കങ്കണയ്ക്ക് കോടതിയുടെ അന്തിമ താക്കീത്, ഹാജരായില്ലെങ്കില്‍ അറസ്റ്റ് !

മുംബൈ: ബോളിവുഡ് താരം കങ്കണയ്ക്ക് അന്തിമ താക്കീത് നല്‍കി മെട്രോപൊളിറ്റന്‍ മജിസ്‌ട്രേറ്റ് കോടതി. ജാവേദ് അക്തറിന്റെ അപകീര്‍ത്തിക്കേസില്‍ കങ്കണ ഹാജരാവാത്തതിനെ തുടര്‍ന്നാണ് കോടതി അന്തിമ താക്കീത് നല്‍കിയത്. ഹാജരായില്ലെങ്കില്‍ നടിക്കെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിക്കുമെന്ന് ജഡ്ജി ആര്‍.ആര്‍ ഖാന്‍ വ്യക്തമാക്കി.

കഴിഞ്ഞ രണ്ട് ആഴ്ചകളിലായി പുതിയ സിനിമയുടെ പ്രചാരണവുമായി ബന്ധപ്പെട്ട് തിരക്കിലായിരുന്നുവെന്നും, കോവിഡ് രോഗലക്ഷണങ്ങളുണ്ടെന്നും ചൂണ്ടിക്കാട്ടിയായിരുന്നു ചൊവ്വാഴ്ചയും കങ്കണ കോടതിയില്‍ എത്താതിരുന്നത്. കങ്കണയ്ക്ക് ഹാജരാകന്‍ ഒരു അവസരം കൂടി കൊടുക്കുന്നതിനെ ജാവേദ് അക്തറിന്റെ അഭിഭാഷകന്‍ എതിര്‍ത്തു. കോടതി നടപടി വൈകിക്കാനുള്ള തന്ത്രമാണ് ഓരോ തവണയും പല കാരണങ്ങള്‍ പറഞ്ഞ് ഹാജരാകാത്തതിന് പിന്നിലെന്ന് അഭിഭാഷകന്‍ ആരോപിച്ചു.

പരാതിക്കാരനായ ജാവേദ് അക്തര്‍ ഭാര്യ ശബാന ആസ്മിയോടൊപ്പം കോടതിയിലെത്തിയിരുന്നു. നേരത്തെ, കേസ് തള്ളണമെന്ന് ആവശ്യപ്പെട്ട് കങ്കണ നല്‍കിയ ഹര്‍ജി ബോംബെ ഹൈക്കോടതി തള്ളിയിരുന്നു. തിങ്കളാഴ്ചയും കോടതിയില്‍ ഹാജരായില്ലെങ്കില്‍ കങ്കണയ്‌ക്കെതിരെ അറസ്റ്റ് നടപടി സ്വീകരിക്കാന്‍ സാധ്യതയുണ്ട്.