മേജര്‍ സന്ദീപ് ഉണ്ണികൃഷ്ണന്റെ ജീവിതകഥ പറയാൻ ‘മേജര്‍’ മലയാളത്തിലുമെത്തുന്നു

മേജര്‍ സന്ദീപ് ഉണ്ണികൃഷ്ണന്റെ ജീവിതകഥ പറയാൻ ‘മേജര്‍’ മലയാളത്തിലുമെത്തുന്നു. 2021 ജൂലൈ രണ്ടിനാണ് ചിത്രം പ്രദര്‍ശനത്തിനെത്തുക. ഹിന്ദിയിലും തെലുങ്കിലുമായാണ് ചിത്രം നേരത്തെ അറിയിച്ചിരുന്നത്. കേരളത്തിലെ ജനങ്ങള്‍ക്കായി ‘മേജര്‍’ മലയാളത്തിലും റിലീസ് ചെയ്യുമെന്നാണ് അദിവി ശേഷ് ട്വിറ്ററില്‍ കുറിച്ചത്. ചിത്രത്തിന്റെ മലയാളം പോസ്റ്ററും അദ്ദേഹം പങ്കുവെച്ചു. ചിത്രത്തിന്റെ ടീസര്‍ ഏപ്രില്‍ 12ന് റിലീസ് ചെയ്യും.

പ്രഖ്യാപന വേളയില്‍ തന്നെ ചിത്രം ഏറെ ശ്രദ്ധ നേടിയിരുന്നു. സന്ദീപ് ഉണ്ണികൃഷ്ണനായി വേഷമിടുന്ന ശേഷ് അദിവി (അദിവി ശേഷ്) ആണ് ചിത്രം മലയാളത്തില്‍ റിലീസ് ചെയ്യുന്ന കാര്യം ട്വിറ്ററിലൂടെ അറിയിച്ചത്. മേജര്‍ സന്ദീപ് ഉണ്ണികൃഷ്ണന്‍ ഇന്ത്യയുടെ പുത്രനാണ്. അദ്ദേഹത്തിന്റെ ജന്മനാടായ കോഴിക്കോട് നിന്നുള്ള ആളുകള്‍ ചിത്രം മലയാളത്തില്‍ കാണാന്‍ ആഗ്രഹിക്കുന്നു. ശശി കിരണ്‍ ടിക്കയാണ് സംവിധായകന്‍. നടന്‍ മഹേഷ് ബാബുവിന്റെ ഉടമസ്ഥതയിലുള്ള ജി.

മഹേഷ് ബാബു എന്റര്‍ടെയ്ന്‍മെന്റ്‌സും സോണി പിക്‌ചേഴ്‌സ് ഇന്റര്‍നാഷണല്‍ പ്രൊഡക്ഷന്‍സും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. ശോഭിത ധൂലിപാല, സായി മഞ്ജരേക്കര്‍, പ്രകാശ് രാജ്, രേവതി എന്നിവരും ചിത്രത്തില്‍ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ശേഷ് അദിവിയും പ്രധാന കഥാപാത്രമായ സായി മഞ്ജരേക്കറും സ്‌കൂള്‍ യൂണിഫോമിലുള്ള പോസ്റ്ററും അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടു. സന്ദീപ് ഡിഫന്‍സ് അക്കാദമിയിലേക്ക് പോയപ്പോള്‍ സുഹൃത്ത് സന്ദീപിനായി സ്വന്തം കൈപ്പടയിലെഴുതിയ കത്തും ഈ പോസ്റ്ററില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.