മലയാളത്തിലെ ഏറ്റവും മികച്ച സൈക്കോളജിക്കല്‍ ത്രില്ലറായി ഏറ്റെടുത്ത ‘ജോജി’ അന്താരാഷ്ട്ര ചലച്ചിത്ര മേളയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. 2021ലെ സ്വീഡിഷ് അന്താരാഷ്ട്ര ചലച്ചിത്ര മേളയിലേക്കാണ് ജോജി തെരഞ്ഞെടുക്കപ്പെട്ടത്. സിനിമ തിരഞ്ഞെടുക്കപ്പെട്ട വിവരം സംവിധായന്‍ ദിലീഷ് പോത്തനും, ഫഹദ് ഫാസിലും ഫേസ്ബുക്കില്‍ പങ്കുവച്ചു.
മലയാള സിനിമയിലെ ട്രെന്‍ഡ് സെറ്ററുകള്‍ ആയിരുന്ന മഹേഷിന്റെ പ്രതികാരം, തൊണ്ടിമുതലും ദൃക്‌സാക്ഷിയും എന്നീ സിനിമകള്‍ക്കുശേഷം സംവിധായകന്‍ ദിലീഷ് പോത്തനും ഫഹദ് ഫാസിലും ഒന്നിച്ച ജോജി ഏപ്രില്‍ ഏഴിനാണ് ആമസോണ്‍ പ്രൈമിലൂടെ റിലീസ് ചെയ്തത്. ശേഷം, ദേശീയ അന്തര്‍ദേശീയ തലത്തിലും ചിത്രം ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു.
ശ്യാം പുഷ്‌കരനാണ് ചിത്രത്തിന്റെ തിരക്കഥ. വില്യം ഷേക്‌സ്പിയറിന്റെ വിഖ്യാത നാടകം ‘മാക്ബത്തി’ല്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് ശ്യാം രചന നിര്‍വ്വഹിച്ചിരിക്കുന്നത്.

