ചെന്നൈ: തമിഴ്നാട്ടില്‍ നീറ്റ് പരീക്ഷയിലെ പരാജയ ഭീതിയില്‍ ആത്മഹത്യ ചെയ്യുന്ന വിദ്യാര്‍ത്ഥികളുടെ എണ്ണം വര്‍ദ്ധിച്ചുവരുന്നതോടെ പ്രതികരണവുമായി നടന്‍ സൂര്യ രംഗത്ത്. ഒരു പരീക്ഷയും നിങ്ങളുടെ ജീവിതത്തേക്കാള്‍ വലുതല്ലെന്ന് സൂര്യ ട്വിറ്ററില്‍ പങ്കുവച്ച വീഡിയോയില്‍ പറയുന്നു.
ഭയമില്ലാതെ ആത്മവിശ്വാസത്തോടെ ഇരിക്കണം. കഴിഞ്ഞ ആഴ്ചയോ കഴിഞ്ഞ മാസമോ നിങ്ങളെ വല്ലാതെ വിഷമിപ്പിച്ച സംഭവത്തെ കുറിച്ച് നിങ്ങള്‍ ഇപ്പോഴും ഓര്‍ക്കുന്നുണ്ടോ? നിങ്ങള്‍ക്ക് അത് അതേ തീവ്രതയോടെ അനുഭവപ്പെടുന്നുണ്ടോ? ആ വേദന ഉറപ്പായും കുറഞ്ഞുകാണണം. അല്ലെങ്കില്‍ അത് ഇല്ലാതായിട്ടുണ്ടാകാം.
എത്ര വലിയ പരീക്ഷയും ജീവനേക്കാള്‍ വലുതല്ല. നിങ്ങള്‍ക്ക് ഒരു പ്രശ്നമുണ്ടെങ്കില്‍ അത് നിങ്ങള്‍ക്ക് വിശ്വാസമുള്ളവരുടെ അടുത്തോ നിങ്ങള്‍ക്ക് ഇഷ്ടമുള്ള ആരുടെയെങ്കിലും അടുത്തോ പങ്കുവെക്കുക. അത് മാതാപിതാക്കളോ, സഹോദരങ്ങളോ കൂട്ടുകാരോ ആരുമാകാം. ഭയവും വേദനയും കുറച്ചു നേരത്തില്‍ മാറുന്ന കാര്യങ്ങളാണ്.
ആത്മഹത്യയും ജീവിതം അവസാനിപ്പിക്കണമെന്ന തോന്നലും നിങ്ങളെ സ്നേഹിക്കുന്നവര്‍ക്ക് നിങ്ങള്‍ കൊടുക്കുന്ന ഏറ്റവും വലിയ ശിക്ഷയാണെന്ന് മറക്കരുത്. ഞാന്‍ പരീക്ഷകളില്‍ തോറ്റിട്ടുണ്ട്, മോശമായ മാര്‍ക്ക് വാങ്ങിയിട്ടുണ്ട്. നിങ്ങളില്‍ ഒരാളെപ്പോലെ ഞാന്‍ പറയാന്‍ ആഗ്രഹിക്കുകയാണ്, നേടാന്‍ കുറേയേറെ കാര്യങ്ങള്‍ നമുക്ക് മുന്നിലുണ്ട്. ധൈര്യമായി ഇരുന്നാല്‍ ജീവിത്തില്‍ വിജയിക്കാമെന്ന് സൂര്യ വ്യക്തമാക്കി.

