മലൈക്കോട്ടൈ വാലിബൻ ഒടിടിയിലേക്ക്

മലയാളത്തിന്റെ മഹാനടൻ മോഹൻലാൽ നായകനായെത്തി ലിജോ ജോസ് പെല്ലിശേരി സംവിധാനം ചെയ്ത മലൈക്കോട്ടൈ വാലിബൻ ഒടിടിയിലേക്ക്. ഫെബ്രുവരി 23 ന് ചിത്രം ഒടിടിയിൽ റിലീസ് ചെയ്യുമെന്നാണ് റിപ്പോർട്ട്. ഡിസ്‌നി പ്ലസ് ഹോട്സ്റ്റാറിന് ആണ് ചിത്രത്തിന്റെ സ്ട്രീമിംഗ് അവകാശം വിറ്റു പോയിരിക്കുന്നത്.

വേൾഡ് ടെലിവിഷൻ പ്രീമിയർ അവകാശം വിറ്റു പോയിരിക്കുന്നത് ഏഷ്യാനെറ്റിനാണ്. മലൈക്കോട്ടൈ വാലിബൻ റിലീസ് ചെയ്തത് ജനുവരി 25 നാണ്. ലിജോയും മോഹൻലാലും ഒന്നിച്ച ആദ്യ ചിത്രമാണ് മലൈക്കോട്ടൈ വാലിബൻ. സൊനാലി കുൽക്കർണി,ഹരീഷ് പേരടി, ഡാനിഷ് സേഠ്, മണികണ്ഠൻ ആചാരി, മനോജ് മോസസ് തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് താരങ്ങൾ.

ചിത്രം നിർമ്മിച്ചിരിക്കുന്നത് ഷിബു ബേബി ജോൺ, അച്ചു ബേബി ജോൺ എന്നിവരുടെ നേതൃത്വത്തിലുള്ള ജോൺ ആൻഡ് മേരി ക്രിയേറ്റിവിസ്, കൊച്ചുമോന്റെ ഉടമസ്ഥതയിലുള്ള സെഞ്ച്വറി ഫിലിംസ്, അനൂപിന്റെ മാക്‌സ് ലാബ്, വിക്രം മെഹ്റ, സിദ്ധാർഥ് ആനന്ദ് കുമാർ എന്നിവരുടെ ഉടമസ്ഥയിലുള്ള സരിഗമ ഇന്ത്യാ ലിമിറ്റഡ് എന്നിവർ ചേർന്നാണ്. പി എസ് റഫീക്കിന്റേതാണ് ചിത്രത്തിന്റെ തിരക്കഥ.