Entertainment (Page 193)

തിരുവനന്തപുരം: മരക്കാർ ചിത്രത്തിന്റെ റിലീസുമായി ബന്ധപ്പെട്ട് വാർത്തകളിൽ പ്രതികരണവുമായി നടൻ മോഹൻലാൽ. മരക്കാർ ഒടിടിയിൽ കരാർ ഒപ്പുവച്ചെന്ന വാർത്ത അടിസ്ഥാന രഹിതമാണെന്ന് മോഹൻലാൽ പറഞ്ഞു. തിയേറ്റർ റിലീസ് ചെയ്യാനാണ് സിനിമ എടുത്തതെന്നും 625 സ്‌ക്രീനിൽ മരക്കാർ റിലീസ് ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.

തിയേറ്റർ റിലീസ് തീരുമാനിച്ചതിന് ശേഷമാണ് ഒടിടിയുമായി കരാർ ഒപ്പിട്ടത്. തീർച്ചയായും തിയേറ്റർ റിലീസിന് ശേഷം മരക്കാർ ഒടിടിയിലും എത്തും. ചിത്രം ആദ്യം എവിടെ റിലീസ് ചെയ്യണമെന്ന് തങ്ങൾ തീരുമാനിച്ചിട്ട് പോലുമില്ലാത്ത സമയത്താണ് ഒടിടിയിൽ പ്രദർശനത്തിനൊരുങ്ങുന്നുവെന്ന വാർത്തകൾ വന്നത്. അത് സത്യമല്ലാത്തതിനാലാണ് അന്ന് പ്രതികരിക്കാതിരുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

അതേസമയം തിയേറ്റർ റിലീസിന് ശേഷം മരക്കാർ ഒടിടിയിൽ എത്തുമെന്നാണ് സംവിധായകൻ പ്രിയദർശൻ അറിയിച്ചിരിക്കുന്നത്. സീറ്റിങ് 50% മാത്രമാണ് ഉള്ളതെങ്കിലും ചിത്രത്തിന്റെ വിജയത്തെ ബാധിക്കില്ലെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം പ്രതികരിച്ചു. ഡിസംബർ രണ്ടിനാണ് മരക്കാർ തിയേറ്ററിൽ റിലീസ് ചെയ്യുന്നത്. മലയാളത്തിന് പുറമെ തമിഴ്, ഹിന്ദി, കന്നഡ, തെലുങ്ക് ഭാഷകളിലും സിനിമ റിലീസാവും. മലയാളത്തിലെ ഏറ്റവും ചിലവേറിയ ചിത്രമാണ് മരക്കാർ. 100 കോടി രൂപ ചെലവിട്ടാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്.

നവാഗതനായ സനൂപ് തൈക്കുടം സംവിധാനത്തിലൊരുങ്ങുന്ന ചിത്രം ‘സുമേഷ് & രമേഷ് ‘ ഡിസംബര്‍ 10ന് തിയേറ്ററുകളിലെത്തും. ചിത്രം നവംബര്‍ 26ന് തിയേറ്ററില്‍ പ്രദര്‍ശനത്തിന് എത്തുമെന്ന് അറിയിച്ചിരുന്നതെങ്കിലും സിനിമയുടെ റിലീസ് മാറ്റുകയായിരുന്നു. മതിയായ തിയേറ്ററുകള്‍ ലഭ്യമല്ലാത്തതിനാലാണ് റിലീസ് തിയ്യതി മാറ്റിയിരുന്നത്.

ശ്രീനാഥ് ഭാസിയും ബാലു വര്‍ഗ്ഗീസും ,ദേവിക കൃഷ്ണയുമാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. വൈറ്റ്സാന്‍ഡ്സ് മീഡിയ ഹൗസിന്റെ ബാനറില്‍ കെ.എല്‍ 7 എന്റര്‍ടൈന്‍മെന്റ്‌സുമായി ചേര്‍ന്ന് ഫരീദ്ഖാന്‍ നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ തിരക്കഥ എഴുതിയിരിക്കുന്നത് സനൂപ് തൈക്കുടവും ജോസഫ് വിജീഷും ഒന്നിച്ചാണ്.

ചിത്രത്തിന്റെ ഛായാഗ്രഹണം ആല്‍ബിയും എഡിറ്റിംഗ് അയൂബ് ഖാനും, സംഗീത സംവിധാനം യാക്‌സണ്‍ ഗാരി പെരേര, നേഹ നായര്‍ എന്നിവര്‍ ആണ്.

തിരുവനന്തപുരം: സ്ത്രീ സുരക്ഷയെ ആസ്പദമാക്കി നടത്തിയ ഷീ ഷോര്‍ട്ട് ഫിലിം ഫെസ്റ്റിവലിന്റെ അവാര്‍ഡ് ദാനം ഡിസംബര്‍ 5 ന് തിരുവനന്തപുരത്ത് നടക്കുമെന്ന് ഫെസ്റ്റിവല്‍ ചെയര്‍മാന്‍ ജി സുരേഷ് കുമാര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.. കവടിയാര്‍ ഉദയ പാലസ് കണ്‍വന്‍ഷന്‍ സെന്ററില്‍ വൈകിട്ട് 5.30 നടക്കുന്ന ചടങ്ങില്‍ കേന്ദ്രമന്ത്രിമാരായ എല്‍ മുരുകന്‍, രാജീവ് ചന്ദ്രശേഖര്‍, സുരേഷ് ഗോപി എംപി, നടന്‍ ടൊവീനോ തോമസ്, നടി കീര്‍ത്തി സുരേഷ് എന്നിവര്‍ പ്രത്യേക അതിഥികളായി പങ്കെടുക്കും.

മണിയന്‍പിള്ള രാജു, നടിമാരായ അംബിക, രാധ, മേനക സുരേഷ്, ജലജ, ചിപ്പി രഞ്ജിത്ത്, ഫിലിം ചേംമ്ബര്‍ പ്രസിഡന്റ് ജി സുരേഷ്‌കുമാര്‍, ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍ പ്രസിഡന്റ് എം രഞ്ജിത്ത്, സെക്രട്ടറി ബി രാകേഷ്, ടെലിവിഷന്‍ ഫെര്‍ട്ടേണിറ്റി ചെയര്‍മാന്‍ ജി ജയകുമാര്‍, സൗത്ത് ഇന്ത്യന്‍ ഫിലിം ചേംബര്‍ എക്സിക്യൂട്ടീവ് അംഗം സന്ദീപ് സേനന്‍ തുടങ്ങിയവരും പങ്കെടുക്കും.ചടങ്ങില്‍ രാജേഷ് ചേര്‍ത്തലയും സംഘവും അവതരിപ്പിക്കുന്ന സംഗീത വിരുന്നും ഉണ്ടായിരിക്കുന്നതാണ്.

ജടായു രാമ കള്‍ച്ചറല്‍ സെന്റര്‍ നടത്തിയ ഷീ ഷോര്‍ട്ട് ഫിലിം ഫെസ്റ്റിവലില്‍ ശരത് സുന്ദര്‍ സംവിധാനം ചെയ്ത ‘കരുവാരിയിന്‍ കനവുകള്‍’ ആണ് ഒന്നാം സ്ഥാനം കരസ്ഥമാക്കിയത്. ഡീറ്റൊക്സ് (സംവിധാനം അനൂപ് നാരായണന്‍) ഛാത്ര( സംവിധാനം ജൊബ് മാസ്റ്റര്‍ ) രണ്ടും മൂന്നും സമ്മാനങ്ങള്‍ നേടി. ശരത് സുന്ദര്‍ തന്നെയാണ് മികച്ച സംവിധായകനും. മികച്ച നടനായി ഡോ ആനന്ദ് ശങ്കറും(ഡീറ്റൊക്സ്) നടിയായി ശിവാനി മേനോനും( കരുവാരിയിന്‍ കനവുകള്‍) തിരഞ്ഞെടുക്കപ്പെട്ടു. സംവിധായകന്‍ പ്രിയദര്‍ശനാണ് വിജയികളെ പ്രഖ്യാപിച്ചത്. പരമാവധി 10 മിനിറ്റ് വരെയുള്ള ചിത്രങ്ങളാണ് അവാര്‍ഡിനായി പരിഗണിച്ചത്. 150ല്‍ പരം ചിത്രങ്ങളില്‍ നിന്നാണ് വിജയികളെ തിരഞ്ഞെടുത്തത്.

1983ല്‍ ഇന്ത്യയുടെ ലോകകപ്പ് ക്രിക്കറ്റ് വിജയത്തെ ആസ്പദമാക്കി രണ്‍വീര്‍ സിംഗ് നായകനായി എത്തുന്ന ബഹുഭാഷാ ചിത്രമാണ് ’83’. ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് ബോളിവുഡ് സംവിധായകന്‍ കബീര്‍ ഖാന്‍ ആണ്. കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ ചിത്രത്തിന്റെ ടീസറിന് മികച്ച പ്രതികരണമാണ് പ്രേക്ഷകരില്‍ നിന്നും ലഭിച്ചത്. ചിത്രം മലയാളത്തില്‍ അവതരിപ്പിക്കുന്നത് പൃഥ്വിരാജിന്റെ ഉടമസ്ഥതയിലുള്ള പൃഥ്വിരാജ് പ്രൊഡക്ഷന്‍സാണെന്ന് വാര്‍ത്തയാണ് ഇപ്പോള്‍ പുറത്ത് വരുന്നത്.

രണ്‍വീര്‍ സിംഗ് മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് നായകന്‍ കപില്‍ ദേവിന്റെ റോളിലെത്തുന്ന ചിത്രം ഡിസംബര്‍ 24ന് തിയേറ്ററുകളിലെത്തും. ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ, മലയാളം ഭാഷകളിലായിരിക്കും ചിത്രത്തിന്റെ റിലീസ്. ലോകം മുഴുവന്‍ ഉറ്റുനോക്കുന്ന ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ ചരിത്ര നേട്ടത്തിന്റെ കഥ പറയുന്ന 83 അവതരിപ്പിക്കുന്നതില്‍ അഭിമാനമുണ്ടെന്ന് പൃഥ്വിരാജ് പറഞ്ഞതായി റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. പൃഥ്വിരാജ് പ്രൊഡക്ഷന്‍സുമായി യോജിക്കാനായതില്‍ ഏറെ സന്തോഷമുണ്ടെന്ന് ചിത്രത്തിന്റെ സംവിധായകനും നിര്‍മാതാവുമായ കബീര്‍ ഖാനും പ്രതികരിച്ചു.

ദീപിക പദുകോണ്‍ ആണ് ചിത്രത്തിലെ നായിക. പങ്കജ് ത്രിപാഠി, ബൊമാന്‍ ഇറാനി, സാക്വിബ് സലിം, ഹാര്‍ഡി സന്ധു, താഹിര്‍ രാജ് ഭാസിന്‍, ജതിന്‍ സര്‍ന തുടങ്ങിയവരും പ്രധാന വേഷങ്ങളിലെത്തുന്നു.

സിനിമ കാണുകയോ അതിനെക്കുറിച്ച് എന്തെങ്കിലും അറിയുകയോ ചെയ്യുന്നവരല്ല ‘മരക്കാര്‍’ സിനിമയെക്കുറിച്ച് ബഹളം വച്ചവരെന്ന് നടന്‍ മോഹന്‍ലാല്‍ മാതൃഭൂമിയില്‍ വന്ന ലേഖനത്തില്‍ മോഹന്‍ലാല്‍ എഴുതുന്നു.

‘മോഹന്‍ലാല്‍ ബിസിനസുകാരനാണ് എന്നായിരുന്നു ഏറ്റവും വലിയ ആക്ഷേപം. സിനിമ വ്യവസായം മാത്രമല്ല, എന്നാല്‍, വ്യവസായവും കൂടിയാണ് സിനിമ എന്നാണ് ഞാന്‍ മനസ്സിലാക്കിയിട്ടുള്ളത്. ഇത്തരം ഒരു സിനിമ സൃഷ്ടിക്കാനുള്ള അധ്വാനവും സമര്‍പ്പണവും നന്നായി അറിയുന്നതുകൊണ്ട് എന്നെക്കുറിച്ചുള്ള ഒരാരോപണത്തിനും ഞാന്‍ മറുപടി പറഞ്ഞില്ല, പറയുകയുമില്ല. കാരണം കാലങ്ങളോടും തലമുറകളോടുമാണ് ഞങ്ങള്‍ ഈ സിനിമയിലൂടെ സംസാരിക്കുന്നത്. ഈയാംപാറ്റ വിവാദങ്ങള്‍ക്ക് അവിടെ സ്ഥാനമില്ല. ഞാന്‍ എന്റെ അടുത്ത ജോലികളിലേക്ക് കടക്കുന്നുവെന്ന് മോഹന്‍ലാല്‍ പറയുന്നു.

ഒരുപാട് വായനയും ഗവേഷണവും നടത്തിയാണ് പ്രിയന്‍ മരക്കാര്‍ തിരക്കഥ എഴുതിയത്. അത്രതന്നെ ഗവേഷണം സാബു സിറിളും ചെയ്തു. ഭാഷാഭേദമില്ലാതെ ഒരുപാട് അഭിനേതാക്കള്‍ പ്രതിഫലത്തുക പോലും പറയാതെ അഭിനയിക്കാനെത്തി. നൂറു കണക്കിന് മനുഷ്യര്‍ രാപകല്‍ രാമോജി ഫിലിം സിറ്റിയില്‍ അധ്വാനിച്ചു. ഷൂട്ടിങ് കഴിഞ്ഞപ്പോള്‍ അതീവ സൂക്ഷ്മമായ പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികള്‍. എല്ലാ പ്രതിബന്ധങ്ങളും നിശ്ശബ്ദമായി തരണംചെയ്ത് പടം തീര്‍ത്തപ്പോഴാണ് കോവിഡ് പടര്‍ന്നതും ലോകം അടച്ചിടപ്പെട്ടതും. എനിക്കും പ്രിയനും മാത്രമല്ല, ഈ സിനിമയുമായി ബന്ധപ്പെട്ട എല്ലാവര്‍ക്കും അതൊരു ഷോക്കായിരുന്നു. എന്നാല്‍, ഇന്നാലോചിക്കുമ്പോള്‍ മറിച്ചാണ് തോന്നുന്നത്. പടം ഇറങ്ങി ഒരാഴ്ച കഴിയുമ്പോഴാണ് മഹാമാരി പൊട്ടിപ്പുറപ്പെട്ടതെങ്കിലോ? ദുരന്തത്തിനുമേലെ മറ്റൊരു ദുരന്തമാകുമായിരുന്നു അത്. നിസ്സഹായരായി നോക്കി നില്‍ക്കേണ്ടി വരുമായിരുന്നു ഞങ്ങള്‍ക്ക്.

കാത്തിരിപ്പിന്റെ രണ്ട് വര്‍ഷങ്ങളാണ് കടന്നു പോയത്. ഏറെ സങ്കടകരവും സമ്മര്‍ദ്ദ പൂര്‍ണവുമായിരുന്നു അത്. ലോകം കാണേണ്ട ഒരു കാലാസൃഷ്ടി ഇങ്ങനെ ഇരുട്ടിലിരിക്കുന്നല്ലോ എന്ന സങ്കടം; വലിയ സാമ്പത്തിക ബാധ്യതയുടെ സമ്മര്‍ദ്ദം. രണ്ടിനും നടുവിലൂടെയാണ് രണ്ടുവര്‍ഷം ഞങ്ങള്‍ തുഴഞ്ഞത്. വലിയ കാര്യങ്ങള്‍ക്ക് വലിയ സഹനങ്ങളും വേണ്ടി വരുമെന്നത് ഒരു പ്രപഞ്ച സത്യമാണല്ലോയെന്നും മോഹന്‍ലാല്‍ ലേഖനത്തില്‍ വ്യക്തമാക്കുന്നു.

സുരേഷ് ഗോപിയെ നായകനാക്കി നിഥിന്‍ രണ്‍ജി പണിക്കര്‍ രചനയും സംവിധാനവും നിര്‍വഹിച്ച ചിത്രം കാവല്‍ മികച്ച പ്രതികരണം നേടി മുന്നേറുകയാണ്. കുറുപ്പിന് ശേഷം സൂപ്പര്‍ താരങ്ങളുടെ വരാനിരിക്കുന്ന ചിത്രങ്ങളില്‍ ഏറ്റവും ആദ്യം തിയേറ്ററില്‍ എത്തിയത് കാവല്‍ ആണ്.

സുരേഷ് ഗോപിയുടെ അഭിനയത്തെ കുറിച്ചും ഷൂട്ടിംഗ് അനുഭവങ്ങള്‍ പങ്കുവെച്ചും രംഗത്ത് എത്തിയിരിക്കുകയാണ് ചിത്രത്തില്‍ തന്നെ മറ്റൊരു പ്രധാന വേഷം കൈകാര്യം ചെയ്യുന്ന താരമായ കിച്ചു ടെല്ലസ്. ‘ചിത്രത്തില്‍ സുരേഷ് ഗോപി തന്നെ ചവിട്ടുന്ന ഒരു സീന്‍ ആണ് ആദ്യ ദിവസം ചിത്രീകരിച്ചതെന്ന് കിച്ചു പറഞ്ഞു. ആദ്യമായിട്ടാണ് സുരേഷ് ഗോപിയെ താന്‍ കാണുന്നതെന്നും ആദ്യ സീന്‍ എറണാകുളത്ത് ഒരു ആശുപത്രിയില്‍ വെച്ചായിരുന്നുവെന്നും കിച്ചു പറഞ്ഞു. മലയാളികള്‍ പോലീസ് എങ്ങനെയാവണമെന്ന് പഠിച്ചിരിക്കുന്നത് സുരേഷേട്ടനില്‍ നിന്നാണ്. അദ്ദേഹം കുറേയേറെ കാര്യങ്ങള്‍ പറഞ്ഞു തന്നുവെന്നും കിച്ചു പറഞ്ഞു. സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ സുരേഷേട്ടന്‍ എന്നെ ചവിട്ടുന്ന സീനാണെന്നും മോനെ കാല്‍ ഇവിടം വരെ വരും എന്നദ്ദേഹം എന്നോട് പറഞ്ഞുവെന്നും’ കിച്ചു പറഞ്ഞു. ‘കാണുന്ന പ്രായമൊന്നുമല്ല പിന്നെ കണ്ടത്. ചവിട്ട് കറക്റ്റ് കഴുത്തിനടുത്ത് തന്നെ എത്തി. ഭയങ്കര ഫ്‌ളെക്‌സിബിളാണ് അദ്ദേഹം’ കിച്ചു അഭിപ്രായപ്പെടുന്നു.

രണ്‍ജി പണിക്കര്‍,മുത്തുമണി,സന്തോഷ് കീഴാറ്റൂര്‍,ശങ്കര്‍ രാമകൃഷ്ണന്‍,ഐ.എം. വിജയന്‍,അലന്‍സിയര്‍ ലേ ലോപ്പസ് തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങള്‍.

പനാജി: ബ്രിക്സ് ചലച്ചിത്ര മേളയുടെ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച നടനായി തമിഴ് നടൻ ധനുഷ് തെരഞ്ഞെടുക്കപ്പെട്ടു. അന്താരാഷ്ട്ര ചലച്ചിത്ര മേളയോട് അനുബന്ധിച്ചാണ് ബ്രിക്‌സ് മേള നടന്നത്. അസുരൻ എന്ന സിനിമയിലെ അഭിനയത്തിനാണ് ധനുഷ് മികച്ച നടനുള്ള പുരസ്‌കാരം ധനുഷ് സ്വന്തമാക്കിയത്. മികച്ച ബ്രിക്‌സ് ചിത്രത്തിനുള്ള പുരസ്‌കാരം ദക്ഷിണാഫ്രിക്കൻ ചിത്രം ബരാകാതും റഷ്യൻ ചിത്രം റഷ്യൻ ചിത്രം ദ സൺ എബൗവ് മി നെവർ സെറ്റ്സും പങ്കിട്ടു.

ബ്രസീൽ സംവിധായിക ലൂസിയ മൊറാദിനാണ് മികച്ച സംവിധാനത്തിനുള്ള പുരസ്‌കാരം ലഭിച്ചത്. ബ്രസീലിയൻ ചിത്രം അന്നയിലെ സംവിധാന മികവിനാണ് ലൂസിയ മൊറാദിന് ഈ അംഗീകാരം ലഭിച്ചത്. ലാറ ബൊസോണിയ്ക്ക് മികച്ച നടിക്കുള്ള പുരസ്‌കാരം ലഭിച്ചു. ഓൺ വീൽസ് എന്ന ചിത്രത്തിലെ അഭിനയത്തിനാണ് ലാറയ്ക്ക് ഇത്തരമൊരു അംഗീകാരം ലഭിച്ചത്. ജൂറിയിലെ ഒരോരുത്തരും ബ്രിക്സ് രാജ്യങ്ങളെയാണ് പ്രതിനിധീകരിക്കുന്നത്. ജൂറി ചെയർപേഴ്സൺ രാഹുൽ റാവയിൽ ഇന്ത്യയെ പ്രതിനിധീകരിക്കുന്നു.

ബ്രസിലീനെ പ്രതിനിധീകരിക്കുന്ന മരിയ ബ്ലാഞ്ചെ അൽസിന ഡി മെൻഡോണ, ദക്ഷിണാഫ്രിക്കയെ പ്രതിനിധീകരിക്കുന്ന താണ്ടി ഡേവിഡ്സ്, റഷ്യയെ പ്രതിനിധീകരിക്കുന്ന നീന കൊച്ചെലിയേവ, ചൈനയെ പ്രതിനിധീകരിക്കുന്ന ഹൗ കെമിംഗ് തുടങ്ങിയവരാണ് ജൂറിയിലെ മറ്റ് അംഗങ്ങൾ. അന്താരാഷ്ട്ര ചലച്ചിത്ര മേളയിൽ ബ്രിക്സ് ചിത്രങ്ങൾ പ്രദർശിപ്പിക്കുന്നത് ഇതാദ്യമായാണ്.

chimbu

ചിമ്പുവിനെ നായകനാക്കി വെങ്കട് പ്രഭു ഒരുക്കിയ ചിത്രം ‘മാനാട്’ തമിഴ്‌നാട്ടില്‍ മികച്ച പ്രതികരണവുമായി മുന്നേറുന്നു. ചിത്രത്തിന്റെ ആദ്യ ദിനം എട്ടരകോടിയാണ് കളക്ഷന്‍. ചിമ്പു ചിത്രത്തിനു ലഭിക്കുന്ന ഏറ്റവും ഉയര്‍ന്ന തുക കൂടിയാണിത്.

ടൈം ട്രാവല്‍ വിഷയമായ ഒരു ഫാന്റസി ത്രില്ലറാണ് ‘മാനാട്’. ചിത്രത്തില്‍ ടൈം ലൂപ്പ് ആണ് പ്രതിപാദിക്കുന്നത്. ചിമ്പു-എസ്.ജെ. സൂര്യ എന്നിവരുടെ ഗംഭീരപ്രകടനമാണ് ചിത്രത്തിന്റെ കരുത്തെന്ന് സിനിമ കണ്ടിറങ്ങുന്നവര്‍ അഭിപ്രായപ്പെടുന്നു. അബ്ദുല്‍ ഖാലിക്ക് എന്ന യുവാവായി ചിമ്പു എത്തുന്നു. കല്യാണി പ്രിയദര്‍ശനാണ് ചിത്രത്തിലെ നായിക.

യുവന്‍ ശങ്കര്‍ രാജ സംഗീതം നല്‍കിയ ഈ ചിത്രത്തില്‍ ചിമ്പുവിനെ കൂടാതെ എസ്.എ. ചന്ദ്രശേഖര്‍, കരുണാകരന്‍, ഭാരതിരാജ, അരവിന്ദ് ആകാശ്, മനോജ് ഭാരതിരാജ, പ്രേംജി അമരന്‍, ഉദയ, ഡാനിയല്‍ ആനി പോപ്പ്, രവികാന്ത് എന്നിവരും പ്രധാനവേഷങ്ങളിലെത്തുന്നുണ്ട്.

പനാജി: 52-ാമത് അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിൽ മികച്ച ചിത്രത്തിനുള്ള സുവർണ മയൂരം നേടി ജപ്പാനീസ് ചിത്രം റിങ് വാൻഡറിങ്ങ്. മസാകാസു കാനെകോയാണ് ചിത്രം അണിയിച്ചൊരുക്കിയത്. മാംഗ കലാകാരനാവാൻ പ്രയത്‌നിക്കുന്ന ഒരു ചെറുപ്പക്കാരന്റെ ജീവിതത്തിലെ സംഭവബഹുലമായൊരു ഏട് വരച്ചുകാട്ടിയ ചിത്രമാണ് റിങ് വാൻഡറിങ്ങ്. മികച്ച സംവിധായകനുള്ള രജതമയൂരം കരസ്ഥമാക്കിയത് വാക്ലേവ് കാണ്ട്രാൻങ്കയാണ്. സേവിങ് വൺ ഹു വാസ് ഡെഡ് എന്ന ചിത്രത്തിനാണ് അദ്ദേഹം പുരസ്‌കാരം നേടിയത്.

മികച്ച നടനായി ജിതേന്ദ്ര ജോഷി തെരഞ്ഞെടുക്കപ്പെട്ടു. ഗോദാവരി എന്ന ചിത്രത്തിലെ അഭിനയത്തിനാണ് അംഗീകാരം. ആഞ്ചലീന മൊളിനയാണ് മികച്ച നടിയായി തെരഞ്ഞെടുക്കപ്പെട്ടത്. ഷാർലെറ്റിലെ അഭിനയത്തിനാണ് ആഞ്ചലീനയ്ക്ക് ഈ നേട്ടം ലഭിച്ചത്. മികച്ച ചിത്രത്തിന് സുവർണമയൂരവും 40 ലക്ഷം രൂപയും ലഭിക്കും. മികച്ച സംവിധായിക/സംവിധായകൻ നടി നടൻ എന്നിവർക്ക് രജതമയൂരവും 10 ലക്ഷം രൂപയും ലഭിക്കുന്നത്. ഇറാനിയൻ സംവിധായിക രക്ഷൻ ബനിതേമാദ്, ബ്രിട്ടീഷ് നിർമാതാവ് സ്റ്റീഫൻ വൂളെ, കൊളംബിയൻ സംവിധായകൻ സിറോ ഗരേര, ശ്രീലങ്കൻ സംവിധായകൻ വിമുഖി ജയസുന്ദര, സംവിധായകനും നിർമാതാവുമായ നില മധപ് പാണ്ഡ എന്നിവരടങ്ങുന്ന ജൂറിയാണ് പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചത്.

73 രാജ്യങ്ങളിൽ നിന്ന് 148 ചിത്രങ്ങളാണ് അന്താരാഷ്ട്രമേളയിൽ പ്രദർശിപ്പിച്ചത്. ഒൻപത് ദിവസങ്ങളിലാണ് മേള നടന്നത്. സുവർണമയൂര പുരസ്‌കാരത്തിനുള്ള മത്സരവിഭാഗത്തിൽ 15 ചിത്രങ്ങളാണ് ഇത്തവണ മത്സരിച്ചത്. ഇന്ത്യൻ പനോരമ വിഭാഗത്തിൽ 25 ചിത്രങ്ങൾ പ്രദർശനത്തിനെത്തിയത്. ഹോമേജ് വിഭാഗത്തിൽ നടൻ നെടുമുടി വേണുവിന്റെ മാർഗം പ്രദർശിപ്പിച്ചു. റിട്രോസ്പെക്ടീവ് വിഭാഗത്തിൽ റഷ്യൻ സംവിധായകൻ ആന്ദ്രേ കൊഞ്ചലോവ്സ്‌കി, ഹംഗേറിയൻ സംവിധായകൻ ബെല ടാർ എന്നിവരുടെ ചിത്രങ്ങളും പ്രദർശിപ്പിച്ചു. സ്പെഷ്യൽ ട്രിബ്യൂട്ട് വിഭാഗത്തിൽ മൺമറഞ്ഞ ഹോളിവുഡ് താരം ഷോൺ കോണറിയുടെ അഞ്ച് ചിത്രങ്ങളാണ് പ്രദർശനത്തിയിരുന്നു.

കമല്‍ഹാസന്‍ ഇതുവരെ ഒരിക്കലും ‘ബിഗ് ബോസ് ഷോ’ തമിഴില്‍ തന്റെ എപിസോഡില്‍ എത്താതിരുന്നിട്ടില്ല. ഇത്തവണ കൊവിഡ് ബാധിതനായതിനാല്‍ വീഡിയോ കോള്‍ വഴിയെങ്കിലും കമല്‍ഹാസന്‍ ‘ബിഗ് ബോസ്’ വാരാന്ത്യ എപിസോഡ് അവതരിപ്പിച്ചേക്കും എന്നും വാര്‍ത്തകളുണ്ട്. എന്നാല്‍, കമല്‍ഹാസന്റ അഭാവത്തില്‍ ‘ബിഗ് ബോസ്’ അവതാരകയായി രമ്യാ കൃഷ്ണന്‍ എത്തിയേക്കുമെന്നുമാണ് പുറത്തു വരുന്ന റിപ്പോര്‍ട്ടുകള്‍. നാഗാര്‍ജുനയ്ക്ക് പകരമായി ഒരിക്കല്‍ ‘ബിഗ് ബോസ്’ അവതരിപ്പിച്ച പരിചയം രമ്യാ കൃഷ്ണന് തുണയാകുമെന്ന് സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കുന്ന റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

‘ബിഗ് ബോസ് ഷോ’ അവതാരകരില്‍ ഏറെ ജനപ്രീതിയുള്ളയാളാണ് കമല്‍ഹാസന്‍. ബിഗ് ബോസിന്റെ മലയാളം എപ്പിസോഡില്‍ ഒരിക്കല്‍ കമല്‍ഹാസന്‍ അതിഥിയായി എത്തുകയും ചെയ്തിരുന്നു. ഷോ വളരെ രസകരമായി കൊണ്ടുപോകുന്നതില്‍ വിജയിച്ച അവതാരകനാണ് അദ്ദേഹം.

‘ബിഗ് ബോസ്’ തെലുങ്ക് എപിസോഡിലായിരുന്നു നാഗാര്‍ജുനയ്ക്ക് പകരം രമ്യാ കൃഷ്ണന്‍ എത്തിയത്. ഷോയുടെ നിയമ വശങ്ങള്‍ അറിയാവുന്ന ആളാണ് രമ്യാ കൃഷ്ണന്‍. എന്നാല്‍, ബിഗ് ബോസ് കമല്‍ഹാസന് പകരം രമ്യാ കൃഷ്ണന്‍ അവതരിപ്പിക്കുന്ന കാര്യത്തില്‍ ഇതുവരെ ഔദ്യോഗികമായ പ്രഖ്യാപനം വന്നിട്ടില്ല.