നടൻ സുദേവ് നായർ വിവാഹിതനായി

തൃശൂർ: സിനിമാ നടൻ സുദേവ് നായർ വിവാഹിതനായി. ഗുരുവായൂർ ക്ഷേത്രത്തിൽ വെച്ചാണ് വിവാഹ ചടങ്ങുകൾ നടന്നത്. അമർദീപ് കൗർ ആണ് സുദേവ് നായരുടെ വധു. നിരവധി സിനിമകളിൽ ശ്രദ്ധേയമായ വേഷങ്ങളിലെത്തിയ താരമാണ് സുദേവ്. അനാർക്കലി, കരിങ്കുന്നം 6’എസ്, എസ്ര, കായംകുളം കൊച്ചുണ്ണി, അബ്രഹാമിന്റെ സന്തതികൾ, മിഖായേൽ, അതിരൻ, മാമാങ്കം, വൺ, ഭീഷ്മപർവ്വം, പത്തൊൻപതാം നൂറ്റാണ്ട്, തുറമുഖം, തൃശൂർ പൂരം തുടങ്ങി നിരവധി സിനിമകളിൽ സുദേവ് അഭിനയിച്ചിട്ടുണ്ട്.

സൗമിക് സെൻ സംവിധാനം ചെയ്ത ഗുലാബ് ഗാംഗ് എന്ന ഹിന്ദി ചിത്രത്തിലൂടെയാണ് സുദേവ് സിനിമാ ലോകത്തേക്ക് എത്തുന്നത്. 2014 ൽ ആണ് ഈ ചിത്രം റിലീസ് ചെയ്തത്. മൈ ലൈഫ് പാർട്ണർ എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച നടനുള്ള അവാർഡും നടന് ലഭിച്ചിട്ടുണ്ട്. മലയാളിയായ സുദേവ് നായർ മുംബൈയിൽ ആണ് ജനിച്ചത്. പൂനെയിലെ ഫിലിം ആൻഡ് ടെലിവിഷൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയിൽ നിന്ന് അഭിനയത്തിൽ ബിരുദാനന്തര ബിരുദവും നേടിയ വ്യക്തിയാണ് സുദേവ്. ബ്രേക്ക് ഡാൻസ്, ബോക്‌സിംഗ്, കരാട്ടെ, ജൂഡോ, കളരി പയറ്റ് തുടങ്ങിയവയിലെല്ലാം സുദേവിന് പരിശീലനവും ലഭിച്ചിട്ടുണ്ട്.

സുദേവിന്റെ വിവാഹ ചടങ്ങിന്റെ ചിത്രങ്ങൾ സാമൂഹ്യ മാദ്ധ്യമങ്ങളിൽ വൈറലായി കഴിഞ്ഞു.