ബംഗളുരു: കഴിഞ്ഞ ദിവസം ഹൃദയാഘാതം മൂലം അന്തരിച്ച കന്നട ചലച്ചിത്രതാരം പുനീത് രാജ്കുമാറിന്റെ സംസ്‌കാരം പൂര്‍ത്തിയായി. പിതാവ് രാജ്കുമാര്‍ അന്ത്യവിശ്രമം കൊള്ളുന്ന കണ്ഠീരവ സ്റ്റുഡിയോയില്‍ അച്ഛന്റെ കുഴിമാടത്തിന് അടുത്തായിട്ടാണ് പുനീതിനും കുഴിമാടം ഒരുക്കിയത്. ഇന്നലെ രാത്രിയോടെ അമേരിക്കയിലുള്ള മകള്‍ ബംഗളുരുവില്‍ എത്തിയിരുന്നു. കണ്ഠീരവ സ്റ്റേഡിയത്തിലെ പൊതുദര്‍ശനം വെളുപ്പിന് നാലു മണിക്ക് അവസാനിപ്പിക്കുകയായിരുന്നു. ശേഷം വിലാപയാത്രയായി മൃതദേഹം കണ്ഠീരവ സ്റ്റുഡിയോയിലേക്ക് കൊണ്ടു പോയി. രാവിലെ 7.30ഓടെ സംസ്‌കാര ചടങ്ങുകള്‍ പൂര്‍ത്തിയായി.
സംസ്‌കാരചടങ്ങുകള്‍ അതിരാവിലെ നടത്താന്‍ തീരുമാനിച്ചത് സര്‍ക്കാരിന്റെ അഭ്യര്‍ത്ഥന പ്രകാരമാണ്. ആരാധകര്‍ കൂട്ടത്തോടെ എത്തുന്നത് ക്രമസമാധാനപ്രശ്‌നത്തിന് കാരണമാകുമോ എന്ന് അധികൃതര്‍ക്ക് ഭയമുണ്ടായിരുന്നു. അടുത്ത കുടുംബാംഗങ്ങള്‍ക്ക് പുറമെ കര്‍ണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ, മുന്‍ മുഖ്യമന്ത്രി സിദ്ധരാമയ്യ, പ്രമുഖ താരങ്ങളായ യഷ്, രവിചന്ദ്രന്‍, ദുനിയാ വിജയ് എന്നിവര്‍ പുനീതിന്റെ സംസ്‌കാര ചടങ്ങുകളില്‍ പങ്കെടുത്തു.
പനീതിന്റെ മരണ വാര്‍ത്ത അറിഞ്ഞതുമുതല്‍ നടനെ അവസാനമായി കാണാന്‍ വന്‍ജനക്കൂട്ടമായിരകുന്നു. ആള്‍ക്കൂട്ടം ഒഴിവാക്കുന്നതിന് വേണ്ടിയായിരുന്നു അതിരാവിലെ തന്നെ സംസ്‌കാരചടങ്ങ് നടത്തിയത്. എന്നാലും വീഡിയോകളില്‍ വന്‍ ജനക്കൂട്ടം കാണുന്നുണ്ടായിരുന്നു.

