ഇന്ത്യയുടെ ചന്ദ്രയാൻ -3 ദൗത്യം വിജയകരമായപ്പോൾ സുശാന്തിനെ ഓർത്ത് ആരാധകർ

മരണമടഞ്ഞ് മൂന്നുവർഷം കഴിയുമ്പോഴും സോഷ്യൽ മീഡിയയിൽ ചർച്ചാവിഷയമാവുകയാണ് ബോളിവുഡ് നടൻ സുശാന്ത് സിംഗ് രാജ്പുട്ട്. ഇന്ത്യയുടെ ചാന്ദ്രദൗത്യം വിജയകരമായി സേഫ് ലാൻഡ് ചെയ്തപ്പോൾ ആരാധകർ ഏറ്റവും ഓർത്തത് സുശാന്തിനെയാകും. ചന്ദ്രനിൽ സ്വന്തമായി ഭൂമിയുള്ള ടെലിസ്കോപ്പിലൂടെ വാനനിരീക്ഷണം സ്ഥിരമായി ചെയ്തിരുന്ന അതിലുപരി ബഹിരാകാശ സഞ്ചാരിയാകാൻ ആഗ്രഹിച്ച നടനായിരുന്നു സുശാന്ത്. ബോളിവുഡിൽ നടനായി തിളങ്ങിയപ്പോഴും തന്റെ ഭൗതികശാസ്ത്രത്തിലെ പ്രാവീണ്യം കൊണ്ട് ഭൂമിയെയും ബഹിരാകാശത്തെയും ചന്ദ്രനെയും പറ്റി പഠിക്കാൻ താരം കുറെ ശ്രമിച്ചിരുന്നു.

2018 ൽ ചന്ദ്രനിലേക്ക് പോകുന്ന കഥ പറയുന്ന ‘ചന്ദാ മാമാ ദൂർ കെ’ എന്ന ചിത്രത്തിൽ അഭിനയിക്കാനായി താരം തീരുമാനിച്ചിരുന്നു. ആ ചിത്രത്തിൽ ഒരു ബഹിരാകാശ സഞ്ചാരിയുടെ വേഷമായിരുന്നു സുശാന്തിന് നൽകാൻ സംവിധായകൻ തീരുമാനിച്ചിരുന്നത്. സിനിമയുടെ പ്രൊഡക്ഷൻ വർക്കുകൾക്ക് മാത്രം 67 കോടി വേണ്ടി വരുമെന്ന കാരണത്താലാണ് ചിത്രം എടുക്കാനുള്ള തീരുമാനം തന്നെ നിന്നു പോയത് . ഈ സിനിമയിൽ അഭിനയിക്കുന്നതിനു വേണ്ടി ആസ്‌ട്രോണട്ട് ആവാനുള്ള നാസയുടെ 2 വർഷത്തെ പ്രത്യേക ട്രെയിനിങ് നടൻ സ്വീകരിച്ചിരുന്നു. ‘ഞാൻ കുറച്ചു നാൾ കൂടി നാസയിൽ ട്രെയിനിങ് സ്വീകരിച്ചിരുന്നെങ്കിൽ എനിക്ക് ഇൻസ്ട്രക്ടർ ആകാം’ എന്നായിരുന്നു സുശാന്ത് അന്ന് സോഷ്യൽ മീഡിയയിൽ കുറിച്ചത്.