Entertainment (Page 221)

തിരുവനന്തപുരം: അടുത്തിടെയാണ് തമിഴ്താരം സൂര്യയുടെ പിറന്നാൾ ആഘോഷങ്ങൾ നടന്നത്. ആരാധകരും സിനിമാ പ്രേമികളും ഉൾപ്പെടെ നിരവധി പേരാണ് അദ്ദേഹത്തിന് ജന്മദിനാശംസകൾ നേർന്നത്. പിറന്നാളിന് ദിവസങ്ങൾക്ക് മുൻപ് തന്നെ ആരാധകർ ആഘോഷം തുടങ്ങിയിരുന്നു. വീഡിയോകളിലൂടെയും ഫോട്ടോകളിലൂടെയും ജന്മദിനാശംസകളുടെ പ്രവാഹമാണ് അദ്ദേഹത്തിന് ലഭിച്ചത്. അക്കൂട്ടത്തിൽ വൈറലായ ഒരു വീഡിയോ ഉണ്ട്. തിരുവനന്തപുരത്തെ ചെങ്കൽച്ചൂള അഥവ രാജാജി നഗറിലെ ഒരു കൂട്ടം കുട്ടികൾ ചെയ്ത ബർത്ത് ഡേ സ്‌പെഷ്യൽ വീഡിയോ.

സൂര്യ നായകനായെത്തിയ ‘അയൻ’ സിനിമയിലെ ഗാനം അതുപോലെ തന്നെ പുനരാവിഷ്‌കരിക്കുകയാണ് രാജാജി നഗറിലെ കുട്ടികൾ. ഇപ്പോൾ വീഡിയോ സൂര്യയും തന്റെ ട്വിറ്റർ അക്കൗണ്ടിലൂടെ പങ്കുവെച്ചിരിക്കുകയാണ്. ‘ഇത് ഇഷ്ടമായി.. ഗംഭീരം.. സുരക്ഷിതരായി ഇരിക്കൂ” എന്ന് കുറിച്ച ശേഷമാണ് സൂര്യ വീഡിയോ പങ്കുവെച്ചത്. സൂര്യ ഫാൻസ് ക്ലബ് കേരളയുടെ ട്വിറ്ററിൽ പോസ്റ്റ് ചെയ്ത വിഡിയോയാണ് സൂര്യ ഷെയർ ചെയ്തിരിക്കുന്നത്.

കൊച്ചി: ട്രാന്‍സ്‌ജെഡര്‍ അനന്യ കുമാരി അലക്‌സിന്റെ ജീവിതം വെള്ളിത്തിരയിലേക്ക്. അനന്യയുടെ ജീവിത പോരാട്ടങ്ങളെ മുന്‍നിര്‍ത്തി തന്നെയാണ് ചിത്രമൊരുക്കാന്‍ തീരുമാനിച്ചിരിക്കുന്നത്. ഒരു ട്രാന്‍സ്‌ജെഡര്‍ തന്നെയായിരിക്കും ചിത്രത്തില്‍ അനന്യ ആയി വേഷമിടുക.

പ്രദക്ഷിണം, ഇംഗ്ലിഷ് മീഡിയം, പേടി തൊണ്ടന്‍ തുടങ്ങിയ ചിത്രങ്ങളുടെ സംവിധായകനായ പ്രദീപ് ചൊക്ലിയായിരിക്കും ഈ ചിത്രവുമൊരുക്കുക. സിനിമയുടെ പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ ഇതിനോടകം ആരംഭിച്ചു കഴിഞ്ഞതായാണ് റിപ്പോര്‍ട്ടുകള്‍. മലയാളത്തിലെ പ്രമുഖ താരങ്ങളും ചിത്രത്തില്‍ അണിനിരക്കും.

കഴിഞ്ഞ ദിവസമാണ് ട്രാന്‍സ്‌ജെഡറായ അനന്യ അലക്‌സിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ലിംഗമാറ്റ ശസ്ത്രക്രിയയില്‍ ഡോക്ടര്‍ക്ക് പിഴവ് സംഭവിച്ചുവെന്ന് ആരോപണം ഉന്നയിച്ചതിനു പിന്നാലെയായിരുന്നു അനന്യയുടെ മരണം.

ലിംഗമാറ്റ ശസ്ത്രക്രിയ കഴിഞ്ഞ് ഒരു വര്‍ഷം പിന്നിട്ടിട്ടും ജോലി ചെയ്യാനും നിശ്ചിത സമയത്തില്‍ കൂടുതല്‍ എഴുന്നേറ്റു നില്‍ക്കാനും സാധിക്കുന്നില്ലെന്നും അനന്യ പറഞ്ഞിരുന്നു. മറ്റു ചില ഗുരുതരമായ ശാരീരിക പ്രശ്നങ്ങളും നേരിട്ടിരുന്നതായി അനന്യ ചൂണ്ടിക്കാട്ടിയിരുന്നു.

റേഡിയോ ജോക്കിയായ കേരളത്തിലെ ആദ്യ ട്രാന്‍സ് വ്യക്തിയാണ് അനന്യ. നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ നാമനിര്‍ദേശവും നല്‍കിയിരുന്നു.

ഫഹദ് മുഖ്യ കഥാപാത്രമായെത്തിയ മാലിക് മികച്ച പ്രേക്ഷകാഭിപ്രായം നേടി മുന്നേറുകയാണ്. ചിത്രത്തെക്കുറിച്ചുള്ള ചര്‍ച്ചകള്‍ വളരെ സജീവമാകുമ്പോള്‍ തന്റെ അഭിപ്രായം വ്യക്തമാക്കി രംഗത്ത് എത്തിയിരിക്കുകയാണ് ബിജെപി ദേശീയ ഉപാധ്യക്ഷന്‍ എ.പി അബ്ദുല്ലക്കുട്ടി. ഉഗ്രന്‍ സിനിമയാണ് മാലിക്കെന്നും ഫഹദ് തന്റെ സിനിമകളില്‍ അഭിനയിക്കുകയല്ല, ജീവിക്കുകയാണ്. മലയാളസിനിമയ്ക്ക് മഹാനടന്‍ മോഹന്‍ലാലിനെ സമ്മാനിച്ച ഫാസിലിന് പകരമായി ദൈവം അനുഗ്രഹിച്ച് നല്‍കിയ പൊന്നുമോനാണ് ഫഹദെന്നും അബ്ദുല്ലക്കുട്ടി പറഞ്ഞു.

അബ്ദുല്ലക്കുട്ടിയുടെ വാക്കുകള്‍ – മാലിക് കണ്ടു. സമീപകാലത്ത് കണ്ട ഉഗ്രന്‍ ചലച്ചിത്രാവിഷ്‌കാരം. സിനിമ സംവിധാകയന്റെ കലയാണെന്ന് പറയാറുണ്ട്. ഇവിടെയും മഹേഷ്നാരായണന്റെ പ്രതിഭയ്ക്ക് പത്തരമാറ്റിന്റെ തിളക്കം ഉണ്ട്. പക്ഷേ ഫഹദ് ഫാസിലിന്റെ സിനിമ കണ്ട് കഴിഞ്ഞാല്‍ നമ്മള്‍ തിരുത്തി പറയേണ്ടി വരും. ഫഹദ് ഉണ്ടെങ്കില്‍ ആ സിനിമ സംവിധായകന്റെയും, ഫഹദിന്റെയും സംയുക്ത കലയാണ്.
ഫഹദ് തന്റെ സിനിമകളില്‍ അഭിനയിക്കുകയല്ല, ജീവിക്കുകയാണ്. മലയാളസിനിമയ്ക്ക് മഹാനടന്‍ മോഹന്‍ലാലിനെ സമ്മാനിച്ച ഫാസിലിന് പകരമായി ദൈവം അനുഗ്രഹിച്ച് നല്‍കിയ പൊന്നുമോനാണ് ഫഹദ്. ചന്ദനംചാരിയാല്‍ ചന്ദനം മണക്കും എന്ന് പറഞ്ഞത് പോലെ ഈ ചിത്രത്തില്‍ അഭിനയിച്ചവരെല്ലാം ഒന്നിനൊന്ന് മെച്ചപ്പെട്ടിട്ടുണ്ട്.
നിമിഷ മുതല്‍ എന്റെ നാട്ടുകാരന്‍ അമല്‍ വരെ …മലയാള സിനിമയ്ക്ക് മാലിക് ഒരു മുതല്‍ക്കൂട്ട് തന്നെയാണ്. മഹാമാരിയുടെ കാലത്ത് വീട്ടിലിരുന്ന് കാണാന്‍ ആമസോണ്‍ പ്രൈമിലൊരുക്കിയ നല്ല സിനിമയ്ക്ക് പിന്നില്‍ യത്നിച്ച കലാകാരന്മാരെയെല്ലാം അഭിനന്ദിക്കുന്നു.

മുംബൈ: നീലച്ചിത്ര നിര്‍മ്മാണവുമായി ബന്ധപ്പെട്ട് ഭര്‍ത്താവ് രാജ് കുന്ദ്രയ്ക്ക് പിന്നാലെ നടി ശില്‍പ ഷെട്ടിയെയും പൊലീസ് ചോദ്യം ചെയ്തു. ശില്‍പ ഷെട്ടിയുടെ വീട്ടില്‍ റെയ്ഡ് നടത്തിയ മുംബൈ പൊലിസ് അഞ്ചു മണിക്കൂറോളമാണ് ഇവരെ ചോദ്യം ചെയ്തത്. രാജ് കുന്ദ്രയുടെ നീലച്ചിത്ര നിര്‍മ്മാണത്തെയും, ബിസിനസിനെയും കുറിച്ച് അറിവുണ്ടായിരുന്നോ അതില്‍ പങ്കുണ്ടോ എന്നതായിരുന്നു പൊലീസ് അന്വേഷണം.

അതേസമയം, വന്‍ തുകകള്‍ കൈമാറ്റം നടത്തിയ രേഖകള്‍ റെയ്ഡില്‍ കണ്ടെടുത്തതായി പൊലീസ് പറഞ്ഞു. യെസ് ബാങ്കില്‍ നിന്നും യൂണിയന്‍ ബാങ്ക് ഓഫ് ആഫ്രിക്കയിലേക്ക് ഇടപാടുകള്‍ നടത്തിയതായാണ് രേഖകളെന്നും, നീലച്ചിത്ര നിര്‍മ്മാണത്തിലൂടെ ലഭിക്കുന്ന പണം രാജ് കുന്ദ്ര ഓണ്‍ലൈന്‍ ചൂതാട്ടത്തില്‍ നിക്ഷേപിക്കുന്നതായും പൊലീസ് കണ്ടെത്തിയതായി അറിയിച്ചു.

നേരത്തെ, രാജ് കുന്ദ്രയുടെ വീട്ടില്‍ നടത്തിയ റെയ്ഡില്‍ അശ്ലീല വീഡിയോകളും സെര്‍വറുകളും പൊലീസ് പിടിച്ചെടുത്തിരുന്നു. യു.കെ ആസ്ഥാനമായുള്ള കിന്റിന്‍ എന്ന സ്ഥാപനവുമായി ചേര്‍ന്ന് നീലച്ചിത്രങ്ങള്‍ ഇന്റര്‍നെറ്റില്‍ പ്രചരിപ്പിച്ചെന്നതാണ് കുന്ദ്രക്കെതിരായ കേസ്.

അശ്ലീലച്ചിത്രം നിര്‍മിക്കുന്നതിലും ആപ്പുകളിലൂടെ അവ പ്രചരിപ്പിക്കുന്നതുമായി ബന്ധപ്പെട്ട കേസില്‍ മുംബൈയില്‍ മോഡലും നടിയുമായ ഗെഹ്ന വസിഷ്ട് ഉള്‍പ്പെടെ 6 പേരെ പൊലീസ് ഫെബ്രുവരിയില്‍ അറസ്റ്റു ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് രാജ് കുന്ദ്രയും പിടിയിലായത്. കേസില്‍ മുഖ്യ ആസൂത്രകന്‍ കുന്ദ്രയാണെന്നും ഇത് സംബന്ധിച്ച പ്രധാന തെളിവുകള്‍ ലഭിച്ചിട്ടുണ്ടെന്നുമാണ് പൊലീസ് വ്യക്തമാക്കുന്നത്.

ബോക്‌സോഫീസുകള്‍ തൂത്തുവാരിയ മോഹന്‍ലാല്‍ ചിത്രം ലൂസിഫറിന്റെ തെലുങ്ക് റീമേക്കിനായി ഹൈദരാബാദില്‍ പടുകൂറ്റന്‍ സെറ്റ് ഒരുങ്ങുന്നു. പ്രശസ്ത കലാസംവിധായകന്‍ സുരേഷ് ശെല്‍വരാജനാണ് തെലുങ്ക് ലൂസിഫറിന്റെ സെറ്റിന്റെ പിന്നില്‍ പ്രവര്‍ത്തിക്കുന്നത്.

പൃഥ്വിരാജ് സംവിധാനം ചെയ്ത ലൂസിഫറിന്റെ തെലുങ്ക് പതിപ്പില്‍ സൂപ്പര്‍സ്റ്റാര്‍ ചിരഞ്ജീവിയാണ് പ്രധാന വേഷം കൈകാര്യം ചെയ്യുന്നത്. കൊരട്ടാല ശിവ സംവിധാനം ചെയ്യുന്ന ആചാര്യയുടെ ചിത്രീകരണം പൂര്‍ത്തിയായ ശേഷം ആഗസ്റ്റില്‍ ലൂസിഫറിന്റെ തെലുങ്ക് പതിപ്പില്‍ ചിരഞ്ജീവി അഭിനയിച്ച് തുടങ്ങും. നയന്‍താരയാണ് നായികയായി എത്തുന്നത്. മോഹന്‍രാജയാണ് ചിത്രം സംവിധാനം ചെയ്യുന്നത്.

എന്‍.വി. പ്രസാദ്, പരാസ് ജെയിന്‍, വക്കഡ, അപ്പറാവു എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിക്കുന്നത് തമന്‍.എസ് ആണ്.

ഡെനിസ് വില്‍നാവ് ഒരുക്കുന്ന എപിക് സയന്‍സ് ഫിക്ഷന്‍ ചിത്രം ഡ്യൂണിന്റെ ട്രെയിലറെത്തി. ടിമോത്തെ ഷലമെയ് പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രത്തില്‍ വില്‍നാവ് ചിത്രത്തിന്റെ പ്രത്യേകതകളൊക്കെയുള്ളതാണ്. തന്റെ ജനത്തെ രക്ഷിക്കാനായി മറ്റൊരു ഗ്രഹത്തിലേക്ക് പോകുന്ന നായകനെ ട്രെയിലറില്‍ കാണാം. റെബേക്ക ഫെര്‍ഗൂസന്‍, ഓസ്‌കര്‍ ഐസക്, ജോഷ് ബ്രോലിന്‍, ഡേവ് ബൗട്ടിസ്റ്റ, സെന്‍ഡയ, ചാംഗ് ചെംഗ് തുടങ്ങിയവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഫ്രാങ്ക് ഹെര്‍ബര്‍ട്ടിന്റെ ഇതേ പേരിലുള്ള നോവലിനെ (1965) ആസ്പദമാക്കിയുള്ളതാണ് ചിത്രം. സെപ്റ്റംബറില്‍ വെനീസ് ഫിലിം ഫെസ്റ്റിവലിലാണ് ചിത്രത്തിന്റെ പ്രീമിയര്‍.

പ്രിയാമണിയുടെ ഭര്‍ത്താവിനെതിരെ ആദ്യഭാര്യ നിയമനടപടിക്കൊരുങ്ങുന്നു. പ്രിയാമണിയെ വിവാഹം ചെയ്യുമ്പോള്‍ മുസ്തഫ ബാച്ചിലര്‍ ആണെന്നാണ് കോടതിയെ അറിയിച്ചിരുന്നതെന്നും എന്നാല്‍, വിവാഹബന്ധം വേര്‍പ്പെടുത്താതെയാണ് രണ്ടാം വിവാഹം ചെയ്തതെന്നും മുസ്തഫയുടെ മുന്‍ഭാര്യ ആയിഷ വ്യക്തമാക്കി. തന്നെ ചതിച്ചാണ് മുസ്തഫ പ്രിയാമണിയെ കെട്ടിയത്. ഇരുവര്‍ക്കുമെതിരെ ക്രിമിനല്‍ കേസും നല്കിയിട്ടുണ്ട്. മുസ്തഫക്കെതിരെ ഗാര്‍ഹികപീഡനക്കേസുമാണ് നല്കിയിരിക്കുന്നതെന്ന് അവര്‍ വ്യക്തമാക്കി. മുസ്തഫ-ആയിഷ ദമ്പതികള്‍ക്ക് രണ്ടു മക്കളാണുള്ളത്. ഇവര്‍ ഇപ്പോള്‍ ആയിഷയ്ക്ക് ഒപ്പമാണ്. രണ്ട് കുട്ടികളുടെ അമ്മയെന്ന നിലയില്‍ എനിക്ക് എന്തുചെയ്യാന് കഴിയും? ഞാന്‍ ഈ പ്രശ്‌നം രമ്യമായി പരിഹരിക്കാന്‍ ശ്രമിക്കുകയായിരുന്നു. അത് സാധിക്കാതെ വന്നപ്പോഴാണ് എല്ലാം തുറന്നുപറയാന്‍ തയാറായത്. കേസിനു പിറകേ പോയി സമയം നഷ്ടപ്പെടുത്താന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ലന്നും അവര്‍ വ്യക്തമാക്കി.

കൊച്ചി : നടന്‍ കെ.ടി.എസ്.പടന്നയില്‍ (88) അന്തരിച്ചു. ഏതാനും ദിവസങ്ങളായി കടവന്ത്രയിലെ ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഇന്നു രാവിലെയായിരുന്നു അന്ത്യം. ഭൗതിക ശരീരം ഇന്നു വൈകിട്ടു മൂന്നു മുതല്‍ നാലു വരെ തൃപ്പൂണിത്തുറ ലായം കൂത്തമ്പലത്തില്‍ പൊതു ദര്‍ശനത്തിനു വയ്ക്കും. തുടര്‍ന്ന് തൃപ്പൂണിത്തുറ ശ്മശാനത്തില്‍ സംസ്‌കരിക്കും.നാടകലോകത്തുനിന്ന് സിനിമയിലേക്കെത്തിയ അദ്ദേഹം രാജസേനന്‍ സംവിധാനം ചെയ്ത ‘അനിയന്‍ബാവ ചേട്ടന്‍ബാവ’ എന്ന ചിത്രത്തിലൂടെയാണ് സിനിമയിലെത്തുന്നത്. ‘

ശ്രീകൃഷ്ണപുരത്തെ നക്ഷത്രത്തിളക്കം’, ‘ആദ്യത്തെ കണ്‍മണി’, ‘വൃദ്ധന്‍മാരെ സൂക്ഷിക്കുക’, ‘കളമശ്ശേരിയില്‍ കല്യാണയോഗം’, ‘സ്വപ്നലോകത്തെ ബാലഭാസ്‌കര്‍’, ‘കാക്കയ്ക്കും പൂച്ചയ്ക്കും കല്യാണം’, ‘കോട്ടപ്പുറത്തെ കൂട്ടുകുടുംബം’, ‘കഥാനായകന്‍’, ‘കുഞ്ഞിരാമായണം’, ‘അമര്‍ അക്ബര്‍ അന്തോണി’, ‘രക്ഷാധികാരി ബൈജു ഒപ്പ്’ തുടങ്ങി നിരവധി സിനിമകളില്‍ ശ്രദ്ധിക്കപ്പെടുന്ന വേഷങ്ങളില്‍ അഭിനയിച്ചു. നിരവധി ടെലിവിഷന്‍ സീരിയലുകളിലും അഭിനയിച്ചു.

‘സന്മനസുള്ളവര്‍ക്ക് സമാധാനം’, ‘പകിട പകിട പമ്പരം’ തുടങ്ങിയ സീരിയലുകളിലെ വേഷം ശ്രദ്ധിക്കപ്പെട്ടു. നാടകത്തിലും സിനിമയിലും സീരിയലിലുമൊക്കെ എത്തിയിട്ടും പണ്ട് 300 രൂപകൊടുത്തു വാങ്ങിയ പെട്ടിക്കടയായിരുന്നു അദ്ദേഹത്തിന്റെ പ്രധാന വരുമാനമാര്‍ഗം.35ാം വയസ്സിലാണ് വിവാഹിതനാകുന്നത്. പരേതയായ രമണിയാണ് ഭാര്യ. ശ്യാം, സ്വപ്ന, സന്നന്‍, സാല്‍ജന്‍ എന്നിവരാണ് മക്കള്‍.പടന്നയിലിന്റെ നിര്യാണത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അനുശോചനം രേഖപ്പെടുത്തി.

സുനില്‍ ഇബ്രാഹിം സംവിധാനം ചെയ്യുന്ന സുരാജ് വെഞ്ഞാറമൂട് പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന പുതിയ സിനിമ റോയ്‌യുടെ രണ്ടാമത്തെ പോസ്റ്റര്‍ പുറത്ത് വിട്ടു. പൊലീസ് ഓഫീസറുടെ വേഷത്തിലുള്ള ഷൈന്‍ ടോം ചാക്കോയെയും പോസ്റ്ററില്‍ കാണാം.അന്തര്‍മുഖനായ റോയ് എന്നയാളെയാണ് സുരാജ് അവതരിപ്പിക്കുന്നത്. സജീഷ് മഞ്ചേരിയും സനൂബ് കെ യൂസഫും ചേര്‍ന്ന് നിര്‍മിക്കുന്ന ചിത്രത്തിന്റെ തിരക്കഥ സുനില്‍ ഇബ്രാഹിം തന്നെയാണ്.

ബാഹുബലി നിര്‍മ്മാതാക്കളും സംവിധായകനുമായ അര്‍ക്ക മീഡിയ വര്ക്ക്‌സും എസ് എസ് രാജമൗലിയും ചേര്‍ന്ന് നിര്‍മ്മിക്കുന്ന നെറ്റ്ഫ്‌ളിക്‌സ് ഒറിജിനല്‍ വെബ് സിരീസ് ‘ബാഹുബലി: ബിഫോര് ദി ബിഗിനിംഗില്‍ നയന്‍താരയും. എന്നാല്‍ പ്രധാന കഥാപാത്രം എന്നല്ലാതെ ഏത് കഥാപാത്രം എന്നത് പുറത്തെത്തിയിട്ടില്ല.

ശിവകാമിയായെത്തുന്നത് വാമിഖ ഗബ്ബിയാണ്. ദേവ കട്ട, പ്രവീണ് സട്ടാരു എന്നിവര്‍ സംവിധായകരായി പിറ്റേമാസം ഇതിന്റെ ചിത്രീകരണം ആരംഭിച്ചിരുന്നു. എന്നാല്‍ തങ്ങളുടെ പ്രതീക്ഷയ്‌ക്കൊത്ത് ഉയരാതിരുന്നതോടെ ചിത്രീകരിച്ച ഭാഗങ്ങളത്രയും നെറ്റ്ഫ്‌ളിക്‌സ് ഉപേക്ഷിച്ചുവെന്നും ചിത്രീകരണം പുതിയ ടീമിനെക്കൊണ്ട് ആദ്യം മുതല്‍ ആരംഭിക്കുകയാണെന്നും ഈ വര്‍ഷം മാര്‍ച്ചില്‍ റിപ്പോര്‍ട്ടുകളെത്തി.