Entertainment (Page 198)

സംസ്ഥാനത്ത് സിനിമാ ടൂറിസം ആരംഭിക്കാനൊരുങ്ങി സംസ്ഥാന സര്‍ക്കാര്‍. മലയാളി പ്രേക്ഷകരുടെ മനസില്‍ പതിഞ്ഞ ചില ഫ്രെയിമുകള്‍ വീണ്ടും കാണാനും ആസ്വദിക്കാനുമാണ് ടൂറിസം വകുപ്പ് അവസരം നല്‍കുന്നത്.

കിരീടത്തിലെ രംഗങ്ങള്‍ ചിത്രീകരിച്ച തിരുവനന്തപുരം വെള്ളായണിയിലെ പാലം, ബോംബെ സിനിമയില്‍ ഉയിരെ എന്ന ഗാനം ചിത്രീകരിച്ച കാസര്‍ഗോട്ടെ ബേക്കല്‍ കോട്ട തുടങ്ങിയ ഒട്ടേറെ സ്ഥലങ്ങളില്‍ എത്താന്‍ സഞ്ചാരികളെ ആകര്‍ഷിക്കുകയാണ് ഈ പദ്ധതിയുടെ ലക്ഷ്യം. സാംസ്‌കാരിക വകുപ്പും ടൂറിസം വകുപ്പും സംയുക്തമായാണ് പദ്ധതി ഒരുക്കുന്നത്. സിനിമാസ്വാദകരുടെ മനസ്സില്‍ മായാതെ നില്‍ക്കുന്ന ഗൃഹാതുര ഓര്‍മ്മകള്‍ നിറഞ്ഞു നില്‍ക്കുന്ന ഇത്തരം ലൊക്കേഷനുകളെ കുറിച്ച് അറിയാവുന്നവര്‍ വിവരങ്ങള്‍ പങ്കുവെക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു.

സിനിമാ പ്രവര്‍ത്തകരെയും സഹകരിപ്പിച്ചുകൊണ്ട് ഈ പദ്ധതി കൂടുതല്‍ മികവുറ്റതാക്കാവുന്നതാണെന്ന് പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞു.

രാജീവ് രവി സംവിധാനം ചെയ്യുന്ന ബിഗ് ബജറ്റ് നിവിന്‍ പോളി ചിത്രം ‘തുറമുഖം’ ഡിസംബര്‍ 10ന് തിയേറ്ററുകളില്‍. ‘തുറമുഖം’ ഒടിടി റിലീസായിരിക്കുമെന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നുവെങ്കിലും നിര്‍മ്മാതാവ് സുകുമാര്‍ തെക്കേപ്പാട്ട് നിഷേധിച്ചിരുന്നു. ഇയ്യോബിന്റെ പുസ്തകത്തിന് ശേഷം ഗോപന്‍ ചിദംബരം തിരക്കഥയെഴുതിയ തുറമുഖം കൊച്ചിയിലെ ചാപ്പ സമരത്തിന്റെ പശ്ചാത്തലത്തില്‍ വമ്പന്‍ താരനിരയെ അണിനിരത്തി പൂര്‍ത്തിയാക്കിയ ചിത്രമാണ്.

പ്രമുഖ നാടകകൃത്തായ കെ.എം. ചിദംബരന്‍ എഴുതിയ ‘തുറമുഖം’ എന്ന നാടകത്തിനെ ആധാരമാക്കിയാണ് ഈ ചിത്രം തയ്യാറാക്കിയിരിക്കുന്നത്. രാജീവ് രവി തന്നെയാണ് ചിത്രത്തിന്റെ ഛായാഗ്രഹണവും നിര്‍വ്വഹിച്ചിരിക്കുന്നത്. കുറുപ്പ്, കാവല്‍ എന്നീ സിനിമകള്‍ക്ക് പിന്നാലെ 200 ലേറെ സ്‌ക്രീനുകളിലായി റിലീസിനെത്തുന്ന ബിഗ് ബജറ്റ് ചിത്രമായിരിക്കും തുറമുഖം.
ചിത്രത്തില്‍ മൊയ്തു എന്ന നേതാവായി നിവിന്‍ പോളിയും സാന്റോ ഗോപാലനായി ഇന്ദ്രജിത്ത് സുകുമാരനും മൊയ്തുവിന്റെ വാപ്പ മൈമുവിനെ ജോജു ജോര്‍ജ്ജും അവതരിപ്പിക്കുന്നു. പൂര്‍ണിമ ഇന്ദ്രജിത്താണ് ഉമ്മയുടെ റോളില്‍. നിമിഷ സജയന്‍, അര്‍ജുന്‍ അശോകന്‍, ദര്‍ശന രാജേന്ദ്രന്‍, സെന്തില്‍ കൃഷ്ണ, സുദേവ് നായര്‍, മണികണ്ഠന്‍ എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്.

ബോക്‌സ് ഓഫീസിലും നിരൂപകര്‍ക്കിടയിലും ഒരുപോലെ ശ്രദ്ധ നേടിയ, കൊച്ചിയുടെ ചരിത്രം പശ്ചാത്തലമാക്കി ഒരുക്കിയ കമ്മട്ടിപാടത്തിനു ശേഷം ഐ.വി. ശശി സിനിമകളെ അനുസ്മരിക്കുന്ന തരത്തില്‍ പ്രഖ്യാപിക്കപ്പെട്ട ചിത്രമാണിത്.

ഐഎംഡിബി റേറ്റിംഗില്‍ ഹോളിവുഡ് ക്ലാസിക് ചിത്രം ഷോഷാംഗ് റിഡംപ്ഷനെ കടത്തി വെട്ടി മുന്നേറുകയാണ് തമിഴ് ചിത്രമായ ജയ് ഭീം. 9.8 ആണ് ജയ് ഭീമിന് ഐഎംഡിബി റേറ്റിംഗ് നല്‍കിയിരിക്കുന്നത്. 9.3 ആണ് ഷോഷാംഗ് റിഡംപ്ഷന് ലഭിച്ച വോട്ട്. കൃത്യമായി പറഞ്ഞാല്‍ 24 ലക്ഷം പ്രേക്ഷകവോട്ട് ഷോഷാംഗിന് ലഭിച്ചപ്പോള്‍, 24000 അധികം പ്രേക്ഷക പിന്തുണ ജയ് ഭീം സ്വന്തമാക്കി.

പ്രേക്ഷകരില്‍ നിന്നും നിരൂപകരില്‍ നിന്നും ഒരുപോലെ പ്രശംസ നേടി മുന്നേറുകയാണ് ചിത്രം. സൂര്യ, ലിജോ മോള്‍, മണികണ്ഠന്‍, രജിഷ വിജയന്‍ എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളായ ചിത്രം കോളിവുഡിന് അഭിമാനമായി തീര്‍ന്നിരിക്കുകയാണ്.

ആദിവാസി സമൂഹത്തിലെ അടിച്ചമര്‍ത്തപ്പെട്ട ജനങ്ങള്‍ക്ക് വേണ്ടി ഒരു അഭിഭാഷകന്‍ നടത്തുന്ന നിയമ പോരാട്ടത്തെക്കുറിച്ചുള്ള യഥാര്‍ത്ഥ സംഭവങ്ങളെ അടിസ്ഥാനമാക്കിയാണ് ജയ് ഭീം ഒരുക്കിയിരിക്കുന്നത്. ചിത്രത്തില്‍ അഭിഭാഷകന്റെ വേഷത്തിലാണ് സൂര്യ എത്തുന്നത്. മോഷണ കുറ്റം ആരോപിച്ച് അറസ്റ്റിലായി ജയിലില്‍ വെച്ച് കാണാതാവുന്ന ഒരാളെ ചുറ്റിപ്പറ്റിയാണ് കഥ വികസിക്കുന്നത്. ജ്ഞാനവേലിന്റെ സംവിധാനത്തിലൊരുങ്ങിയ ചിത്രം നിര്‍മ്മിച്ചത് ജ്യോതികയാണ്.

സിനിമ റിലീസിംഗ് വിവാദങ്ങള്‍ ചൂടുപിടിക്കുമ്പോള്‍ അംഗങ്ങള്‍ക്കിടയില്‍ ഹിതപരിശോധന നടത്താന്‍ തിയറ്റര്‍ ഉടമസ്ഥ സംഘടനയായ ഫിലിം എക്‌സിബിറ്റേഴ്‌സ് യുണൈറ്റഡ് ഓര്‍ഗനൈസേഷന്റെ തീരുമാനം. ഒടിടി റിലീസ് ചെയ്യുന്ന ചിത്രങ്ങള്‍ തിയേറ്ററുകളിലും പ്രദര്‍ശിപ്പിക്കണോയെന്ന് അഭിപ്രായം തേടുന്നതിനാണു ജില്ലാ അടിസ്ഥാനത്തില്‍ ഹിതപരിശോധന നടത്തുന്നത്. കേരളത്തിലെ 670 സ്‌ക്രീനുകളില്‍ നാനൂറിലേറെ ഫിയോക്കിനു കീഴിലാണ്.

അതേസമയം, ‘മരക്കാര്‍ അറബിക്കടലിന്റെ സിംഹം’ ചിത്രത്തിന്റെ റിലീസ് സംബന്ധിച്ച ചര്‍ച്ചകള്‍ വീണ്ടും പുരോഗമിക്കുകയാണ്. മരക്കാര്‍ അടക്കം മോഹന്‍ലാലിന്റെ അഞ്ച് സിനിമകള്‍ ഒ.ടി.ടി പ്ലാറ്റ്‌ഫോമില്‍ റിലീസ് ചെയ്യുമെന്നാണ് വാര്‍ത്താ സമ്മേളനത്തിനിടെ നിര്‍മ്മാതാവ് ആന്റണി പെരുമ്പാവൂര്‍ പ്രഖ്യാപിച്ചത്.

എന്നാല്‍, മരക്കാര്‍ തിയേറ്ററില്‍ തന്നെ റിലീസ് ചെയ്‌തേക്കുമെന്ന വാര്‍ത്തകളാണ് ഇപ്പോള്‍ പുറത്തു വരുന്നത്. ഒ.ടി.ടി കരാര്‍ ഭേദഗതി വരുത്തിയാണ് ചിത്രം തിയേറ്ററില്‍ റിലീസ് ചെയ്യാന്‍ ഒരുങ്ങുന്നത്. 150 തിയേറ്ററുകളുടെ കൂട്ടായ്മ സിനിമ റിലീസ് ചെയ്യാന്‍ നിര്‍മ്മാതാക്കളുമായി സംസാരിച്ചു തുടങ്ങി. സാധാരണ തിയേറ്റര്‍ റിലീസ് ചെയ്യുന്ന സിനിമകള്‍ 42 ദിവസത്തിന് ശേഷമാണ് ഒ.ടി.ടിക്ക് നല്‍കുന്നത്. എന്നാല്‍, മരക്കാര്‍ അതിന് മുമ്പ് തന്നെ ഒ.ടി.ടിയിലേക്ക് മാറ്റുന്നത് അടക്കമുള്ള സാധ്യതയാണ് ആലോചിക്കുന്നത് എന്നാണ് റിപ്പോര്‍ട്ടു ചെയ്യുന്നത്.

ഇന്ത്യന്‍ ഫിലിം ഹൗസ് ദേശീയതലത്തില്‍ സംഘടിപ്പിച്ച ഷോര്‍ട്ട് ഫിലിം അവാര്‍ഡ്‌സില്‍ മികച്ച ഹ്രസ്വ ചിത്രമായി ‘കറ’ തിരഞ്ഞെടുക്കപ്പെട്ടു. ആയിരത്തോളം ഹ്രസ്വചിത്രങ്ങളില്‍ നിന്നാണ് ‘കറ’ ഈ നേട്ടം കൈവരിച്ചത്.

ഒരു സിനിമയുടെ ദൃശ്യാനുഭവം പകരുന്ന ‘കറ’ ഗോവിന്ദന്‍ എന്ന ഗുണ്ടയുടെ ജീവിതമാണ് പറയുന്നത്. കോമഡി ഷോകളിലൂടെയും സിനിമകളിലൂടെയും ശ്രദ്ധേയനായ നടന്‍ കൂട്ടിക്കല്‍ ജയചന്ദ്രന്റെ വേറിട്ട വേഷപ്പകര്‍ച്ചയാണ് ‘കറ’യുടെ പ്രത്യേകത. ഇര വേട്ടക്കാരനായി മാറുന്ന പ്രമേയം കൈകാര്യം ചെയ്യുന്ന ‘കറ’യില്‍ കോഴിയും പ്രധാന വേഷത്തിലെത്തുന്നു. ബീ പോസിറ്റീവിന്റെ ബാനറില്‍ മോഹന്‍കുമാര്‍ നിര്‍മിച്ച് അബ്ദുല്‍ ലറിഷ് ആണ് സംവിധാനം ചെയ്തത്.

ബിഗ് ബജറ്റ് മോഹന്‍ലാല്‍ ചിത്രം ‘മരക്കാര്‍ അറബിക്കടലിന്റെ സിംഹം’ പ്രദര്‍ശിപ്പിക്കാന്‍ തയ്യാറാണെന്നു ഫിലിം എക്സിബിറ്റേഴ്സ് ഫെഡറേഷന്റെ പ്രസിഡന്റ് ലിബര്‍ട്ടി ബഷീര്‍ അറിയിച്ചു. സിനിമയുടെ അണിയറപ്രവര്‍ത്തകരോട് സംസാരിക്കുമെന്നും തീരുമാനം അറിയിക്കുമെന്നും അദ്ദേഹം പറഞ്ഞു.

200 ഓളം തിയേറ്ററുകള്‍ കേരളത്തില്‍ ഫിയോക്കിന്റെ കീഴിലുണ്ടെന്നും സിനിമ പ്രവര്‍ത്തകര്‍ തിയേറ്റര്‍ പ്രദര്‍ശനത്തിനു തയാറല്ലെന്നും സിനിമ പ്രദര്‍ശനത്തെ തുടര്‍ന്നുളള ചര്‍ച്ചകള്‍ നടക്കുന്നുണ്ടെന്നും ബഷീര്‍ പറഞ്ഞു. അതേസമയം, ആന്റണി പെരുമ്പാവൂര്‍ സംഘടനയില്‍ നിന്നു രാജിവെച്ചതില്‍ കൂടുതലൊന്നും പറയാനില്ലെന്നും തീരുമാനത്തില്‍ നിന്നു പിന്നോട്ടിലെന്നും ഫിയോക്കിന്റെ പ്രസിഡന്റ് വിജയകുമാര്‍ പറഞ്ഞു.

മരക്കാര്‍ അടഞ്ഞ അധ്യായമാണെന്നും, തിയേറ്റര്‍ കാത്തിരുന്നത് മരക്കാര്‍ സിനിമക്ക് വേണ്ടിയല്ല മറിച്ച് കുറുപ്പ് റിലീസിന് വേണ്ടിയാണെന്നും വിജയകുമാര്‍ പ്രതികരിച്ചിരുന്നു. ബഷീറിനെ സംബന്ധിച്ചിടത്തോളം അദ്ദേഹത്തിന്റെ ഏതു തിയേറ്ററുകളില്‍ സിനിമ പ്രദര്‍ശിപ്പിക്കാമെന്നു അദ്ദേഹത്തിനു തീരുമാനിക്കാം. അത് അയാളുടെ അവകാശമാണെന്നും വിജയകുമാര്‍ വ്യക്തമാക്കി.

മമ്മൂട്ടിയും ലിജോ ജോസ് പെല്ലിശേരിയും ആദ്യമായി നന്‍പകല്‍ നേരത്ത് മയക്കം വേളാങ്കണ്ണിയില്‍ ചിത്രീകരണം ആരംഭിച്ചു. മമ്മൂട്ടിയുടെ പുതിയ നിര്‍മ്മാണ കമ്പനിയായ മമ്മൂട്ടി കമ്പനിയുടെ ആദ്യ സംരംഭമാണിത്. ലിജോയുടെ കഥയ്ക്ക് എസ്. ഹരീഷ് ആണ് തിരക്കഥയും സംഭാഷണവും ഒരുക്കുന്നത്. നാല്‍പത്ദിവസം നീണ്ട ഒറ്റ ഷെഡ്യൂളില്‍ ചിത്രീകരണം പൂര്‍ത്തിയാകും.

ചുരുളിക്ക് ശേഷം ലിജോ ഒരുക്കുന്ന ചിത്രമാണിത്. ഫേസ്ബുക്കിലൂടെ ലിജോ ചിത്രത്തിന്റെ വിവരങ്ങള്‍ പങ്കുവച്ചു. വേളാങ്കണ്ണിയിലാണ് സിനിമയുടെ ചിത്രീകരണത്തിന് തുടക്കമായത്. മമ്മൂട്ടിയുടെ പുതിയ ബാനറായ മമ്മൂട്ടി കമ്പനി ആദ്യമായി നിര്‍മ്മിക്കുന്ന ചിത്രം എന്ന പ്രത്യേകതയുമുണ്ട്. ലിജോ ജോസ് പെല്ലിശ്ശേരിയാണ് സഹ നിര്‍മ്മാണം. തമിഴ്‌നാട് പശ്ചാത്തലമാക്കുന്ന ചിത്രത്തിന്റെ പ്രധാന ലൊക്കേഷന്‍ പഴനിയാണ്. അശോകനാണ് മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. തേനി ഈശ്വറാണ് ഛായാഗ്രഹണം

ഇരുവരും ഒന്നിക്കുന്ന മറ്റൊരു ചിത്രം കൂടി അണിയറയില്‍ ഒരുങ്ങുന്നുണ്ട്. ഇനിയൊരു ചിത്രം എം.ടിയുടെ കഥകളെ ആസ്പദമാക്കി നെറ്റ്ഫ്‌ളിക്‌സ് ഒരുക്കുന്ന ആന്തോളജിയിലെ ലഘുചിത്രത്തിലും മമ്മൂട്ടിയാണ് നായകനാകുക എന്നാണ് റിപ്പോര്‍ട്ട്. മമ്മൂട്ടി കമ്പനിിയുടെ ബാനറില്‍ നിരവധി ചിത്രങ്ങള്‍ അണിയറയില്‍ ഒരുങ്ങുന്നുണ്ട്. അതേസമയം അമല്‍ നീരദ് സംവിധാനം ചെയ്യുന്ന ഭീഷ്മപര്‍വ്വം, നവാഗതയായ രത്തീന സംവിധാനം ചെയ്യുന്ന പുഴു എന്നിവയാണ് റിലീസിന് ഒരുങ്ങുന്ന മമ്മൂട്ടി ചിത്രങ്ങള്‍.

കൊച്ചി: ബിഗ് ബഡ്ജറ്റ് മോഹന്‍ലാല്‍ ചിത്രം മരക്കാര്‍ അറബിക്കടലിന്റെ സിംഹം ആമസോണ്‍ അനുമതി നല്‍കിയാല്‍ തിയേറ്ററില്‍ പ്രദര്‍ശിപ്പിക്കുമെന്ന് നിര്‍മ്മാതാവ് ആന്റണി പെരുമ്പാവൂര്‍. വിഷയത്തില്‍ ആമസോണ്‍ പ്രൈമുമായി ആന്റണി പെരുമ്പാവൂര്‍ ചര്‍ച്ച നടത്തിയതായാണ് വിവരം.

ആമസോണ്‍ റിലീസ് കഴിഞ്ഞ് ഒരു മാസത്തിന് ശേഷം ഫാന്‍സ് ഷോ, തിയേറ്റര്‍ റിലീസ് എന്നിവ നടത്താനാണ് ആന്റണി പെരുമ്പാവൂരും ആശിര്‍വാദ് സിനിമാസും ശ്രമിക്കുന്നത്. 150 ദിവസം കഴിഞ്ഞാല്‍ തിയേറ്റര്‍ റിലീസ് ചെയ്യാനുള്ള അനുമതി ഒടിടി കരാറില്‍ നേരത്തെ ആക്കാനും നീക്കം നടക്കുന്നതായി സിനിമാ വൃത്തങ്ങള്‍ അറിയിക്കുന്നു. ആന്റണി പെരുമ്പാവൂരിന്റെ ഉടമസ്ഥതയിലുള്ള നാല്‍പതോളം തിയേറ്ററുകളിലും നടന്‍ ദിലീപിന്റെ ഉടമസ്ഥതയിലുള്ള തിയേറ്ററുകളിലും ചില ഉടമകളുടെ തിയേറ്ററുകളിലും സിനിമ പ്രദര്‍ശിപ്പിക്കാനാണ് തീരുമാനിക്കുന്നത്.

കൊവിഡ് പ്രതിസന്ധിക്ക് ശേഷം തിയേറ്ററുകള്‍ തുറന്നെങ്കിലും വേണ്ടത്ര ജനത്തിരക്കില്ല. മരക്കാര്‍ പോലൊരു ചിത്രം റിലീസിനെത്തിയാല്‍ പ്രേക്ഷകര്‍ കൂടുതലെത്തുമെന്ന പ്രതീക്ഷയിലായിരുന്നു തിയേറ്ററുടമകള്‍. മോഹന്‍ലാല്‍, മഞ്ജു വാര്യര്‍, അര്‍ജുന്‍ സര്‍ജ, പ്രഭു, കീര്‍ത്തി സുരേഷ്, പ്രണവ് മോഹന്‍ലാല്‍, കല്യാണി പ്രിയദര്‍ശന്‍, സുഹാസിനി, സുനില്‍ ഷെട്ടി, നെടുമുടി വേണു, ഫാസില്‍ തുടങ്ങി വന്‍ താരനിര തന്നെ ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്.

സമകാലിക രാഷ്ട്രീയ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുന്ന താത്വിക അവലോകനം സിനിമയുടെ ടീസര്‍ പുറത്തിറങ്ങി. ജോജു ജോര്‍ജിന്റെ തന്നെ കഥാപാത്രം പറയുന്ന ഡയലോഗുകളാണ് ടീസറിന്റെ പ്രധാനഭാഗം. ‘ജീവന് വരെ ഭീഷണിയുണ്ട്. സത്യമേ ജയിക്കൂ.. നമ്മുടെ കണ്‍മുന്നിലെ തെറ്റുകള്‍ ചോദ്യം ചെയ്താല്‍ മതി നാട് നന്നാകാന്‍. കണ്ണു തുറന്ന് പിടിച്ച് കാഴ്ചയില്ലാത്ത ജീവിയായി മനുഷ്യന്‍ മാറരുത്..’ ജോജുവിന്റെ കഥാപാത്രം പറയുന്നു.

ഇന്ധനവില വര്‍ദ്ധനക്കെതിരായ പ്രതിഷേധത്തെ തുടര്‍ന്ന് നടന്‍ ജോജു ജോര്‍ജും കോണ്‍ഗ്രസ് പാര്‍ട്ടിയും തമ്മിലുള്ള തര്‍ക്കത്തിന്റെ പശ്ചാത്തലത്തില്‍ അതുമായി ചേര്‍ന്നു നില്‍ക്കുന്ന ടീസറാണ് അണിയറ പ്രവര്‍ത്തകര്‍ ഒരുക്കിയിരിക്കുന്നത്.

ജോജു ജോര്‍ജ്, നിരഞ്ജ് രാജു, അജു വര്‍ഗീസ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി അഖില്‍ മാരാര്‍ തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് ഒരു താത്വിക അവലോകനം. ഷമ്മി തിലകന്‍, മേജര്‍ രവി, പ്രേംകുമാര്‍, ബാലാജി ശര്‍മ്മ, വിയാന്‍, ജയകൃഷ്ണന്‍,നന്ദന്‍ ഉണ്ണി, മാമുക്കോയ, പ്രശാന്ത് അലക്‌സ്, മനു രാജ്, ഉണ്ണി രാജ്, സജി വെഞ്ഞാറമൂട്, പുതുമുഖം അഭിരാമി, ശൈലജ തുടങ്ങിയവരാണ് മറ്റു താരങ്ങള്‍. പൂര്‍ണമായും രാഷ്ട്രീയ ആക്ഷേപ ഹാസ്യത്തിനു പ്രാധാന്യം നല്‍കി ഒരുക്കുന്ന ചിത്രം യോഹന്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ഡോക്ടര്‍ ഗീ വര്‍ഗീസ് യോഹന്നാന്‍ ആണ് നിര്‍മ്മിക്കുന്നത്.

തിരുവനന്തപുരം: മോഹൻലാൽ ചിത്രം മരക്കാറിന് ആമസോൺ പ്രൈം നൽകിയത് 90 കോടി രൂപയ്ക്ക് മുകളിലെന്ന് റിപ്പോർട്ട്. 90 – 100 കോടി രൂപയ്ക്ക് ഇടയിൽ ചിത്രത്തിനു ലഭിച്ചെന്നാണ് ലഭ്യമാകുന്ന വിവരം. രാജ്യത്ത് ഒരു സിനിമയ്ക്ക് ഒടിടി പ്ലാറ്റ്‌ഫോം നൽകുന്ന ഏറ്റവും ഉയർന്ന തുകയാണ് ഇതെന്നാണ് കണക്കാക്കപ്പെടുന്നത്. 90 കോടിയോളം മുതൽമുടക്കിലാണ് മരക്കാർ; അറബിക്കടലിന്റെ സിംഹം എന്ന ചിത്രം നിർമ്മിച്ചിരിക്കുന്നത്. അതുകൊണ്ട് തന്നെ ആമസോൺ നൽകുന്നത് മുതലും കഴിഞ്ഞ് ലാഭമാണ്. സാറ്റലൈറ്റ് അവകാശത്തിനു ലഭിക്കുന്ന തുകയും കൂടിയാവുമ്പോൾ ചിത്രത്തിന്റെ ലാഭം ഇനിയും വർധിക്കും. ഈ തുക നിർമാതാവിന് സ്വന്തമാണ്.

മരക്കാർ ഉൾപ്പെടെ മോഹൻലാൽ നായകനാവുന്ന ആശിർവാദ് സിനിമാസിന്റെ അഞ്ച് സിനിമകൾ ഒടിടി റിലീസുകൾ ആയിരിക്കുമെന്ന ആന്റണി പെരുമ്പാവൂർ നേരത്തെ അറിയിച്ചിരുന്നു. പൃഥ്വിരാജിന്റെ ബ്രോ ഡാഡി, ജീത്തു ജോസഫിന്റെ 12 ത്ത് മാൻ, ഷാജി കൈലാസിന്റെ എലോൺ, ‘പുലിമുരുകന്’ ശേഷം മോഹൻലാലിനെ നായകനാക്കി ഉദയകൃഷ്ണയുടെ സംവിധാനത്തിൽ വൈശാഖ് സംവിധാനം ചെയ്യുന്ന ചിത്രം തുടങ്ങിയവയാണ് ഒടിടി റിലീസ് ചെയ്യുക.

അതേസമയം മരക്കാർ ഒടിടിയിൽ റിലീസ് ചെയ്യുന്ന ദിവസം തിയറ്ററുകളിൽ കരങ്കൊടി കെട്ടുമെന്നാണ് ഫിയോക് അറിയിച്ചിരിക്കുന്നത്. അഞ്ചല്ല അൻപത് സിനിമകൾ ഒടിടി പോയാലും സിനിമാ തിയറ്ററുകൾ നിലനിൽക്കുമെന്ന് ഫിയോകിന്റെ പ്രസിഡന്റ് കെ വിജയകുമാർ വ്യക്തമാക്കിയിരുന്നു.