അഫ്ഗാന്‍ രക്ഷാദൗത്യം സിനിമയാക്കുന്നു; ‘ഗരുഡ്’ അണിയറയില്‍ !

ന്യൂഡല്‍ഹി: താലിബാന്റെ പിടിയിലായ അഫ്ഗാനില്‍ നിന്നുള്ള രക്ഷാദൗത്യം പ്രമേയമാക്കി ചിത്രം ബോളിവുഡില്‍ ഒരുങ്ങുന്നു. ഗരുഡ് എന്ന് പേര് നല്‍കിയിരിക്കുന്ന ചിത്രത്തിന്റെ മോഷന്‍ പോസ്റ്റര്‍ പുറത്തുവിട്ടാണ് അണിയറ പ്രവര്‍ത്തകര്‍ പ്രഖ്യാപനം നടത്തിയിരിക്കുന്നത്.

അഫ്ഗാനില്‍ നടന്ന യാഥാര്‍ത്ഥ സംഭവങ്ങളില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് ചിത്രീകരിക്കുന്ന സിനിമയില്‍ ഇന്ത്യന്‍ വ്യോമസേനയുടെ പ്രത്യേക സേനായൂണിറ്റായ ഗരുഡ് കമാന്‍ഡോ ഫോഴ്സിലെ ഒരു ഉദ്യോഗസ്ഥന്റെ കഥയാണ് പറയുന്നത്.

അഫ്ഗാനിലെ രക്ഷാദൗത്യ പ്രവര്‍ത്തനങ്ങളാണ് ചിത്രത്തില്‍ പ്രധാനമായും ആവിഷ്‌കരിക്കുന്നതെന്നും 2022 ഓഗസ്റ്റ് 15 സ്വാതന്ത്ര്യ ദിനത്തില്‍ ഗരുഡ് റിലീസ് ചെയ്യാനാണ് തീരുമാനിച്ചിട്ടുള്ളതെന്നും അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചു.

അജയ് കപൂറും സുഭാഷ് കാലെയും ചേര്‍ന്ന് നിര്‍മിക്കുന്ന ചിത്രത്തിന്റെ സംവിധായകനെയോ അഭിനേതാക്കളെയോ കുറിച്ചുള്ള വിവരങ്ങള്‍ പുറത്ത് വിട്ടിട്ടില്ല. കെജിഎഫിന്റെ സംഗീത സംവിധായകന്‍ രവി ബാസ്രുറാണ് ഗരുഡിന് പശ്ചാത്തല സംഗീതമൊരുക്കുന്നത്. തിരക്കഥയും സംഭാഷണവും നിധി സിംഗ് ധര്‍മ നിര്‍വഹിക്കും.