Entertainment (Page 212)

ചെന്നൈ: സൂപ്പര്‍സ്റ്റാര്‍ രജനികാന്തിന്റെ ഏറ്റവും പുതിയ ചിത്രം അണ്ണാത്തെ സിനിമയുടെ പോസ്റ്ററില്‍ രക്താഭിഷേകം നടത്തിയതിനെതിരെ പരാതി. ചിത്രത്തിന്റെ പോസ്റ്റര്‍ പുറത്തുവന്നതിന് പിന്നാലെ ആരാധകര്‍ നടത്തിയ മൃഗബലിയാണ് പരാതിക്ക് ഇടയാക്കിയിരിക്കുന്നത്. അഭിഭാഷകനായ തമില്‍വേന്‍ടനാണ് തമിഴ്നാട് ഡി ജി പിക്ക് ഇത് സംബന്ധിച്ച് പരാതി നല്‍കിയിരിക്കുന്നത്.

ആടിനെ അറുത്ത് ചോര അണ്ണാത്തെയുടെ പോസ്റ്ററില്‍ ഒഴിക്കുന്ന ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ദേശീയപാതയില്‍ സ്ത്രീകളെയും കുട്ടികളെയും സാക്ഷിയാക്കിയാണ് സംഭവം അരങ്ങേറിയത്. ഇതിനെതിരെ വ്യാപകമായി പരാതിയും ഉയര്‍ന്നു വന്നിരുന്നു.

എന്നാല്‍, വിഷയത്തില്‍ രജനികാന്ത് ഇതുവരെ പ്രതികരിച്ചിട്ടില്ല. താരം ആരാധകരുടെ പ്രവൃത്തിയെ അപലപിക്കാത്തതില്‍ പ്രതിഷേധിച്ചാണ് അഭിഭാഷകന്‍ പരാതി നല്‍കിയിരിക്കുന്നത്.

ടിയനു ശേഷം മോഹന്‍ലാലും സംവിധായകന്‍ വി.എ ശ്രീകുമാര്‍ മേനോനും വീണ്ടും ഒന്നിക്കുന്നു. ഹിന്ദിയിലും മലയാളത്തിലുമൊരുക്കുന്ന ‘മിഷന്‍ കൊങ്കണ്‍’ എന്ന ചിത്രത്തില്‍ രണ്‍ദീപ് ഹൂഡയും പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. കേരള പ്രൊഡ്യൂസേഴ്സ് എന്ന ഫേ്സ്ബുക്ക് പേജിലാണ് ചിത്രത്തെക്കുറിച്ചുള്ള പ്രഖ്യാപനം നടത്തിയത്.

ബിഗ് ബജറ്റ് ചിത്രമായിരിക്കും മിഷന്‍ കൊങ്കണ്‍. പേര് സൂചിപ്പിക്കുന്നതുപോലെ കൊങ്കണ്‍ റെയില്‍വെ ആണ് സിനിമയ്ക്ക് പശ്ചാത്തലമാവുന്നത്. ഹോളിവുഡ് ടെക്നീഷ്യന്‍മാരുടെ നേതൃത്വത്തിലാവും ആക്ഷന്‍ രംഗങ്ങളുടെ ചിത്രീകരണം.

ജിതേന്ദ്ര താക്കറെ, ശാലിനി താക്കറെ, കമാല്‍ ജെയിന്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. ടി.ഡി രാമകൃഷ്ണനാണ് രചന നിര്‍വഹിച്ചിരിക്കുന്നത്. മോഹന്‍ലാല്‍ മുഴുനീള വേഷത്തിലാകില്ല ചിത്രത്തിലെത്തുകയെന്നും അഭ്യൂഹങ്ങളുണ്ട്.

ഒന്‍പത് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് മോഹന്‍ലാല്‍ ഹിന്ദിയില്‍ അഭിനയിക്കുന്നത്. പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത തേസിലാണ് മോഹന്‍ലാല്‍ അവസാനമായി ബോളിവുഡില്‍ അഭിനയിച്ചത്.

കൊച്ചി: അന്തരിച്ച ചലച്ചിത്ര താരം റിസബാവയുടെ കോവിഡ് പരിശോധനാഫലം പോസിറ്റീവായതിനെ തുടര്‍ന്ന് പൊതുദര്‍ശനം ഒഴിവാക്കി. മട്ടാഞ്ചേരി കപ്പലണ്ടി മുക്കിലുള്ള ഷാദിമഹലിലാണ് നേരത്തെ പൊതുദര്‍ശനം നിശ്ചയിച്ചിരുന്നത്. കോവിഡ് പ്രോട്ടോക്കോള്‍ അനുസരിച്ച് 10 മണിക്ക് ചെമ്പിട്ട പള്ളി ഖബര്‍സ്ഥാനില്‍ സംസ്‌കാരം നടക്കും.

തിങ്കളാഴ്ച വൈകുന്നേരം മുന്ന് മണിയോടെയായിരുന്നു റിസബാവ(55)യുടെ അന്ത്യം. പെട്ടന്നുണ്ടായ സ്ട്രോക്കിനെ തുടര്‍ന്നാണ് അദ്ദേഹത്തെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. വൃക്ക സംബന്ധമായ അസുഖങ്ങളെത്തുടര്‍ന്ന് ചികിത്സയിലായിരുന്നു.

1990ല്‍ പുറത്തിറങ്ങിയ ഡോക്ടര്‍ പശുപതി എന്ന ചിത്രത്തിലൂടെ നായകനായാണ് റിസബാവ സിനിമയിലേക്ക് അരങ്ങേറ്റം കുറിക്കുന്നത്. ഇന്‍ ഹരിഹര്‍ നഗറിലെ ജോണ്‍ ഹോനായി എന്ന വില്ലനും സൂപ്പര്‍ഹിറ്റായതോടെ റിസബാവ ശ്രദ്ധിക്കപ്പെട്ടു. പിന്നീട് വില്ലനായും സഹതാരമായുമെല്ലാം നിരവധി ചിത്രങ്ങളിലാണ് അദ്ദേഹം വേഷമിട്ടത്.

കൊച്ചി: നടന്‍ റിസബാവ (55) അന്തരിച്ചു. പക്ഷാഘാതത്തെ തുടര്‍ന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഷാജി കൈലാസ് സംവിധാനം ചെയ്ത ഡോ. പശുപതി എന്ന ചിത്രത്തിലെ നായക വേഷത്തിലൂടെയാണ് റിസബാവ വെള്ളിത്തിരയിലെത്തുന്നത്. തുടര്‍ന്ന് നിരവധി ചിത്രങ്ങളില്‍ വില്ലനായും, സഹനടനായും തിളങ്ങി.

1966 സെപ്തംബര്‍ 26ന് കൊച്ചിയിലെ തോപ്പുംപടിയിലാണ് റിസബാവ ജനിച്ചത്. നാടകത്തില്‍ നിന്നായിരുന്നു സിനിമയിലേക്കുള്ള അദ്ദേഹത്തിന്റെ അരങ്ങേറ്റം.

ഇന്‍ ഹരിഹര്‍നഗര്‍ എന്ന ചിത്രത്തിലെ പ്രതിനായക കഥാപാത്രം ജോണ്‍ ഹോനായിയായാണ് ഇന്നും റിസബാവ അറിയപ്പെടുന്നത്. ആനവാല്‍ മോതിരം, ഇരിക്കൂ എം.ഡി. അകത്തുണ്ട്, ജോര്‍ജ്ജുകുട്ടി c/o ജോര്‍ജ്ജുകുട്ടി, ചമ്ബക്കുളം തച്ചന്‍, ഏഴരപ്പൊന്നാന, എന്റെ പൊന്നു തമ്ബുരാന്‍, മാന്ത്രികചെപ്പ്, ഫസ്റ്റ് ബെല്‍, ബന്ധുക്കള്‍ ശത്രുക്കള്‍, കാബൂളിവാല, ആയിരപ്പറ, വധു ഡോക്ടറാണ്, മലപ്പുറം ഹാജി മഹാനായ ജോജി, മംഗലംവീട്ടില്‍ മാനസേശ്വരിഗുപ്ത, അനിയന്‍ബാവ ചേട്ടന്‍ബാവ, നിറം, എഴുപുന്ന തരകന്‍, ക്രൈം ഫയല്‍, ലൈഫ് ഈസ് ബ്യൂട്ടിഫുള്‍, കവര്‍ സ്റ്റോറി, നസ്രാണി, പരദേശി, പോക്കിരിരാജ, ഈ അടുത്ത കാലത്ത്, സഖറിയായുടെ ഗര്‍ഭിണികള്‍, കോഹിന്നൂര്‍, ശുഭരാത്രി തുടങ്ങി നിരവധി ചിത്രങ്ങളില്‍ അദ്ദേഹം അഭിനയിച്ചിട്ടുണ്ട്.

തിരുവനന്തപുരം: 45-ാമത് കേരള ഫിലിം ക്രിട്ടിക്‌സ് പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. ജിയോ ബേബി സംവിധാനം ചെയ്ത് ഡിഗോ അഗസ്റ്റിന്‍, ജോമോന്‍ ജേക്കബ്, വിഷ്ണു രാജന്‍, സെബിന്‍ രാജ് എന്നിവര്‍ നിര്‍മിച്ച ‘ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണാ’ണ് ഏറ്റവും മികച്ച ചിത്രം. ‘എന്നിവര്‍’ എന്ന ചിത്രം സംവിധാനം ചെയ്ത സിദ്ധാര്‍ഥ് ശിവയാണ് മികച്ച സംവിധായകന്‍. മികച്ച തിരക്കഥാകൃത്തായി സച്ചി (ചിത്രം :അയ്യപ്പ നും കോശിയും)യെ തിരഞ്ഞെടുത്തു. അടുത്ത കാലത്തായിരുന്നു സച്ചിയുടെ വേര്‍പാട്.

അയ്യപ്പനും കോശിയും എന്ന ചിത്രത്തിലൂടെ പൃഥ്വിരാജും ബിജുമേനോനും മികച്ച നടനുള്ള അവാര്‍ഡ് നേടി. മികച്ച നടിയ്ക്കുള്ള പുരസ്‌കാരം ജ്വാലമുഖി എന്ന ചിത്രത്തിലൂടെ സുരഭിലക്ഷ്മിയും, വൂള്‍ഫ്, ആണും പെണ്ണും എന്ന ചിത്രങ്ങളിലൂടെ സംയുക്ത മേനോനും നേടി .

‘സിനിമയിലെ സമഗ്ര സംഭാവനകള്‍ക്ക് കെ.ജി. ജോര്‍ജ്ജിനെ ചലച്ചിത്ര രത്‌ന പുരസ്‌കാരം നല്‍കി ആദരിച്ചു. മാമുക്കോയ, ബിന്ദു പണിക്കര്‍, സായ്കുമാര്‍ എന്നിവര്‍ക്ക് ചലച്ചിത്ര പ്രതിഭാപുരസ്‌കാരത്തിന് അര്‍ഹരായി.

സിനിമാരംഗത്ത് വൈവിദ്ധ്യമാര്‍ന്ന സിനിമകളിലൂടെ 40 വര്‍ഷം തികയ്ക്കുന്ന സംവിധായകന്‍ കെ.ഹരികുമാറിന് ക്രിട്ടിക്‌സ് റൂബി ജൂബിലി അവാര്‍ഡ് സമ്മാനിക്കും.

മറ്റു പുരസ്‌കാരങ്ങള്‍ ;

മികച്ച രണ്ടാമത്തെ ചിത്രം: വെള്ളം(നിര്‍മ്മാണം ജോസ്‌കുട്ടി മഠത്തില്‍, യദുകൃഷ്ണ, രഞ്ജിത്, ബിജു)

മികച്ച രണ്ടാമത്തെ ചിത്രത്തിന്റെ സംവിധായകന്‍: പ്രജീഷ് സെന്‍ (ചിത്രം: വെള്ളം)

മികച്ച സഹനടന്‍ : സുധീഷ് (ചിത്രം എന്നിവര്‍)

മികച്ച സഹനടി: മമിത ബൈജു(ചിത്രം: ഖോ ഖോ)

മികച്ച ബാലതാരം : മാസ്റ്റര്‍ സിദ്ധാര്‍ത്ഥ (ചിത്രം: ബൊണാമി),

ബേബി കൃഷ്ണശ്രീ (ചിത്രം: കാന്തി)

പ്രത്യേക ജൂറി അവാര്‍ഡ്: വിശ്വനാഥ ബി നിര്‍മിച്ച് ഹരികുമാര്‍ സംവിധാനം ചെയ്ത ജ്വാലാമുഖി

മികച്ച ഗാനരച യിതാവ് : ഏങ്ങണ്ടിയൂര്‍ ചന്ദ്രശേഖരന്‍ (ചിത്രം : രണ്ടാം നാള്‍)

മികച്ച സംഗീത സംവിധാനം : എം.ജയചന്ദ്രന്‍ (ചിത്രം : സൂഫിയും സുജാതയും)

മികച്ച പിന്നണി ഗായകന്‍ : പി.കെ.സുനില്‍കുമാര്‍ (ഗാനം : ശരിയേത് തെറ്റേത്, ചിത്രം: പെര്‍ഫ്യൂം)

മികച്ച പിന്നണി ഗായിക : കെ.എസ്.ചിത്ര (ഗാനം:നീലവാനം താലമേന്തി, ചിത്രം: പെര്‍ഫ്യൂം)

മികച്ച ഛായാഗ്രാഹകന്‍ : അമല്‍ നീരദ് (ചിത്രം: ട്രാന്‍സ്)

മികച്ച ചിത്രസന്നിവേശകന്‍: നൗഫല്‍ അബ്ദുള്ള (ചിത്രം: സമീര്‍)

മികച്ച ശബ്ദലേഖകന്‍ : റസൂല്‍ പൂക്കുട്ടി (ചിത്രം : ട്രാന്‍സ്)

മികച്ച കലാസംവിധായകന്‍ : ദീപു ജോസഫ് (ചിത്രം: സൂഫിയും സുജാതയും)

മികച്ച മേക്കപ്പ്മാന്‍ : സുധി സുരേന്ദ്രന്‍ (ചിത്രം: ഏക് ദിന്‍)

മികച്ച വസ്ത്രാലങ്കാരം: മഹര്‍ ഹംസ (ചിത്രം ട്രാന്‍സ്)

മികച്ച ജനപ്രിയചിത്രം: സൂഫിയും സുജാതയും (സംവിധാനം : ഷാനവാസ് നാരണറിപ്പുഴ)

മികച്ച ബാലചിത്രം: ബോണാമി (സംവിധാനം: ടോണി സുകുമാര്‍)

മികച്ച ജീവചരിത്ര സിനിമ : വിശുദ്ധ ചാവറയച്ചന്‍ (സംവിധാനം:അജി കെ.ജോസ്)

മികച്ച പരിസ്ഥിതി ചിത്രം: ഒരിലത്തണലില്‍ (സംവിധാനം: അശോക് ആര്‍.നാഥ്)

അനുഷ്ഠാനകലയെ ആസ്പദമാക്കിയ മികച്ച ചിത്രം: പച്ചത്തപ്പ് (സംവിധാനം: അനു പുരുഷോത്ത്), ഉരിയാട്ട് (സംവിധാനം: കെ.ഭുവനചന്ദ്രന്‍)

മികച്ച സംസ്‌കൃതചിത്രം: ഭഗവദ്ദജ്ജുകം (സംവിധാനം യദു വിജയകൃഷ്ണന്‍)

മികച്ച നവാഗത പ്രതിഭ

നടന്‍: ആനന്ദ് റോഷന്‍ (ചിത്രം:സമീര്‍)

നടി: അഫ്‌സാന ലക്ഷ്മി (ചിത്രം: വെളുത്ത മധുരം)

സംവിധാനം : വിയാന്‍ വിഷ്ണു (ചിത്രം: ഏക് ദിന്‍)

പ്രത്യേക ജൂറി പുരസ്‌കാരങ്ങള്‍ ;

സംവിധാനം: സീനത്ത് (ചിത്രം രണ്ടാം നാള്‍)

ജിനോയ് ജെബിറ്റ് (ചിത്രം: കോഴിപ്പോര്)

ഗാനരചന: ബി.ടി.അനില്‍കുമാര്‍ (ചിത്രം ലെയ്ക)

സോദ്ദേശ്യചിത്രം: സമീര്‍ (സംവിധാനം റഷീദ് പാറയ്ക്കല്‍)

ആര്‍ട്ടിക്കിള്‍ 21 (സംവിധാനം: ലെനിന്‍ എല്‍.യു)

ഖോ ഖോ (സംവിധാനം; രാഹുല്‍ റിജി നായര്‍).

തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്രമോദിയെ പരിഹസിക്കുന്ന കാര്‍ട്ടൂണ്‍ പങ്കുവെച്ച നടനും തിരക്കഥാകൃത്തുമായ മുരളി ഗോപിക്ക് നേരെ സൈബര്‍ ആക്രമണം. ഇന്ധന വിലവര്‍ധനവിന്റെ പശ്ചാത്തലത്തില്‍ തയ്യാറാക്കിയിരിക്കുന്ന കാര്‍ട്ടൂണ്‍ പങ്കുവെച്ചതിനാണ് താരത്തിനെതിരെ കൂട്ട സൈബര്‍ ആക്രമണം നടന്നത്.

കാര്‍ട്ടൂണിസ്റ്റ് ദിനേശ് കുക്കുജഡ്ക വരച്ച കാര്‍ട്ടൂണാണ് മുരളി ഫേസ്ബുക്കില്‍ പങ്കുവെച്ചത്. ബൈക്ക് തലകീഴായി വച്ച് ചക്രങ്ങള്‍ ചര്‍ക്കയാക്കി കറക്കുന്ന മോദിയും അത് കണ്ട് കണ്ണ് തള്ളിയ ഗാന്ധിയുമാണ് കാര്‍ട്ടൂണിന്റെ ഇതിവൃത്തം.

3,000ത്തിലധികം പേര്‍ ഇതിനകം ഷെയര്‍ ചെയ്ത പോസ്റ്റിന് കീഴെ കമന്റുകളുടെ പ്രവാഹമാണ്. നാര്‍ക്കോട്ടിക് ജിഹാദ് വഴിതിരിച്ചു വിടാനുള്ള ശ്രമമാണെന്നും, താരം താലിബാനിയാണെന്നും സിനിമ വിജയിപ്പിക്കില്ലെന്നുമടക്കമുള്ള ഭീഷണിയുമുണ്ട്.

ക്ഷയ് കുമാറിനെ കേന്ദ്ര കഥാപാത്രമാക്കി രഞ്ജിത്ത് എം തിവാരി സംവിധാനം നിര്‍വഹിച്ചിരിക്കുന്ന സ്പൈ ആക്ഷന്‍ ത്രില്ലര്‍ ‘ബെല്‍ബോട്ടം’ ഒടിടി റിലീസിന്. ആമസോണ്‍ പ്രൈമിലൂടെ ഈ മാസം 16നാണ് ചിത്രം റിലീസാവുക. കൊവിഡ് രണ്ടാം തരംഗത്തിനു ശേഷം തിയറ്ററുകളിലെത്തിയ ആദ്യ ബോളിവുഡ് സൂപ്പര്‍താര ചിത്രമായിരുന്നു ഇത്. എന്നാല്‍ ബോക്സ് ഓഫീസില്‍ ചിത്രം കാര്യമായ നേട്ടമുണ്ടാക്കിയില്ല.

ഓഗസ്റ്റ് 19ന് തിയറ്ററുകളിലെത്തിയ ചിത്രം ആദ്യദിനം 2.75 കോടി നേടിയെങ്കിലും ചിത്രത്തിന്റെ തിയറ്റര്‍ കളക്ഷന്‍ ആകെ 30 കോടിയാണെന്നാണ് ട്രേഡ് അനലിസ്റ്റുകളുടെ വിലയിരുത്തല്‍. അതേസമയം മാര്‍വെലിന്റെ ഹോളിവുഡ് സൂപ്പര്‍ഹീറോ ചിത്രം ‘ഷാങ്-ചി ആന്‍ഡ് ദ് ലെജെന്‍ഡ് ഓഫ് ദി ടെന്‍ റിംഗ്സ്’, വിനായക ചതുര്‍ഥി റിലീസ് ആയെത്തിയ തെലുങ്ക് ചിത്രം ‘സീട്ടിമാര്‍’ എന്നിവ ആദ്യദിന ഇന്ത്യന്‍ കളക്ഷനില്‍ ബെല്‍ബോട്ടത്തെ മറികടന്നിരുന്നു. ഷാങ്-ചി 3.25 കോടിയും, സീട്ടിമാര്‍ 3.5 കോടിയുമാണ് നേടിയത്.

അതേസമയം ബോളിവുഡ് സിനിമകളുടെ പ്രധാന മാര്‍ക്കറ്റ് ആയ മഹാരാഷ്ട്രയില്‍ തിയറ്ററുകള് തുറന്നിട്ടില്ലാത്ത സാഹചര്യത്തില്‍ റിലീസ് ചെയ്യപ്പെട്ട ബെല്‍ബോട്ടത്തെക്കുറിച്ച് നിര്‍മ്മാതാക്കള്‍ തന്നെ വലിയ പ്രതീക്ഷ പുലര്‍ത്തിയിരുന്നില്ല. 30 കോടി കിട്ടിയാല്‍ത്തന്നെ 100 കോടി കിട്ടിയതുപോലെ കരുതുമെന്നുമായിരുന്നു അക്ഷയ് കുമാറിന്റെ പ്രീ-റിലീസ് പ്രതികരണം.

ഇന്ത്യയില്‍ ആയിരത്തില്‍ താഴെ തിയറ്ററുകളില്‍ മാത്രമായിരുന്നു ചിത്രം റിലീസ് ചെയ്യപ്പെട്ടത്. എണ്‍പതുകള്‍ പശ്ചാത്തലമാക്കുന്ന ചിത്രത്തില്‍ വാണി കപൂര്‍ ആണ് നായികയായെത്തിയത്. ഹുമ ഖുറേഷിയും ലാറ ദത്തയും മറ്റു രണ്ട് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഡെന്‍സില്‍ സ്മിത്ത്, അനിരുദ്ധ ദവെ, ആദില്‍ ഹുസൈന്‍, തലൈവാസല്‍ വിജയ് തുടങ്ങിയവരും ചിത്രത്തില്‍ അഭിനയിക്കുന്നു. രാജീവ് രവിയാണ് ഛായാഗ്രഹണം.

ന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ ആദ്യമായി സിനിമാ ചിത്രീകരണത്തിനൊരുങ്ങി റഷ്യന്‍ സംഘം. നടി യുലിയ പെരെസില്‍ഡ്, സംവിധായകനും നിര്‍മാതാവുമായ ക്ലിം ഷിപെന്‍കോ എന്നിവര്‍ അടങ്ങുന്ന സംഘം ഒക്ടോബര്‍ അഞ്ചിനാകും നിലയത്തിലേക്ക് യാത്ര തിരിക്കുക. ഇവര്‍ക്ക് പിന്തുണയുമായി മറ്റ് രണ്ടുപേരും റഷ്യന്‍ ബഹിരാകാശ യാത്രികന്‍ ഒലെഗ് ആര്‍തെമിയേവും കൂടെയുണ്ടാവും.

ആദ്യമായി ബഹിരാകാശനിലയത്തില്‍ ചിത്രീകരണം നടത്തുന്ന സിനിമയ്ക്ക് ചലഞ്ച് എന്നാണ് പേരുനല്‍കിയിരിക്കുന്നതെന്ന് റഷ്യന്‍ ബഹിരാകാശ ഏജന്‍സിയായ റോസ്‌കോസ്മോസ് അറിയിച്ചു.

ഭൂമിയില്‍ തിരിച്ചെത്താന്‍ കഴിയാത്തവിധം അസുഖംബാധിച്ച ബഹിരാകാശ യാത്രികനെ ശസ്ത്രക്രിയ നടത്താന്‍ നിയോഗിക്കപ്പെടുന്ന വനിതാ സര്‍ജന്റെ കഥയാണ് സിനിമ പറയുന്നതെന്ന് റഷ്യന്‍ വാര്‍ത്താ ഏജന്‍സിയായ ആര്‍.ഐ.എ. റിപ്പോര്‍ട്ട് ചെയ്യുന്നു. ഓഗസ്റ്റ് 31-നാണ് പരീക്ഷണങ്ങള്‍ക്കുശേഷം ഇരുവരെയും ദൗത്യത്തിനായി തിരഞ്ഞെടുത്തത്. 2017-ല്‍ പുറത്തിറങ്ങിയ ബഹിരാകാശ ആക്ഷന്‍ ചിത്രം സല്യൂട്ട് 7-ന്റെ സംവിധായകനാണ് ക്ലിം ഷിപെന്‍കോ.

ഗുരുവായൂര്‍: ഗുരുവായൂര്‍ ക്ഷേത്രത്തിലെ വടക്കേനടയിലൂടെ മോഹന്‍ലാലിന്റെ കാര്‍ കടത്തിവിട്ട സെക്യൂരിറ്റി ജീവനക്കാര്‍ക്കെതിരെ നടപടിക്കൊരുങ്ങി ദേവസ്വം. ജീവനക്കാരെ സര്‍വിസില്‍ നിന്ന് മാറ്റിനിര്‍ത്താന്‍ ചീഫ് സെക്യൂരിറ്റി ഓഫിസര്‍ക്ക് അഡ്മിനിസ്‌ട്രേറ്റര്‍ കത്ത് നല്‍കി.

വ്യാഴാഴ്ച പുലര്‍ച്ചെയായിരുന്നു മോഹന്‍ലാല്‍ ക്ഷേത്രദര്‍ശനത്തിനെത്തിയത്. വടക്കേനടയില്‍ നാരായണാലയത്തിന് സമീപത്തെ ഗേറ്റ് തുറന്നാണ് നടന്റെ കാര്‍ ക്ഷേത്രത്തിലേക്ക് കടത്തിവിട്ടത്. വി.ഐ.പി വാഹനങ്ങള്‍ സാധാരണ തെക്കേനട വഴിയാണ് കടത്തിവിടാറ്.

പത്തനംതിട്ട: ആറന്മുള പള്ളിയോടത്തില്‍ കയറി ഫോട്ടോഷൂട്ട് നടത്തിയ മോഡലിനെയും സഹായിയെയും പൊലീസ് അറസ്റ്റ് ചെയ്തു. തൃശൂര്‍ ചാലക്കുടി സ്വദേശി നിമിഷ ബിജോ, പത്തനംതിട്ട പുലിയൂര്‍ സ്വദേശി ഉണ്ണി എന്നിവരാണ് അറസ്റ്റിലായത്. ചോദ്യം ചെയ്യാനായി വിളിച്ചു വരുത്തിയ ശേഷം അറസ്റ്റ് ചെയ്യുകയായിരുന്നു. പള്ളിയോട സംഘം നല്‍കിയ പരാതിയിലാണ് അറസ്റ്റ്. അറസ്റ്റിന് ശേഷം ഇരുവരേയും ജാമ്യത്തില്‍ വിട്ടയച്ചു.

പള്ളിയോട സേവാ സംഘത്തിന്റെ പരാതിയില്‍ തിരുവല്ല പൊലീസ് നേരത്തേ ഇവര്‍ക്കെതിരെ കേസെടുത്തിരുന്നു. ആചാരാനുഷ്ഠാനങ്ങളെയും, വിശ്വാസങ്ങളെയും വെല്ലുവിളിച്ച് ചിത്രീകരണം നടത്തിയെന്ന് ചൂണ്ടിക്കാട്ടിയാണ് പരാതി നല്‍കിയത്.

എന്നാല്‍ പള്ളിയോടത്തില്‍ ഷൂസിട്ട് കയറാന്‍ പാടില്ലെന്ന് അറിഞ്ഞിരുന്നില്ലെന്നും, സംഭവത്തില്‍ കരക്കാര്‍ക്കും വിശ്വാസികള്‍ക്കുമുണ്ടായ പ്രയാസത്തില്‍ ക്ഷമ ചോദിക്കുന്നതായും, പള്ളിയോടമാണെന്ന് അറിയാതെയാണ് വള്ളത്തില്‍ കയറിയതെന്നും ആചാര പ്രകാരമുള്ള പ്രായശ്ചിത്തം ചെയ്യാന്‍ സന്നദ്ധയാണെന്നും നിമിഷ അറസ്റ്റിന് ശേഷം പ്രതികരിച്ചു.

ഓതറ പുതുക്കുളങ്ങര പള്ളിയോടത്തില്‍ അനുമതിയില്ലാതെ കയറിയതിനും ഷൂസിട്ട് ഫോട്ടോ എടുത്തതിനുമാണ് ഇവര്‍ക്കെതിരെ പള്ളിയോടം ഭരവാഹികള്‍ പരാതി നല്‍കിയത്. ഓണത്തിന് മുമ്പെടുത്ത ചിത്രങ്ങള്‍ ഇന്‍സ്റ്റഗ്രാമില്‍ ഇട്ടതോടെയാണ് സംഭവം പുറത്തറിഞ്ഞതും വിവാദമായതും.

ആറന്മുള ഉതൃട്ടാതി വള്ളംകളിക്ക് പങ്കെടുക്കുന്ന വള്ളങ്ങളാണ് പള്ളിയോടങ്ങള്‍ എന്നറിയപ്പെടുന്നത്. ദൈവസാന്നിദ്ധ്യമുണ്ടെന്ന് വിശ്വസിക്കുന്നതിനാല്‍ വ്രതശുദ്ധിയോടെയാണ് പുരുഷന്മാര്‍ ഇതില്‍ കയറുക. സ്ത്രീകള്‍ പള്ളിയോടങ്ങളില്‍ കയറാന്‍ പാടില്ലെന്നുണ്ട്. കൂടാതെ പാദരക്ഷകള്‍ ഉപയോഗിക്കാറുമില്ല. എന്നാല്‍ ഫോട്ടോഷൂട്ട് നടത്തിയ നിമിഷ ഷൂസിട്ടാണ് പള്ളിയോടത്തില്‍ കയറിയത്.

അതേസമയം, സാമൂഹിക മാധ്യമങ്ങളില്‍ തനിക്കെതിരെ അസഭ്യവര്‍ഷം നടത്തിയതിനെതിരെ സൈബര്‍ സെല്ലില്‍ നല്‍കിയ പരാതിയുമായി മുന്നോട്ട് പോകുമെന്നും നിമിഷ അറിയിച്ചു.