എഐ വഴി എസ് പി ബാലസുബ്രഹ്മണ്യത്തിന്റെ ശബ്ദം പുനഃസൃഷ്ടിച്ചു; പരാതിയുമായി കുടുംബം

ചെന്നൈ: ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എഐ) വഴി അനുമതിയില്ലാതെ എസ് പി ബാലസുബ്രഹ്മണ്യത്തിന്റെ ശബ്ദം പുനഃസൃഷ്ടിച്ചതിനെതിരെ പരാതിയുമായി രംഗത്തെത്തി കുടുംബം. തെലുങ്ക് സിനിമ കീട കോളയുടെ നിർമ്മാതാക്കൾക്കും സംഗീത സംവിധായകനുമെതിരെയാണ് എസ് പി ബാലസുബ്രഹ്മണ്യത്തിന്റെ (എസ്പിബി) കുടുംബം രംഗത്തെത്തിയിരിക്കുന്നത്. ഇവർക്ക് കുടുംബം വക്കീൽ നോട്ടീസ് നൽകി. നോട്ടീസ് അയച്ചിരിക്കുന്നത് എസ്പിബിയുടെ മകൻ എസ് പി കല്യാൺ ചരൺ ആണ്. കീഡ കോള സിനിമയുടെ നിർമ്മാതാവും സംഗീതസംവിധായകനും ക്ഷമാപണം നടത്തണമെന്നും നഷ്ടപരിഹാരം നൽകണമെന്നും, റോയൽറ്റി തുക പങ്കുവയ്ക്കണമെന്നും നോട്ടീസിൽ ആവശ്യപ്പെട്ടുന്നു.

അന്തരിച്ച ഗായകന്റെ ശബ്ദത്തിന്റെ അനശ്വരത നിലനിർത്താൻ സാങ്കേതികവിദ്യ ഉപയോഗിക്കുന്നതിന് കുടുംബത്തിന്റെ പിന്തുണയുണ്ടാകും. എന്നാൽ വാണിജ്യ ആവശ്യങ്ങൾക്കായി കുടുംബത്തിന്റെ അറിവോ സമ്മതമോ ഇല്ലാതെ ഇത് ചെയ്യുന്നതിൽ നിരാശരാണെന്നാണ് നോട്ടീസിൽ വ്യക്തമാക്കുന്നത്.

നിയമത്തിന്റെ വഴിയിൽ തന്നെ ഇത്തരം കാര്യങ്ങൾ നേരിടാനാണ് തയ്യാറെടുക്കുന്നത്. ഏത് സാങ്കേതികവിദ്യയും മനുഷ്യരാശിക്ക് പ്രയോജനപ്പെടണം, പക്ഷെ ആരുടെയെങ്കിലും ഉപജീവന മാർഗം അത് തടയരുത്. ഈ സാഹചര്യത്തിൽ എസ്.പി.ബിയുടെ പാരമ്പര്യം തുടരാൻ നിയമപരമായ വഴി തന്നെ തേടുവാൻ കുടുംബം തീരുമാനിക്കുകയായിരുന്നുവെന്നും ചരൺ വിശദമാക്കി.