മുംബൈ: റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി തനിക്ക് നൽകിയ ഉപദേശം പങ്കുവെച്ച് ബോളിവുഡ് താരം രൺബീർ കപൂർ. മുകേഷ് ഭായിയിൽ നിന്ന് താൻ ഒരുപാട് പ്രചോദനം ഉൾക്കൊണ്ടിട്ടുണ്ടെന്ന് രൺബീർ കബൂർ പറഞ്ഞു. നിങ്ങളുടെ തല താഴ്ത്തി ജോലി തുടരുക. വിജയം നിങ്ങളുടെ തലയിലേക്കും പരാജയം നിങ്ങളുടെ ഹൃദയത്തിലേക്കും കൊണ്ടുപോകരുതെന്നാണ് അദ്ദേഹം ഒരിക്കൽ നൽകിയ ഉപദേശമെന്ന് താരം വ്യക്തമാക്കി. ലോക്മത് മഹാരാഷ്ട്രിയൻ ഓഫ് ദി ഇയർ അവാർഡ് ദാന ചടങ്ങിലായിരുന്നു അദ്ദേഹത്തിന്റെ പരാമർശം.
താൻ ജീവിതത്തിൽ പിന്തുടരുന്ന മൂന്ന് നിയമങ്ങളെ കുറിച്ചും രൺബീർ പരാമർശിച്ചു. തനിക്ക് ജീവിതത്തിൽ മൂന്ന് ലളിതമായ ലക്ഷ്യങ്ങളുണ്ട്. വിനയത്തോടെ അർത്ഥവത്തായ ജോലി ചെയ്യുക എന്നതാണ് തന്റെ ആദ്യ ലക്ഷ്യം. ഒരു നല്ല വ്യക്തിയാകുക എന്നതാണ് തന്റെ രണ്ടാമത്തെ ലക്ഷ്യം. ഒരു നല്ല മകനും നല്ല പിതാവും നല്ല ഭർത്താവും സഹോദരനും സുഹൃത്തും ആകാൻ താൻ ആഗ്രഹിക്കുന്നു. ഏറ്റവും പ്രധാനമായി, ഞാൻ ഒരു നല്ല പൗരനാകാൻ ആഗ്രഹിക്കുന്നുവെന്നും അതാണ് തന്റെ മൂന്നാമത്തെ ലക്ഷ്യമെന്നും രൺബീർ കബൂർ കൂട്ടിച്ചേർത്തു.
മുകേഷ് അംബാനിയുടെ മകൻ ആകാശ് അംബാനിയുടെ അടുത്ത സുഹൃത്താണ് രൺബീർ കപൂർ. അയോധ്യ രാമക്ഷേത്ര പ്രാണപ്രതിഷ്ഠാ ചടങ്ങിൽ ആകാശ് അംബാനിക്കൊപ്പം രൺബീർ പങ്കെടുത്തിരുന്നു.

