‘ആന്‍ഡ്രോയ്ഡ് കുഞ്ഞപ്പന്‍’ ഇംഗ്ലീഷ് ചിത്രത്തിന്റെ കോപ്പി !മോഷണത്തിന് നടപടിയെടുക്കണമെന്ന് പരാതി

തിരുവനന്തപുരം: നിരവധി അവാര്‍ഡുകള്‍ നേടിയെടുത്ത മലയാള ചിത്രം ‘ആന്‍ഡ്രോയ്ഡ് കുഞ്ഞപ്പന്‍ വേര്‍ഷന്‍ 5.25’ കോപ്പിയടിച്ചതാണെന്ന് പരാതി. ക്രിസ്റ്റഫര്‍ ഫോര്‍ഡിന്റെ തിരക്കഥയില്‍ ജേക്ക് ഷ്രയര്‍ സംവിധാനം ചെയ്ത് 2012ല്‍ പുറത്തിറങ്ങിയ ‘റോബോട്ട് ആന്‍ഡ് ഫ്രാങ്ക്’ എന്ന ഇംഗ്ലീഷ് ചിത്രത്തിന്റെ ആശയവും സീനുകളും അതേപടി കോപ്പിയടിച്ചാണ് ‘ആന്‍ഡ്രോയ്ഡ് കുഞ്ഞപ്പന്‍ വേര്‍ഷന്‍ 5.25’ ചെയ്തതെന്നാണ് പരാതിയില്‍ ചൂണ്ടിക്കാട്ടുന്നത്.

മൂവ്‌മെന്റ് ഫോര്‍ ഇന്‍ഡിപെന്‍ഡന്റ് സിനിമ സംഘടന പ്രസിഡന്റ് സന്തോഷ് ബാബുസേനന്‍, സെക്രട്ടറി കെ.പി. ശ്രീകൃഷ്ണന്‍ എന്നിവരുടെ നേതൃത്വത്തിലാണ് സിനിമ മോഷണമാണെന്ന് കാണിച്ച് സാംസ്‌കാരിക മന്ത്രി സജി ചെറിയാന് പരാതി നല്‍കിയിരിക്കുന്നത്.

സംസ്ഥാന ചലച്ചിത്ര അവാര്‍ഡിന്റെയും ഐ.എഫ്.എഫ്.കെയുടെയും സംഘടനച്ചുമതലയുള്ള കേരള ചലച്ചിത്ര അക്കാദമിക്ക് പ്രശ്‌നത്തിന്റെ ഉത്തരവാദിത്തത്തില്‍ നിന്ന് ഒഴിഞ്ഞുമാറാന്‍ കഴിയില്ലെന്നും, ചലച്ചിത്ര അവാര്‍ഡിനും ഐ.എഫ്.എഫ്.കെക്കും സിനിമകള്‍ സമര്‍പ്പിക്കുമ്പോള്‍ സൃഷ്ടി മൗലികമാണ് എന്ന ഒരു സത്യവാങ്മൂലം അപേക്ഷയോടൊപ്പം സമര്‍പ്പിക്കുന്നുണ്ട്. സത്യവാങ്മൂലം എഴുതിവാങ്ങുന്നു എന്നല്ലാതെ ചലച്ചിത്ര അക്കാദമി ഒരുതരത്തിലുള്ള പരിശോധനയും നടത്തുന്നില്ല എന്നാണ് ഇത് തെളിയിക്കുന്നതെന്നും പരാതിക്കാര്‍ ആരോപിച്ചു.

മികച്ച നവാഗത സംവിധായകന്‍, നടന്‍, മികച്ച കലാസംവിധായകന്‍ എന്നിങ്ങനെ കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങളും, ഫിപ്രസി അവാര്‍ഡും നേടിയതും, ദേശീയ- അന്തര്‍ദേശീയ സിനിമ പ്രേക്ഷകര്‍ പങ്കെടുക്കുന്ന ഐ.എഫ്.എഫ്.കെ പോലെയുള്ള ഒരു രാജ്യാന്തര ചലച്ചിത്രമേളയില്‍ പ്രദര്‍ശിപ്പിച്ചതുമായ ചിത്രമാണ് ആന്‍ഡ്രോയ്ഡ് കുഞ്ഞപ്പന്‍ വേര്‍ഷന്‍ 5.25.