പതിനേഴോളം വാഹനങ്ങൾ; ജയാ ബച്ചന്റെയും അമിതാഭ് ബച്ചന്റെയും സമ്പാദ്യ കണക്കുകൾ പുറത്ത്

ന്യൂഡൽഹി: രാജ്യസഭയിലേക്ക് അഞ്ചാം തവണയും നടി ജയാ ബച്ചനെ നാമനിർദേശം ചെയ്തു. സമാജ് വാദി പാർട്ടിയാണ് ജയാ ബച്ചനെ രാജ്യസഭയിലേക്ക് നാമനിർദ്ദേശം ചെയ്തത്. ജയ ബച്ചൻ 2004 മുതൽ രാജ്യസഭയിൽ അംഗമാണ്. രാജ്യസഭാ തിരഞ്ഞെടുപ്പ് ഫെബ്രുവരി 27-നാണ്. ഉത്തർപ്രദേശിൽ സമാജ് വാദി പാർട്ടി എല്ലാ സ്ഥാനാർഥികളെയും പ്രഖ്യാപിച്ചു കഴിഞ്ഞു.

അതേസമയം, ജയ ബച്ചൻ നാമനിർദ്ദേശപത്രിക സമർപ്പിക്കുന്നതിന്റെ ഭാഗമായി സ്വത്ത് വിവരങ്ങളുടെ രേഖകൾ സമർപ്പിച്ചു. ജയയുടെയും ഭർത്താവും നടനുമായ അമിതാഭ് ബച്ചന്റെയും ഉടമസ്ഥതയിലുള്ള സ്ഥാവരജംഗമ വസ്തുക്കളുടെ വിവരമാണ് നൽകിയിരിക്കുന്നത്. ഇവരുടെ ജംഗമ സ്വത്തുക്കൾ ഏതാണ്ട് 849 കോടിയോളം വരുമെന്നാണ് റിപ്പോർട്ട്. ഇരുവരുടെയും സ്ഥാവര വസ്തുക്കളുടെ മൂല്യം 729 കോടിയാണെന്ന് ഇന്ത്യ ടുഡേ റിപ്പോർട്ട് ചെയ്യുന്നു.

10 കോടിയാണ് ജയ ബച്ചന്റെ പേരിൽ ബാങ്കിൽ നിക്ഷേപിച്ചിരിക്കുന്നത്. അമിതാഭ് ബച്ചന്റേത് 120 കോടിയോളം വരുമെന്നും ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ജയയുടെ പക്കൽ 41 കോടിയോളം മൂല്യമുള്ള ആഭരണങ്ങളും അമിതാഭ് ബച്ചന്റെ കൈയ്യിൽ 25 കോടിയോളം മൂല്യമുള്ള ആഭരണങ്ങളുമുണ്ട്.

പതിനേഴോളം വാഹനങ്ങളും ഇവർക്കുണ്ട്. രണ്ട് ബെൻസും ഒരു റേഞ്ച് റോവറും ഇതിൽ ഉൾപ്പെടുന്നു. എല്ലാത്തിനും ചേർന്ന് 18 കോടിയോളം രൂപ വിലവരും.