കൊച്ചി : നടന്‍ കെ.ടി.എസ്.പടന്നയില്‍ (88) അന്തരിച്ചു. ഏതാനും ദിവസങ്ങളായി കടവന്ത്രയിലെ ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഇന്നു രാവിലെയായിരുന്നു അന്ത്യം. ഭൗതിക ശരീരം ഇന്നു വൈകിട്ടു മൂന്നു മുതല്‍ നാലു വരെ തൃപ്പൂണിത്തുറ ലായം കൂത്തമ്പലത്തില്‍ പൊതു ദര്‍ശനത്തിനു വയ്ക്കും. തുടര്‍ന്ന് തൃപ്പൂണിത്തുറ ശ്മശാനത്തില്‍ സംസ്‌കരിക്കും.നാടകലോകത്തുനിന്ന് സിനിമയിലേക്കെത്തിയ അദ്ദേഹം രാജസേനന്‍ സംവിധാനം ചെയ്ത ‘അനിയന്‍ബാവ ചേട്ടന്‍ബാവ’ എന്ന ചിത്രത്തിലൂടെയാണ് സിനിമയിലെത്തുന്നത്. ‘
ശ്രീകൃഷ്ണപുരത്തെ നക്ഷത്രത്തിളക്കം’, ‘ആദ്യത്തെ കണ്‍മണി’, ‘വൃദ്ധന്‍മാരെ സൂക്ഷിക്കുക’, ‘കളമശ്ശേരിയില്‍ കല്യാണയോഗം’, ‘സ്വപ്നലോകത്തെ ബാലഭാസ്‌കര്‍’, ‘കാക്കയ്ക്കും പൂച്ചയ്ക്കും കല്യാണം’, ‘കോട്ടപ്പുറത്തെ കൂട്ടുകുടുംബം’, ‘കഥാനായകന്‍’, ‘കുഞ്ഞിരാമായണം’, ‘അമര്‍ അക്ബര്‍ അന്തോണി’, ‘രക്ഷാധികാരി ബൈജു ഒപ്പ്’ തുടങ്ങി നിരവധി സിനിമകളില്‍ ശ്രദ്ധിക്കപ്പെടുന്ന വേഷങ്ങളില്‍ അഭിനയിച്ചു. നിരവധി ടെലിവിഷന്‍ സീരിയലുകളിലും അഭിനയിച്ചു.
‘സന്മനസുള്ളവര്‍ക്ക് സമാധാനം’, ‘പകിട പകിട പമ്പരം’ തുടങ്ങിയ സീരിയലുകളിലെ വേഷം ശ്രദ്ധിക്കപ്പെട്ടു. നാടകത്തിലും സിനിമയിലും സീരിയലിലുമൊക്കെ എത്തിയിട്ടും പണ്ട് 300 രൂപകൊടുത്തു വാങ്ങിയ പെട്ടിക്കടയായിരുന്നു അദ്ദേഹത്തിന്റെ പ്രധാന വരുമാനമാര്‍ഗം.35ാം വയസ്സിലാണ് വിവാഹിതനാകുന്നത്. പരേതയായ രമണിയാണ് ഭാര്യ. ശ്യാം, സ്വപ്ന, സന്നന്‍, സാല്‍ജന്‍ എന്നിവരാണ് മക്കള്‍.പടന്നയിലിന്റെ നിര്യാണത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അനുശോചനം രേഖപ്പെടുത്തി.

