ദുല്‍ഖറിന്റെ കുറുപ്പില്‍ അതിഥികളായി പൃഥ്വിരാജ്, ഇന്ദ്രജിത്ത്, സണ്ണി വെയ്ന്‍; അണിയറ രഹസ്യം പുറത്തായി !

യുവതാരം ദുല്‍ഖര്‍ സല്‍മാന്‍ പിടികിട്ടാപ്പുള്ളി സുകുമാരകുറുപ്പായെത്തുന്ന ചിത്രം കുറുപ്പില്‍ മലയാളത്തിലെ പ്രമുഖ താരങ്ങള്‍ അതിഥി വേഷത്തിലെത്തുന്നതായി റിപ്പോര്‍ട്ടുകള്‍. സിനിമയുമായി ബന്ധപ്പെട്ട ഏറ്റവും അടുത്ത വൃത്തങ്ങളില്‍ നിന്നാണ് ഇതിന്റെ സൂചന ലഭിച്ചത്.

പൃഥ്വിരാജ് സുകുമാരന്‍, ഇന്ദ്രജിത്ത് സുകുമാരന്‍, സണ്ണി വെയ്ന്‍ തുടങ്ങിയ പ്രമുഖ താരങ്ങളെല്ലാം കുറുപ്പില്‍ അതിഥി വേഷത്തില്‍ എത്തുന്നതായാണ് സൂചന. ഇതില്‍ പൃഥ്വിരാജിന്റെ കഥാപാത്രം ഏറെ നിര്‍ണായകമാണെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു.

ഇവരെ കൂടാതെ നേരത്തെ ടൊവിനോ തോമസും ഷൈന്‍ ടോം ചാക്കോയും കുറുപ്പില്‍ നിര്‍ണായക കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്. സുകുമാര കുറുപ്പായെത്തുന്ന ദുല്‍ഖറിന്റെ ലുക്കുകളെല്ലാം ഇതിനോടകം ഏറെ ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്.

ശ്രീനാഥ് രാജേന്ദ്രന്‍ ആണ് കുറുപ്പിന്റെ സംവിധായകന്‍. ദുല്‍ഖറിന്റെ അരങ്ങേറ്റ ചിത്രമായ സെക്കന്‍ഡ് ഷോ സംവിധാനം ചെയ്തതും ശ്രീനാഥ് രാജേന്ദ്രനാണ്. ജിതിന്‍ കെ.ജോസ്, ഡാനിയേല്‍ സായൂജ് നായര്‍, കെ.എസ്.അരവിന്ദ് എന്നിവര്‍ ചേര്‍ന്നാണ് സിനിമയുടെ തിരക്കഥ രചിച്ചിരിക്കുന്നത്. ദുല്‍ഖറിന്റെ സ്വന്തം ബാനറായ വേഫെറര്‍ ഫിലിംസ് ആണ് സിനിമ നിര്‍മിച്ചിരിക്കുന്നത്.