മുബൈ: ബോളിവുഡ് താരം സോനു സൂദിന്റെ ഓഫിസുകളില്‍ ആദായ നികുതി വകുപ്പ് റെയ്ഡ് നടത്തി. മുംബൈയിലും ലഖ്നൗവിലുമായി ആറ് സ്ഥലങ്ങളിലാണ് പരിശോധനകള്‍ നടത്തിയത്. സോനുവിന്റെ ഉടമസ്ഥതയിലുള്ള മുംബൈയിലെ ഓഫീസുകളിലും താരവുമായി ബന്ധമുള്ള ലഖ്നൗവിലെ കമ്പനിയിലുമായിരുന്നു പരിശോധന.
ജീവകാരുണ്യ പ്രവര്‍ത്തനങ്ങളിലൂടെ വളരെ ജനശ്രദ്ധ പിടിച്ചുപറ്റിയ താരം കൂടിയാണ് സോനു. അതേസമയം, ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെ മറവില്‍ താരം നികുതി വെട്ടിപ്പ് നടത്തിയിട്ടുണ്ടോയെന്നതടക്കമുള്ള കാര്യങ്ങള്‍ ആദായ നികുതി വകുപ്പ് പരിശോധിച്ച് വരികയാണ്.
അടുത്തിടെ ഡല്‍ഹിയിലെ ആം ആദ്മി സര്‍ക്കാരിന്റെ വിദ്യാര്‍ത്ഥികള്‍ക്കായുള്ള ഒരു പ്രോജക്റ്റിന്റെ ബ്രാന്‍ഡ് അംബാസിഡറായി സോനു ചുമതല ഏറ്റെടുത്തിരുന്നു. ഇതിന് പിന്നാലെയാണ് ആദായനികുതി വകുപ്പിന്റെ പരിശോധനയെന്നത് ശ്രദ്ധേയമാണ്.
മുന്‍പ് 2012ലും നികുതി വെട്ടിപ്പുമായി ബന്ധപ്പെട്ട് ആദായ നികുതി വകുപ്പ് സോനു സൂദിന്റെ ഓഫിസുകളില്‍ പരിശോധന നടത്തിയിരുന്നു.