‘ഇത് ഇഷ്ടമായി.. ഗംഭീരം’; ജന്മദിനാശംസകൾ നേർന്ന് ചെങ്കൽചൂളയിലെ കുട്ടികൾ ഒരുക്കിയ വീഡിയോ ഷെയർ ചെയ്ത് സൂര്യ

തിരുവനന്തപുരം: അടുത്തിടെയാണ് തമിഴ്താരം സൂര്യയുടെ പിറന്നാൾ ആഘോഷങ്ങൾ നടന്നത്. ആരാധകരും സിനിമാ പ്രേമികളും ഉൾപ്പെടെ നിരവധി പേരാണ് അദ്ദേഹത്തിന് ജന്മദിനാശംസകൾ നേർന്നത്. പിറന്നാളിന് ദിവസങ്ങൾക്ക് മുൻപ് തന്നെ ആരാധകർ ആഘോഷം തുടങ്ങിയിരുന്നു. വീഡിയോകളിലൂടെയും ഫോട്ടോകളിലൂടെയും ജന്മദിനാശംസകളുടെ പ്രവാഹമാണ് അദ്ദേഹത്തിന് ലഭിച്ചത്. അക്കൂട്ടത്തിൽ വൈറലായ ഒരു വീഡിയോ ഉണ്ട്. തിരുവനന്തപുരത്തെ ചെങ്കൽച്ചൂള അഥവ രാജാജി നഗറിലെ ഒരു കൂട്ടം കുട്ടികൾ ചെയ്ത ബർത്ത് ഡേ സ്‌പെഷ്യൽ വീഡിയോ.

സൂര്യ നായകനായെത്തിയ ‘അയൻ’ സിനിമയിലെ ഗാനം അതുപോലെ തന്നെ പുനരാവിഷ്‌കരിക്കുകയാണ് രാജാജി നഗറിലെ കുട്ടികൾ. ഇപ്പോൾ വീഡിയോ സൂര്യയും തന്റെ ട്വിറ്റർ അക്കൗണ്ടിലൂടെ പങ്കുവെച്ചിരിക്കുകയാണ്. ‘ഇത് ഇഷ്ടമായി.. ഗംഭീരം.. സുരക്ഷിതരായി ഇരിക്കൂ” എന്ന് കുറിച്ച ശേഷമാണ് സൂര്യ വീഡിയോ പങ്കുവെച്ചത്. സൂര്യ ഫാൻസ് ക്ലബ് കേരളയുടെ ട്വിറ്ററിൽ പോസ്റ്റ് ചെയ്ത വിഡിയോയാണ് സൂര്യ ഷെയർ ചെയ്തിരിക്കുന്നത്.