Entertainment (Page 220)

prabhas

ഒരു ഇടവേളയ്ക്ക് ശേഷം തെന്നിന്ത്യൻ താരം പ്രഭാസ് റൊമാൻ്റിക് വേഷം കൈകാര്യം ചെയ്യുന്ന രാധേശ്യാം മകര സംക്രാന്തി ദിനമായ ജനുവരി 14 ന് പ്രദർശനത്തിനെത്തും. നേരത്തെ ഈ വർഷം ജൂലൈ 30 ന് ചിത്രം തിയറ്ററുകളിൽ എത്തിക്കാനായിരുന്നു തീരുമാനമെങ്കിലും കോവിഡ് മൂലം ഷൂട്ടിങ് നീളുകയായിരുന്നു. ഇതേ തുടർന്നാണ് റിലീസ് തീയതി നീട്ടിയത്. പൂജ ഹെഡ്ഗെയാണ് നായിക.

വിക്രമാദിത്യ എന്ന കഥാപാത്രത്തെയാണ് പ്രഭാസ് അവതരിപ്പിക്കുന്നത്. നായികാ കഥാപാത്രമായ പ്രേരണയെയാണ് പൂജ ഹെഗ്‌ഡെ ചിത്രത്തില്‍വേഷമിടുന്നത്. 2010 ല്‍ പുറത്തിറങ്ങിയ ഡാര്‍ലിങ് ചിത്രത്തിലായിരുന്നു താരം അവസാനമായി റൊമാന്റിക് വേഷം കൈകാര്യം ചെയ്തിരുന്നത്. രാധാകൃഷ്ണ കുമാറാണ് സംവിധാനം . യുവി ക്രിയേഷൻ, ടി – സീരീസ് ബാനറില്‍ ഭൂഷണ്‍ കുമാര്‍, വാംസി, പ്രമോദ് എന്നിവര്‍ ചേർന്ന് നിര്‍മ്മിക്കുന്ന ചിത്രത്തിൽ സച്ചിന്‍ ഖേദേക്കര്‍, ഭാഗ്യശ്രീ, പ്രിയദര്‍ശി, മുരളി ശര്‍മ, സാശാ ചേത്രി, കുനാല്‍ റോയ് കപൂര്‍ എന്നിവരും പ്രധാന വേഷം കൈകാര്യം ചെയ്യുന്നുണ്ട്. തെലുങ്ക്, ഹിന്ദി, തമിഴ്, മലയാളം എന്നീ നാല് ഭാഷകളിലാണ് ചിത്രം പുറത്തിറങ്ങുന്നത്. കൂടാതെ, മറ്റുഭാഷകളിലേക്ക് മൊഴിമാറ്റവും ഉണ്ടാകുമെന്ന് അണിയറപ്രവര്‍ത്തകര്‍ വ്യക്തമാക്കി.

ചിത്രത്തിന് സംഗീതം ഒരുക്കുന്നത് തമിഴ് സംഗീത സംവിധായകന്‍ ജസ്റ്റിന്‍ പ്രഭാകരനാണ്.ഛായാഗ്രഹണം: മനോജ് പരമഹംസ, എഡിറ്റിംഗ്: കോട്ടഗിരി വെങ്കിടേശ്വര റാവു,ആക്ഷന്‍: നിക്ക് പവല്‍,ശബ്ദ രൂപകല്‍പ്പന: റസൂല്‍ പൂക്കുട്ടി,നൃത്തം: വൈഭവി,കോസ്റ്റ്യൂം ഡിസൈനര്‍: തോട്ട വിജയഭാസ്‌കര്‍,ഇഖ ലഖാനി, എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍- എന്‍. സന്ദീപ്.

ചെന്നൈ: മുന്‍കാല സിനിമാ താരം ഷക്കീല മരിച്ചെന്ന് സമൂഹമാധ്യമങ്ങളില്‍ വ്യാജപ്രചരണം. സംഭവം വന്‍ ചര്‍ച്ചയായതോടെ പ്രതികരണവുമായി നടി തന്നെ രംഗത്തെത്തി. തന്റെ ട്വിറ്റര്‍ അക്കൗണ്ടിലൂടെയാണ് താരം മരണവാര്‍ത്തയ്‌ക്കെതിരെ പ്രതികരണവുമായി എത്തിയത്.

താന്‍ വളരെ ആരോഗ്യവതിയോടെയും സന്തോഷത്തോടെയുമാണ് ഇരിക്കുന്നതെന്നും, തനിക്ക് കേരളത്തിലെ ജനങ്ങള്‍ നല്‍കുന്ന കരുതലിന് വളരെയധികം നന്ദിയുണ്ട്, ആരോ തന്നേക്കുറിച്ച് ഒരു മോശംവാര്‍ത്ത ചെയ്തു, പക്ഷേ സംഗതിയുടെ നിജസ്ഥിതി അറിയാന്‍ നിരവധി പേരാണ് വിളിക്കുകയും, മെസേജ് അയക്കുകയും ചെയ്തത്, ആ വാര്‍ത്ത നല്‍കിയ ആള്‍ക്കും വളരെയധികം നന്ദിയുണ്ട്, കാരണം അയാള്‍ കാരണമാണ് നിങ്ങളെല്ലാം വീണ്ടും തന്നെക്കുറിച്ച് ഓര്‍ത്തതെന്നും താരം വ്യക്തമാക്കി.

മുംബൈ: നീലച്ചിത്ര നിര്‍മ്മാണ കേസില്‍ അറസ്റ്റിലായ രാജ് കുന്ദ്രയുടെ ഭാര്യയും നടിയുമായ ശില്‍പ ഷെട്ടിക്ക് ക്ലീന്‍ ചിറ്റ് നല്‍കിയിട്ടില്ലെന്നു പോലീസ്. അതിനാല്‍ തന്നെ ശില്‍പയെ വീണ്ടും ചോദ്യം ചെയ്‌തേക്കും.

മാത്രമല്ല, ഇരുവരുടെയും ബാങ്ക് അക്കൗണ്ടുകളും, കുന്ദ്രയുടെ സാമ്പത്തിക ഇടപാടുകളും പരിശോധിക്കാന്‍ പൊലീസ് ചുമതലപ്പെടുത്തിയ ഓഡിറ്റര്‍മാര്‍ അന്വേഷണം തുടങ്ങിയിട്ടുണ്ട്.

സാമ്പത്തിക ഇടപാടു സംബന്ധിച്ച പരിശോധനകള്‍ പൂര്‍ത്തിയാക്കാതെ നടിക്ക് ക്ലീന്‍ ചിറ്റ് നല്‍കാനാവില്ലെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്.

അതേസമയം, ജുഡീഷ്യല്‍ കസ്റ്റഡിയില്‍ കഴിയുന്ന കുന്ദ്രയുടെ ജാമ്യാപേക്ഷ മജിസ്‌ട്രേട്ട് കോടതി തള്ളി. രാജ് കുന്ദ്രയെ 14 ദിവസത്തെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു.

മലയാളത്തിലെ മികച്ച സൈന്റിഫിക് ത്രില്ലര്‍ ചിത്രമായ ഫോറന്‍സിക് ബോളിവുഡിലേക്ക്. ടോവിനോ തോമസും മംമ്ത മോഹന്‍ദാസും പ്രധാന കഥാപാത്രങ്ങളായി എത്തിയ ചിത്രത്തിന്റെ ബോളിവുഡ് റിമേക്കില്‍ രാധിക ആപ്തേയും വിക്രാന്ത് മസേയും പ്രധാന വേഷത്തിലെത്തും. ടൊവിനോ തോമസ് അവതരിപ്പിച്ച ഫോറന്‍സിക് ഓഫീസറുടെ വേഷമാകും വിക്രാന്ത് കൈകാര്യം ചെയ്യുക.

മലയാളത്തില്‍ അഖില്‍ പോളും അന്‍സാര്‍ ഖാനും ചേര്‍ന്നൊരുക്കിയ ചിത്രത്തിന്റെ ഹിന്ദി റീമേക്ക് സംവിധാനം ചെയ്യുന്നത് വിശാല്‍ ഫൂറിയ ആണ്. മിനി ഫിലിംസിന്റെ ബാനറില്‍ മന്‍സി ബംഗ്ല, വരുണ്‍ ബംഗ്ല എന്നിവരും സോഹം റോക്സ്റ്റാറിന്റെ ബാനറില്‍ ദീപക് മുകുതും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.

ഇന്റലിജന്റ് ഫിലിം എന്നായിരുന്നു ഫോറന്‍സിക് മലയാളം പതിപ്പിനെക്കുറിച്ച് വിക്രാന്ത് മസേയുടെ പ്രതികരണം.

മുംബൈ: നീലച്ചിത്ര നിര്‍മ്മാണ കേസില്‍ അറസ്റ്റിലായ രാജ് കുന്ദ്രയോട് പൊട്ടിത്തെറിച്ച് ഭാര്യയും സിനിമാ താരവുമായ ശില്‍പ ഷെട്ടി. പൊലീസ് തെളിവെടുപ്പിനായി രാജ് കുന്ദ്രയെ വീട്ടിലെത്തിച്ചപ്പോഴായിരുന്നു നാടകീയ രംഗങ്ങള്‍ അരങ്ങേറിയത്.

നമുക്കെല്ലാമുണ്ട് പിന്നെ എന്തിനായിരുന്നു ഇതൊക്കെ ? എന്ന് ചോദിക്കുകയും, കുടുംബത്തിന്റെ അന്തസ് നശിപ്പിച്ചു, ഈ സംഭവം കാരണം നിരവധി സിനിമകള്‍ തനിക്ക് ഉപേക്ഷിക്കേണ്ടി വരുമെന്നും സാമ്പത്തിക നഷ്ടമുണ്ടാകുമെന്നും ശില്‍പ്പ ഷെട്ടി കുറ്റപ്പെടുത്തിയതായും പൊലീസ് വൃത്തങ്ങള്‍ അറിയിച്ചു. വെള്ളിയാഴ്ചയായിരുന്നു രാജ് കുന്ദ്രയെ തെളിവെടുപ്പിനായി വീട്ടിലെത്തിച്ചത്.

അതേസമയം, കേസില്‍ ശില്‍പ്പ ഷെട്ടിക്ക് ഒരു പങ്കുമില്ലെന്ന് പൊലീസ് അറിയിച്ചു. വീട്ടിലും പൊലീസ് സ്റ്റേഷനിലും വച്ച് കേസുമായി ബന്ധപ്പെട്ട് രണ്ടു തവണ ചോദ്യം ചെയ്തിരുന്നു, മാത്രമല്ല, യാതൊരു തരത്തിലുള്ള ഇലക്ട്രോണിക്, സാമ്പത്തിക തെളിവുകളും ശില്‍പ്പ ഷെട്ടിക്കെതിരേ ലഭിച്ചിട്ടില്ല, ഒരു സാക്ഷിമൊഴി പോലും ശില്‍പ്പക്കെതിരായില്ലെന്നും പൊലീസ് വ്യക്തമാക്കി.

നീലച്ചിത്രം നിര്‍മ്മിക്കുന്നതിലും ആപ്പുകളിലൂടെ അവ പ്രചരിപ്പിക്കുന്നതുമായി ബന്ധപ്പെട്ട കേസില്‍ മുംബൈയില്‍ മോഡലും നടിയുമായ ഗെഹ്ന വസിഷ്ട് ഉള്‍പ്പടെ 6 പേരെ പൊലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് രാജ് കുന്ദ്രയും പിടിയിലായത്. കേസില്‍ മുഖ്യ ആസൂത്രകന്‍ കുന്ദ്രയാണെന്നും ഇത് സംബന്ധിച്ച് പ്രധാന തെളിവുകള്‍ ലഭിച്ചിട്ടുണ്ടെന്നുമാണ് അന്വേഷണസംഘം വ്യക്തമാക്കുന്നത്.

ചെന്നൈ: ഇറക്കുമതി ചെയ്ത കാറിന്റെ പ്രവേശന നികുതി അടയ്ക്കാമെന്നു നടൻ വിജയ്. മദ്രാസ് ഹൈക്കോടതിയിലാണ് വിജയ് ഇക്കാര്യം അറിയിച്ചത്. എന്നാൽ, മുൻ സിംഗിൾ ബെഞ്ച് വിധിയിലെ അനാവശ്യമായ പരാമർശങ്ങൾ എല്ലാം നീക്കണമെന്നാണ് വിജയ് ആവശ്യപ്പെടുന്നത്. സമാന കേസുകളിൽ ഇത്തരത്തിലുള്ള പരാമർശങ്ങൾ ഉണ്ടായിട്ടില്ലെന്നാണ് വിജയ്ക്കു വേണ്ടി ഹാജരായ അഭിഭാഷകൻ കോടതിയിൽ വ്യക്തമാക്കിയത്. മുൻ അഡ്വക്കറ്റ് ജനറൽ വിജയ് നാരായണനാണ് വിജയ്ക്ക് വേണ്ടി കോടതിയിൽ ഹാജരായത്.

നികുതി ചുമത്തുന്നതു ചോദ്യം ചെയ്യാൻ എല്ലാ പൗരൻമാർക്കും അവകാശമുണ്ടെന്നും നികുതി വകുപ്പ് നോട്ടിസ് നൽകിയാൽ ഒരാഴ്ചയ്ക്കുള്ളിൽ പ്രവേശന നികുതി അടയ്ക്കാമെന്നും വിജയ് നാരായൺ കോടതിയെ അറിയിച്ചു. സിംഗിൾ ബെഞ്ച് വിധി ചോദ്യം ചെയ്തുള്ള ഹർജിയിലെ വാദത്തിനിടെയാണു വിജയ് നിലപാട് അറിയിച്ചത്.

അതേസമയം, സിംഗിൾ ബെഞ്ച് ഉത്തരവ് മദ്രാസ് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് സ്റ്റേ ചെയ്തു. നിശ്ചിത നികുതി ഒരാഴ്ചയ്ക്കുള്ളിൽ അടയ്ക്കണമെന്നാണ് വിജയ്ക്ക് മദ്രാസ് ഹൈക്കോടതി നൽകിയിരിക്കുന്ന നിർദ്ദേശം. വിധിയിലെ പരാമർശങ്ങൾ നീക്കണമെന്ന ആവശ്യത്തിലെ തുടർവാദം ഓഗസ്റ്റ് 31 നു നടക്കും.

വിവാഹ ബന്ധം വേര്‍പെടുത്താന്‍ ഒരുങ്ങി നടിയും പോണ്‍ താരവുമായ മിയ ഖലീഫ. വിവാഹം കഴിഞ്ഞ് ഒരു വര്‍ഷത്തിന് ശേഷമാണ് താരം ബന്ധം വേര്‍പ്പെടുത്താന്‍ തീരുമാനിച്ചിരിക്കുന്നത്.

ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച കുറിപ്പിലാണ് മിയ ഇക്കാര്യം വ്യക്തമാക്കിയത്. കഴിഞ്ഞ ജൂണ്‍ പത്തിനായിരുന്നു സ്വീഡിഷ് ഷെഫായ റോബര്‍ട്ട് സാന്‍ഡ്ബെര്‍ഗുമായുള്ള മിയയുടെ വിവാഹം.

ഒരു വര്‍ഷത്തോളമായി തങ്ങളുടെ ദാമ്പത്യ ജീവിതത്തിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ശ്രമിക്കുകയായിരുന്നുവെന്നും, എന്നാല്‍ അഭിപ്രായവ്യത്യാസങ്ങള്‍ മറികടക്കുന്നതില്‍ തങ്ങള്‍ പരാജയപ്പെട്ടെന്നും, ഞങ്ങള്‍ തമ്മില്‍ പരിഹരിക്കാനാവത്ത അഭിപ്രായ വ്യത്യാസങ്ങളാണുള്ളത്, യാതൊരു പശ്ചാത്താപവുമില്ലാതെ ഞങ്ങള്‍ ഈ അദ്ധ്യായം അവസാനിപ്പിക്കുകയാണെന്നും മിയ ഇന്‍സ്റ്റാഗ്രാം കുറിപ്പില്‍ പറയുന്നു.

പോണ്‍ താരമെന്ന നിലയില്‍ പ്രശസ്തയായ താരം ഐസിസ് ഭീഷണിയെത്തുടര്‍ന്നാണ് രംഗത്തുനിന്നും പിന്‍വാങ്ങിയത്. ശേഷം, പോണ്‍ സിനിമകളില്‍ അഭിനയിച്ചതില്‍ കുറ്റബോധമുണ്ടെന്നും മിയ പറഞ്ഞിരുന്നു.

ബംഗളൂരു: ഇന്ത്യന്‍ സിനിമയില്‍ അഞ്ച് ഭാഷകളിലായി അഞ്ഞൂറിലേറെ ചിത്രങ്ങളില്‍ വേഷമിട്ട മുതിര്‍ന്ന നടി ജയന്തി (76) വിടവാങ്ങി. വാര്‍ദ്ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് ചികിത്സയിലായിരുന്ന നടിയുടെ അന്ത്യം ബംഗളൂരുവിലെ വസതിയില്‍വെച്ചായിരുന്നു.

1963ല്‍ ‘ജീനു ഗൂഡു’ എന്ന കന്നഡ ചിത്രത്തിലൂടെയാണ് ജയന്തി വെള്ളിത്തിരയില്‍ അരങ്ങേറ്റം കുറിക്കുന്നത്. കന്നഡ, തമിഴ്, തെലുങ്ക്, മലയാളം, ഹിന്ദി ഭാഷകളിലായി എല്ലാ സൂപ്പര്‍ താരങ്ങള്‍ക്കൊപ്പവും നടി അഭിനയിച്ചിട്ടുണ്ട്. എന്‍.ടി. രാമറാവു, ജെമിനി ഗണേശന്‍, എം.ജി.ആര്‍, രാജ്കുമാര്‍, രജനികാന്ത് തുടങ്ങിയവരോടൊപ്പം ശ്രദ്ധേയമായ വേഷങ്ങള്‍ കൈകാര്യം ചെയ്തിട്ടുണ്ട്. കന്നഡയില്‍ അഭിനയ ദേവത എന്നാണ് ജയന്തി അറിയപ്പെടുന്നത്.

പാലാട്ട് കോമന്‍, കാട്ടുപ്പൂക്കള്‍, കളിയോടം, ലക്ഷപ്രഭു, കറുത്ത പൗര്‍ണമി, വിലക്കപ്പെട്ട കനി എന്നീ ചിത്രങ്ങളിലൂടെ മലയാളിക്ക് പ്രിയപ്പെട്ട താരമായിരുന്നു ജയന്തി. ഏഴ് തവണ മികച്ച നടിക്കുള്ള കര്‍ണാടക സര്‍ക്കാരിന്റെ പുരസ്‌കാരവും രണ്ട് തവണ ഫിലിം ഫെയര്‍ പുരസ്‌കാരവും നടിയെ തേടി എത്തിയിരുന്നു.

തിരുവനന്തപുരം: നടനും എംഎല്‍എയുമായ മുകേഷും നര്‍ത്തകി മേതില്‍ ദേവികയും വിവാഹമോചിതരാകുന്നതായി റിപ്പോര്‍ട്ട്. മുകേഷില്‍ നിന്നുള്ള അവഗണനകളും, ദുശ്ശീലങ്ങളുമാണ് വിവാഹമോചനത്തിലേക്ക് നയിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍.

കാലങ്ങളായി ഇരുവരും വേര്‍പിരിഞ്ഞാണ് താമസിക്കുന്നത്, നിലവില്‍ മകനുമൊപ്പം പാലക്കാട് സ്വന്തം വീട്ടിലാണ് ദേവികയെന്നാണ് വിവരം.

കൂടാതെ, വിവാഹമോചനത്തിനായി ദേവിക കുടുംബ കോടതിയെ സമീപിച്ചിരിക്കുകയാണിപ്പോള്‍. ഭര്‍ത്താവെന്ന നിലയില്‍ മുകേഷ് ഒരു പരാജയമാണെന്നും, പരസ്ത്രീ ബന്ധങ്ങളുണ്ടെന്നും ചൂണ്ടിക്കാട്ടിയാണ് മേതില്‍ ദേവിക വിവാഹം മോചനം തേടുന്നത്. കുടുംബ കാര്യങ്ങള്‍ ശ്രദ്ധിക്കുന്നതില്‍ മുകേഷ് പരാജയമായെന്നും. സ്വന്തം കാര്യം മാത്രം നോക്കുന്ന ഭര്‍ത്താവാണ് മുകേഷെന്നും, ഇങ്ങനെ അവഗണനകള്‍ സഹിച്ച് ഇനിയും മുന്നോട്ടു പോകാന്‍ സാധിക്കാത്തതു കൊണ്ടാണ് ദാമ്പത്യം അവസാനിപ്പിക്കാന്‍ മേതില്‍ ദേവിക തയ്യാറാകുന്നതെന്നുമാണ് റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാട്ടുന്നത്.

നേരത്തെ മുകേഷിനെതിരെ നിരവധി ആരോപണങ്ങളാണ് മുന്‍ ഭാര്യയും നടിയുമായ സരിത നിരത്തിയിരുന്നത്. ഇത് ശരിവെക്കുന്ന തരത്തിലാണ് മേതില്‍ ദേവികയുടെയും അഭിപ്രായങ്ങള്‍. മുകേഷ് കടുത്ത മദ്യപാനിയും പരസ്ത്രീ ബന്ധമുണ്ടെന്നുമായിരുന്നു സരിതയുടെ ആരോപണം.

മുംബൈ: നീലച്ചിത്ര നിര്‍മ്മാണവുമായി ബദ്ധപ്പെട്ട് അറസ്റ്റിലായ വ്യവസായി രാജ് കുന്ദ്രയുടെ ഓഫീസില്‍ രഹസ്യ അറ കണ്ടെത്തി. അന്വേഷണ സംഘത്തിന്റെ നേതൃത്വത്തില്‍ കഴിഞ്ഞ ദിവസം നടത്തിയ റെയ്ഡിലാണ് രഹസ്യ അറ കണ്ടെത്തിയതെന്ന് പൊലീസ് അറിയിച്ചു. ബിസിനസ് രേഖകളും ക്രിപ്റ്റോ കറന്‍സികളെ സംബന്ധിച്ച വിവരങ്ങളുമാണ് കുന്ദ്രയുടെ ഓഫിസിലെ രഹസ്യ അറിയില്‍ സൂക്ഷിച്ചിരുന്നത്.

അതേസമയം, നീലച്ചിത്ര നിര്‍മ്മാണവുമായി ബന്ധപ്പെട്ട് സാക്ഷിമൊഴി നല്‍കാന്‍ കുന്ദ്രയുടെ സ്ഥാപനത്തിലെ നാല് ജീവനക്കാര്‍ സന്നദ്ധരായിട്ടുണ്ടെന്ന് ക്രൈംബ്രാഞ്ച് ചൂണ്ടിക്കാട്ടി. ഇവരുടെ മൊഴി മജിസ്ട്രേറ്റിന്റെ മുന്നില്‍ രേഖപ്പെടുത്താനാണ് നീക്കം. കുന്ദ്രയും മറ്റ് പ്രതികളും അന്വേഷണവുമായി സഹകരിക്കാത്ത സാഹചര്യത്തില്‍ സാക്ഷിമൊഴികളുടെ സഹായത്തോടെ കേസ് ശക്തമാക്കാനാണ് അന്വേഷണസംഘം ശ്രമിക്കുന്നത്.

നീലച്ചിത്രം നിര്‍മ്മിക്കുന്നതിലും ആപ്പുകളിലൂടെ അവ പ്രചരിപ്പിക്കുന്നതുമായി ബന്ധപ്പെട്ട കേസില്‍ മുംബൈയില്‍ മോഡലും നടിയുമായ ഗെഹ്ന വസിഷ്ട് ഉള്‍പ്പടെ 6 പേരെ പൊലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് രാജ് കുന്ദ്രയും പിടിയിലായത്. കേസില്‍ മുഖ്യ ആസൂത്രകന്‍ കുന്ദ്രയാണെന്നും ഇത് സംബന്ധിച്ച് പ്രധാന തെളിവുകള്‍ ലഭിച്ചിട്ടുണ്ടെന്നുമാണ് അന്വേഷണസംഘം വ്യക്തമാക്കുന്നത്.