കൊച്ചി: ട്രാന്‍സ്ജെഡര്‍ അനന്യ കുമാരി അലക്സിന്റെ ജീവിതം വെള്ളിത്തിരയിലേക്ക്. അനന്യയുടെ ജീവിത പോരാട്ടങ്ങളെ മുന്‍നിര്‍ത്തി തന്നെയാണ് ചിത്രമൊരുക്കാന്‍ തീരുമാനിച്ചിരിക്കുന്നത്. ഒരു ട്രാന്‍സ്ജെഡര്‍ തന്നെയായിരിക്കും ചിത്രത്തില്‍ അനന്യ ആയി വേഷമിടുക.
പ്രദക്ഷിണം, ഇംഗ്ലിഷ് മീഡിയം, പേടി തൊണ്ടന് തുടങ്ങിയ ചിത്രങ്ങളുടെ സംവിധായകനായ പ്രദീപ് ചൊക്ലിയായിരിക്കും ഈ ചിത്രവുമൊരുക്കുക. സിനിമയുടെ പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ ഇതിനോടകം ആരംഭിച്ചു കഴിഞ്ഞതായാണ് റിപ്പോര്‍ട്ടുകള്‍. മലയാളത്തിലെ പ്രമുഖ താരങ്ങളും ചിത്രത്തില്‍ അണിനിരക്കും.
കഴിഞ്ഞ ദിവസമാണ് ട്രാന്സ്ജെഡറായ അനന്യ അലക്സിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ലിംഗമാറ്റ ശസ്ത്രക്രിയയില്‍ ഡോക്ടര്‍ക്ക് പിഴവ് സംഭവിച്ചുവെന്ന് ആരോപണം ഉന്നയിച്ചതിനു പിന്നാലെയായിരുന്നു അനന്യയുടെ മരണം.
ലിംഗമാറ്റ ശസ്ത്രക്രിയ കഴിഞ്ഞ് ഒരു വര്‍ഷം പിന്നിട്ടിട്ടും ജോലി ചെയ്യാനും നിശ്ചിത സമയത്തില്‍ കൂടുതല്‍ എഴുന്നേറ്റു നില്‍ക്കാനും സാധിക്കുന്നില്ലെന്നും അനന്യ പറഞ്ഞിരുന്നു. മറ്റു ചില ഗുരുതരമായ ശാരീരിക പ്രശ്നങ്ങളും നേരിട്ടിരുന്നതായി അനന്യ ചൂണ്ടിക്കാട്ടിയിരുന്നു.
റേഡിയോ ജോക്കിയായ കേരളത്തിലെ ആദ്യ ട്രാന്‍സ് വ്യക്തിയാണ് അനന്യ. നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ നാമനിര്‍ദേശവും നല്‍കിയിരുന്നു.

