വാദി പാർട്ടി എല്ലാ സ്ഥാനാർഥികളെയും പ്രഖ്യാപിച്ചു കഴിഞ്ഞു.

അതേസമയം, ജയ ബച്ചൻ നാമനിർദ്ദേശപത്രിക സമർപ്പിക്കുന്നതിന്റെ ഭാഗമായി സ്വത്ത് വിവരങ്ങളുടെ രേഖകൾ സമർപ്പിച്ചു. ജയയുടെയും ഭർത്താവും നടനുമായ അമിതാഭ് ബച്ചന്റെയും ഉടമസ്ഥതയിലുള്ള സ്ഥാവരജംഗമ വസ്തുക്കളുടെ വിവരമാണ് നൽകിയിരിക്കുന്നത്. ഇവരുടെ ജംഗമ സ്വത്തുക്കൾ ഏതാണ്ട് 849 കോടിയോളം വരുമെന്നാണ് റിപ്പോർട്ട്. ഇരുവരുടെയും സ്ഥാവര വസ്തുക്കളുടെ മൂല്യം 729 കോടിയാണെന്ന് ഇന്ത്യ ടുഡേ റിപ്പോർട്ട് ചെയ്യുന്നു.

10 കോടിയാണ് ജയ ബച്ചന്റെ പേരിൽ ബാങ്കിൽ നിക്ഷേപിച്ചിരിക്കുന്നത്. അമിതാഭ് ബച്ചന്റേത് 120 കോടിയോളം വരുമെന്നും ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ജയയുടെ പക്കൽ 41 കോടിയോളം മൂല്യമുള്ള ആഭരണങ്ങളും അമിതാഭ് ബച്ചന്റെ കൈയ്യിൽ 25 കോടിയോളം മൂല്യമുള്ള ആഭരണങ്ങളുമുണ്ട്.

പതിനേഴോളം വാഹനങ്ങളും ഇവർക്കുണ്ട്. രണ്ട് ബെൻസും ഒരു റേഞ്ച് റോവറും ഇതിൽ ഉൾപ്പെടുന്നു. എല്ലാത്തിനും ചേർന്ന് 18 കോടിയോളം രൂപ വിലവരും.