മുംബൈ: നീലച്ചിത്ര നിര്‍മ്മാണവുമായി ബന്ധപ്പെട്ട് ഭര്‍ത്താവ് രാജ് കുന്ദ്രയ്ക്ക് പിന്നാലെ നടി ശില്പ ഷെട്ടിയെയും പൊലീസ് ചോദ്യം ചെയ്തു. ശില്പ ഷെട്ടിയുടെ വീട്ടില്‍ റെയ്ഡ് നടത്തിയ മുംബൈ പൊലിസ് അഞ്ചു മണിക്കൂറോളമാണ് ഇവരെ ചോദ്യം ചെയ്തത്. രാജ് കുന്ദ്രയുടെ നീലച്ചിത്ര നിര്‍മ്മാണത്തെയും, ബിസിനസിനെയും കുറിച്ച് അറിവുണ്ടായിരുന്നോ അതില്‍ പങ്കുണ്ടോ എന്നതായിരുന്നു പൊലീസ് അന്വേഷണം.
അതേസമയം, വന്‍ തുകകള്‍ കൈമാറ്റം നടത്തിയ രേഖകള്‍ റെയ്ഡില്‍ കണ്ടെടുത്തതായി പൊലീസ് പറഞ്ഞു. യെസ് ബാങ്കില്‍ നിന്നും യൂണിയന് ബാങ്ക് ഓഫ് ആഫ്രിക്കയിലേക്ക് ഇടപാടുകള്‍ നടത്തിയതായാണ് രേഖകളെന്നും, നീലച്ചിത്ര നിര്‍മ്മാണത്തിലൂടെ ലഭിക്കുന്ന പണം രാജ് കുന്ദ്ര ഓണ്‍ലൈന്‍ ചൂതാട്ടത്തില്‍ നിക്ഷേപിക്കുന്നതായും പൊലീസ് കണ്ടെത്തിയതായി അറിയിച്ചു.
നേരത്തെ, രാജ് കുന്ദ്രയുടെ വീട്ടില്‍ നടത്തിയ റെയ്ഡില്‍ അശ്ലീല വീഡിയോകളും സെര്‍വറുകളും പൊലീസ് പിടിച്ചെടുത്തിരുന്നു. യു.കെ ആസ്ഥാനമായുള്ള കിന്റിന് എന്ന സ്ഥാപനവുമായി ചേര്‍ന്ന് നീലച്ചിത്രങ്ങള്‍ ഇന്റര്‍നെറ്റില്‍ പ്രചരിപ്പിച്ചെന്നതാണ് കുന്ദ്രക്കെതിരായ കേസ്.
അശ്ലീലച്ചിത്രം നിര്‍മിക്കുന്നതിലും ആപ്പുകളിലൂടെ അവ പ്രചരിപ്പിക്കുന്നതുമായി ബന്ധപ്പെട്ട കേസില്‍ മുംബൈയില്‍ മോഡലും നടിയുമായ ഗെഹ്ന വസിഷ്ട് ഉള്‍പ്പെടെ 6 പേരെ പൊലീസ് ഫെബ്രുവരിയില്‍ അറസ്റ്റു ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് രാജ് കുന്ദ്രയും പിടിയിലായത്. കേസില്‍ മുഖ്യ ആസൂത്രകന്‍ കുന്ദ്രയാണെന്നും ഇത് സംബന്ധിച്ച പ്രധാന തെളിവുകള്‍ ലഭിച്ചിട്ടുണ്ടെന്നുമാണ് പൊലീസ് വ്യക്തമാക്കുന്നത്.

