കൊച്ചി: ദിലീപിനെ നായകനാക്കി രതീഷ് രഘുനന്ദൻ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ‘തങ്കമണി’ എന്ന ചിത്രത്തിന്റെ പേര് മാറ്റണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച ഹർജിയിൽ അന്തിമ തീരുമാനം കൈക്കൊള്ളാൻ സെൻസർ ബോർഡിനെ ചുമതലപ്പെടുത്തി ഹൈക്കോടതി. ചിത്രം കണ്ട ശേഷം സെൻസർ ബോർഡിന് ഉചിതമായ തീരുമാനം സ്വീകരിക്കാമെന്നാണ് ഹൈക്കോടതി വ്യക്തമാക്കിയിരിക്കുന്നത്. ചിത്രത്തിന്റെ സെൻസർ നടപടികൾക്ക് സ്റ്റേയില്ലെന്നും കോടതി അറിയിച്ചു.
സെൻസർ നടപടികൾ പൂർത്തീകരിച്ച ശേഷം ചിത്രത്തിന്റെ റിലീസ് ഡേറ്റ് പ്രഖ്യാപിക്കും. സൂപ്പർ ഗുഡ് ഫിലിംസിന്റെ ബാനറിൽ ആർ ബി ചൗധരിയും ഇഫാർ മീഡിയയുടെ ബാനറിൽ റാഫി മതിരയും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. അഡ്വക്കേറ്റ് മുഹമ്മദ് സിയാദാണ് ഹൈക്കോടതിയിൽ നിർമ്മാതാക്കൾക്ക് വേണ്ടി ഹാജരായത്.
നീത പിള്ളയും പ്രണിത സുഭാഷുമാണ് ചിത്രത്തിലെ നായികമാർ. ദിലീപിന്റെ 148-ാമത് സിനിമയാണ് തങ്കമണി. അജ്മൽ അമീർ, സിദ്ദിഖ്, മനോജ് കെ. ജയൻ, മേജർ രവി, സന്തോഷ് കീഴാറ്റൂർ, അസീസ് നെടുമങ്ങാട്, മാളവിക മേനോൻ, രമ്യ പണിക്കർ, മുക്ത, ശിവകാമി, അംബിക മോഹൻ, തുടങ്ങിയവരും ചിത്രത്തിലുണ്ട്. തമിഴ് താരങ്ങളായ ജോൺ വിജയ്, സമ്പത്ത് റാം എന്നിവരു ചിത്രത്തിൽ വേഷമിടുന്നു.

