തിരുവനന്തപുരം: പ്രമുഖ സിനിമ സംവിധായകനും ഛായാഗ്രഹകനുമായിരുന്ന ക്രോസ്‌ബെൽറ്റ് മണി അന്തരിച്ചു. 86 വയസാിരുന്നു. വാർധക്യ സഹജമായ അസുഖങ്ങളെ തുടർന്നായിരുന്നു അന്ത്യം. ശനിയാഴ്ച രാത്രി എട്ട് മണിയോടെ തിരുവനന്തപുരത്തെ വസതിയിൽ വെച്ചാണ് അദ്ദേഹം അന്തരിച്ചത്.
അൻപതോളം സിനിമകളാണ് അദ്ദേഹം സംവിധാനം ചെയ്തത്. പത്തോളം സിനിമകൾക്ക് ഛായാഗ്രഹണവും നിർവ്വഹിച്ചിട്ടുണ്ട്. ക്രോസ്‌ബെൽറ്റ് മണി ആദ്യമായി സംവിധാനം ചെയ്ത ചിത്രം 1967-ൽ പുറത്തിറങ്ങിയ മിടുമിടുക്കിയാണ്. 1970 ൽ പുറത്തിറങ്ങിയ ക്രോസ്ബെൽറ്റ് എന്ന ചിത്രത്തോടെയാണ് അദ്ദേഹം പ്രശസ്തനായത്. പിന്നീടാണ് അദ്ദേഹം ക്രോസ്‌ബെൽറ്റ് മണി എന്ന പേരിൽ അറിയപ്പെടാൻ ആരംഭിച്ചത്.
കെ.വേലായുധൻ നായർ എന്നാണ് അദ്ദേഹത്തിന്റെ യഥാർഥ പേര്. തിരുവനന്തപുരം വലിയശാലയിൽ കൃഷ്ണപ്പിള്ളയുടെയും കമലമ്മയുടെയും മകനായി 1935 ഏപ്രിൽ 22 നായിരുന്നു അദ്ദേഹം ജനിച്ചത്. ഫോട്ടോഗ്രാഫിയിലുള്ള താത്പര്യത്തെ തുടർന്ന് അദ്ദേഹം സിനിമാ മേഖലയിലെത്തുന്നത്. 1956 മുതൽ 1961 വരെ പി.സുബ്രഹ്മണ്യത്തിന്റെ മെറിലാന്റ് സ്റ്റുഡിയോയിൽ സേവനം അനുഷ്ഠിച്ചിട്ടുണ്ട്. ഛായാഗ്രഹണത്തെയും സംവിധാനത്തെയും കുറിച്ച് അദ്ദേഹം കൂടുതൽ വിവരങ്ങൾ മനസിലാക്കുന്നചത് ഇവിടെ നിന്നാണ്. സംഘട്ടന രംഗങ്ങൾ വ്യത്യസ്തമായ രീതിയിൽ ചിത്രീകരിക്കുകയായിരുന്നു അദ്ദേഹത്തിന്റെ ശൈലി.

