പുതിയ മലയാള സിനിമകളുടെ തിയേറ്റർ റിലീസ് വ്യാഴാഴ്ച മുതൽ നിർത്തിവയ്ക്കും; ഫിയോക്

കൊച്ചി: പുതിയ മലയാള സിനിമകളുടെ തിയേറ്റർ റിലീസ് വ്യാഴാഴ്ച മുതൽ നിർത്തിവയ്ക്കുമെന്ന് തിയേറ്ററുടമകളുടെ സംഘടന ഫിയോക്. തിയേറ്ററുകളിൽ റീലിസ് ചെയ്യുന്ന മലയാള ചിത്രങ്ങൾ ധാരണ ലംഘിച്ച് നിർമ്മാതാക്കൾ ഒടിടിക്ക് നൽകുകയാണെന്നും ഇതിൽ പ്രതിഷേധിച്ചാണ് റിലീസ് നിർത്തിവെയ്ക്കുന്നതെന്നുമാണ് ഫിയോക് അറിയിച്ചിരിക്കുന്നത്. 42 ദിവസത്തിന് ശേഷമേ ചിത്രങ്ങൾ ഒടിടിയിൽ നൽകുകയുള്ളു എന്ന ധാരണ പലരും തെറ്റിച്ചുവെന്നാണ് അസോസിയേഷൻ ഭാരവാഹികൾ ആരോപിക്കുന്നത്.

റിലീസ് സമയത്തെ നിർമാതാക്കളുടെ തിയേറ്റർ വിഹിതം 60 ശതമാനത്തിൽ നിന്ന് 55 ശതമാനമായി കുറയ്ക്കണമെന്ന ആവശ്യവും ഫിയോക് മുന്നോട്ടുവെച്ചിട്ടുണ്ട്. ഇക്കാര്യത്തിൽ ബുധനാഴ്ചയ്ക്കം പരിഹാരം കണ്ടില്ലെങ്കിൽ പുതിയ മലയാള ചിത്രങ്ങൾ റിലീസ് ചെയ്യില്ലെന്ന് ഫിയോക് അറിയിച്ചു.

സിംഗിൾ സ്‌ക്രീൻ തിയേറ്ററുകളെ ഒതുക്കി മൾട്ടിപ്ലക്‌സുകളെ നിർമാതാക്കൾ സഹായിക്കുന്നുവെന്നും ഫിയോക് ഭാരവാഹികൾ ആരോപിച്ചു. ഫിയോകിന്റെ തീരുമാനം പുതിയ ചിത്രങ്ങളുടെ റീലിസ് പ്രതിസന്ധിയിലാക്കും. നിലവിൽ തിയേറ്ററുകളിലുള്ള സിനിമകളുടെ പ്രദർശനം തുടരും. എന്നാൽ, റിലീസ് നിർത്തിവെയ്ക്കും എന്ന് അറിയിച്ചിട്ടില്ലെന്നാണ് ഫിലിം ചേമ്പർ അറിയിച്ചിരിക്കുന്നത്.