Entertainment (Page 36)

രൺബീർ കപൂർ നായകനാകുന്ന രാമായണം എന്ന ചിത്രത്തിൽ അഭിനയിക്കാനില്ലെന്ന് വിജയ് സേതുപതി വ്യക്തമാക്കിയതായി റിപ്പോർട്ട്. നിതീഷ് തിവാരി സംവിധാനത്തിൽ രൺബീർ കപൂർ നായകനായി എത്തുന്ന രാമായണം എന്ന ചിത്രത്തിൽ രാവണന്റെ ഇളയ സഹോദരനായ വിഭീഷണനായി പരിഗണിക്കുന്നത് വിജയ് സേതുപതിയെ ആണെന്ന റിപ്പോർട്ടുകളുണ്ടായിരുന്നു. ഈ വാർത്തകൾക്ക് പിന്നാലെയാണ് താത്പര്യ മില്ലെന്ന് അറിയിച്ച് വിജയ് സേതുപതി രംഗത്തെത്തിയതെന്നാണ് വിവരം.

ഇനി അധികം വില്ലൻ വേഷങ്ങൾ അവതരിപ്പിക്കാൻ ആഗ്രഹിക്കുന്നില്ലെന്ന തീരുമാനത്തിൽ ഉറച്ചുനിൽക്കാനാണ് വിജയ് സേതുപതിയുടെ തീരുമാനം. ഇക്കാര്യം ചൂണ്ടിക്കാട്ടിയാണ് വിജയ് സേതപതി ഈ വേഷം നിരസിച്ചതെന്നും റിപ്പോർട്ടുകളുണ്ട്. വിജയ് സേതുപതിയ്ക്ക് പകരം ഹർമൻ ബവേജയെ ഈ വേഷം ചെയ്യാനായി തിരഞ്ഞെടുത്തുവെന്ന സൂചനകളും പുറത്തു വരുന്നുണ്ട്.

മൂന്ന് ഭാഗങ്ങളായിട്ടാണ് ചിത്രം ഒരുങ്ങുന്നത്. നിലവിൽ ഈ ചിത്രം പ്രീ – പ്രൊഡക്ഷൻ ഘട്ടത്തിലാണ്. 2025ൽ ചിത്രം റിലീസ് ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്. ചിത്രത്തിലെ ആദ്യ ഭാഗം സീതയെ തട്ടിക്കൊണ്ടു പോകുന്നതാണ്.

ആരാധകർക്ക് പ്രിയപ്പെട്ട ടെലിവിഷൻ അവതാരകരിൽ ഒരാളാണ് ലക്ഷ്മി നക്ഷത്ര. തന്റെ വിശേഷങ്ങൾ എല്ലാം തന്നെ ലക്ഷ്മി നക്ഷത്ര സ്വന്തം യൂട്യൂബ് ചാനലിലൂടെ ആരാധകരോട് പങ്കുവെക്കാറുണ്ട്. ഈ വീഡിയോകൾക്ക് സ്വീകാര്യത ഏറെയാണ്. അത്തരത്തിൽ ലക്ഷ്മി നക്ഷത്ര പങ്കുവെച്ച ഒരു വീഡിയോയാണ് ഇപ്പോൾ വൈറലാകുന്നത്. നടി മോളി കണ്ണമാലിയെ കാണാൻ എത്തിയ ലക്ഷ്മിയാണ് വീഡിയോയിൽ ഉള്ളത്.

മോളി കണ്ണമാലിയുടെ വീട്ടിൽ ലക്ഷ്മി എത്തിയിരുന്നു. മോളി കണ്ണമാലിയുടെ മക്കളെയും കൊച്ചു മക്കളെയും എല്ലാം ലക്ഷ്മി കാണുന്നുണ്ട്. ലക്ഷ്മി നക്ഷത്ര നല്ലൊരു മനസ്സിന്റെ ഉടമയാണ് എന്നാണ് മോളി കണ്ണമാലി പറയുന്നത്. ഇവൾ നല്ലൊരു മനസ്സിന്റെ ഉടമയാണെന്ന് താൻ എവിടെയും പറയും. ദൈവം കുഞ്ഞിന് നല്ല ആയുസ്സ് കൊടുക്കട്ടെ. എനിക്ക് അത്രയുമേ പ്രാർത്ഥിക്കാനുള്ളൂ. ഒരു മനുഷ്യനും ചെയ്യാത്ത പല കാര്യങ്ങളും സുധിയുടെ കുടുംബത്തിനുവേണ്ടി ഇവൾ ചെയ്തു കൊടുക്കുന്നുണ്ടെന്നും മോളി കണ്ണമാലി കൂട്ടിച്ചേർത്തു.

ലക്ഷ്മിയോട് തനിക്ക് വലിയ സ്നേഹവും നന്ദിയും കടപ്പാടും ഉണ്ടെന്നും മോളി കണ്ണമാലി വ്യക്തമാക്കി.

ഒരു സംവിധായകൻ എന്ന നിലയിൽ തനിക്ക് ബ്ലെസിയോട് അളവില്ലാത്ത അസൂയയുണ്ടെന്ന് വെളിപ്പെടുത്തി നടൻ പൃഥ്വിരാജ്. കൊച്ചിയിൽ നടന്ന ആടുജീവിതം സിനിമയുടെ പ്രസ് മീറ്റിൽ മാധ്യമങ്ങളോട് സംസാരിക്കവെയാണ് താരത്തിന്റെ പ്രതികരണം.

ഒരു സിനിമയ്ക്ക് വേണ്ടി 18 വർഷമാണ് ബ്ലെസി മാറ്റിവെച്ചത്. എന്നാൽ അതൊരിക്കലും തന്നെക്കൊണ്ട് സാധിക്കില്ലെന്ന് പൃഥ്വിരാജ് വ്യക്തമാക്കി.

2008-2009 കാലഘട്ടത്തിൽ ബ്ലെസി ഈ സിനിമ ഏറ്റെടുക്കുമ്പോൾ അന്ന് മലയാളത്തിലെ ഏറ്റവും മികച്ച സംവിധായകരിൽ ഒരാളായിരുന്നു. ഇത്തരമൊരു വിഷൻ പുൾ ഓഫ് ചെയ്യുക എന്നത് എളുപ്പമായിരുന്നില്ല. അന്ന് മമ്മൂട്ടി, മോഹൻലാൽ മുതൽ ഏത് നടീനടൻമാരോടും ബ്ലസിയുടെ സിനിമ ചെയ്യണമെന്ന് പറഞ്ഞാൽ മറ്റെല്ലാ കാര്യങ്ങളും മാറ്റിവെച്ച് അദ്ദേഹത്തിന്റെ സിനിമയ്ക്കായി സമയം കണ്ടെത്തുമായിരുന്നു. അവിടെ നിന്നാണ് അദ്ദേഹം പതിനെട്ട് വർഷം ഒരു സിനിമയ്ക്കായി മാറ്റി വെച്ചതെന്നും താരം ചൂണ്ടിക്കാട്ടി.

ഇതിനപ്പുറം അർപ്പണ ബോധം ഒരു സംവിധായകന് തന്റെ സിനിമയോട് കാണിക്കാൻ കഴിയുമെന്ന് തനിക്ക് തോന്നുന്നില്ലെന്നും പൃഥ്വിരാജ് അഭിപ്രായപ്പെട്ടു.

സിനിമാ നടനോ, രചയിതാവോ, സംവിധായകനോ ആയിട്ടല്ല ഒരു മനുഷ്യനെന്ന നിലയിലാണ് ആടുജീവിതം തന്നെ ഏറ്റവുമധികം സ്വാധീനിച്ചത്. ആടുജീവിതത്തിന്റെ യാത്രക്കിടയിൽ തന്റെ ജീവിതം ഒരുപാട് മാറി. ഒരു നടൻ എന്ന നിലയിൽ ഒരുപാട് മാറ്റങ്ങളുണ്ടായെന്ന് വിശ്വസിക്കുന്നുവെന്നും, ഒരു സിനിമാ പ്രവർത്തകനെന്ന നിലയിൽ ഒരുപാട് മാറ്റങ്ങൾ സംഭവിച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഏറെ ആരാധകരുള്ള താരസുന്ദരിയാണ് നയൻതാര. അതിനാൽ തന്നെ നയൻതാരയുടെ വ്യക്തിജീവിതത്തെ കുറിച്ച് അറിയാൻ ആരാധകർക്ക് എപ്പോഴും ആകാംക്ഷയാണ്. നയൻതാര- വിഘ്‌നേഷ് ദമ്പതികൾ വേർപിരിയലിന്റെ വക്കിലാണെന്നുള്ള തരത്തിൽ അടുത്തിടെ വാർത്ത പ്രചരിച്ചിരുന്നു. എന്നാൽ ഈ അഭ്യൂഹങ്ങൾ വിരാമമിട്ടു കൊണ്ടുള്ള ചിത്രങ്ങളാണ് ഇപ്പോൾ സാമൂഹ്യ മാദ്ധ്യമങ്ങളിൽ പ്രചരിക്കുന്നത്. ഇരുവരും അവധിക്കാലം ആഘോഷിക്കുന്ന ചിത്രങ്ങൾ തന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെ നയൻതാര പങ്കുവെച്ചു.

സൗദി അറേബ്യയിലെ ജിദ്ദയിൽ അവധിക്കാലം ആഘോഷിക്കുകയാണ് ഇപ്പോൾ ഇരുവരും. സൗദി അറേബ്യൻ ഗ്രാൻഡ് പ്രിക്‌സ് ഇവന്റിലും ദമ്പതികൾ പങ്കെടുത്തു. ചിത്രങ്ങൽ ഇതിനോടകം തന്നെ ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു.

നയൻതാര ഇൻസ്റ്റഗ്രാമിൽ വിഘ്‌നേഷിനെ അൺഫോളോ ചെയ്തതാണ് വ്യാജ വാർത്തകളിലേക്ക് വഴിവച്ചത്. തുടർന്ന് താരം പങ്കുവച്ച ഇൻസ്റ്റഗ്രാം സ്റ്റോറിയും ശ്രദ്ധേയമായതോടെയാണ് ഇരുവരും അസ്വാരസ്യത്തിലാണെന്ന അഭ്യൂഹങ്ങൾ പ്രചരിച്ചത്. എന്നാൽ ഇപ്പോൾ ഇക്കാര്യത്തിലെല്ലാം വ്യക്തത ലഭിച്ചിരിക്കുകയാണ്. താര ദമ്പതികൾക്കിടയിൽ യാതൊരു പ്രശ്‌നവുമില്ലെന്നാണ് ചിത്രങ്ങളിൽ നിന്നും മനസിലാക്കാൻ കഴിയുന്നത്.

വാഷിംഗ്ടൺ: ഓസ്‌കാർ അവാർഡ് തിളക്കത്തിൽ ക്രിസ്റ്റഫർ നോളൻ ചിത്രം ഓപൻഹെയ്മർ. ഏഴ് പുരസ്‌കാരങ്ങളാണ് ചിത്രം സ്വന്തമാക്കിയത്. മികച്ച ചിത്രം, മികച്ച നടൻ, മികച്ച സംവിധായകൻ, മികച്ച എഡിറ്റർ, മികച്ച ഒറിജിനൽ സ്‌കോർ, മികച്ച സഹനടൻ, മികച്ച ഛായഗ്രഹണം തുടങ്ങിയ പുരസ്‌കാരങ്ങളാണ് ചിത്രത്തെ തേടിയെത്തിയത്.

മികച്ച നടനുള്ള പുരസ്‌കാരം നേടിയത് കിലിയൻ മർഫിയാണ്. മികച്ച സംവിധായകനുളള പുരസ്‌കാരം ക്രിസ്റ്റഫർ നോളനും കരസ്ഥമാക്കി. മികച്ച നടിക്കുള്ള പുരസ്‌കാരം എമ്മ സ്റ്റോൺ നേടി. പുവർതിങ്ങ്സിലെ മികവിനാണ് നടിയ്ക്ക് ഓസ്‌കാർ പുരസ്‌കാരം ലഭിച്ചത്.

റോബർട്ട് ബ്രൌണി ജൂനിയർ മികച്ച സഹനടൻ. ഓപ്പൺ ഹൈമർ എന്ന ചിത്രത്തിലെ അഭിനയത്തിനാണ് പുരസ്‌കാരം. സഹനടി ഡാവിൻ ജോയ് റാൻഡോൾഫ്, (ദ ഹോൾഡോവർസ്). ആനിമേറ്റഡ് ഷോർട്ട് ഫിലിം – ‘വാർ ഈസ് ഓവർ’, ആനിമേറ്റഡ് ഫിലിം- ‘ദ ബോയ് ആന്റ് ഹെറോൺ’

ഒറിജിനൽ സ്‌ക്രീൻപ്ലേ- ‘അനാട്ടമി ഓഫ് എ ഫാൾ,’ ജസ്റ്റിൻ ട്രയറ്റ് (ആർതർ ഹരാരി), അഡാപ്റ്റഡ് സ്‌ക്രീൻപ്ലേ- അമേരിക്കൻ ഫിക്ഷൻ(കോർഡ് ജെഫേഴ്‌സൺ) എന്നിവയും പുരസ്‌കാരത്തിന് അർഹമായി.

ഓസ്‌കാർ വേദിയിലെ മറ്റ് പുരസ്‌കാരങ്ങൾ

മികച്ച ഡോക്യുമെന്ററി ഷോർട്ട് ഫിലിം- ദ ലസ്റ്റ് റിപെയർ ഷോപ്പ്

മികച്ച എഡിറ്റർ- ജെന്നിഫർ ലേം (ഓപ്പൺ ഹൈമർ)

മികച്ച ഒറിജിനൽ സ്‌കോർ- ഓപ്പൺ ഹൈമർ

മികച്ച ഒറിജിനൽ സോങ്- ബാർബി

മികച്ച പ്രൊഡക്ഷൻ ഡിസൈൻ- പുവർ തിങ്ങ്സ് (ജയിംസ് പ്രൈസ്, ഷോണ ഹീത്ത്)

മികച്ച ഹെയർസ്റ്റെലിങ്- പുവർ തിങ്ങ്സ് (നദിയ സ്റ്റേസി, മാർക് കോളിയർ)

മികച്ച വിദേശ ഭാഷ ചിത്രം- ദ് സോൺ ഓഫ് ഇന്ററസ്റ്റ് (യുകെ)

മികച്ച ഡോക്യുമെന്ററി ഫീച്ചർ ഫിലിം- 20 ഡേയ്സ് ഇൻ മരിയോപോൾ (യുക്രൈയ്ൻ)

മികച്ച വിഷ്വൽ എഫക്ട്- ഗോഡ്സില്ല മൈനസ് വൺ (തകാശി യമാസാക്കി)

മികച്ച അനിമേറ്റഡ് ഷോർട്ട് ഫിലിമിനുള്ള പുരസ്‌കാരം വാർ ഈസ് ഓവർ

മികച്ച കോസ്റ്റ്യൂം ഡിസൈൻ പുവർ തിങ്‌സ് (ഹോളി വാഡിങ്ടൺ)

96-ാമത് ഓസ്‌കർ അവാർഡുകൾ തിങ്കളാഴ്ച്ച പ്രഖ്യാപിക്കും. ഇന്ത്യൻ സമയം രാവിലെ ഏഴ് മണിയോടെ ചടങ്ങുകൾ ആരംഭിക്കും. ഓപൻഹെയ്മറും ബാർബിയും ഉൾപ്പെടെയുള്ള ചിത്രങ്ങളാണ് ഇത്തവണ മത്സരത്തിനെത്തുന്നത്.

23 വിഭാഗങ്ങളിലായിട്ടാണ് അവാർഡുകൾ. ഡോക്യുമെന്ററി ഫീച്ചർ വിഭാഗത്തിലെ റ്റു കിൽ എ ടൈഗർ ആണ് ഒരേ ഒരു ഇന്ത്യൻ സാന്നിധ്യം. ജാർഖണ്ഡിൽ പീഡനത്തിനിരയായ പെൺകുട്ടിയുടെ കുടുംബം നീതിക്കായി നടത്തുന്ന പോരാട്ടമാണ് നിഷ പഹൂജ ഒരുക്കിയ കനേഡിയൻ ഡോക്യുമെന്ററിയിൽ പറയുന്നത്.

അട്ടിമറികൾ സംഭവിച്ചില്ലെങ്കിൽ മികച്ച ചിത്രം, നടൻ, സംവിധായകൻ തുടങ്ങി പ്രധാന വിഭാഗങ്ങളിലെല്ലാം നോളൻ ചിത്രം എതിരില്ലാതെ തെരഞ്ഞെടുക്കപ്പെടും എന്നാണ് പ്രവചിക്കപ്പെടുന്നത്. നടിമാരുടെ വിഭാഗത്തിൽ പുവർ തിംഗ്‌സ് നായിക എമ്മ സ്റ്റോണും കില്ലേഴ്‌സ് ഓഫ് ദ ഫ്‌ളവർ മൂൺ താരം ലിലി ഗ്ലാഡ്സ്റ്റണും തമ്മിലായിരിക്കും പോരാട്ടം.

പൃഥ്വിരാജ് കേന്ദ്ര കഥാപാത്രമായി എത്തുന്ന ആടുജീവിതം എന്ന ചിത്രത്തിന്റെ ട്രെയിലർ പുറത്തുവിട്ട് അധികൃതർ. ഒന്നര മിനിറ്റ് ദൈർഘ്യമുള്ള ട്രെയ്‌ലറാണ് പുറത്തുവിട്ടിരിക്കുന്നത്. ഇന്ത്യൻ സിനിമയിൽ തന്നെ ഇതുവരെ കണ്ടിട്ടില്ലാത്ത കാഴ്ചകളുമായാണ് ആടുജീവിതം വരുന്നതെന്നാണ് ട്രെയിലറിൽ നിന്നും മനസിലാകുന്നത്. ചിത്രത്തിന്റെ ട്രെയിലറിന് ഇതിനോടകം തന്നെ വലിയ പ്രേക്ഷക സ്വീകാര്യതയാണ് ലഭിച്ചിരിക്കുന്നത്.

ബെന്യാമിന്റെ പ്രശസ്ത നോവലിനെ ആധാരമാക്കിയാണ് ആടുജീവിതം ഒരുക്കിയിരിക്കുന്നത്. എ ആർ റഹ്മാനാണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിർവ്വഹിച്ചിരിക്കുന്നത്. ചിത്രത്തിന്റെ സൗണ്ട് ഡിസൈൻ റസൂൽ പൂക്കുട്ടിയും എഡിറ്റിംഗ് ശ്രീകർ പ്രസാദുമാണ്. സുനിൽ കെ എസ് ആണ് ഛായാഗ്രഹണം.

2018 ലായിരുന്നു സിനിമയുടെ ചിത്രീകരണം ആരംഭിച്ചത്. കഴിഞ്ഞ വർഷം ജൂലൈ 14 നാണ് ചിത്രീകരണം പൂർത്തിയായത്. ജോർദാനിലായിരുന്നു ചിത്രത്തിന്റെ ഭൂരിഭാഗവും ഷൂട്ട് ചെയ്തത്. അമല പോളാണ് ചിത്രത്തിൽ പൃഥ്വിരാജിന്റെ നായികയായെത്തുന്നത്.

വിഷ്വൽ റൊമാൻസിന്റെ ബാനറിലാണ് ചിത്രം എത്തുന്നത്. ജിമ്മി ജീൻ ലൂയിസ് (ഹോളിവുഡ് നടൻ), കെ ആർ ഗോകുൽ, പ്രശസ്ത അറബ് അഭിനേതാക്കളായ താലിബ് അൽ ബലൂഷി, റിക്കബി എന്നിവരാണ് ചിത്രത്തിലെ മറ്റുപ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.

മലയാള സിനിമയിൽ നിന്ന് താൻ ഇടവേളയെടുക്കാൻ ഉണ്ടായ കാരണം തുറന്നു പറഞ്ഞ് നടി നിമിഷ സജയൻ. താൻ മലയാളത്തിൽ സിനിമകൾ ചെയ്യാത്തത് ഇവിടെ താൻ ചെയ്യാൻ ആഗ്രഹിക്കുന്ന തരത്തിലുള്ള കഥാപാത്രങ്ങൾ ലഭിക്കാത്തതിനാലാണെന്ന് നിമിഷ പറഞ്ഞു. എന്നാൽ മറ്റ് ഭാഷകളിൽ അത് സംഭവിക്കുന്നുണ്ട്. ഭാഷയല്ല, കഥാപാത്രമാണ് പ്രധാനമെന്നും നിമിഷ അഭിപ്രായപ്പെട്ടു. ഒരു സ്വകാര്യ മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിലായിരുന്നു നിമിഷയുടെ പ്രതികരണം.

ഇപ്പോഴും മലയാളത്തിൽ ഗൗരവ്വമുളള, നന്നായി എഴുതപ്പെട്ട കഥാപാത്രങ്ങൾ ലഭിച്ചാൽ തീർച്ചയായും താൻ ചെയ്യും. ജിഗർതണ്ടയിലെ കഥാപാത്രം വ്യത്യസ്തവും ലൗഡുമായിരുന്നില്ലേ. സത്യം എന്തെന്നാൽ കേരളത്തിന് പുറത്തു നിന്നും എനിക്ക് അങ്ങനെയുള്ള വേഷങ്ങൾ ലഭിക്കുന്നുണ്ട്. പക്ഷെ ഇവിടെ അതുപോലെയുള്ള കഥാപാത്രത്തിനായി താൻ കാത്തിരിക്കുകയാണ്. എന്നെ അറിയാത്തൊരു സംവിധായകനാണ് ജിഗർതണ്ടയിൽ തനിക്ക് ഫൺ ആയിട്ടുള്ളൊരു കഥാപാത്രം നൽകിയത്. പക്ഷെ ഇവിടെയുള്ളവർക്ക് എന്നെ അറിയാം, എന്നിട്ടും എനിക്ക് അത്തരത്തിലുള്ള കഥാപാത്രം ലഭിക്കുന്നില്ല. അതുകൊണ്ടാണ് മലയാളത്തിൽ നിന്നും ഇടവേളയെടുത്തതെന്ന് താരം ചൂണ്ടിക്കാട്ടി.

ചിയർഫുൾ ആയുള്ള കഥാപാത്രങ്ങളുള്ള തിരക്കഥ വായിക്കുമ്പോൾ തനിക്ക് അവയ്ക്ക് ആഴമില്ലെന്ന് തോന്നാറുണ്ട്. പക്ഷെ അതിനർത്ഥം താൻ ഫൺ ആയിട്ടുള്ള കഥാപാത്രങ്ങൾ ചെയ്തിട്ടില്ല എന്നതല്ല. ഒരു തെക്കൻ തല്ലു കേസിലെ വാസന്തി ഫൺ ആയിട്ടുള്ള കഥാപാത്രമായിരുന്നു. ലാൽ ജോസ് സാറിന്റെ 41 ലും അത്തരത്തിലൊരു വേഷമായിരുന്നു. പക്ഷെ എന്തുകൊണ്ടോ എല്ലായിപ്പോഴും അത്തരം കഥാപാത്രങ്ങൾക്ക് ആഴമുള്ളതായി തനിക്ക് തോന്നിയിട്ടില്ല. അതിനാൽ തനിക്ക് ക്രിയേറ്റീവ് സാറ്റിസ്ഫാക്ഷൻ നഷ്ടപ്പെടുമെന്ന് തോന്നും. നായാട്ടും ദ ഗ്രേറ്റ് ഇന്ത്യൻ കിച്ചണും പോലുള്ള സിനിമകൾ ചെയ്യുമ്പോൾ തനിക്ക് ഒരു കലാകാരിയെന്ന നിലയിൽ സംതൃപ്തി അനുഭവപ്പെടാറുണ്ട്. താൻ ഇല്ലാത്ത കഥാപാത്രങ്ങൾ ചെയ്യുമ്പോഴാണ് തനിക്ക് സംതൃപ്തി ലഭിക്കുന്നത്. മാലിക്കും നായാട്ടും ദ ഗ്രേറ്റ് ഇന്ത്യൻ കിച്ചണും ചെയ്തത് ഒരേ വർഷമാണ്. അതിൽ താൻ വ്യത്യസ്തമായ കഥാപാത്രങ്ങളെയാണ് അവതരിപ്പിച്ചത്. അവയെല്ലാം ബോൾഡ് ആയിരുന്നു. പക്ഷെ ആ ബോൾഡ്നെസിലെല്ലാം വ്യത്യസ്തയും ഉണ്ടായിരുന്നുവെന്നും നിമിഷ കൂട്ടിച്ചേർത്തു.

തെന്നിന്ത്യയിലും ബോളിവുഡിലും ആരാധകരേറെയുള്ള താരമാണ് കാജൽ അഗർവാൾ. മലയാളത്തിലും നടിയ്ക്ക് ഒട്ടേറെ ആരാധകരുണ്ട്. ഒരു സ്റ്റേജ് ഷോയ്ക്കിടെ കാജലിനെ സ്പർശിക്കാൻ ശ്രമിച്ച യുവാവിനെ അംഗരക്ഷകർ പിടിച്ചുമാറ്റുന്ന ഒരു വിഡിയോ ഇപ്പോൾ സാമൂഹ്യ മാദ്ധ്യമങ്ങളിൽ വൈറലാകുകയാണ്.

ഒരു പൊതു പരിപാടിക്കിടെ ആരാധകർക്കൊപ്പം സെൽഫി എടുക്കുന്ന താരത്തിന്റെ ദേഹത്ത് സ്പർശിക്കാൻ ഒരു ആരാധകൻ ശ്രമിക്കുന്നതും, ഉടൻ തന്നെ അംഗരക്ഷകർ അയാളെ പിടിച്ചു മാറ്റുന്നതും ഈ വീഡിയോ ദൃശ്യങ്ങളിൽ കാണാം. യുവാവിനെതിരെ വലിയ വിമർശനങ്ങളാണ് താരത്തിന്റെ ആരാധകർ ഉയർത്തുന്നത്. ഇത്തരം സംഭവങ്ങൾ നടക്കാതെ പരിപാടിയുടെ സംഘാടകർ സൂക്ഷിക്കണമെന്നും താരങ്ങളുടെ സുരക്ഷിതത്വം അവരുടെ ഉത്തരവാദിത്തമാണെന്നുമാണ് ആരാധകർ പറയുന്നത്.

വിഷയത്തിൽ കാജൽ ഇതുവരെ ഔദ്യോഗിക പ്രതികരണം നടത്തിയിട്ടില്ല.

തിരുവനന്തപുരം: കേരള സർക്കാരിന്റെ ഉടമസ്ഥതയിലുള്ള ഓൺലൈൻ സ്ട്രീമിംഗ് പ്ലാറ്റ്‌ഫോമായ സി സ്പേസ് ഒടിടിയുടെ (C Space OTT) ഔദ്യോഗിക ലോഞ്ച് മുഖ്യമന്ത്രി പിണറായി വിജയൻ തിരുവനന്തപുരം കൈരളി തിയേറ്ററിൽ നിർവഹിച്ചു. കെഎസ്എഫ്‌സിഡിക്കാണ് സി- സ്‌പേസിന്റെ നിർവഹണ ചുമതല. പ്ലാറ്റ്‌ഫോമിലേക്കുള്ള സിനിമകൾ തെരഞ്ഞെടുക്കുന്നതിനായി 60 അംഗ ക്യുറേറ്റർ സമിതി രൂപീകരിച്ചിട്ടുണ്ട്. ഇവർ ശുപാർശ ചെയ്യുന്ന സിനിമകൾ മാത്രമേ സി- സ്‌പേസിൽ പ്രദർശിപ്പിക്കൂ.

കലയുടെയും കലാകാരന്മാരുടെയും മൂല്യങ്ങൾക്ക് അംഗീകാരം നൽകുന്ന ഒടിടി പ്ലാറ്റ്‌ഫോമായിരിക്കും സംസ്ഥാന സർക്കാർ ഉടമസ്ഥതയിലുള്ള സി സ്പേസെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ഹ്രസ്വ ചിത്രത്തിൽ തുടങ്ങി ഫീച്ചർ ഫിലുമകളടക്കം ലഭ്യമാകുന്ന രാജ്യത്തെ സർക്കാർ ഉടമസ്ഥതയിലുള്ള ആദ്യ ചുവട് വെയ്പ്പെന്ന പ്രത്യേകത ഇതിനുണ്ട്.മാറുന്ന ആസ്വാദനത്തിനനുസരിച്ചുള്ള പുത്തൻ സങ്കേതങ്ങൾ ലഭ്യമാക്കണം എന്നതാണ് സർക്കാർ നയം. സിനിമ നിർമാണം, ആസ്വാദനം തുടങ്ങിയ സമസ്ത മേഖലകളിലും വേഗത്തിലുള്ള മാറ്റങ്ങൾ സംഭവിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു.

വിർച്വൽ റിയാലിറ്റി, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് എന്നിവയുടെ സ്വാധീനം വിതരണ, പ്രദർശന മേഖലകളിലടക്കം സ്വാധീനിക്കുന്നു. സിനിമ പൊതുസ്ഥലങ്ങളിൽ നിന്ന് തിയേറ്ററിലേക്കും പിന്നീട് ടെലിവിഷന്റെ വരവോടെ വീടുകളിലേക്കും എത്തി. എന്നാൽ ഇന്റർനെറ്റിന്റെ വരവോടെ എപ്പോൾ വേണമെങ്കിലും കാണാൻ കഴിയുന്ന ഒന്നായി സിനിമ മാറി. ഒ ടി ടി പ്രദർശനത്തിനായി ലാഭം മാത്രം അടിസ്ഥാനമാക്കി സിനിമകളെ തെരഞ്ഞെടുക്കുന്ന പ്രവണതയാണ് നിലവിലുള്ളത്.

കലയുടെയും കലാകാരന്റെയും മൂല്യത്തിന് പ്രാധാന്യം നൽകാത്ത സാഹചര്യവുമുണ്ട്. അതോടൊപ്പം തദ്ദേശീയ ഭാഷാചിത്രങ്ങളെ അപ്രസക്തമായി കാണുന്നു. ഭാഷയെ പരിപോഷിപ്പിച്ച് കലയെയും കലാകരന്മാരെയും പ്രോൽസാഹിപ്പിക്കുക എന്നതാണ് സംസ്ഥാന സർക്കാർ നിലപാട്. മലയാള സിനിമയുടെ ചരിത്രത്തെ പ്രതിഫലിക്കുന്ന ഒന്നായി ഒടിടി പ്ലാറ്റ് ഫോം മാറും. മറ്റ് ഭാഷയിലെ ആദ്യകാല സിനിമകൾ പുരാണങ്ങളിലും ഇതിഹാസങ്ങളിലും പ്രമേയ സാധ്യതകൾ കണ്ടെത്തി. എന്നാൽ വിഗതകുമാരൻ, ബാലൻ തുടങ്ങിയ സാമൂഹിക ചിത്രങ്ങളിലൂടെയാണ് മലയാള സിനിമയുടെ ചരിത്രം ആരംഭിക്കുന്നത്. അടിച്ചമർത്തപ്പെട്ട മനുഷ്യർക്കൊപ്പം നിൽക്കുന്ന സാമൂഹിക ബോധം നമ്മളിൽ അലിഞ്ഞ് ചേർന്നിരിക്കുന്നു. തിയേറ്ററിൽ റിലീസ് ചെയ്ത ചിത്രങ്ങൾ മാത്രമാണ് സിസ്പേസിൽ വരിക എന്നുള്ളതുകൊണ്ട് തന്നെ തിയേറ്റർ ഉടമകളുടെയും വിതരണക്കാരുടെയും ആശങ്കകൾ പരിഹരിക്കാൻ സർക്കാരിനായി. അന്താരാഷ്ട്ര ഭീമൻ കുത്തകൾക്കുമുന്നിൽ പുതിയ ബദൽ തീർക്കുകയാണ് കേരളം ചെയ്യുന്നത്. കാണുന്ന ചിത്രങ്ങൾക്ക് മാത്രം പണം നൽകിയാൽ മതിയെന്ന പേപ്പർ വ്യൂ സംവിധാനമാണ് ഈ ഒടിടി പ്ലാറ്റ്ഫോമിന്റെ ആകർഷണം.

ഫീച്ചർ ഫിലിമിന് 75 രൂപ എന്ന നിരക്കിൽ പണം നൽകുമ്പോൾപകുതി തുക നിർമാതാവിന് ലഭിക്കുമെന്നതും പ്രത്യേകതയാണ്. സമൂഹത്തോട് ഇത്രമേൽ ബന്ധം പുലർത്തുന്ന കലാരൂപമെന്ന നിലയിലും തൊഴിൽ മേഖലയെന്ന നിലയിലും സിനിമ മേഖലയെ ശക്തിപ്പെടുത്താനാണ് ശ്രമിക്കുന്നത്. പുരോഗമനോന്മുഖമായി നിലനിൽക്കുന്ന കലാരൂപങ്ങൾക്ക് മാത്രമേ നിലനിൽപ്പുള്ളുവെന്നത് പ്രത്യേകം ഓർക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു. ഒ ടി ടി സാങ്കേതിക വിദ്യ തയാറാക്കിയ മൊബിയോട്ടിക്സ് സി ഇ ഒ തേജ് പാണ്ഡെക്ക് സംസ്ഥാന സർക്കാരിന്റെ സ്നേഹോപഹാരം മുഖ്യമന്ത്രി സമ്മാനിച്ചു.

മത്സ്യബന്ധനം, സാംസ്‌കാരികം, യുവജന കാര്യ വകുപ്പ് മന്ത്രി സജി ചെറിയാൻ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ പൊതുവിദ്യാഭ്യാസ തൊഴിൽ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി, ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി അഡ്വ. ജി. ആർ. അനിൽ, ആന്റണി രാജു എം.എൽ.എ, മേയർ ആര്യ രാജേന്ദ്രൻ എന്നിവർ മുഖ്യാതിഥികളായി. കെ.എസ്.എഫ്.ഡി.സി ചെയർമാൻ ഷാജി എൻ. കരുൺ, കെ.എസ്.എഫ്.ഡി.സി. മാനേജിംഗ് ഡയറക്ടർ കെ. വി. അബ്ദുൾ മാലിക്, സാംസ്‌കാരിക വകുപ്പ് സെക്രട്ടറി മിനി ആന്റണി, വാർഡ് കൗൺസിലർ ഹരികുമാർ, കേരള സംസ്ഥാന സാംസ്‌കാരിക പ്രവർത്തക ക്ഷേമനിധി ബോർഡ് ചെയർമാൻ മധുപാൽ കെ,ചലച്ചിത്ര അക്കാദമി വൈസ് ചെയർമാൻ പ്രേംകുമാർ, സാംസ്‌ക്കാരിക വകുപ്പ് ഡയറക്ടർ എൻ. മായ, ഫിയോക് പ്രസിഡന്റ് വിജയകുമാർ കെ, കേരള ഫിലിം ചേമ്പർ ഓഫ് കൊമേഴ്സ് ജനറൽ സെക്രട്ടറി സജി നന്ത്യാട്ട്, മൊബിയോട്ടിക്സ് സി.ഇ.ഒ തേജ് പാണ്ഡെ , കെ.എസ്.എഫ്.ഡി.സി. ഡയറക്ടർ ബോർഡ് മെമ്പർ എം. എ. നിഷാദ് എന്നിവർ സംബന്ധിച്ചു. ചടങ്ങിനെ തുടർന്ന് വാന പ്രസ്ഥം സിനിമയുടെ പ്രത്യേക പ്രദർശനവും നടന്നു. 32 ഫീച്ചർ ചിത്രങ്ങളടക്കം 42 കണ്ടന്റാണ് തുടക്കത്തിൽ സി സ്പേസിൽ ലഭ്യമാകുന്നത്. തുടർന്ന് കൂടുതൽ ചിത്രങ്ങൾ പ്രദർശിപ്പിക്കും. ക്രഡിറ്റ്, ഡബിറ്റ് കാർഡുകൾ, യു പി ഐ പേയ്മെന്റ് സൗകര്യങ്ങളടക്കം പ്ലാറ്റ് ഫോമിൽ ലഭ്യമാണ്.