Entertainment (Page 199)

മരക്കാറിന് പിന്നാലെ ദിലീപ്-നാദിര്‍ഷാ കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന ഫാമിലി കോമഡി ചിത്രം ‘കേശു ഈ വീടിന്റെ നാഥന്‍’ നും ഓടിടി റിലീസിന്. ഇതുമായി ബന്ധപ്പെട്ട് അനുമതി തേടി ചിത്രത്തിന്റെ നിര്‍മാതാക്കള്‍ സിനിമാ സംഘടനകള്‍ക്ക് കത്ത് നല്‍കി. ദിലീപിനെ നായകനാക്കി നാദിര്‍ഷ സംവിധാനം ചെയ്യുന്ന ആദ്യ ചിത്രം കൂടിയാണിത്. സജീവ് പാഴൂര്‍ തിരക്കഥയെഴുതുന്ന ചിത്രം നാഥ് ഗ്രൂപ്പാണ് നിര്‍മിക്കുന്നത്.

അമര്‍ അക്ബര്‍ അന്തോണി, കട്ടപ്പനയിലെ ഋത്വിക് റോഷന്‍, മേരാ നാം ഷാജി തുടങ്ങിയ ചിത്രങ്ങള്‍ക്കു ശേഷം നാദിര്‍ഷ ഒരുക്കുന്ന ചിത്രം കൂടിയാണ് കേശു ഈ വീടിന്റെ നാഥന്‍. ചിത്രത്തിലെ ദിലീപിന്റെ മെയ്‌ക്കോവര്‍ ഏറെ ശ്രദ്ധ നേടിയിരുന്നു. രണ്ട് ഗെറ്റപ്പുകളില്‍ ദിലീപ് പ്രത്യക്ഷപ്പെടുന്ന ചിത്രത്തില്‍ ഒന്ന് അറുപത് കഴിഞ്ഞ കഥാപാത്രമാണ്. ഉര്‍വശിയാണ് ചിത്രത്തിലെ നായിക.

സിദ്ധിഖ്, സലീംകുമാര്‍, ഹരിശ്രീ അശോകന്‍, കലാഭവന്‍ ഷാജോണ്‍, ഹരീഷ് കണാരന്‍, ശ്രീജിത്ത് രവി, ജാഫര്‍ ഇടുക്കി, കോട്ടയം നസീര്‍ തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന വേഷമിടുന്നു.

തിരുവനന്തപുരം: മോഹൻലാൽ ചിത്രം മരക്കാർ റിലീസുമായി ബന്ധപ്പെട്ട നിലപാട് കടുപ്പിച്ച് ഫിയോക്. ചിത്രം ഒടിടിയിൽ റിലീസ് ചെയ്യുന്ന ദിവസം തിയറ്ററുകളിൽ കരിങ്കൊടി കെട്ടുമെന്നാണ് ഫിയോക് അറിയിച്ചിരിക്കുന്നത്. ശനിയാഴ്ച്ച നടന്ന ഫിയോക് യോഗത്തിലാണ് ഇതുസംബന്ധിച്ച ചർച്ച ഉണ്ടായത്. നിർമാതാവ് ആന്റണി പെരുമ്പാവൂരിന്റെ രാജിയെ കുറിച്ച് ഫിയോക് ജനറൽ ബോഡി ചർച്ച ചെയ്യുമെന്നാണ് വിവരം.

അഞ്ചല്ല അൻപത് സിനിമകൾ ഒടിടി പോയാലും സിനിമാ തിയറ്ററുകൾ നിലനിൽക്കുമെന്ന് ഫിയോകിന്റെ പ്രസിഡന്റ് കെ വിജയകുമാർ അറിയിച്ചിരുന്നു. സിനിമയോ തിയറ്ററുകളോ ഒരുകാലത്തും ഒരു നടനെയോ സംവിധായകനെയോ കേന്ദ്രീകരിച്ചല്ല നിൽക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. മരക്കാർ ഉൾപ്പെടെ മോഹൻലാൽ നായകനാവുന്ന ആശിർവാദ് സിനിമാസിന്റെ അഞ്ച് സിനിമകൾ ഒടിടി റിലീസുകൾ ആയിരിക്കുമെന്ന ആന്റണി പെരുമ്പാവൂരിന്റെ പ്രഖ്യാപനത്തിന് പിന്നാലെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

പൃഥ്വിരാജിന്റെ ബ്രോ ഡാഡി, ജീത്തു ജോസഫിന്റെ 12 ത്ത് മാൻ, ഷാജി കൈലാസിന്റെ എലോൺ, ‘പുലിമുരുകന്’ ശേഷം മോഹൻലാലിനെ നായകനാക്കി ഉദയകൃഷ്ണയുടെ സംവിധാനത്തിൽ വൈശാഖ് സംവിധാനം ചെയ്യുന്ന ചിത്രം തുടങ്ങിയവ ഒടിടി റിലീസ് ആയിരിക്കുമെന്ന് കഴിഞ്ഞ ദിവസമാണ് ആന്റണി പെരുമ്പാവൂർ അറിയിച്ചത്. ഒടിടിയിൽ ആമസോൺ ഉൾപ്പെടെയുള്ള പ്ലാറ്റ്‌ഫോമുകൾ മരക്കാറിന് വെച്ചരിക്കുന്നത് ഇന്ത്യയിലെ ഏറ്റവും ഉയർന്ന തുകയാണ്. മോഹൻലാലിനൊപ്പം ബോളിവുഡ് തമിഴ് താരങ്ങൾ കൂടി ഉള്ളതിനാൽ എല്ലാ ഭാഷകളിലും ക്രിസ്തുമസ് കാലത്ത് വമ്പൻ റിലീസാണ് ഒടിടി പ്ലാറ്റ്‌ഫോമുകൾ ലക്ഷ്യംവെയ്ക്കുന്നത്.

ഒടുവില്‍ ട്രോളുകള്‍ക്ക് പിന്നിലെ സത്യം വെളിപ്പെടുത്തി ദുല്‍ഖര്‍ സല്‍മാന്‍. ഈ മാസം 12നാണ് ദുല്‍ഖറിന്റെ ‘കുറുപ്പ്’ തിയേറ്ററുകളിലേക്ക് എത്തുന്നത്. മമ്മൂട്ടി ഉള്‍പ്പടെ വന്‍ താര നിര തന്നെ സിനിമയുടെ പോസ്റ്റര്‍ സോഷ്യല്‍ മീഡിയയില്‍ ഷെയര്‍ ചെയ്തിരുന്നു. ആദ്യമായിട്ടാണ് മമ്മൂട്ടി ദുല്‍ഖറിന്റെ ഒരു സിനിമയുടെ പോസ്റ്റര്‍ ഷെയര്‍ ചെയ്യുന്നത്. ഇതുമായി ബന്ധപ്പെട്ട് ട്രോളുകളും സമൂഹമാദ്ധ്യമങ്ങളില്‍ നിറഞ്ഞു കഴിഞ്ഞു. മമ്മൂട്ടിയുടെ ഫോണ്‍ അടിച്ചുമാറ്റി ദുല്‍ഖര്‍ ഷെയര്‍ ചെയ്തതാണെന്നായിരുന്നു ട്രോളുകളെല്ലാം.

സിനിമയുടെ പ്രൊമോഷന്റെ ഭാഗമായി മമ്മൂട്ടിയുടെ ഔദ്യോഗിക പേജിലും ട്രെയിലര്‍ പങ്കുവച്ചിരുന്നു. മമ്മൂട്ടി ഉറങ്ങിയെന്ന് ഉറപ്പാക്കിയ ശേഷം ദുല്‍ഖര്‍ ഫോണെടുത്ത് പോസ്റ്റ് ചെയ്തതാകും എന്നായിരുന്നു സോഷ്യല്‍ മീഡിയയില്‍ വന്ന ട്രോളുകള്‍.

‘സാധാരണ ഒരു സിനിമയുടെ പ്രൊമോഷന് വേണ്ടിയും ആരോടും ഒന്നും പറയാറില്ല. പക്ഷേ ഇത് ഇത്ര വലിയൊരു സിനിമ ആയതുെകാണ്ടും കൊവിഡ് പോലൊരു പ്രതിസന്ധി മുന്നിലുള്ളത് കൊണ്ടും ഞാന്‍ തന്നെ പലരോടും ഷെയര്‍ ചെയ്യാന്‍ പറഞ്ഞു. സ്വന്തം വാപ്പച്ചിയോടും പറഞ്ഞു. പ്ലീസ് ഈ പടമെങ്കിലും എനിക്കുവേണ്ടി, പ്ലീസ്.. പിന്നെ ഞാന്‍ ഫോണെടുക്കുകയാണെന്ന് പറഞ്ഞു. എന്നിട്ട് ഞാന്‍ തന്നെ ഷെയര്‍ ചെയ്തതാണ്. ട്രോളുകളെല്ലാം കറക്റ്റായിരുന്നു.’ ചിരിയോടെ ദുല്‍ഖര്‍ പറഞ്ഞു.

കൊവിഡ് രണ്ടാം തരംഗത്തിന് ശേഷം കേരളത്തിലെ തിയേറ്ററുകളില്‍ റിലീസിനെത്തുന്ന ആദ്യ ബിഗ്ബഡ്ജറ്റ് ചിത്രമാണ് ‘കുറുപ്പ്’. സിനിമക്ക് ഒടിടി പ്ലാറ്റ്‌ഫോമുകള്‍ വന്‍ തുക വാഗ്ദ്ധാനം ചെയ്തിരുന്നെങ്കിലും, തിയേറ്ററുകളില്‍ റിലീസ് ചെയ്താല്‍ മതിയെന്ന് അണിയറ പ്രവര്‍ത്തകര്‍ തീരുമാനിക്കുകയായിരുന്നു. ശ്രീനാഥ് രാജേന്ദ്രന്‍ സംവിധാനം ചെയ്ത കുറുപ്പ് 35 കോടി രൂപ മുതല്‍ മുടക്കിയാണ് നിര്‍മിച്ചത്.

മരക്കാര്‍ ഒടിടി റിലീസെന്ന് പ്രഖ്യാപിച്ചതിന് പിന്നാലെ നിര്‍ണ്ണായക തീരുമാനവുമായി ആന്റണി പെരുമ്പാവൂര്‍. ബ്രോ ഡാഡി, ജീത്തു ജോസഫ് ചിത്രം ട്വല്‍ത് മാന്‍, ഷാജി കൈലാസ് ചിത്രം എലോണ്‍, വൈശാഖ് ചിത്രം എന്നീ ചിത്രങ്ങളാണ് ഒടിടി റിലീസായിരിക്കുമെന്ന് അറിയിച്ചത്. ഒരു കോടി രൂപക്ക് മുകളില്‍ തിയേറ്ററുകളില്‍ നിന്ന് ഇനിയും പിരിച്ചു കിട്ടാനുണ്ടെന്നും ആന്റണി പെരുമ്പാവൂര്‍ പറഞ്ഞു.

ലൂസിഫറിന് ശേഷം പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന മോഹന്‍ലാല്‍ ചിത്രമാണ് ബ്രോ ഡാഡി. ‘ഒരു ലക്ഷം രൂപയുടെ നഷ്ടം പോലും സഹിക്കാന്‍ തിയേറ്ററുകാര്‍ തയാറല്ല. ആന്റണി കോടികളുടെ നഷ്ടം സഹിച്ചോണം എന്ന് പറയുന്നതിനെ അംഗീകരിക്കാനാകില്ല. തിയേറ്ററുകാര്‍ ഒരുകോടി രൂപക്ക് അടുത്ത് ഇപ്പോഴും എനിക്ക് തരാനുണ്ട്. 20 മാസത്തോളം സിനിമ കയ്യില്‍ വച്ചത് തിയറ്ററില്‍ റിലീസ് വേണമെന്ന വിചാരത്തില്‍ തന്നെയാണ്. പക്ഷേ ആവശ്യപ്പെടുന്ന സ്‌ക്രീനുകള്‍ കിട്ടണ്ടേ. നഷ്ടം വന്നാല്‍ മുന്നോട്ടുപോകാന്‍ കഴിയില്ല. അത്രമാത്രം പണം മുടക്കിയ സിനിമയാണിത്. അധ്വാനിച്ചുണ്ടാക്കിയ പണമാണ്. ജീവിത പ്രശ്നമാണ്.’ കൊച്ചിയില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ ആന്റണി പെരുമ്പാവൂര്‍ വ്യക്തമാക്കി.

2008ലെ ഭീകരാക്രമണത്തിനിടയില്‍ വീരമൃത്വു വരിച്ച മേജര്‍ സന്ദീപ് ഉണ്ണികൃഷ്ണന്റെ ജീവിത കഥ പറയുന്ന ‘മേജര്‍’ എന്ന സിനിമയുടെ റിലീസിംഗ് തിയ്യതി പ്രഖ്യാപിച്ചു. 2022 ഫെബ്രുവരി 11ന് ചിത്രം പ്രദര്‍ശനത്തിനെത്തുമാ ണ് അറിയിച്ചിരിക്കുന്നത്.

യുവതാരമായ അദ്വിശേഷ് ആണ് സന്ദീപ് ഉണ്ണികൃഷ്ണനായി വേഷമിടുന്നത്. ശശി കിരണ്‍ ടിക്കയുടെ സംവിധാനത്തില്‍ നടന്‍ മഹേഷ് ബാബുവിന്റെ ഉടമസ്ഥതയിലുള്ള ജി മഹേഷ് ബാബു എന്റര്‍ടെയ്ന്‍മെന്റ്‌സും സോണി പിക്‌ചേഴ്‌സ് ഇന്റര്‍നാഷണല്‍ പ്രൊഡക്ഷന്‍സും ചേര്‍ന്നാണ് ഹിന്ദിയിലും തെലുങ്കിലും മലയാളത്തിലുമായി ചിത്രമൊരുക്കുന്നത്.

ശോഭിത ധൂലിപാല, സായി മഞ്ജരേക്കര്‍, പ്രകാശ് രാജ്, രേവതി എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. 26 / 11 മുംബൈ ആക്രമണത്തില്‍ ബന്ദിയാക്കപ്പെട്ട ഒരു എന്‍ ആര്‍ ഐയുടെ വേഷത്തിലാണ് സായി മഞ്ചരേക്കര്‍ എത്തുന്നത്. അതേസമയം, ആക്രമണത്തില്‍ പെട്ടുപോയ കഥാപാത്രമായാണ് ശോഭിത എത്തുന്നത്.

ഭീകരാക്രമണത്തിനിടെ 14 സിവിലിയന്മാരെ രക്ഷിച്ച എന്‍.എസ്.ജി കമാന്‍ഡോയാണ് മലയാളിയായ മേജര്‍ സന്ദീപ് ഉണ്ണികൃഷ്ണന്‍. പരിക്ക് പറ്റിയ സൈനികനെ രക്ഷിക്കുന്നതിനിടെയായിരുന്നു അദ്ദേഹം ഭീകരരുടെ വെടിയേറ്റു മരിക്കുന്നത്. സന്ദീപിന്റെ ധീരതക്ക് മരണാനന്തര ബഹുമതിയായി രാജ്യം അശോക ചക്ര നല്‍കി ആദരിച്ചിരുന്നു.

കുറഞ്ഞ കാലം കൊണ്ട് തന്നെ എല്ലാവരുടെയും മനസില്‍ ഇടം നേടിയ സ്പാനിഷ് വെബ്സീരിസ് ആണ് മണി ഹീസ്റ്റ്. മണി ഹീസ്റ്റിന്റെ അഞ്ചാമത്തെയും അവസാനത്തെയും ഭാഗത്തിന്റെ പുതിയ ട്രെയ്ലര്‍ റിലീസ് ചെയ്തിരിക്കുകയാണ് ഇപ്പോള്‍.

നെറ്റ്ഫ്‌ലിക്‌സില്‍ സ്ട്രീം ചെയ്യുന്ന സീരീസിന്റെ അഞ്ചാം സീസണ്‍ രണ്ട് ഭാഗങ്ങളായിട്ടാണ് റിലീസ് ചെയ്യുന്നത്. ആദ്യത്തെ ഭാഗം സെപ്തംബര്‍ മൂന്നിന് റിലീസ് ആയി. രണ്ടാം ഭാഗം ഡിസംബര്‍ മൂന്നിന് എത്തും. രണ്ട് വോള്യങ്ങളിലും അഞ്ച് വീതം എപിസോഡുകളാണ് ഉള്ളത്. സീരീസിലെ ഇതുവരെ റിലീസ് ചെയ്ത എല്ലാ സീസണുകളേക്കാളും വലിയ ബജറ്റില്‍ ചിത്രീകരിച്ചിരിക്കുന്ന അഞ്ചാം സീസണ്‍ ഉദ്വേഗജനകവും സംഘര്‍ഷഭരിതവുമായിരിക്കും എന്നാണ് അണിയറ പ്രവര്‍ത്തകര്‍ പറയുന്നത്.

അലെക്‌സ് പിന സംവിധാനത്തില്‍ ഇറങ്ങിയ സീരീസ് സ്‌പെയിനിലെ ആന്റിന 3 ചാനലില്‍ ആണ് ആദ്യം റിലീസ് ചെയ്തത്. ആദ്യ രണ്ട് സീസണുകള്‍ ചാനലിലാണ് പുറത്തിറങ്ങിയത്. മൂന്നാം സീസണ്‍ മുതല്‍ നെറ്റ്ഫ്‌ലിക്‌സ് ഒറിജനല്‍സായാണ് മണി ഹീസ്റ്റ് എത്തിയത്.

കൊച്ചി: മോഹന്‍ ലാല്‍ ചിത്രം മരക്കാര്‍ അറബിക്കടലിന്റെ സിംഹം ഒടിടി റിലീസ് തന്നെയെന്ന് അന്തിമ തീരുമാനമായി. 15 കോടി മുന്‍കൂര്‍ തുക, ആദ്യ മൂന്നാഴ്ച മരക്കാര്‍ മാത്രം പരമാവധി തിയേറ്ററുകളില്‍, എന്ന നിര്‍മ്മാതാവ് ആന്റണി പെരുമ്പാവൂരിന്റെ ഉപാധി ഫിയോക് അംഗീകരിച്ചിരുന്നു. എന്നാല്‍, നഷ്ടമുണ്ടായാല്‍ തിയേറ്റര്‍ വിഹിതത്തില്‍ നിന്നും പത്ത് ശതമാനമെന്ന ഉപാധി നടക്കില്ലെന്ന് വന്നപ്പോഴാണ് റിലീസ് ഒടിടിക്ക് പോയത്.

നിര്‍മ്മാതാവ് യഥാര്‍ഥ കണക്ക് നിരത്തുന്നില്ലെന്നാണ് ഫിയോക് പറയുന്നത്. ഒരു സിനിമക്കായി വിട്ടുവീഴ്ച ചെയ്താല്‍ സമാന ആവശ്യം മറ്റ് നിര്‍മ്മാതാക്കളും ഉന്നയിക്കുമെന്നാണ് അവരുടെ വാദം. ഫിയോക് വൈസ് ചെയര്‍മാനാണ് ആന്റണി പെരുമ്പാവൂര്‍. വൈസ് ചെയര്‍മാന്റെ സിനിമികള്‍ തുടര്‍ച്ചയായി ഒടിടിയിലേക്ക് പോകുന്നത് സംഘടന ചര്‍ച്ച ചെയ്ത് തുടര്‍ നടപടി സ്വീകരിക്കും. ഒടിടിയില്‍ ആമസോണ്‍ അടക്കമുള്ള പ്‌ളാറ്റ് ഫോമുകള്‍ മരക്കാറിന് വെച്ചിരിക്കുന്നത് ഇന്ത്യയിലെ ഏറ്റവും ഉയര്‍ന്ന തുകയാണ്. മോഹന്‍ലാലിനൊപ്പം ബോളിവുഡ് തമിഴ് താരങ്ങള്‍ കൂടി ഉള്ളതിനാല്‍ എല്ലാ ഭാഷകളിലും ക്രിസ്തുമസ് കാലത്ത് വമ്പന്‍ റിലീസാണ് ഒടിടി പ്ലാറ്റ് ഫോമുകളുടെ ലക്ഷ്യം.

മരക്കാര്‍ റിലീസുമായി ബന്ധപ്പെട്ട പ്രശ്‌ന പരിഹാരത്തിന് സിനിമാ സംഘടനകള്‍ തമ്മില്‍ നടത്തിയ ചര്‍ച്ച പൊളിഞ്ഞതോടെയാണ് സര്‍ക്കാര്‍ ഇടപെടാന്‍ തീരുമാനിച്ചത്. എന്നാല്‍, സംഘടനാ പ്രതിനിധികളില്‍ ചിലരുടെ അസൗകര്യം കണക്കിലെടുത്ത് മന്ത്രി സജി ചെറിയാന്‍ വിളിച്ച യോഗം മാറ്റിവെക്കുകയായിരുന്നു.

26-ാമത് കേരള രാജ്യാന്തര ചലച്ചിത്ര മേളയില്‍ മലയാള സിനിമ വിഭാഗത്തില്‍ പങ്കെടുക്കാന്‍ 14 മലയാള ചിത്രങ്ങള്‍. രണ്ടു ചിത്രങ്ങള്‍ രാജ്യാന്തര മത്സര വിഭാഗത്തിലും പങ്കെടുക്കുന്നുണ്ട്. താരാ രാമാനുജന്റെ നിഷിദ്ധോയും, കൃഷന്ത് ആര്‍ കെ യുടെ ആവാസവ്യൂഹവുമാണ് തിരഞ്ഞെടുക്കപ്പെട്ടത്.

പെബിള്‍സ്, ഐആമം നോട്ട് ദി റിവര്‍ ജലം, എന്നീ ഇന്ത്യന്‍ സിനിമകളും മല്‍സര വിഭാഗത്തില്‍ മാറ്റുരക്കും. മറ്റു ഭാഷകളില്‍ നിന്നായി ഒന്‍പതു ചിത്രങ്ങള്‍ പങ്കെടുക്കുന്നു. കേരള രാജ്യാന്തര ചലച്ചിത്രമേള ഡിസംബര്‍ 10 മുതല്‍ 17 വരെ നടക്കും. കഴിഞ്ഞ തവണ നാല് മേഖലകളിലായാണ് മേള നടത്തിയത്. തിരുവനന്തപുരത്തിന് പുറമെ, കൊച്ചി, പാലക്കാട്, തലശ്ശേരി എന്നിവയായിരുന്നു വേദികള്‍.

മലയാളത്തില്‍ നിന്നുള്ള ചിത്രങ്ങളുടെ പേരും സംവിധായകരുടെ പേരും…

  1. നിഷിദ്ധോ (താര രാമാനുജന്‍)
  2. ആവാസവ്യൂഹം(കൃഷാന്ത് ആര്‍ കെ)
  3. എന്നിവര്‍(സിദ്ധാര്‍ഥ് ശിവ)
  4. പ്രാപ്പെട(കൃഷ്ണേന്ദു കലേഷ്)
  5. ഉദ്ധരണി(വിഘ്നേഷ് പി ശശിധരന്‍)
  6. അവനോവിലോന(ഷേരി ഗോവിന്ദ്, ദീപേഷ് ടി)
  7. ബനേര്‍ഘട്ട(വിഷ്ണു നാരായണന്‍)
  8. ആര്‍ക്കറിയാം(സാനു വര്‍ഗീസ്)
  9. സണ്ണി(രഞ്ജിത് ശങ്കര്‍)
  10. ചവിട്ട്(റഹ്മാന്‍ ബ്രദേഴ്സ്- സജാസ് റഹ്മാന്‍, ഷിനോസ് റഹ്മാന്‍)
  11. നിറയെ തത്തകളുള്ള മരം(ജയരാജ് രാജശേഖരന്‍ നായര്‍)
  12. നായാട്ട്(മാര്‍ട്ടിന്‍ പ്രക്കാട്ട്)
  13. ദി ഗ്രേറ്റ് ഇന്ത്യന്‍ കിച്ചന്‍(ജിയോ ബേബി)
  14. വുമണ്‍ വിത്ത് എ മൂവി ക്യാമറ(അടല്‍ കൃഷ്ണന്‍)

രാജ്യാന്തര മത്സര വിഭാഗത്തില്‍

  1. നിഷിദ്ധോ (താര രാമാനുജന്‍)
  2. ആവാസവ്യൂഹം(കൃഷാന്ത് ആര്‍ കെ)

നീണ്ട ഇടവേളകള്‍ക്ക് ശേഷം തിയേറ്ററുകള്‍ ഉണരുമ്പോള്‍ ആദ്യം റിലീസിംഗിനെത്തുന്ന ബിഗ് ബജറ്റ് ചിത്രങ്ങളിലൊന്നാണ് ദുല്‍ഖര്‍ സല്‍മാന്‍ നായകനാകുന്ന ‘കുറുപ്പ്’. നവംബര്‍ 12 നാണ് ചിത്രം തിയേറ്ററുകളില്‍ എത്തുന്നത്.

കുപ്രസിദ്ധ പിടികിട്ടാപ്പുള്ളി സുകുമാരകുറുപ്പിന്റെ ജീവിതത്തെ ആസ്പദമാക്കി ശ്രീനാഥ് രാജേന്ദ്രന്‍ സംവിധാനം ചെയ്ത ചിത്രമാണ് ‘കുറുപ്പ്’. സുകുമാര കുറുപ്പിന്റെ വേഷമാണ് ചിത്രത്തില്‍ ദുല്‍ഖറിന്. ദുല്‍ഖറിന്റെ കരിയറിലെ തന്നെ ഏറ്റവും വലിയ ബഡ്ജറ്റില്‍ ഒരുക്കിയിരിക്കുന്ന ചിത്രത്തിന്റെ മുടക്കു മുതല്‍ 35 കോടിയാണ്. ‘മൂത്തോന്‍’ എന്ന ചിത്രത്തിലൂടെ മലയാളത്തിലേക്ക് അരങ്ങേറ്റം കുറിച്ച ശോഭിതാ ധുലിപാലയാണ് ചിത്രത്തിലെ നായിക. ഇന്ദ്രജിത്, സുകുമാരന്‍, സണ്ണി വെയിന്‍, ഷൈന്‍ ടോം ചാക്കോ, വിജയരാഘവന്‍, പി.ബാലചന്ദ്രന്‍, സുരഭി ലക്ഷ്മി, ശിവജിത് പദ്മനാഭന്‍ എന്നിവരാണ് ചിത്രത്തിലെ മറ്റു അഭിനേതാക്കള്‍.

ദുല്‍ഖറി ഉടമസ്ഥതയിലുള്ള വേഫറെര്‍ ഫിലിംസും എം സ്റ്റാര്‍ എന്റര്‍ടൈന്‍മെന്റ്‌സും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. ജിതിന്‍ കെ ജോസ് കഥ ഒരുക്കിയിരിക്കുന്ന ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവും ഒരുക്കിയത് ഡാനിയേല്‍ സായൂജ് നായരും കെ എസ് അരവിന്ദും ചേര്‍ന്നാണ്. നിമിഷ രവി ഛായാഗ്രഹണവും സുഷിന്‍ ശ്യാം സംഗീത സംവിധാനവും നിര്‍വഹിക്കുന്നു. കേരളം, അഹമ്മദാബാദ്, ബോംബെ, ദുബായ്, മാംഗ്‌ളൂര്‍, മൈസൂര്‍ എന്നിവിടങ്ങളിലായിരുന്നു സിനിമയുടെ ചിത്രീകരണം.

അല്ലു അര്‍ജുന്‍ നായകനാനായി 250 കോടി ചിലവില്‍ നിര്‍മ്മിക്കുന്ന ബ്രഹ്മാണ്ഡ ചിത്രം ‘പുഷ്പ’ ഡിസംബര്‍ 17നു തിയേറ്ററുകളിലെത്തും. രണ്ടുഭാഗമായി പുറത്തിറങ്ങുന്ന ചിത്രത്തിന്റെ റിലീസ് തീയതി നേരത്തേ പ്രഖ്യാപിച്ചിരുന്നതാണ്. കേരളത്തിലും ഡിസംബര്‍ 17നു തന്നെ ചിത്രം തിയേറ്ററുകളില്‍ എത്തിക്കുമെന്ന് ഇ ഫോര്‍ എന്റര്‍ടൈന്‍മെന്റ് ഔദ്യോഗികമായി പ്രഖ്യാപിച്ചു.

സുകുമാര്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ രശ്മിക മന്ദാനയാണ് നായിക. ശ്രീവല്ലി എന്ന കഥാപാത്രത്തെയാണ് രശ്മിക ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. മലയാളത്തിന്റെ യുവ സൂപ്പര്‍ സ്റ്റാര്‍ ഫഹദ് ഫാസില്‍ പ്രതിനായക വേഷത്തിലെത്തുന്നുവെന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. ഫഹദിന്റെ ആദ്യ തെലുങ്ക് ചിത്രമാണ് പുഷ്പ. ജഗപതി ബാബു, പ്രകാശ് രാജ്, ധനന്‍ജയ്, സുനില്‍, ഹാരിഷ് ഉത്തമന്‍, വെണ്ണില കിഷോര്‍, അനസൂയ ഭരദ്വാജ് തുടങ്ങിയവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങള്‍.

കള്ളക്കടത്തുകാരനും ട്രക്ക് ഡ്രൈവറുമായ പുഷ്പരാജ് എന്ന കഥാപാത്രത്തെയാണ് അല്ലു അര്‍ജ്ജുന്‍ അവതരിപ്പിക്കുന്നത്. മൈത്രി മൂവി മേക്കേഴ്സിന്റെ ബാനറില്‍ നവീന്‍ യെര്‍നേനിയും മുട്ടംസെട്ടിയുടെ ബാനറില്‍ വൈ രവിശങ്കറും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. ആര്യ, ആര്യ 2 എന്നീ ചിത്രങ്ങള്‍ക്ക് ശേഷം അല്ലുവും സുകുമാറും ഒരുമിക്കുന്ന ചിത്രമാണ് പുഷ്പ.