മരക്കാര്‍ ഒടിടി റിലീസെന്ന് പ്രഖ്യാപിച്ചതിന് പിന്നാലെ നിര്‍ണ്ണായക തീരുമാനവുമായി ആന്റണി പെരുമ്പാവൂര്‍. ബ്രോ ഡാഡി, ജീത്തു ജോസഫ് ചിത്രം ട്വല്‍ത് മാന്‍, ഷാജി കൈലാസ് ചിത്രം എലോണ്‍, വൈശാഖ് ചിത്രം എന്നീ ചിത്രങ്ങളാണ് ഒടിടി റിലീസായിരിക്കുമെന്ന് അറിയിച്ചത്. ഒരു കോടി രൂപക്ക് മുകളില്‍ തിയേറ്ററുകളില്‍ നിന്ന് ഇനിയും പിരിച്ചു കിട്ടാനുണ്ടെന്നും ആന്റണി പെരുമ്പാവൂര്‍ പറഞ്ഞു.
ലൂസിഫറിന് ശേഷം പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന മോഹന്‍ലാല്‍ ചിത്രമാണ് ബ്രോ ഡാഡി. ‘ഒരു ലക്ഷം രൂപയുടെ നഷ്ടം പോലും സഹിക്കാന്‍ തിയേറ്ററുകാര്‍ തയാറല്ല. ആന്റണി കോടികളുടെ നഷ്ടം സഹിച്ചോണം എന്ന് പറയുന്നതിനെ അംഗീകരിക്കാനാകില്ല. തിയേറ്ററുകാര്‍ ഒരുകോടി രൂപക്ക് അടുത്ത് ഇപ്പോഴും എനിക്ക് തരാനുണ്ട്. 20 മാസത്തോളം സിനിമ കയ്യില്‍ വച്ചത് തിയറ്ററില്‍ റിലീസ് വേണമെന്ന വിചാരത്തില്‍ തന്നെയാണ്. പക്ഷേ ആവശ്യപ്പെടുന്ന സ്‌ക്രീനുകള്‍ കിട്ടണ്ടേ. നഷ്ടം വന്നാല്‍ മുന്നോട്ടുപോകാന്‍ കഴിയില്ല. അത്രമാത്രം പണം മുടക്കിയ സിനിമയാണിത്. അധ്വാനിച്ചുണ്ടാക്കിയ പണമാണ്. ജീവിത പ്രശ്നമാണ്.’ കൊച്ചിയില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ ആന്റണി പെരുമ്പാവൂര്‍ വ്യക്തമാക്കി.

